വി.കെ.ജലീല്‍: വാഗ്ധോരണിയും രചനാവൈഭവും ഉള്‍ചേര്‍ന്ന പണ്ഡിതന്‍

അനേകം നൈപുണ്യങ്ങളും നൈസര്‍ഗികവാസനകളും ഒരു വ്യക്തിയില്‍ സമ്മേളിച്ചാല്‍, ആ വ്യക്തിത്വത്തിന് എന്ത് വിശേഷണങ്ങളാണ് ഏറ്റവും അനുയോജ്യമാവുക എന്നറിയില്ല. അത്തരത്തില്‍പെട്ട അപൂര്‍വ്വം പ്രതിഭകളില്‍ ഒരാള്‍. സ്വദേശത്തും പ്രവാസ ജീവിതത്തിലും ഇസ്ലാമിനും കേരളീയ സമൂഹത്തിനും ഒട്ടേറെ സുകൃതങ്ങള്‍ ചെയ്ത വ്യക്തിത്വം. പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍, സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ സജീവ സാനിധ്യം. ഇന്നലെ രാത്രി (30.1.2022) നമ്മോട് വിടപറഞ്ഞ, വി.കെ.ജലീല്‍ സാഹിബിന്‍റെ വിശേഷണങ്ങള്‍ നിരവധിയാണ്.
ഇത്രയും പ്രഗല്‍ഭനായ ഒരു പ്രതിഭയെ സമകാലീന കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ദശകങ്ങള്‍ക്ക് മുമ്പ് തന്നെ കൃതഹസ്തമായ തന്‍റെ തൂലികയിലൂടെയും പ്രസംഗത്തിലൂടെയും ചിന്തകളിലൂടെയും മലയാളി സമൂഹത്തോട് സംവദിച്ച പ്രതിഭാശാലി. ക്രാന്തദര്‍ശിയായ നേതാവ്. സാധാരണക്കാരെയും പണ്ഡിതന്മാരെയും ഒരുപോലെ ആഘര്‍ഷിച്ച വ്യക്തിത്വം. ചിന്തയും നര്‍മ്മവൂം ചാലിച്ച സംസാരം. അപൂര്‍വ്വ ചാരിതയുള്ള രചനാ വൈഭവം. വാക്കുകള്‍ കൊണ്ട് നക്ഷത്രങ്ങളെ സൃഷ്ടിക്കുന്നു എന്ന് ചില കവികളെ കുറിച്ച് പറയാറുണ്ടല്ലോ? കവിയല്ലങ്കിലും ജലീല്‍ സാഹിബും ആ വിശേഷണത്തിനര്‍ഹന്‍.
ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ചരിത്രങ്ങളും സമന്വയിപ്പിച്ച്കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ കേട്ടിരിക്കുക അപൂര്‍വ്വ അനുഭവമാണ്. മണിക്കുറുകള്‍ കേട്ടാലും ആ വാഗ്ധോരണി നിര്‍ത്തരുതെ എന്നാണ് ഓരോ ശ്രോതാവും പ്രാര്‍ത്ഥിക്കുക. അനുവാചകരെ തന്‍റെ നവീന ചിന്തകളിലൂടെ കര്‍മ്മപഥത്തിലേക്ക് ആനയിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണ്. പ്രവാസി മലയാളകള്‍ക്കിടയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സ്വാധീനം നേടുന്നതില്‍ അദ്ദേഹത്തിന്‍റെ ക്ളാസുകള്‍ ചെലുത്തിയ സ്വാധീനം വിവരിക്കുക സാധ്യമല്ല.
52 ആഴ്ചകള്‍ ചേര്‍ന്നതാണല്ലോ ഏതാണ്ട് ഒരു വര്‍ഷത്തിന്‍റെ കാലഗണന. ഒരു ആഴ്ചയില്‍ ശരാശരി മൂന്ന് പ്രസംഗങ്ങളെങ്കിലും ചുരുങ്ങിയത് ജലീല്‍ സാഹിബ് നിര്‍വ്വഹിച്ചിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവാസലോകത്ത് അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം ജീവിക്കാന്‍ കഴിഞ്ഞതിലൂടെ, ഞാന്‍ ഊഹിക്കുന്നത്. അങ്ങനെയാണെങ്കില്‍, 150 ല്‍ പരം പ്രസംഗങ്ങള്‍ പ്രതിവര്‍ഷം അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ടാവും. മതം, ചരിത്രം, രാഷ്ട്രീയം,സാമൂഹ്യം, സാമ്പത്തികം, കല, ശാസ്ത്രം തുടങ്ങി അദ്ദേഹം സ്പര്‍ഷിക്കാത്ത മേഖലകള്‍ കുറവായിരിക്കും. താന്‍ സ്പര്‍ഷിക്കുന്ന വിഷയത്തെ കുറിച്ച വളരെ സൂക്ഷ്മമായ വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുക.
രചനാ മേഖലയിലും തന്‍റെ തനതായ മുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു വി.കെ.ജലീല്‍സാഹിബ്. ചെറുതും വലുതുമായ ഒരു ഡസനോളം കൃതികള്‍ക്ക് പുറമെ, സമകാലീന വിഷയങ്ങളെ കുറിച്ച് നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതീട്ടുണ്ട്. ഗദ്യരചനയെ കുറിച്ച് അമേരിക്കന്‍ എഴുത്ത്കാരനായ നോര്‍മ്മന്‍ മെയ്ലര്‍ പറയുന്നു: “ഒരെഴുത്തുകാരന്‍ നന്മയുടെ പാരമ്യത്തിലത്തെിയാലെ നല്ല ശൈലി വരൂ. ശൈലി എന്ന്വെച്ചാല്‍ സദ്സ്വഭാവമാണ്. അച്ചടക്കമില്ലാത്ത ഒരു ചീത്ത മനുഷ്യന് നല്ല ശൈലിയില്‍ എഴുതാന്‍ കഴിയില്ല.”
1990 നും 2010 നും ഇടയിലുള്ള രണ്ട് ദശകങ്ങളാണ് ജിദ്ദ കെ.ഐ.ജി.യുടെ ഏറ്റവും പുഷ്കലമായ കാലഘട്ടം. ആള്‍ബലമല്ല ഒരു സംഘടനയുടെ കരുത്ത്, ബൗദ്ധികതയാണ് എന്ന് പറയാറുണ്ട്. കെ.ഐ.ജി.ക്ക്, അക്കാലത്ത് ബൗദ്ധിക നേതൃത്വം നല്‍കിയിരുന്ന, നാല്‍വര്‍ സംഗത്തിലെ യശശരീരായ മലപ്പുറം ജമാല്‍ സാഹിബ്, കെ.കെ.അബ്ദുല്ല സാഹിബ്, വി.കെ.അബ്ദു സാഹിബ് എന്നിവരോടൊപ്പം വി.കെ.ജലീല്‍ സാഹിബും മാലാഖമാരുടെ പരിചരണത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി.
ഏത് ഏകാന്തതക്കിടയിലും, ജലീല്‍ സാഹിബിന് ചുറ്റും, എല്ലാ തരത്തില്‍പെട്ട ആളുകളുണ്ടാവും. അദ്ദേഹത്തിന്‍റെ നര്‍മ്മത്തില്‍ ചാലിച്ച സംസാരം കേള്‍ക്കാന്‍. നീറുന്ന തങ്ങളുടെ പ്രശ്നങ്ങള്‍ പങ്ക്വെച്ച് അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടാന്‍. പൊള്ളുന്ന ജീവിത പ്രശ്നങ്ങള്‍ക്ക് സമശ്വാസം പകരുന്ന ഒരാളുടെ കൂടെ അല്‍പം സമയം ചിലവഴിച്ചാല്‍ ലഭിക്കുന്ന നിര്‍വൃതി നുകരാന്‍. അത്രയും ജനകീയനും പണ്ഡിതനും എഴുത്ത്കാരനും വാഗ്മിയുമാണ് ജലീല്‍ സാഹിബ്.
അല്‍പം ഫ്ളാഷ്ബാക്ക്
വി.കെ.ജലീല്‍ സാഹിബിന്‍റെ പിതാവ് വി.കെ.ഇസ്സുദ്ദീന്‍ മൗലവിയും ഞങ്ങളുടെ പിതാവ് സി.എച്ച്. അബ്ദുല്ല ഹാജിയും തമ്മില്‍ ഗുരുശിഷ്യ ബന്ധത്തിന് പുറമെ ആത്മ മിത്രങ്ങളുമായിരുന്നു. ഉപ്പാക്ക് കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനമെടുക്കാനുമുള്ള അവലംബമായിരുന്നു മൗലവി. ആ ആലോചനയുടെ ഫലമായിട്ടാണ് മഹത്തായ ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠിക്കാന്‍ അവസരം ലഭിച്ചതും ജലീല്‍ സാഹിബിനെ പരിചയപ്പെടാന്‍ ഇടയായതും. 1975 ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍, മൗലവി ഞങ്ങളുടെ വീട്ടില്‍ വന്നു. ഉമ്മയും മൂന്ന് അനുജന്മാരും, സഹോദരിയും വീട്ടിലുണ്ട്. ഞങ്ങളോട് ദീര്‍ഘമായി സംസാരിച്ചതാണ് ഓര്‍മ്മ. അത്കഴിഞ്ഞ്, നാളെ രാവിലെ നമ്മള്‍ ശാന്തപുരത്ത് പഠിക്കാന്‍ പോവുകയല്ലെ എന്ന മൗലവിയുടെ ചോദ്യവും.
അന്ന് ശാന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്ന വി.കെ.ജലീല്‍ സാഹിബുമായി തുടക്കംകുറിച്ച ബന്ധം, അദ്ദേഹം, പ്രബോധനത്തില്‍ ചേര്‍ന്നപ്പോഴും, പിന്നീട് അടിയന്തരവസ്ഥ കാലത്ത് ഞങ്ങളെ പഠിപ്പിച്ചപ്പോഴും, പ്രവാസ ജീവിതത്തിലും, അതിന് ശേഷവും, മരണത്തിന്‍റെ ഏതാനും മണിക്കൂറുകള്‍ മുമ്പ്വരേയും അത് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് അല്ലാഹു നല്‍കിയ വലിയ സൗഭാഗ്യങ്ങളില്‍ ഒന്നായി അനുഭവപ്പെടുന്നു. വി.കെ.അബ്ദു സാഹിബിന്‍റെ സ്മൃതിപുസ്തകത്തിന്‍റെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും ഏപ്രില്‍ മാസത്തോടെ അത് പ്രകാശനം ചെയ്യാന്‍ കഴിയുമെന്നായിരുന്നു വാട്ട്സപ്പ് മെസേജിലൂടെ അദ്ദേഹം അയച്ച അവസാന ശബ്ദ സന്ദേശം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടെ.