സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡ് അഥവാ സ്വയം സൂചികാപത്രം

വ്യക്തിത്വ വികസനുവുമായി ബന്ധപ്പെട്ടു ഇന്ന് നിരവധി ടുളുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരൊറ്റ ജീവിതം മാത്രമേ നമുക്ക് ഇവിടെ ജീവിക്കാനുള്ളൂ. അത് പാഴാക്കികളയാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവുന്നതോടൊപ്പം അത് എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് കൂടി അറിയേണ്ടതുണ്ട്. നമ്മുടെ ജീവിതം കാര്യക്ഷമമാക്കാനുള്ള ഒരു ടൂള്‍ ആണ് സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡ് അഥവാ സ്വന്തം സൂചികാപത്രം തയ്യാറാക്കല്‍.
വ്യക്തിപരമയ ലക്ഷ്യ നിര്‍ണയത്തിനും അതിന്റെ സാക്ഷാല്‍കാരത്തിനും ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിക്കുന്നതിനും ഉപയോഗിക്കുന്ന സൂചികാപത്രമാണിത്. കാര്‍ഡ് പോലുള്ള കടലാസുകളില്‍ എഴുതുകയൊ അല്ലെങ്കില്‍ ഡിജിറ്റലായി മൊബൈലിലൊ കംമ്പ്യുട്ടറിലൊ രേഖപ്പെടുത്തിവെക്കുന്നതിനാണ് സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡ് എന്ന് പറയുന്നത്. ജീവിതത്തെ കുറിച്ച കൃത്യമായ അവബോധം കൈവരിക്കാനും ശരിയായ ദിശയില്‍ ജീവിതത്തെ ചലിപ്പിക്കാനും സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡ് തയ്യാറാക്കുന്നത് ഉപകരിക്കും.
ഇത്തരം കാര്‍ഡുകള്‍ / ഡിജിറ്റല്‍ രേഖകള്‍ എപ്പോഴും എഴുതണമെന്നില്ല. കുറച്ചു കാലം അങ്ങനെ എഴുതിയാല്‍, പിന്നെ അത് നമ്മുടെ ഉപബോധമനസ്സ് ഏറ്റെടുത്ത്കൊള്ളും. ഉദാഹരണമായി സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് കോപ്പി എഴുത്തു പതിവാക്കിയിരുന്നത് ഓര്‍മ്മയുണ്ടാവുമല്ലോ? ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ അത് എഴുതേണ്ട ആവശ്യമില്ല. അത്പോലെയാണ് സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡും. അതില്‍ എഴുതണ്ട കാര്യങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.
ഇന്‍ഡക്സ് കാര്‍ഡിലെ ഉള്ളടക്കം
ഇന്‍ഡക്സ് കാര്‍ഡില്‍ എഴുതേണ്ട കാര്യങ്ങള്‍ അവരവര്‍ക്ക് തന്നെ തീരുമാനിക്കാമെങ്കിലും, ചുവടെ കൊടുക്കുന്ന മാതൃക സ്വീകരിക്കാവുന്നതാണ്. ഒരു കാര്യം എഴുതിയാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ അത് നടപ്പിലായി കാണുന്നത് സന്തോഷം നല്കുന്ന കാര്യവുമാണ്. അതില്‍ ഉള്‍പ്പെടുത്താവുന്ന അഞ്ച് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. വ്യക്തിഗത ലക്ഷ്യങ്ങള്‍
നിങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ഹ്രസ്വകാലവും ദീര്‍ഘകാലവുമായ ലക്ഷ്യങ്ങളാണ് ഈ കോളത്തില്‍ എഴുതേണ്ടതാണ്. തന്റെ ജന്മ വാസനകള്‍ എന്തെല്ലാം? ആ ജന്മ വാസനകള്‍ വളര്‍ത്താന്‍ ശ്രമിച്ചുവൊ? അത് വളര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങളെന്താണ്? തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്താം.
2. അടിസ്ഥാന മൂല്യങ്ങള്‍
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കുന്ന അടിസ്ഥാന വിശ്വാസങ്ങളും മൂല്യങ്ങളും തത്വങ്ങളുമാണ് രണ്ടാമത്തെ ഷീറ്റിലൊ കോളത്തിലൊ എഴുതിവെക്കുക. അത് ഇടക്കിടെ മറിച്ചുനോക്കുന്നതും വായിക്കുന്നതും അതിനോടുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതാണ്.
3. സ്ഥിരീകരണങ്ങള്‍
മനസ്സിന് ദൃഡീകരണവും ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നതിനുള്ള പോസിറ്റീവ് പ്രസ്താവനകള്‍, ചിന്തകള്‍ തുടങ്ങിയവ ഈ പേജില്കുറിച്ചിടാം.
4. ഓര്‍മ്മപ്പെടുത്തേണ്ട കാര്യങ്ങള്‍
വിസ്മരിച്ചുകൂടാത്ത പ്രധാനപ്പെട്ട ജോലികള്‍, സമയബന്ധിതമായി നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തികള്‍, മറ്റു പതിവ് ഉത്തരവാദിത്വങ്ങള്‍ എല്ലാം ഈ പേജില്‍ കുറിച്ചിടാം. അത് നിങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതാണ്.
5. ഉദ്ധരണികള്‍ എഴുതിവെക്കാം
നിങ്ങള്‍ക്ക് പ്രചോദനമായിത്തീരുന്ന മഹദ് വചനങ്ങളുണ്ടാവും. അത് നിങ്ങളെ അങ്ങേയറ്റം പ്രചോദിപ്പിച്ചിട്ടുണ്ടാവാം. അത്തരം മഹദ് വചനങ്ങള്‍ സെല്‍ഫ് ഇന്‍ഡക്സ് കാര്‍ഡിന്റെ മറ്റൊരു പേജില്‍ കുറിച്ചിടുകയും അത് ഇടക്കിടെ മറിച്ചുനോക്കുകയും ചെയ്യുന്നത് പ്രയോജനകരമാണ്.