പ്രവാസി കുട്ടികളോട് സ്നേഹപൂര്‍വ്വം

പ്രവാസി കുട്ടികളോട് സ്നേഹപൂര്‍വ്വം
  • ജൂൺ 10, 2023
  • ഇബ്റാഹീം ശംനാട്

രക്ഷിതാക്കളോടൊപ്പം പ്രവാസലോകത്ത് താമസിക്കാനും അവിടെ പഠിക്കാനും അവസരംകിട്ടുന്ന കുട്ടികളുണ്ട്. അതേയവസരം രക്ഷിതാവ് പരദേശത്ത് താമസവും ഉപജീവനവും നേടുന്നതിനാല്‍, അവരുടെ പരിചരണം ലഭിക്കാത്ത കുട്ടികളുമുണ്ട്. ആദ്യവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ രണ്ടാമത്തെ വിഭാഗം കുട്ടികളെ അപേക്ഷിച്ച് അനുഗ്രഹീതരാണ്. രക്ഷിതാക്കളുടെ പരിലാളന, ജീവിതനിലവാരം, മറ്റു ഭൗതിക സൗകര്യങ്ങള്‍ തുടങ്ങിയവയാണു അതിന് കാരണം. അതിനാല്‍ പ്രവാസി കുട്ടികള്‍ ഇതെല്ലാം യാദൃശ്ചികമാണെന്ന് കരുതി മതിമറന്നാസ്വദിക്കാതെ, ദൈവത്തോടും രക്ഷിതാക്കളോടും നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്.

കൃത്യമായ ലക്ഷ്യത്തോടുകൂടിയായിരിക്കണം ഓരോ നിമിഷവും ചിലവഴിക്കേണ്ടത്. ലക്ഷ്യമില്ലാത്ത കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടൊ? അവര്‍ പൊതുവെ അലസരും വികൃതിക്കാരുമായിരിക്കും. ലോക പ്രശസ്തയാ ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റിയില്‍ കുട്ടികളെ കൊണ്ട് അവരുടെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെ കുറിച്ച് നിര്‍ബന്ധമായി എഴുതികൊടുക്കേണ്ടതു അവരുടെ അസൈന്‍മെന്‍റിന്റെ ഭാഗമാണ്. അതിന് 5 ശതമാനം മാര്‍ക്കും ലഭിക്കും. ഇത് നിങ്ങള്‍ക്കും സ്വന്തമായി പരീക്ഷിക്കാവുന്നതേയുള്ളൂ.

വളരെ പെട്ടെന്ന് തന്നെ കാലങ്ങള്‍ കഴിഞ്ഞു പോവും. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥികളല്ല നിങ്ങള്‍ ഈ വര്‍ഷം. ഓരോ വര്‍ഷവും മികച്ച വിദ്യാര്‍ത്ഥികളായി മാറുക. നല്ല കുട്ടികളെന്ന ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നന്നായി അധ്വാനിക്കേണ്ടിവരും. പഠനത്തില്‍ മികവു പുലര്‍ത്തുക, ആശയ വിനിമയം പരിപോഷിപ്പിക്കുക, കായികാഭ്യാസത്തില്‍ പരിജ്ഞാനം നേടുക വ്യക്തിത്വ വികസനത്തിന്‍റെ ഭാഗമായി ഇതു മൂന്നും പഠനകാലത്ത് നേടിയിരിക്കേണ്ടതുണ്ട്.

മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളിലൂം ഒരുപോലെ താല്‍പര്യം കാണിക്കുന്ന കുട്ടികള്‍ പ്രവാസലോകത്ത് കുറവാണ്. എന്നാല്‍ അവരായിരിക്കും ഉന്നതിയിലത്തെുക. ബഹുമുഖ കഴിവുകളുടെ വികാസം, ആത്മവിശ്വാസം തുടങ്ങിയവയിലും മികച്ചുനില്‍ക്കേണ്ടത് അനിവാര്യം തന്നെ. പ്രവാസലോകത്ത് അതിനൊക്ക അവസരങ്ങള്‍ ധാരാളം. പെണ്‍കുട്ടികളും അവരുടെ കഴിവിനനസരിച്ച് ഈ മൂന്ന് മേഖലകളിലും കഴിവ് നേടേണ്ടതുണ്ട്. സമഗ്രമായ വ്യക്തിത്വ വികാസത്തിന് ഇതിലെല്ലാം വ്യൂല്‍പത്തിയുള്ളവരാവുക അനിവാര്യമാണ്.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ ഭൂമിയോളം വിശാലമാണ് എന്ന് പറയാം. ഈ അടുത്ത കാലത്തായി അവര്‍ക്ക് അവരുടെ സോഫ്റ്റ് സ്കില്ലുകള്‍ വളര്‍ത്താനുള്ള അവസരങ്ങള്‍ ധാരാളമയി ലഭിക്കുന്നുണ്ടു. മാതൃഭാഷക്ക് പുറമെ ഇംഗ്ളീഷ്, അറബി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ നല്ല സംസാരശേഷി നേടിഎടുക്കാന്‍ കഴിയുന്നു എന്നത് പ്രവാസി വിദ്യാര്‍ത്ഥികളുടെ എടുത്തുപറയതക്ക നേട്ടമാണ്. ഇതു അവര്‍ക്ക് യൂറോപ്പ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ മാത്രമല്ല അമേരിക്കയിലും തൊഴില്‍ നേടാന്‍ സഹായകമായിത്തീരാറുണ്ടു.

ഒരു തൊഴിലിന് വേണ്ടിയൊ മല്‍സരപരീക്ഷയില്‍ വിജയിക്കാനൊ മാത്രം പഠിച്ചാല്‍ പോരല്ലോ? അതിനെക്കാളുപരി ജീവിത പരീക്ഷയില്‍ വിജയിക്കാനുള്ള കരുത്ത്കൂടി ആര്‍ജിക്കണം. പരാജയപ്പെട്ടാലും അതില്‍നിന്നും പാഠമുള്‍കൊണ്ടു പുതിയ മുന്നേറ്റത്തിന് തയ്യാറെടുക്കണം. അധ്യാപകരെ കബളിപ്പിക്കല്‍, വഞ്ചന, കൃത്രമത്വം ഇതൊക്കെ ചെറുപ്പത്തിലെ വര്‍ജ്ജിക്കണം. അത്തരക്കാരെ കൂട്ടുകാരായി സ്വീകരിക്കരുത്. കൃത്യമായ ഹോംവര്‍ക്കുകളും അസൈന്‍മെന്‍റുകളും സ്വയം ചെയ്യാന്‍ ശുഷ്കാന്തി കാണിക്കണം. ഒരു മാതൃക വിദ്യാര്‍ത്ഥി എന്ന മാനസികമായ ഒൗനിത്യത്തോടെ ഓരോ നിമിഷവും ജീവിക്കുക.

കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തി എടുക്കേണ്ട സുപ്രധാന ഗുണമാണ് ജനസേവനത്വര. അമേരിക്കയിലും യൂറോപ്പിലും കുട്ടികള്‍ക്ക് അവരുടെ സമയത്തിന്‍റെ ഒരു ഭാഗം ആശുപത്രികളിലും രോഗികളെ ശുശ്രൂഷിക്കുന്നതിനും ചിലവഴിക്കാന്‍ അവസരം ലഭിക്കാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജനസേവനത്തിനുള്ള ഒൗദ്യോഗിക അവസരങ്ങള്‍ കുറവാണെങ്കിലും, വിവിധ കൂട്ടായ്മകളുമായി ബന്ധപ്പെട്ടുകൊണ്ടും അവധിക്ക് നാട്ടിലേക്കത്തെിയാല്‍ അവിടേയും ജനസേവനത്തിനുള്ള അവസരങ്ങള്‍ കണ്ടത്തൊന്‍ കഴിയും. അതിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ അവരുടെ ഇമോഷണല്‍ ഇന്‍റലിജന്‍സ് (Emotional Intelligence) വളര്‍ത്തിഎടുക്കാന്‍ കഴിയുന്നതാണ്.

മൊബൈല്‍ ഇല്ലാത്ത കുട്ടികള്‍ ഉണ്ടാവുകയില്ല. അതിനെ പലതരം ഗൈമുകള്‍ കളിക്കുന്നത് ഉപയോഗിക്കുന്നതും എപ്പോഴും വാട്ട്സപും ഫൈയിസ്ബുക്കും നോക്കുന്നതും പഠനത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും കാരണമാവും. അത്തരം ഡിവൈസുകള്‍ ബുദ്ധിപരമായ വിവേചനത്തോടെ ഉപയോഗിക്കുന്നതിലാണ് നിങ്ങളുടെ മിടുക്ക്. എപ്പോഴും രക്ഷിതാക്കള്‍ കൂടെ ഉണ്ടാവില്ലെങ്കിലും, സദാ തന്നെ നിരീക്ഷിക്കുന്ന ഒരു ശക്തിയെ കുറിച്ച ബോധവനായിരിക്കണം.

പല കുട്ടികളും തങ്ങളുടെ രക്ഷിതാക്കളെ പഴിചാരുന്നത് കാണാം. വിമര്‍ശനത്തിന്‍റെ സ്വരം ഒഴിവാക്കി പകരം അവര്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്നേഹത്തേയും കാരുണ്യത്തേയും നന്ദിപൂര്‍വ്വം ഓര്‍ക്കുക. മാതാ, പിതാ, ഗുരു, ദൈവം എന്നിവയെ ആദരിക്കണമെന്ന് ഹൈന്ദവ ദര്‍ശനവും അനുശാസിക്കുന്നു. രക്ഷിതാക്കളെയും ഗുരുവര്യന്മാരെയും നിങ്ങളുടെ മാതൃകകളായി സ്വീകരിക്കുക. അതിലൂടെ നിങ്ങളുടെ മനസ്സില്‍ രൂപപ്പെടുന്ന ബഹുമാനാദരവും സ്നേഹവും അവര്‍ കണ്‍കുളിര്‍ക്കെ കാണട്ടെ. അതാണ് അവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മാതൃഭാഷ പഠിക്കാനുള്ള ത്വരയും നിങ്ങള്‍ക്ക് ഗുണമായിരിക്കും.

അഞ്ച് കാര്യങ്ങള്‍ പിടിമുറുക്കുന്നതിന് മുമ്പായി അഞ്ച് കാര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന നബി വചനം പ്രസിദ്ധമാണ്. ആ അഞ്ച് കാര്യങ്ങള്‍ ഇങ്ങനെ:

1. വര്‍ധക്യത്തിന് മുമ്പ് യുവത്വം ഉപയോഗപ്പെടുത്തുക
2. രോഗത്തിന് മുമ്പ് ആരോഗ്യാവസ്ഥ ഉപയോഗപ്പെടുത്തുക
3. ദാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യാവസ്ഥ ഉപയോഗിക്കുക
4. തൊഴില്‍ വ്യാപൃതനാവുന്നതിന് മുമ്പ് ഒഴിവ് വേളയും
5. മരണത്തിന് മുമ്പ് ജീവിതവും ഉപയോഗപ്പെടുത്തുക.

മറ്റുള്ളവരുമായി എങ്ങനെ സഹകരിച്ച് ജീവിക്കാം, സമയം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം, പണം എങ്ങനെ ചിലവഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ ജാഗ്രതരായി നിലകൊണ്ടാല്‍, പിന്നീടുള്ള ജീവിതത്തില്‍ അതിന്‍റെ ഫലങ്ങള്‍ ആസ്വദിക്കാം.