ഐശ്വര്യവും സമ്പദ് സമൃദ്ധിയും വര്‍ധിക്കാനുള്ള വഴികള്‍

ഐശ്വര്യവും സമ്പദ് സമൃദ്ധിയും ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി മനുഷ്യരില്‍ ആരും ഉണ്ടാവുകയില്ല. ഈ ജീവിതത്തിലും പരലോക ജീവിതത്തിലും നന്മയും സമൃദ്ധിയും ഉണ്ടാവാനാണ് എല്ലാവരുടേയും ആഗ്രഹം. അതില്ലാത്ത അവസ്ഥ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് സൃഷ്ടിക്കുക. എന്നാല്‍ അത് നമ്മുടെ അറിവിലൂടെയും അധ്വാന പരിശ്രമത്തിലൂടെയും മാത്രം കരസ്ഥമാക്കാന്‍ കഴിയുന്ന കാര്യമാണൊ? ഒരിക്കലുമല്ല എന്നതാണ് അനുഭവം. അതിന് ദൈവത്തിന്‍റെ തുണയും സഹായവും കൂടി ലഭിക്കേണ്ടതുണ്ട്.
ഇത് രണ്ടും, നമ്മുടെ പരിശ്രമവും ദൈവ സഹായവും, ഒത്തുചേരുമ്പോഴാണ് ഐശ്വര്യത്തിന്‍റെയും സമ്പദ് സമൃദ്ധിയുടേയും ഗ്രാഫ് മുകളിലേക്ക് കുതിക്കുന്നത്. ഒന്നിനെ അവഗണിച്ച് മറ്റൊന്നിനെ മാത്രം ആശ്രയിച്ച് ഐശര്യം വര്‍ധിക്കാന്‍ സാധിക്കുകയില്ല. ആകാശം നിങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വര്‍ഷിക്കുകയില്ല എന്ന് ഖലീഫ ഉമര്‍ (റ)പറഞ്ഞത് അധ്വാനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കാനാണ്. സന്യാസ ജീവിതം നയിക്കുന്നതിലൂടെയൊ ധ്യാന നിമഗ്നനായി ഇരിക്കുന്നതിലൂടെയൊ ഐശ്വര്യം ഉണ്ടാവുകയില്ല. അല്ലാഹുവിന്‍റെ സഹായം ലഭിക്കാനുള്ള ചില വഴികളാണ് ചുവടെ:
ഐശ്വര്യവും സമ്പദ് സമൃദ്ധിയും വര്‍ധിക്കാന്‍
ഐശ്വര്യവും സമ്പദ് സമൃദ്ധിയും വര്‍ധിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ആനിലും തിരുചര്യയിലും ധാരാളമായി വന്നിട്ടുണ്ട്. അവ ജീവിതത്തില്‍ പാലിച്ചാല്‍ ഐശ്വര്യവും സമ്പദ് സമൃദ്ധിയും ലഭിക്കുകയും നിലനില്‍ക്കുകയും ചെയ്യും. ‘തഖ് വ’പരമായ ജീവിതം നയിക്കുകയാണ് ഈ ലോകത്തും പരലോകത്തും ഐശ്വര്യം വര്‍ധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു.
അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ അനുഷ്ടിക്കുകയും വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് ‘തഖ് വ’ പരമായ ജീവിതം നയിക്കുക എന്ന് പറയുന്നത്. “ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍ നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗ്ഗമുണ്ടാക്കി കൊടുക്കും. ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗ്ഗത്തിലൂടെ അവന് വിഭവമരുളുകയും ചെയ്യും. (65:2,3).
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കലാണ് നമ്മുടെ ഐശ്വര്യം വര്‍ധിക്കാനുള്ള മറ്റൊരു വഴി. നബി (സ) പറഞ്ഞു:നീ ചിലവഴിക്കുക. നിനക്ക് വേണ്ടിയും ചിലവഴിക്കപ്പെടും. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ അത് ഇരട്ടിക്കിരട്ടിയായി വളരുമെന്ന് ഖുര്‍ആനും പഠിപ്പിക്കുന്നു. ദാനം ചെയ്ത് ആരും ദരിദ്രരാവാറില്ല. എന്നാല്‍ ദുര്‍ത്തടിച്ചും ദുര്‍വ്യയത്തിലൂടെയും ദരിദ്രരായവര്‍ ധാരാളമുണ്ട്.
ധര്‍മ്മിഷ്ടനായ വ്യാപാരിയുടെ കഥ ഇങ്ങനെ: കച്ചവട ലാഭത്തിന്‍റെ നാലിലൊരംശം അദ്ദേഹം ദാനധര്‍മ്മങ്ങള്‍ക്കായി നീക്കിവെക്കുമായിരുന്നു. ഇത് കാരണമായി അല്ലാഹു അദ്ദേഹത്തിന് അളവറ്റ നന്മകള്‍ നല്‍കി. സമ്പത്ത് വര്‍ധനവിന്‍റെ രഹസ്യം അന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു: സമ്പത്തിന്‍റെ നാലില്‍ ഒന്ന് ദൈവ മാര്‍ഗ്ഗത്തില്‍ നീക്കിവെക്കുന്നതാണ് അതിന്‍റെ പൊരുള്‍.
ഐശ്വര്യം വര്‍ധിക്കുവാനുള്ള മറ്റൊരു മാര്‍ഗ്ഗം പ്രര്‍ത്ഥനയാണ്. കൃത്യമായ ആവിശ്യം മുന്നില്‍വെച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അത് അവന്‍ പൂര്‍ത്തീകരിച്ചുതരുക തന്നെ ചെയ്യും. ഖുര്‍ആനിലും തിരുസുന്നത്തിലും ഇതിനായി നിരവധി പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഐശ്വര്യം വര്‍ധിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ‘ഇസ്തിഗ്ഫാര്‍’. പാപമോചനാഭ്യര്‍ത്ഥന നടത്തലാണ് അത് കൊണ്ടുള്ള ഉദ്ദ്യേശം. കിടക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും തുടങ്ങി എല്ലാ സമയങ്ങളിലും ചെയ്യാന്‍ കഴിയുന്ന ആരാധനയാണിത്. ‘ഇസ്തിഗ്ഫാറി’ന്‍റെ മാധുര്യം സദാ നാവിന്‍ തുമ്പത്ത് ഉണ്ടായാല്‍ ദാരിദ്ര്യം ഇല്ലാതാവുകയും, ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയും ചെയ്യുമെന്ന് ഖുര്‍ആന്‍ പറയുന്നു.
ഐശ്വര്യം വര്‍ധിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കല്‍. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ അവന് അല്ലാഹു മതി എന്ന് ഖുര്‍ആന്‍ വ്യക്തമാക്കീട്ടുണ്ട്. നബി (സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട വിധം ഭരമേല്‍പിച്ചാല്‍,വിശന്ന വയറുമായി പുറപ്പെടുകയും നിറഞ്ഞ വയറുമായി തരിച്ച് വരുകയും ചെയ്യുന്ന പറവകളെപോലെ നിങ്ങളെയും അല്ലാഹു ഊട്ടുന്നതാണ്.
ഒരു ഹജ്ജ് വേളയില്‍ ഖലീഫ ഉമര്‍ (റ) യാചിക്കുന്ന കുറേ പേരെ കാണനിടയായി. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ ആരാണ്? അവരുടെ പ്രതികരണം: ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍. ഉമര്‍ ഗര്‍ജ്ജിച്ചു: കളവാണ് നിങ്ങള്‍ പറഞ്ഞത്. അല്ലാഹുവില്‍ ഭരമേല്‍പിച്ചവര്‍ എന്ന് പറഞ്ഞാല്‍ ഭൂമിയില്‍ വിത്തിടുകയും പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്തവരാണ്.
കുടുംബബന്ധം ചാര്‍ത്തല്‍ ഐശ്വര്യം വര്‍ധിക്കാന്‍ സഹായകമാവും. ഒരാളുടെ സമ്പത്ത് വര്‍ധിക്കുന്നതിലെ രഹസ്യങ്ങളില്‍പ്പെട്ടതാണ് കുടുംബ ബന്ധം ശക്തിപ്പെടുത്തല്‍. അബൂഹുറൈറയില്‍ നബി (സ) പറഞ്ഞതായി ഉദ്ധരിക്കുന്നു: ഉപജീവന മാര്‍ഗ്ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കുവാനും ആരെങ്കിലും അഭിലഷിക്കുന്നുവെങ്കില്‍ അവന്‍ ബന്ധുക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കട്ടെ”.
വിശുദ്ധ ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ തുടര്‍ച്ചയായി നിര്‍വ്വഹിക്കുന്നത് ദാരിദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു വഴിയാണ്. തീ ഇരുമ്പിലെ കീടങ്ങള്‍ നീക്കം ചെയ്യുന്നത് പോലെ ഹജ്ജ്, ഉംറ ദാരിദ്ര്യവും പാപങ്ങളും ഇല്ലാതാക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ടു.
മുകളില്‍ പറഞ്ഞ കാര്യങ്ങളോടൊപ്പം, വന്‍പാപങ്ങള്‍ വര്‍ജ്ജിക്കുക എന്നതും ഐശര്യം വര്‍ധിക്കാന്‍ സഹായകമാണ്. അല്ലാഹു നിശ്ചയിച്ച പരിധികള്‍ ലംഘിക്കുന്നത് അവന്‍റെ കോപത്തിന് കാരണമാവുകയും അനുഗ്രഹങ്ങളെ തടയുകയും ചെയ്തേക്കാം.
ഐശ്വര്യവും സമ്പദ് സമൃദ്ധിയും നമ്മുടെ പ്രയത്നവും അനിവാര്യമാണ്. എന്നാല്‍ മനുഷ്യന്‍ പലപ്പോഴും സമൃദ്ധിക്ക് ശേഷം അല്ലാഹുവിനെ വിസ്മരിക്കുന്നു. ഇത് അല്ലാഹുവിനോട് ചെയ്യുന്ന വലിയ അക്രമമാണ്. നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക. അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ അവന്‍റെ ഉദ്ദേശ്യങ്ങള്‍ക്ക് അനുസരിച്ച് ചിലവഴിക്കുക.
സമ്പത്ത് നല്‍കുന്നതും നല്‍കാതിരിക്കുന്നതും അല്ലാഹുവിന്‍റെ പരീക്ഷണമാണ്. മേല്‍ പറഞ്ഞ അവന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നാം പാലിച്ചാല്‍ ഇഹത്തിലും പരലോകത്തും പ്രതിഫലം ലഭിക്കും. ഇത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. ” എത്ര എത്ര ജന്തുക്കള്‍! അവ തങ്ങളുടെ അന്നവും ചുമന്ന് നടക്കുന്നില്ല. അല്ലാഹു അവക്ക് അന്നം നല്‍കുന്നു. നിങ്ങളുടേയും അന്നദാതാവ് അവന്‍ തന്നെ. അവന്‍ എല്ലാം കേള്‍ക്കുവനും അറിയുവനുമാണ്. (29:60)
എല്ലാ ജീവജാലങ്ങള്‍ക്കും ആഹാരമുള്‍പ്പടെയുള്ള വിഭവങ്ങള്‍ ലഭ്യമാക്കുക അല്ലാഹുവിന്‍റെ ചര്യയുടെ ഭാഗമാണ്. അവന്‍റെ മഹത്തായ തീരുമാനമനുസരിച്ച് അത് ഓരോരുത്തര്‍ക്കും അവന്‍ കണക്കാക്കിയ വിഹിതം ലഭിക്കുമെന്നും അത് ഈ ലോകത്ത് ഒരു നിശ്ചിത കലാവധിവരെയുള്ളൂവെന്നും അമിതമായ ആപത്ശങ്ക ആവശ്യമില്ലെന്നുമാണ് ഇസ്ലാം നമ്മെ ഉണര്‍ത്തൂന്നത്.