ഭാര്യ ഭര്‍ത്താവിന് സഹധര്‍മ്മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആകണം

ഭാര്യ ഭര്‍ത്താവിന് സഹധര്‍മ്മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആകണം
  • ജൂലൈ 13, 2024
  • ഇബ്‌റാഹിം ശംനാട്

കുടുംബ ജീവിതത്തിലെ അടിസ്ഥാനപരമായ രണ്ട് ഘടകങ്ങളാണ് ഭാര്യയും ഭര്‍ത്താവും. ഭാര്യ ഭര്‍ത്താവിന് സഹധര്‍മ്മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആകുമ്പോഴാണ് കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരിക. നിര്‍ഭാഗ്യമെന്ന് പറയട്ടെ പല കാരണങ്ങളാല്‍, പൊതുവില്‍ കുടുംബ ജീവിതം പലതരം ഭീഷണികള്‍ നേരിടുന്ന കാലമാണിത്. ഇണകള്‍ തമ്മിലുണ്ടാകേണ്ട സ്വരച്ചേര്‍ച്ച ഇല്ലെന്ന് മാത്രമല്ല, കുടുംബ കലഹങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.

ഈ പ്രവണത സന്താനങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുകയും അവര്‍ മാനസികമായും ആരോഗ്യപരമായും ദൂര്‍ബലരാവുകയും ചെയ്തേക്കാം. അല്ലാഹുവിന്‍റെ തീരുമാന പ്രകാരമാണ് കുടുംബ ബന്ധം ഉണ്ടായതെന്നും അതിനെ സൂക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഇണകള്‍ മനസ്സിലാക്കേണ്ടതുണ്ട്. കുടുംബത്തിന്‍റെ നേതൃപരമായ ചുമതല പുരുഷനാണുള്ളതെന്ന നിലയില്‍, അവര്‍ ഉത്തമ ഗുണസമ്പന്നരായിരിക്കാന്‍ ശ്രമിക്കേണ്ടതണ്ട്. ‘പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ ഉയര്‍ന്ന പദവിയുണ്ടെന്ന്’ ഖുര്‍ആന്‍ പറയുന്നു. (2:228) അതിന് സഹായകമായ ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു:

1. ഭാര്യയോട് സദ്സ്വഭാവത്തോടെ പെരുമാറുക
നബി (സ) പറഞ്ഞു: “സ്വന്തം സഹധര്‍മ്മിണിയോട് ഉത്തമനായവനാണ് നിങ്ങളില്‍ ഉത്തമന്‍. എന്‍റെ കുടുംബത്തിന് ഞാനാണ് ഏറ്റവും ഉത്തമന്‍.” സമൂഹത്തിന്‍റെ അടിത്തറയാണ് കുടുംബം. കുടുംബം നന്നാകുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ. കുടുംബ നാഥന്‍ എന്ന നിലയില്‍ ഭര്‍ത്താവ് സദ്സ്വഭാവത്തോടെ, വിട്ടുവീഴ്ചാ മനോഭാവത്തോടെ പെരുമാറേണ്ടത് അനിവാര്യമാണ്.

2. പുഞ്ചിരിയു൦ ആലിംഗനവും 
പരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നതും  ആലിംഗനം ചെയ്യുന്നതും മനുഷ്യ സംസ്കാരത്തിന്‍റെ ഭാഗമാണല്ലോ? അത് ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കേണ്ടതാകട്ടെ സ്വന്തം സഹധര്‍മ്മിണിയോട് തന്നെ. ഭാര്യയെ ആലിംഗനം ചെയ്യുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്യുന്നത്, അവളോട് ഉണ്ടാവുന്ന ചെറിയ നീരസത്തെ പോലും ഇല്ലാതാക്കുമെന്ന് മാത്രമല്ല, ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും. സ്നേഹം വര്‍ധിപ്പിക്കുന്ന അദൃശ്യമായ രാസ പദാര്‍ത്ഥം അതിലുണ്ട്. ദിനേന കെട്ടിപ്പുണരുന്നത് ബന്ധങ്ങള്‍ സുദൃഡമാക്കും. ഭര്‍ത്താവാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്.

3. സുഗന്ധ ദ്രവ്യം ഉപയോഗിക്കുക
സഹധര്‍മ്മിണി നല്ല വസ്ത്രമണിയുക, സുഗന്ധംപൂശൂക, വൃത്തിയിലുണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏതൊരു ഭര്‍ത്താവിന്‍റെയും ആഗ്രഹമാണല്ലോ? അത്പോലെ തന്‍റെ ഭര്‍ത്താവില്‍ നിന്നും സഹധര്‍മ്മിണിയും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. ഇത് കുടുംബത്തില്‍ സ്നേഹ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായിക്കുന്നു. സ്വന്തം വീടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നബി (സ) സുഗന്ധം പൂശിയിരുന്നതായും ദന്തശുദ്ധീകരണം വരുത്തിയതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

4. ഇഷ്ടപ്പെട്ട പേര് കൊണ്ട് വിളിക്കുക

ഏതൊരാളേയും അഭിസംബോധന ചെയ്യേണ്ടത് അവര്‍ക്ക് ഇഷ്ടപ്പെട്ട പേരുകള്‍ വിളിച്ചുകൊണ്ടായിരിക്കണമെന്നത് പ്രാഥമിക ഉപചാരങ്ങളില്‍പ്പെട്ട കാര്യമാണ്. സഹധര്‍മ്മിണിയും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്. അവളെ ചെറുപ്പം മുതലെ അവളുടെ വീട്ടില്‍ വിളിച്ചുവരുന്ന ഒരു ഓമനപ്പേരുണ്ട്. ഇണയുമായി ബന്ധം ഊഷ്മളമാവാന്‍ അവര്‍ ഇഷ്ടപ്പെടുന്ന പേര് കൊണ്ട് വിളിക്കുക. ആ വിളി അവളില്‍ ഗ്രഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍ അല സൃഷ്ടിക്കും. നബി (സ) തന്‍റെ സഹധര്‍മ്മിണിമാര്‍ക്ക് വിളിപ്പേര് നല്‍കിയിരുന്നു. അവള്‍ക്ക് അനിഷ്ടകരമായ പേരുകള്‍ വിളിക്കാതിരിക്കുക.

5. നന്ദി പ്രകടിപ്പിക്കുക
ചെറിയ കാര്യങ്ങള്‍ക്ക് പോലും നന്ദി പറയുന്നത് ആധുനിക സംസ്കാരത്തിന്‍റെ ശീലമാണ്. ഏറ്റവും കൂടുതല്‍ നന്ദി കാണിക്കേണ്ടവരില്‍ മുന്‍പന്തിയിലുണ്ടവേണ്ടവരാണ് സഹധര്‍മ്മിണികള്‍. അതിന് മടി കാണിക്കുന്നത് മനസ്സിന്‍റെ സങ്കുചിതത്വം കൊണ്ടാണ്. സ്വന്തം വീടകങ്ങളിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത്, ഗര്‍ഭധാരണം, രുചികരമായ ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്നത്, വീട് വൃത്തിയാക്കല്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം സേവനം ചെയ്യുന്നവരോടല്ലെ ആദ്യം നാം നന്ദി പറയേണ്ടത്.

6. സംസാരത്തില്‍ നര്‍മ്മം കലര്‍ത്തുക
നര്‍മ്മത്തില്‍ ചാലിച്ച സംസാരം വിവേകമുള്ള ആളുകളുടെ സ്വഭാവമാണ്. അത് ആസ്വദിക്കാനുള്ള കഴിവ് ഭാര്യയും ആര്‍ജ്ജിച്ചിരിക്കണം. പലതരം മാനസികാവസ്ഥകളിലുടെയാണ് സഞ്ചരിക്കുന്ന മനസ്സിന് ആശ്വാസമാണ് നര്‍മ്മം കലര്‍ന്ന സംസാരം. ഗൗരവ പ്രകൃതി ആകര്‍ഷണീയമല്ല. അവരുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. പ്രവാചകന്‍ (സ) ഭാര്യമാരുമായി തമാശ പറയുകയും വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നുവല്ലോ?

7. ആവശ്യം പൂര്‍ത്തീകരിച്ചുകൊടുക്കുക
പുരുഷന്മാരുടെ പല കാര്യങ്ങളും സ്വമേധയാ പൂര്‍ത്തീകരിച്ച് തരുന്നവരാണ് അവരുടെ സഹധര്‍മ്മിണികള്‍. അവരുടെ ആവശ്യങ്ങളെന്താണെന്നും അത് പൂര്‍ത്തീകരിച്ച് തരുന്നതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചാല്‍ കുടുംബ ജീവിതത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കും. അത് ശ്രദ്ധയോടെ എഴുതി, സാധ്യമാവുന്നത്ര പൂര്‍ത്തീകരിച്ചാല്‍ കേമമായി. അത് അവരെ പരിഗണിക്കുന്നതിന് തുല്യമാണ്. അവളുടെ ആഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കുക. ഒരു കടല മിഠായിയുടെ പാക്കറ്റ് ആണ് അവളുടെ ആവശ്യമെങ്കില്‍ പോലും.

8. കണ്ണിലെ കരടായി കാണാതിരിക്കുക
ഒരു ശല്യമാണ് സഹധര്‍മ്മിണി എന്ന് കരുതരുത്. നമ്മെ ശല്യപ്പെടുത്തികൊണ്ടിരിക്കുന്ന കണ്ണിലെ കരടല്ല അവര്‍ മറിച്ച് അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തിന്‍റെ തേന്‍മാവാണിത് എന്ന് മനസ്സില്‍ കരുതുന്നതോടെ അവളുടെ മനോഭാവത്തിലും മാറ്റങ്ങള്‍ ഉടലെടുക്കും. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുക. ജന്മനാ ധരാളം ത്യാഗം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്ന സഹതാപ ബോധം സദ്ഗുണ ഭര്‍ത്താവിന്‍റെ സ്വഭാവമാണ്.

9. തെറ്റുകള്‍ ഗൗനിക്കാതിരിക്കുക
കുടുംബ ജീവിതം സുഖമായി മുന്നോട്ടുപോവാനുള്ള നയത്തിന്‍റെ ഭാഗമായി ഭാര്യയില്‍ നിന്നുണ്ടായേക്കാവുന്ന നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുകയാണ് ഉചിതം. നബി (സ) തന്‍റെ ഇണകളില്‍ നിന്നും എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കലായിരുന്ന പതിവ്. മൗനം ചിലപ്പോള്‍ വാചാലമായി സംസാരിക്കുമെന്ന് പറയാറുണ്ടല്ലോ? അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് ഇണയില്‍ നിന്നുണ്ടാവുന്ന നിസ്സാര കാര്യത്തിലുള്ള മൗനം.

10. നന്ദി പ്രതീക്ഷിക്കരുത്
പലതും ചെയ്തുകൊടുത്താലും നന്ദി പ്രകടിപ്പിക്കാത്തവരാണ് ഭാര്യമാര്‍ എന്നത് പൊതുവെയുള്ള ആക്ഷേപമാണ്. അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടി മാത്രമാണ് താന്‍ ഇതെല്ലാം ചെയ്ത് കൊടുക്കുന്നതെന്ന ഉത്തമ വിചാരത്തോടെ കാര്യങ്ങള്‍ ചെയ്യുക. അല്ലാഹുവിന്‍റെ പ്രത്യേക തീരുമാന പ്രകാരം ഉണ്ടായ വൈവാഹിക ബന്ധമാണിത്. അവളെ സന്തോഷിപ്പിക്കേണ്ടത് തന്‍റെ ബാധ്യതയാണ്. അത്തരം ഉദാത്ത മനസ്തിഥി ഉണ്ടായാല്‍, അല്ലാഹുവിന്‍റെ ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുന്നതാണ്.