10 Things to Make Married Life Blissful

10 Things to Make Married Life Blissful
  • February 22, 2022

നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ നാഴിക കല്ലാണല്ലോ വിവാഹവും കുടുംബ ജീവിതവും. തീര്‍ത്തും വിത്യസ്തമായ ജീവിത പാശ്ചാതലത്തില്‍ ജനിച്ച് വളര്‍ന്ന വന്ന രണ്ട് പേരുടെ പുതുമ നിറഞ്ഞ ജീവിതത്തിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് വിവാഹം. വൈവാഹിക ജീവിതം വെല്ലുവിളികള്‍ നേരിടാത്ത ഒരു കാലവും ഉണ്ടാവുകയില്ല. ഇന്ന് അത് എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. വൈവാഹിക ജീവിതത്തെ കൃത്യമായി അഭിമുഖീകരിക്കാന്‍ സാധിച്ചില്ളെങ്കില്‍ ജീവതം പാളം തെറ്റുകയും മാനസികമായും ശാരീരികമായും തകരുക മാത്രമല്ല, ഭാവി തലമുറകളേയും അത് ബാധിച്ചേക്കാം. അത്തരം പ്രവണത തടയുവാനും വൈവാഹിക ജീവിതം ആനന്ദകരമാക്കാനും സഹായിക്കുന്ന 10 കാര്യങ്ങള്‍ ചുവടെ:

1. കാരുണ്യം കാണിക്കുക

ഭൂമിയിലുള്ളവരോട് കാരുണ്യത്തോടെ വര്‍ത്തിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യത്തോടെ വര്‍ത്തിക്കുമെന്ന് നബി വചനം. ഈ കാരുണ്യത്തിന് ഏറ്റവും അര്‍ഹരായവരാണ് നമ്മുടെ മാതാപിതാക്കള്‍, ഇണകള്‍, സന്താനങ്ങള്‍ എന്നിവര്‍. വൈവാഹിക ജീവിതത്തെ· അരക്കിട്ടുറപ്പിക്കുന്ന സുപ്രധാന ഘടകമാണ് കാരുണ്യം. അല്ലാഹു പറയുന്നു: “അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്”.അറൂം 30:21

2. സ്നേഹ പ്രകടനം

വൈവാഹിക ജീവിതത്തിൻ്റെ അടിത്തറയാണ് സ്നേഹം. ആയുഷ്കാലം മുഴുവന്‍ ജീവിത പങ്കാളിയായി കഴിയേണ്ടവരാണ് ദമ്പതിമാര്‍. അത് സംരക്ഷിക്കുന്നതില്‍ അല്ലാഹുവിൻ്റെ സഹായമുണ്ടാകും. ദമ്പതികളുടെ സ്നേഹം അല്ലാഹുവിൻ്റെ സ്നേഹത്തിൻ്റെ നിദര്‍ശനമാണ്. കാരണം ദൈവം ‘അല്‍ വുദൂദ്’ ആണ് അഥവാ സ്നേഹ സമ്പന്നന്‍. പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു ലജ്ജയും ഉണ്ടാവേണ്ടതില്ല. സ്വന്തം ഭാര്യയുടെ ചുണ്ടില്‍ അന്നം വെച്ച് കൊടുക്കുന്നത് പുണ്യമാണെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആ സ്നേഹ പ്രകടനത്തിന് സന്താനങ്ങളും സാക്ഷികളാവട്ടെ. അത് അവരുടെ ദാമ്പത്യ ജീവിതത്തിന് ലഭിക്കുന്ന പരിശീലനമാണ്.

3. പരിരക്ഷ നല്‍കുക

ദമ്പതികള്‍ക്ക് പരസ്പരം വേണ്ടത്ര ശ്രദ്ധയും പരിരക്ഷയും നല്‍കാന്‍ കഴിയാത്തതിനാല്‍ ചില വിവാഹങ്ങളെങ്കിലും തുടക്കത്തില്‍ തന്നെ താളം തെറ്റിപോവുകയൊ ബന്ധം വേര്‍പ്പെട്ട് പോവുകയൊ ചെയ്യാറുണ്ട്. എത്ര തന്നെ ജീവിത തിരക്കുണ്ടായാലും ശരി ദമ്പതിമാര്‍ പരസ്പരം പരിചരിക്കാന്‍ മതിയായ സമയം കണ്ടെത്തേണ്ടതുണ്ട്. അതിലൂടെ ഭര്‍ത്താവിന് ഭാര്യയുടേയും ഭാര്യക്ക് ഭര്‍ത്താവിൻ്റെയും ആവിശ്യങ്ങള്‍ കഴിയുന്നത്ര മനസ്സിലാക്കാനും അംഗീകരിക്കാനും സാധിച്ചേക്കാം. ഇത് അവരുടെ കുടുംബ ജീവിതത്തെ ഭദ്രമാക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

4. പരസ്പരം ആദരിക്കുക

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് ആദരവ് ലഭിക്കുക എന്നത്. ദമ്പതിമാര്‍ പരസ്പരം ആദരവ് നല്‍കുന്നത് കുടുംബ ജീവിതം ആനന്ദകരമാക്കും. ഇരു കൂട്ടരും പരസ്പര വികാരങ്ങള്‍ മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യല്‍ അതിൻ്റെ ഭാഗമാണ്. ഭര്‍ത്താവിനെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളേയും ആദരിക്കേണ്ടതാണ്. സ്ത്രീകള്‍ക്ക് കുടുംബപരമായ പിന്‍ബലം ലഭിക്കാനും അതിലൂടെ സ്നേഹവും ലാളനയും കരസ്ഥമാക്കാനും സാധിക്കും. ദൈനംദിനമായ ഭര്‍തൃ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റല്‍ അവരെ ആദരിക്കുന്നതിന് തുല്യമാണ്.

5. ഉത്തരവാദിത്തങ്ങളും അവകാശങ്ങളും

വിജയകരമായ വൈവാഹിക ജീവിതം മുന്നോട്ട് പോവുന്നതിന് ഇരുകൂട്ടരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുകയും അപരരുടെ അവകാശങ്ങള്‍ സ്വമേധയാ വകവെച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. ഇത് രണ്ടിൻ്റെയും സന്തുലിതത്വം കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനമാണ്. അവകാശങ്ങളെ കുറിച്ച് മാത്രം പരിഭവപ്പെടാതെ തൻ്റെ ഉത്തരവാദിത്തത്തെ കുറിച്ച നിതാന്ത ജാഗ്രത ഇണയില്‍ നല്ല മതിപ്പുളവാക്കാന്‍ സഹായകമാവും.

6. സത്യസന്ധത പുലര്‍ത്തുക

ദമ്പതിമാരില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട ധാര്‍മ്മിക ഗുണങ്ങളില്‍ സുപ്രധാനമാണ് സത്യസന്ധത. ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മാനവിക ഗുണം കൂടിയാണിത്. സത്യസന്ധത ഉണ്ടായാല്‍ മറ്റ് എല്ലാ ഗുണങ്ങളും സ്വാഭാവികമായി വളരുന്നതാണ്. വൈവാഹിക ജീവിതത്തില്‍ ജീവവായു പോലെ അനിവാര്യമായ ഉത്തമ ഗുണമാണ് സത്യസന്ധത. സത്യസന്ധത വിശ്വാസ്യത സൃഷ്ടിക്കുന്നു. വിശ്വാസ്യതയാകട്ടെ വൈവാഹിക ജീവിതത്തിൻ്റെ മാധുര്യമായി മാറുന്നു.

7. നല്ല ഓര്‍മ്മകള്‍ അയവിറക്കുക

ദാമ്പത്യ ജീവിതത്തിലെ നല്ല അനുഭവങ്ങള്‍ പരസ്പരം ഓര്‍മ്മിക്കുകയും പ്രയാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ അത്തരം നല്ല ഓര്‍മ്മകള്‍ അയവിറക്കുകയും ചെയ്യുന്നത് നല്ലതാണ്. അത്തരം അനുഭവങ്ങള്‍ യാത്രയിലൂടെയും മധുവിധുവിൻ്റെ നാളുകളിലും നല്ല അനുഭവങ്ങള്‍ നേടി എടുക്കുക. ഗ്രഹാതുരത്വമുള്ള ഓര്‍മ്മകള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ രൂപപ്പെടുന്ന സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കും. പഴയ കാലത്തെ ഫോട്ടൊകള്‍ കണ്ട് ആസ്വദിക്കുന്നതും പുതിയ വൃണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

8. നന്മയില്‍ വര്‍ത്തിക്കുക

ഖുര്‍ആനില്‍ പലവുരു ആവര്‍ത്തിക്കപ്പെട്ട വിഷയമാണിത്. ‘മഅ്റൂഫ്’ എന്നാണ് അറബിയില്‍ പറയുക. പരസ്പരം നന്മയില്‍ വര്‍ത്തിക്കണമെന്നാണ് ഖുര്‍ആന്‍്റെ നിര്‍ദ്ദേശം. നന്മയില്‍ വര്‍ത്തിക്കുന്നതിന്‍െറ ഭാഗമായി സഹധര്‍മ്മിണിയുമായി കൂടിയാലോചന നടത്തുക. വീടുണ്ടാക്കുമ്പോള്‍, വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോള്‍, ഫ്ളാറ്റ് വാടകക്ക് എടുക്കുമ്പോള്‍, ഒഴിവ് കാലം ചിലവഴിക്കല്‍, കുട്ടികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാം കൂടിയാലോചിക്കുന്നത് നന്മയില്‍ വര്‍ത്തിക്കുന്നതിൻ്റെ ലക്ഷണമാണ്. ദൗര്‍ഭാഗ്യവശാല്‍ വേര്‍പിരിഞ്ഞ് ജീവിക്കേണ്ടി വന്നാല്‍ പോലും നന്മയില്‍ വര്‍ത്തിക്കുക.

9. ഭീഷണി ഒഴിവാക്കുക

ഭീഷണി, ശകാരം ഇതിലൂടെ സ്ത്രീകളെ നന്നാക്കമെന്ന് വിചാരിക്കുന്നത് മൗഡ്യമാണ്. പ്രവാചകന്‍ പറഞ്ഞു: സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ പരസ്പരം നല്ലത് ഉപദേശിക്കണം. വളഞ്ഞ വാരിയെല്ലുകള്‍ കൊണ്ടാണവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മുകളിലുളളതാണല്ലോ. നിങ്ങള്‍ അത് നേരെയാക്കാന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകും. അങ്ങനത്തെന്നെ വിട്ടാല്‍ വളവോടെ നിലനില്‍ക്കും. അവരുടെ വളവ് ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവരുടെ മനസ്സില്‍ തട്ടുംവിധമുള്ള ഉപദേശങ്ങളാണ്.

10. താല്‍പര്യങ്ങള്‍ തിരിച്ചറിയുക

ദമ്പദികള്‍ താല്‍പര്യങ്ങള്‍ പരസ്പരം തിരിച്ചറിയുക പ്രധാനം. ഇണയുടെ താല്‍പര്യങ്ങളെ സ്വന്തം താല്‍പര്യങ്ങളായി പരിഗണിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തല്‍പരനായ ഭര്‍ത്താവിനോടൊപ്പം സഹധര്‍മ്മിണിയും രംഗത്തുണ്ടാവുക. ഇനി കലാ സാംസ്കാരിക പ്രവര്‍ത്തനത്തില്‍ തല്‍പരനാണ് ഇണ എങ്കില്‍ അതില്‍ താല്‍പര്യം കാണിക്കുക. അത് ദാമ്പത്യ ബന്ധം ഊട്ടിഉറപ്പിക്കുന്നതാണ്. പ്രകൃത്യാ താല്‍പര്യമില്ലെങ്കില്‍ പോലും കൃത്രിമമായി താല്‍പര്യം കാണിക്കുന്നതില്‍ തെറ്റൊന്നും കാണേണ്ടതില്ല. ഇതൊക്കെ വൈവാഹിക ജീവിതത്തെ ആനന്ദകരമാക്കും.