ആളിപടരട്ടെ ക്രോധം

ഗസ്സയിലെ വിദ്യാര്‍ത്ഥികളേ. . .
ഞങ്ങളെ പഠിപ്പിക്കൂ. . .
നിങ്ങള്‍ക്ക് ഉള്ളതില്‍ അല്‍പം…
കാരണം ഞങ്ങള്‍ മറന്നിരിക്കുന്നു. . .
ഞങ്ങളെ പഠിപ്പിക്കൂ. .
മനുഷ്യരാകാന്‍
കാരണം ഞങ്ങളില്‍ ചിലരുണ്ട്. .
കുഴച്ച മാവായിരിക്കുന്നു അവര്‍
ഞങ്ങളെ പഠിപ്പിക്കൂ. .
കല്ലിന്‍ചീളുകള്‍ എങ്ങനെ
കുട്ടികളുടെ കൈകളില്‍,
അമൂല്യമായ വജ്രമായിത്തീരുന്നുവെന്ന്. .
അത് എങ്ങനെ
കുട്ടിയുടെ സൈക്കിളാവുന്നു,
കുഴിബോംബായി,
സില്‍ക്ക് റിബണായി. .
പതിയിരുന്നാക്രമിക്കാനയി.
എങ്ങനെ ഫീഡിംഗ് ബോട്ടലിന്‍റെ മുലക്കണ്ണ് . .
തടഞ്ഞ് നിര്‍ത്തിയില്ളെങ്കില്‍
കൊടുവാളായി മാറുന്നുവെന്ന്. . .
ഓ…ഗസ്സയിലെ വിദ്യാര്‍ത്ഥികളേ
നിങ്ങള്‍ ശ്രദ്ധിക്കരുത്. .
ഞങ്ങളുടെ പ്രക്ഷേപണങ്ങള്‍. .
ഞങ്ങളെ കേള്‍ക്കരുത് . .
സമരം ചെയ്യൂ….
സമരം ചെയ്യൂ….
നിങ്ങളുടെ മുഴുവന്‍ ശക്തിയോടെ
നിങ്ങളുടെ ഭദ്രമായ കൈകളില്‍ കാര്യങ്ങള്‍ എടുക്കൂ
ഞങ്ങളോട് ചോദിക്കരുത്. .
ഞങ്ങള്‍ ഗണിതശാസ്ത്രത്തിന്‍റെ ആളുകള്‍. .
കൂട്ടുന്നതിന്‍റെയും . .
കിഴിക്കുന്നതിന്‍റെയും. .
നിങ്ങളുടെ യുദ്ധങ്ങള്‍ തുടരട്ടെ
ഞങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കൂ. .
ഞങ്ങള്‍ ഒളിച്ചോടിയവരാണ്
സേവനത്തില്‍ നിന്ന്,
നിങ്ങളുടെ കയറുകള്‍ കൊണ്ടുവരൂ
ഞങ്ങളെ തൂക്കിക്കൊല്ലൂ. . .
ഞങ്ങള്‍ നശ്വരജീവികള്‍
ശവകുടീരങ്ങള്‍ ഇല്ലാത്തവര്‍
ഒപ്പം അനാഥരും. .
യജമാനന്മാരല്ലാത്തവര്‍
ഞങ്ങള്‍ മുറികളില്‍ ബന്ധികളാക്കപ്പെട്ടിരിക്കുന്നു
ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
വ്യാളിയോട് യുദ്ധം ചെയ്യാന്‍ . .
നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍
ചുരുങ്ങിപോയിരിക്കുന്നു
ആയിരം നൂറ്റാണ്ട്
വളര്‍ച്ച നേടിയവര്‍ നിങ്ങള്‍
ഒരു മാസത്തിനുള്ളില്‍ ഒരു മാസത്തിനുള്ളില്‍ – നൂറ്റാണ്ടുകള്‍…….
ഓ…ഗസ്സയിലെ വിദ്യാര്‍ത്ഥികളേ. .
തിരിച്ചുവരരുത്. .
ഞങ്ങളുടെ രചനകളിലേക്ക്. .
ഞങ്ങളെ വായിക്കരുത്.
ഞങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരാണ്. .
ഞങ്ങളെ അനുകരിക്കരുത് . .
ഞങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളാണ്. .
ഞങ്ങളെ ആരാധിക്കരുത്. .
ഞങ്ങള്‍ ഏര്‍പ്പെടുന്നു
രാഷ്ട്രീയ നുണ പ്രചരണങ്ങളില്‍. .
അടിച്ചമര്‍ത്തലില്‍ ഞരങ്ങുന്നു. .
ഞങ്ങള്‍ ശവക്കുഴികള്‍ പണിയുന്നു . .
ജയിലുകളും. .
ഞങ്ങളെ മോചിപ്പിക്കേണമേ. .
ഞങ്ങളുടെ ഭയത്തിന്‍്റെ വിഹ്വലതയില്‍ നിന്ന്. .
പുറത്തെടുക്കണം
ഞങ്ങളുടെ ശിരസ്സിലെ ഓപിയം. .
ഞങ്ങളെ പഠിപ്പിക്കൂ. .
ഭൂമിയോട് ഒട്ടിനില്‍ക്കുന്നതിന്‍റെ കല,
നിങ്ങള്‍ ഉപേക്ഷിക്കരുത്
മിശിഹ് ദുഃഖിതനായി. .
ഓ…ഞങ്ങളുടെ പ്രിയ പിഞ്ചോമനകളെ
സലാം. .
അല്ലാഹു നിങ്ങളുടെ ദിനം സഫലമാക്കട്ടെ
ജാസ്മിന്‍. . .
നശിച്ച ഭൂമിയുടെ വിള്ളലുകളില്‍ നിന്ന്
നിങ്ങള്‍ പുറത്തുവന്നു
ഞങ്ങളുടെ മുറിവുകളില്‍ നട്ടുവളര്‍ത്തിയ
കസ്തൂരി തളിരിട്ടിരിക്കുന്നു. .
ഇത് നോട്ടുപുസ്തകങ്ങളുടെ വിപ്ളവമാണ്…
മഷിയുടേയും
ചുണ്ടുകളില്‍
ശ്രുതിമാധുര്യം നറിയട്ടെ . .
ഞങ്ങളെ കുളിപ്പിക്കൂ. .
പൗരുഷവും അഭിമാനവും കൊണ്ട്
മ്ളേഛതയില്‍ നിന്ന് ഞങ്ങളെ ശുദ്ധിയാക്കൂ
ഞങ്ങളെ കുളിപ്പിക്കൂ. .
നിങ്ങള്‍ മോശയെ പേടിക്കേണ്ട. .
മോശയുടെ മാന്ത്രികതയേയും. .
നിങ്ങള്‍ തയ്യാറെടുക്കുക
ഒലിവ് വിളവെടുക്കാന്‍
തീര്‍ച്ചയായും ഈ യഹൂദ യുഗം
ഒരു മിഥ്യയാണ്. .
അത് തകരും. .
നമുക്ക് ഉറപ്പുണ്ടെങ്കില്‍. . .
ഗസ്സയിലെ ഭ്രാന്തന്മാരേ. .
ആയിരം സ്വാഗതം. . .
ഭ്രാന്തന്മാര്‍,
അവര്‍ നമ്മെ മോചിപ്പിച്ചാല്‍.
സത്യം! രാഷ്ട്രീയ യുക്തിയുടെ കാലം
എന്നോ കഴിഞ്ഞുപോയിരിക്കുന്നു . . .
അതിനാല്‍ ഞങ്ങളെ ഭ്രാന്ത് പഠിപ്പിക്കൂ. . .
വിവ: ഇബ്റാഹീം ശംനാട്