പുതുവര്‍ഷത്തില്‍ തിരക്കഥ മാറ്റി എഴുതാം

കൃസ്തു വര്‍ഷം, ഹിജ്റ വര്‍ഷം, മലയാള വര്‍ഷം തുടങ്ങി പലവിധത്തിലുള്ള കാലവര്‍ഷഗണനകള്‍ നമുക്കിടയില്‍ പ്രചാരത്തിലുണ്ട്. ഇതാ ഒരു കൃസ്തുവര്‍ഷ പുതുപുലരിക്ക് കൂടി നാം സാക്ഷ്യംവഹിച്ചിരിക്കുകയാണ്. കച്ചവട വ്യവസായ സ്ഥാപനങ്ങള്‍ മാത്രമമല്ല, വ്യക്തികളും കുടുംബങ്ങളും സമുഹങ്ങളുമെല്ലാം ലാഭ നഷ്ടങ്ങളുടെ ലാഭചേതത്തെപ്പറ്റി കണക്കെടുപ്പ് നടത്തുകയും അടിക്കടി പരിശോധിക്കുകയും ആവശ്യമായ മാറ്റതിരുത്തലുകള്‍ വരുത്തുകയും ചെയ്യാറുണ്ട്. വിജയത്തോടെ മുന്നോട്ട് പ്രയാണം ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും അത്തരം വിലയിരുത്തലുകള്‍ നടത്തുകയും ആവശ്യമായ മാറ്റതിരുത്തലുകള്‍ വരുത്തേണ്ടത് അനിവാര്യമാണ്.
ജീവതം പലനിലക്കും ഒരു മൂവിപോലെയാണെന്ന് പറയാം. നിങ്ങള്‍ എഴുതിയ തിരക്കഥക്കനുസരിച്ച് ചലിക്കുന്ന ചലചിത്രമാണത്. നിങ്ങളാണ് അതിന്‍റെ സംവിധയാകനും അഭിനേതാവും. സ്ക്രിപ്റ്റ് എഴുതുന്നതും അഭിനയിക്കുന്നതും നിങ്ങള്‍ തന്നെ. ജീവിതത്തിലൂടെ എന്ത് നേടണം എന്ന് തീരുമാനിക്കേണ്ടത് ഈ മൂവിയിലെ അഭിനേതാക്കളും തിരക്കഥാകൃത്തുക്കളുമായ നാം തന്നെയാണ്. കഴിഞ്ഞ വര്‍ഷാവസാനം ജീവിതം ദുരന്തമാണൊ ശുഭാന്ത്യമാണൊ ഉണ്ടായതെന്ന വിലയിരുത്തല്‍ അടുത്തവര്‍ഷത്തെ തിരക്കഥ രചിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.
തിരുത്തിയും പുന:സ്സംരചിച്ചും മുന്നോട്ട് നീങ്ങേണ്ട മഹത്തായ തിരക്കഥയാണ് ജീവിതം. അതില്‍ പാളിച്ചകളും അബദ്ധങ്ങളും സംഭവിക്കുക സ്വാഭാവികം. ആദമിന്‍റെ എല്ലാ സന്തതികളും തെറ്റുകാരാണെന്നും അവരില്‍ ഉത്തമന്‍ പ്രായശ്ചിത്തം ചെയ്യുന്നവനാണെന്നും പ്രവാചകന്‍ തിരുമേനി അരുളിയത് എത്ര അന്വര്‍ത്ഥമാണ്. മനുഷ്യ പ്രകൃതിയെ കുറിച്ച വസ്തുനിഷ്ടമായ വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണത്. ചലചിത്രത്തില്‍ തിരക്കഥാകൃത്ത് എഴുതിയ തിരക്കഥക്കനുസരിച്ചാണ് അഭിനേതാവ് അഭിനയിക്കുന്നത്. ജീവിതത്തില്‍ സംഭവിക്കുന്നത്, സ്വയം എഴുതിയ തിരക്കഥയില്‍ സ്വയം അഭിനയിക്കുകയാണ് ചെയ്യുന്നത്.
മൂവിയുടെ ഒത്ത മധ്യത്തിലത്തെുമ്പോള്‍ സാഹസികതയും അമ്പരപ്പും ഉല്‍കണഠയുമൊക്കെ കാണുമല്ളൊ? കൗമാരത്തിലും യുവത്വത്തിലും സംഭവിക്കുന്നത് അത് തന്നെയാണ്. ജീവിതമാകുന്ന മൂവിയുടെ മധ്യത്തിലേക്ക് കാലെടുത്ത്വെക്കുന്ന സന്ദര്‍ഭമാണ് കൗമാരവും യുവത്വവും. കുട്ടികളെ സ്ക്രിപ്റ്റ് എഴുതാന്‍ രക്ഷിതാക്കള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കേണ്ട കാലമാണത്. ദേഹേഛക്ക് അനുസരിച്ച് അവര്‍ തിരിക്കഥ എഴുതിയാല്‍ അഭിനയം തെറ്റും ജീവിതം പാളും.
ജീവിതത്തിന് കൃത്യമായ ലക്ഷ്യമുണ്ടാവുകയും അതിനനുസരിച്ച് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയും പ്രവര്‍ത്തിക്കുകയുമാണ് ജീവിതത്തിലെ തിരക്കഥയും അഭിനയവും എന്ന് പറയുന്നത്. അപ്പോള്‍ ഉത്തമ ലക്ഷ്യവും ആസൂത്രണവും ഉണ്ടായാല്‍ തിരക്കഥ നന്നായി എന്ന് പറയാം. അത് കര്‍മ്മപഥത്തിലേക്ക് കൊണ്ട്വരുമ്പോള്‍ അഭിനയവും പൂര്‍ണ്ണമാവുന്നു. ഓരോ മനുഷ്യരിലും സ്ക്രിപ്റ്റ് അവനവന്‍റെ ചുമലില്‍ തന്നെയാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നതെന്നു ഖുര്‍ആന്‍ പറയുന്നു:
“ഓരോ മനുഷ്യന്‍റെയും ഭാഗധേയത്തെ നാം അവന്‍റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം.” 17:13 ഈ തിരക്കഥയും അതിലെ അഭിനയവും തന്നെയായിരിക്കും നാളെ പരലോകത്തും നമുക്ക് വായിക്കേണ്ടതെന്നും തുടര്‍ന്ന് ഖുര്‍ആന്‍ വ്യക്തമാക്കീട്ടുണ്ട്. “നിന്‍റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്‍റെ കണക്കുനോക്കാന്‍ നീ തന്നെ മതി.” 17:14
തിരക്കഥ എഴുതുന്ന തിരക്കഥാകൃത്ത് തീരുമാനിക്കുന്നതിനനുസരിച്ചാണല്ളൊ കഥ പുരോഗമിക്കുക. നടകാന്ത്യം ദുരന്തമാണൊ സന്തോഷമാണൊ അല്ല രണ്ടും കലര്‍ന്ന അവിയലാണൊ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് തിരക്കഥാകൃത്ത് തന്നെയാണ്. അത്പോലെ ജീവിതത്തിന്‍റെ അവസാനം എന്ത് ഫലമാണ് തനിക്ക് ലഭിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും തന്നെയാണ്. ജീവിതം അവസാനിക്കുമ്പോള്‍, തന്നെ അനുഭവിക്കുകയും കണ്ട്കൊണ്ടിരിക്കുകയും ചെയ്യുന്ന സഹജീവികളില്‍ എന്തെങ്കിലും നന്മ അവശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമായി എന്ന് ആശ്വസിക്കാം.
ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ ഒരു എപ്പിസോഡിന് തിരശ്ശീലവീഴുകയാണ്. നന്മ നിറഞ്ഞ ലക്ഷ്യത്തോടെയും ആസൂത്രണത്തോടെയും നമുക്ക് മുന്നോട്ട് നീങ്ങാം. ജീവിതാന്ത്യം ശുഭദായകമാവാന്‍ പ്രാര്‍ത്ഥിക്കാം. വിസ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതാണ് കാര്യം: കിട്ടുന്നത് കൊണ്ട് നമ്മള്‍ ജീവിക്കും. എന്നാല്‍ നമ്മള്‍ കൊടുക്കുന്നതിലൂടെ നാം ഒരു ജീവിതം ഉണ്ടാക്കുന്നു.