‘ഏഴ്’ എന്ന അക്കത്തിലടങ്ങിയ രഹസ്യങ്ങള്‍

ഏഴ് എന്ന അക്കത്തിന് പ്രാപഞ്ചിക കാര്യങ്ങളിലും ഇസ്ലാമിലെ ആരാധനകളിലും മറ്റ് സമീപനങ്ങളിലും പ്രത്യേകമായ പ്രാധാന്യമുണ്ട്. മനുഷ്യന് ദിവസങ്ങളെ കണക്കാക്കാന്‍ തുടങ്ങിയത് മുതല്‍ ലോകാവസാനം വരെ ആഴ്ചയില്‍ ദിവസങ്ങള്‍ ഏഴാണ്. ഭൗമിക പഠനത്തിന്റെ ഭാഗമായി ഭൂമിയെ ഏഴ് ഭൂഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. ഏഷ്യ, ആഫ്രിക്ക, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, അന്റാര്‍ട്ടിക്ക, യൂറോപ്പ്, ആസ്ത്രേലിയ എന്നിവയാണ് ആ ഭൂഖണ്ഡങ്ങള്‍.
ഭൂമിയിലുള്ള സമുദ്രങ്ങളുടെ എണ്ണം ഏഴാണ്. ആര്‍ട്ടിക്ക്, ഉത്തര അറ്റ്ലാന്റിക്ക്, ദക്ഷിണ അറ്റ്ലാന്റിക്ക്, പടിഞ്ഞാറെ പെസിഫിക്ക്, ദക്ഷിണ പെസിഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ സമുദ്രം എന്നിവയാണ് ആ ഏഴ് മഹാസമുദ്രങ്ങള്‍. ഏഴ് തരം നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളതെന്ന് ശാസ്ത്രം പറയുന്നു.
ചന്ദ്രന് ഒരു മാസത്തില്‍ ഏഴ് ഘട്ടങ്ങളിലൂടെയാണ് കടന്ന്പോവുന്നത്. സപ്ത വര്‍ണ്ണങ്ങളുടെ മിശ്രിതമാണ് പ്രകാശമെന്ന് ഐസക് ന്യൂട്ടണ്‍ നിരീക്ഷിട്ടുണ്ട്. മഴവില്ലിന്റെ നിറം ഏഴാണ്. സംഗീതത്തിലെ ശബ്ദവീചികളുടെ (തന്ത്രികള്‍) എണ്ണവും ഏഴാണ്. മനുഷ്യര്‍ക്ക് പെട്ടെന്ന് ഓര്‍ത്ത് വെക്കാന്‍ കഴിയുന്ന കാര്യങ്ങളുടെ എണ്ണം ഏഴാണെന്ന് മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭാവസ്ഥയിലായിരിക്കെ മനുഷ്യന് തരണം ചെയ്യുന്നത് ഏഴ് ഘട്ടങ്ങളെയാണെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
1. മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.
2. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.
3. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി.
4. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി.
5. അതിനുശേഷം മാംസത്തെ എല്ലുകളാക്കി.
6. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു.
7. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഖുര്‍ആന്‍ 23:13,14,15
ഭൂമിയിലെ വാസകാലത്ത് നാം ഏഴ് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഈ ഘട്ടങ്ങളെ ഇങ്ങനെ വേര്‍തിരിക്കാം:
1. ശൈശവം,
2. ബാല്യകാലം
3.മധ്യബാല്യം
4.കൗമാരം
5. ആദ്യകാല യൗവനം
6. മദ്ധ്യ യൗവനം
7. വാര്‍ദ്ധക്യം
ഒരു മനുഷ്യന് മൊത്തം തരണം ചെയ്യാനുള്ളത് ഏഴ് ഘട്ടങ്ങളാണ്. അവയെ ഇങ്ങനെ വേര്‍തിരിക്കാം:
1. ഗര്‍ഭാവസ്ഥക്ക് മുമ്പ് ആത്മാവിന്റെ ലോകത്തെ ജീവിതം
2. ഗര്‍ഭാവസ്ഥയിലെ ജീവിതം
3. ഇഹലോക ജീവിതം
4. ബര്‍സഖി ജീവിതം
5. ഉയര്‍ത്തെഴുന്നേല്‍പ്പ്
6. ഒരുമിച്ചുകൂട്ടല്‍
7. വിചാരണ
ഇസ്ലാമിക കാര്യങ്ങളിലെ ‘ഏഴ്’
പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പ്രതീകമെന്ന നിലയില്‍ ഇസ്ലാമില്‍ ഏഴ് എന്ന അക്കം ആരാധനകള്ക്കുള്പ്പടെ പലതിനും ഉപയോഗിച്ചിരിക്കുന്നു. ഏഴ് ആകാശം എന്നത് ഏഴ് തവണ ഖുര്‍ആനില്‍ ആവര്‍ത്തിച്ച് വന്നിട്ടുള്ളത് എന്തൊരു അല്‍ഭുതമാണ്! ഉദാഹരണമായി ഒരു ആയത് ഇവിടെ ഉദ്ധരിക്കാം: “ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തിലേക്ക് തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവന് സര്‍വസംഭവങ്ങളും അറിയുന്നവനത്രെ” 2:29 മറ്റു അധ്യായങ്ങളും സൂക്തങ്ങളുടെ നമ്പറും ഇങ്ങനെ: സൂറത്ത് ഇസ്റാഅ് 44, ഫുസ്സിലത് 12, തലാഖ് 12, നൂഹ് 15, അല്‍മുഅ്മിനൂന്‍ 86, മുല്‍ക് 3
ഇസ്ലാമിലെ നിര്‍ബന്ധ ആരാധനകളിലും ഏഴ് എന്ന അക്കം കടന്നുവരുന്നുണ്ട്. നമസ്കാരത്തില്‍ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട ഖുര്‍ആനിലെ പ്രഥമാധ്യായമായ ഫാതിഹയില്‍ ഏഴ് സൂക്തങ്ങളാണുള്ളത്. നമസ്കാരത്തിലെ സാഷ്ടാംഗ പ്രമാണത്തില്‍ നമ്മുടെ സപ്ത അവയവങ്ങള്‍ ഭൂമിയെ സ്പര്‍ഷിക്കുന്നു. ഇരു കൈപത്തികള്‍, ഇരുകാല്‍മുട്ടുകള്‍, ഇരു കാല്പാദങ്ങള്, നെറ്റിയും മൂക്കും ഉള്‍പ്പെടുന്ന മുഖം എന്നിവയാണ് ആ സപ്താവയവങ്ങള്.
വര്‍ഷത്തല്‍ മുസ്ലിംങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് പെരുന്നാള്‍ നമസ്കാരത്തില്‍ ആദ്യ റകഅത്തില്‍ തക്ബീര്‍ ചൊല്ലുന്നത് ഏഴ് പ്രാവിശ്യമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നതിന്റെ പ്രാധാന്യം വിവരിക്കവെ ഏഴിനെ കുറിച്ച പരാമര്‍ശം ശ്രദ്ധേയമാണ്. “ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.” 2:261
ഹജ്ജിന്റെ കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട്, ‘തമത്തുഅ്’ ഹജ്ജ് നിര്‍വ്വഹിക്കുന്നവര്‍ നല്‍കേണ്ട ബലിദാനം നല്കാന് കഴിയാതെ വന്നാല്‍, മൂന്ന് നോമ്പ് ഹജ്ജ് വേളയിലും ഏഴ് നോമ്പ് വീട്ടില്‍ തിരിച്ചത്തെിയ ശേഷവും നിര്‍വ്വഹിക്കണമെന്ന് അനുശാസിക്കുന്നു. ഖുര്‍ആന്‍ 2:196. നോമ്പിന്റെ കാര്യത്തിലും ഏഴ് എന്ന നമ്പര്‍ വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമെ ഇവിടെ ഉദ്ദേശ്യമുള്ളൂ.
ഏഴ് അതിന്റെ പാരമ്യതയിലത്തെുന്നത് ഹജ്ജിലും ഉംറയിലുമാണ്. ഹജ്ജിന്റെയും ഉംറയുടേയും ഭാഗമായി കഅ്ബയെ ഏഴ് പ്രാവിശ്യം ചുറ്റുമ്പോഴാണ് ഒരു തവാഫ് പൂര്‍ത്തിയാവുന്നത്. അതിന്റെ ഭാഗമായ കഅ്ബക്കടുത്തുള്ള രണ്ട് ചെറുകുന്നുകളാണ് സഫയും മര്‍വയും. ഈ രണ്ട് മലകള്‍ക്കിടയിലെ തിരശ്ചീനമായ പ്രയാണവും ഏഴ് പ്രാവിശ്യമാണ്. ഹജ്ജിന്റെ ഭാഗമായ ജംറയില്‍ കല്ല് എറിയുന്നതും ഏഴ് പ്രാവിശ്യമാണ്.
വന്‍പാപങ്ങള്‍ ഏഴാണെന്ന് പ്രവാചകന് അരുളി. അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: ഏഴ് വന്‍ പാപാങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുക. അവര്‍ ചോദിച്ചു: പ്രവാചകരെ ഏതാണ് ആ വന്‍പാപങ്ങള്‍? അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, ആഭിചാരം, അല്ലാഹു നിരോധിച്ച ആത്മാക്കളെ അന്യായമായി വധിക്കല്‍, പലിശ ഭുജിക്കല്‍, അനാഥയുടെ ധനം തിന്നല്, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടല്, ചാരിത്രവതികളും വിശ്വാസികളുമായ സ്ത്രീകളെ അപകീര്ത്തിപ്പെടല് എന്നിവയാണത്.