പ്രവാസികള്‍ മനസ്സിരുത്തേണ്ട 10 കാര്യങ്ങള്‍

പ്രവാസികള്‍ മനസ്സിരുത്തേണ്ട 10 കാര്യങ്ങള്‍
  • ജൂലൈ 17, 2023
  • ഇബ്റാഹീം ശംനാട്

ജീവിതയോഥനത്തിനായി മാതൃദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നതിനാണ് പ്രവാസജീവിതം എന്ന് പറഞ്ഞു വരുന്നത്. വ്യവസായിക സംരംഭങ്ങള്‍ പരിമിതമായ കേരളത്തില്‍ സ്വാഭാവികമായും തൊഴില്‍ ലഭ്യത കുറവായിരിക്കുമല്ലോ?  നമ്മുടെ ജീവിത നിലവാരമാകട്ടെ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതും. അത് കൂടാതെ ജനസംഖ്യ നിരക്കും യുവാക്കളുടെ തൊഴിലില്ലായ്മായും ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, പ്രവാസ ജീവിതം തെരെഞ്ഞെടുക്കാന്‍ നാം നിര്‍ബന്ധിതരായിത്തീരുന്നു. പ്രവാസലോകത്ത് അതിജീവനം സാധ്യമാവാന്‍  സഹായിക്കുന്ന  10 കാര്യങ്ങള്‍ ചുവടെ:  

1. ലക്ഷ്യബോധത്തോടെ ജീവിക്കുക

പ്രവാസികളില്‍ ലക്ഷ്യബോധമുള്ളവരേയും ഇല്ലാത്തവരേയും കാണാം. ലക്ഷ്യമില്ലാതെ ജീവിക്കുന്നത് ഉദ്ദിഷ്ട സ്ഥലം അറിയാതെയുള്ള സഞ്ചാരംപോലെയാണ്. ലക്ഷ്യത്തോട് കൂടിയ ചിട്ടപ്പെടുത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ജീവിത വിജയം കൈവരിക്കാന്‍ കൃത്യമായ ലക്ഷ്യബോധം ഉണ്ടായിരിക്കുക അനിവാര്യമാണ്.  

2. വിധിയെ പഴിക്കരുത്

വിധിയെ പഴിച്ച് കാലം കളയുന്ന ചിലരെങ്കിലും പ്രവാസികളിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുടുംബം മുതല്‍ തൊഴില്‍ വരെ എല്ലാ കാര്യത്തെ കുറിച്ചും പരാതികളുള്ളവരായിരിക്കും അത്തരക്കാര്‍. അവര്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയുകയില്ളെന്ന് മാത്രമല്ല, മനസ്സമാധാനം പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാം. ലഭ്യമായ നന്മ കാണാതിരിക്കല്‍, മനസ്സിൻ്റെ രോഗമാണ്. വിധിയെ സഹനപൂര്‍വ്വം നേരിടുകയാണ് ചെയ്യേണ്ടത്.  

3. കുടുംബത്തെ കൂട്ടുപിടിക്കുക

കുടുംബബന്ധങ്ങള്‍ ശ്ളിഥിലമാവാതെ സൂക്ഷിക്കേണ്ടത് ജീവിതത്തില്‍ അനുഗ്രഹം ലഭിക്കാന്‍ അനിവാര്യമാണ്. നാട്ടിലുള്ളവര്‍ക്ക് പ്രവാസികളുടെ കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ സമയം ലഭിച്ചുകൊള്ളണമെന്നില്ല. നാട്ടിലുള്ള ഭാര്യയും കുട്ടികളുമായും ദിനേന വീഡിയൊ കാളില്‍ തന്നെ സംസാരിക്കുക. മാതാപിതാക്കളുമായും മറ്റു കുടുംബാംഗങ്ങളുമായും ബന്ധപ്പെടാന്‍ വിസ്മരിക്കരുത്.

4. സാമ്പത്തിക അച്ചടക്കം പാലിക്കുക

ചിലവുകളെ അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ തിരിച്ച് പണം ശ്രദ്ധയോടെ ചിലവഴിക്കുന്നതാണ് സാമ്പത്തിക അച്ചടക്കം. ബാങ്ക്വായ്പയെ ആശ്രയിക്കാതിരിക്കുക. സര്‍ക്കാരും ബാങ്കുകളും പ്രവാസികളെ പ്രലോഭിപ്പിക്കുന്ന പല പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കും. ആ കെണിയില്‍ പെടാതിരിക്കുക. ധൂര്‍ത്ത് പൂര്‍ണ്ണമായും വര്‍ജജിക്കുക. വരുമാനത്തിന്‍െറ ഇരുപത് ശതമാനമെങ്കിലും പ്രവാസാനന്തര ജീവിതത്തിനായി  നീക്കിവെക്കുക.  

 5. മുന്‍ഗണനാക്രമം തിരിച്ചറിയുക

മുന്‍ഗണനാ ക്രമങ്ങള്‍ തിരിച്ചറിയാതെ ജീവിക്കുന്നത് വലിയ അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. എല്ലാ കാര്യങ്ങളിലും മുന്‍ഗണനാക്രമങ്ങള്‍ അനിവാര്യമാണ്. കടബാധ്യതകള്‍ ഉള്ളവര്‍ അത് തീര്‍ക്കാനായിരിണം മുന്‍ഗണന നല്‍കേണ്ടത്. വിവാഹിതരാണെങ്കില്‍, വീട് മുഖ്യ അജണ്ടയിലുണ്ടാവണം. സ്വയം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ അതിന് മുന്‍ഗണന നല്‍കാം.

6. സാംസ്കാരിക വൈവിധ്യം ഉള്‍കൊള്ളുക

എല്ലാവരുമായും നല്ല നിലയില്‍ ഇടപെടാന്‍ കഴിയുക എന്നതാണ് ജീവിത വിജയത്തിൻ്റെ നിദാനമെന്ന് ഡെയില്‍ കാര്‍നിങ്കെ എന്ന വ്യാഖ്യാത പണ്ഡിതന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകത്തിൻ്റെ തന്നെ പരിഛേദമാവാം പ്രവാസലോകം. അവിടെ പലതരം ദേശക്കാരേയും വര്‍ണ്ണക്കാരേയും ഭാഷക്കാരേയും കാണാം.  അവരുമായി ക്ഷമ കൈവെടിയാതെ, സൗഹൃദത്തില്‍ കഴിയുക.

7. സന്തുലിതത്വം പാലിച്ച് ജീവിക്കുക

ശരീരം, മനസ് , ആത്മാവ് തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യര്‍. ഇതിനെ തുല്യമായി പരിഗണിച്ച് ജീവിക്കല്‍ അനിവാര്യമാണ്. നമുക്ക് വ്യക്തിപരമായ ജീവിതവും തൊഴില്‍പരമായ ജീവിതവുമുണ്ട്. തൊഴിലിന് വേണ്ടി വ്യക്തി ജീവിതത്തെയൊ, തിരിച്ചൊ ബലിയാടാക്കരുത്. ജീവിതത്തില്‍ അസന്തുലിതത്വം ഉണ്ടായാല്‍ അസംതൃപ്തിയിലേക്കും അത് പലതരം രോഗാവസ്ഥയിലേക്കും വഴിവെക്കും.

8. ജീവകാരുണ്യ പ്രവര്‍ത്തനം

പ്രവാസ ജീവിതത്തെ ധന്യമാക്കുന്ന പ്രവര്‍ത്തനമാണ് ജീവകാരുണ്യ പ്രവര്‍ത്തനം. മനസ്സിന് ശാന്തിയും സമാധാനവും ശരീരത്തില്‍ ആരോഗ്യവും നല്‍കുന്ന കാര്യമാണത്.  പ്രവാസ ജീവിതത്തില്‍ അതിന് ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തുക. സഹജീവികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉദ്യമങ്ങളില്‍ ഭാഗഭാക്കാവുന്നത് ജീവിതത്തില്‍ ഐശ്വര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

 9. നിയമവിധേയമായി കാര്യങ്ങള്‍ ചെയ്യുക

ചുരുങ്ങിയത് രണ്ടൊ അതിലധികമൊ രാജ്യങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ് പ്രവാസികള്‍.  എല്ലാ കാര്യങ്ങളും നിയമവിധേയമായി ചെയ്യുക. നിയമവിധേയമല്ലാതെ സ്വയം സംരംഭകങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.  കളിക്കുമ്പോള്‍ കളിയുടെ നിയമങ്ങള്‍ പാലിക്കേണ്ടത് പോലെ,  അതത് രാജ്യത്തെ നിയമങ്ങള്‍ പാലിച്ച്് ജീവിക്കുക.  

10. തിരിച്ച് പോക്കിന് തയ്യാറാവുക

25 വര്‍ഷം പഠനത്തിലും, 25 വര്‍ഷം തൊഴിലിലും, 25 വര്‍ഷം ജനസേവനത്തിലും ആയുസ്സ് നീക്കിവെക്കുന്നതാണ് പൊതുവായ ജീവിത ആസൂത്രണം എന്ന് പറയുന്നത്. 60 വയസ്സ് കഴിഞ്ഞ് പ്രവാസലോകത്ത് തൊഴിലെടുക്കുന്നത് അനിവാര്യമാണെങ്കില്‍ മാത്രം തുടരുക.   പ്രവാസജീവിതം ഫലപ്രദമാക്കാനുള്ള ഏതാനും കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്.  അഭിവാദ്യം ചെയ്യല്‍, നന്ദി പറയല്‍, മികവിലേക്കുള്ള പരിശ്രമം,  തൊഴിലിനോടുള്ള പ്രതിബദ്ധത, ആത്മവിശ്വാസം, ക്രയാത്മകത തുടങ്ങിയ ഗുണങ്ങള്‍ പ്രവാസലോകത്ത് അതിജീവനത്തിന് സഹായിക്കും.