10 Signs of Wise Men

10 Signs of Wise Men
  • May 31, 2023

ജീവിതത്തില്‍ മികവ് നേടാനുള്ള വഴികളില്‍ പ്രധാനമാണ് വിവേകവും ബുദ്ധിശക്തിയും. 2017 ല്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ ഒരേ രക്ഷിതാക്കളുടെ സന്താനങ്ങള്‍ക്കിടയിലെ ഐക്യു (Intelligence quotient) വിലുള്ള വിത്യാസത്തെ കുറിച്ച് ഗവേഷണം നടന്നിരന്നു. അതനുസരിച്ച് മുതിര്‍ന്ന സഹോദരന് ഇളയവനെ അപേക്ഷിച്ച് ബുദ്ധിശേഷി കൂടുതല്‍ ഉണ്ടാവുമെന്ന് കണ്ടത്തെി. ആദ്യ കണ്‍മണി എന്ന നിലയില്‍ രക്ഷിതാക്കളില്‍ നിന്ന് ലഭിക്കുന്ന പരിഗണനയാണ് മുതിര്‍ന്നവന് കൂടുതല്‍ ഐക്യൂ ഉണ്ടാവാന്‍ കാരണമെന്നായിരുന്നു ഗവേഷണ നിഗമനം.

പ്രസ്തുത ഗവേഷണം ശരിയായാലും തെറ്റായാലും, സ്വപ്രയത്നത്തിലൂടെ മനുഷ്യന് എന്തും നേടാന്‍ കഴിയുന്നതാണ്. വിവേകമുള്ളവരുടേയും ബുദ്ധിശാലികളുടേയും പൊതുവായ ഗുണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നത് അത്തരം ഗുണങ്ങള്‍ രൂപപ്പെടാന്‍ സഹായകമാവുന്നതാണ്. അത്തരത്തില്‍പ്പെട്ടവരുടെ 10 ഗുണങ്ങള്‍ ചുവടെ:

1. സന്ദര്‍ഭത്തിനനുസരിച്ച് സ്വഭാവ രീതി സ്വീകരിക്കാന്‍ കഴിയുന്നവരാണ് വിവേകമുള്ളവരും ബുദ്ധിശാലികളുമെന്നാണ് പൊതുവായ നിഗമനം. കൃത്യമായ നിലപാട് ഇല്ലാത്തവരാണെന്നൊ ചാഞ്ചാടുന്നവരാണെന്നൊ എന്നതിനര്‍ത്ഥമില്ല. തൻ്റെ നിലപാടുകള്‍ സ്വയം ബോധ്യമാവുന്നതിനനുസരിച്ച് മാറ്റതിരുത്തലുകള്‍ വരുത്താന്‍ കഴിയുന്നവരായിരിക്കും അവര്‍ എന്നേ അര്‍ത്ഥമുള്ളൂ.

2. ഒരു കാര്യം അറിയില്ളെങ്കില്‍ അറിയില്ല എന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നവരാണ് വിവേകശാലികള്‍. എല്ലാ കാര്യങ്ങളെ കുറിച്ചും ഒരാള്‍ക്ക് അറിവുണ്ടാവണമെന്നില്ല. അറിയില്ല എന്ന് അറിയുന്നത് തന്നെ പകുതി അറിവാണ് എന്ന അറബി ഭാഷയിലെ ആപ്തവാക്യം അര്‍ത്ഥവത്താണ്. അത് കുടുതല്‍ അറിവിലേക്കും വിവേകത്തിലേക്കും നയിക്കുന്നതാണ്.

3. പുതിയ ചിന്തകള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടി അടക്കാതിരിക്കുക എന്നതാണ് വിവേകശാലികളുടെ മറ്റൊരു ലക്ഷണം. പുതിയ ചിന്തകള്‍ക്ക് നേരെ മനസ്സിൻ്റെ വാതയാനങ്ങള്‍ കൊട്ടിയടക്കുന്നവര്‍ക്ക് നവ ചിന്തകള്‍ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ളെന്ന് മാത്രമല്ല, ബുദ്ധി വികാസം പ്രാപിക്കുകയുമില്ല.

4. നര്‍മ്മബോധമാണ് വിവേകശാലികളുടെ മറ്റൊരു ലക്ഷണം. തമാശ പറയുമ്പോള്‍ അത് ഉള്‍കൊള്ളാന്‍ കഴിയാത്തവരോട് പറഞ്ഞാല്‍ വെളുക്കാന്‍ തേച്ചത് പാണ്ഡാവും എന്ന് പറയുന്നത് പോലെയാണ്. പ്രതിഭാശാലികള്‍ക്കെ നര്‍മ്മ ഭാഷണത്തിൻ്റെ മാധുര്യം ആസ്വദിക്കാന്‍ കഴിയൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് പ്രശസ്ത ബ്രിട്ടീഷ് സിനിമ നടന്‍ ചാര്‍ലി ചാപ്ളിൻ്റെ സിനിമകള്‍.

5. അഭിപ്രായ ഭിന്നത അനൈക്യത്തിലേക്കല്ല, മറിച്ച് തെരെഞ്ഞെടുക്കാനുള്ള വിശാലതയിലേക്കാണ് അവസരം നല്‍കുന്നത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ വര്‍ണ്ണവൈവിധ്യങ്ങള്‍ ആസ്വാദനത്തിൻ്റെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. അഭിപ്രായ വൈവിധ്യങ്ങളില്‍ ഉള്‍കൊള്ളേണ്ടത് ഉള്‍കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യാന്‍ കഴിയുന്നത് വിവേകമുള്ളവരുടെ സമീപനമാണ്.

6. സുഹൃത്തുക്കളുമായും സമൂഹവുമായും ഇടകലര്‍ന്ന് ജീവിക്കാന്‍ കഴിയുക എന്നതാണ് മറ്റൊരു കാര്യം. അവരെ ഉള്‍കൊള്ളാനും ആദരിക്കാനും സാധിക്കുക എന്നത് വിശാല മനസ്ക്കര്‍ക്ക് മാത്രമേ സാധിക്കു. മന്ദബുദ്ധികള്‍ ക്ഷിപ്രകോപികളും ശുണ്‍ഠി മൂക്കത്തുള്ളവരുമായിരിക്കും. വിയോജിക്കുന്ന നിസ്സാര കാര്യം പറഞ്ഞാല്‍ അവര്‍ക്കത് സഹിക്കാനാവില്ല.

7. പ്രപഞ്ചത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ചിന്തിക്കുന്നത് വിവേകമുള്ളവരുടെ സ്വഭാവമാണ്. അതൊന്നും ചിന്തിക്കാതെ ജീവിക്കുന്നവരെ കുറിച്ചാണ് ഖുര്‍ആന്‍ മൃഗങ്ങളെക്കാള്‍ അധ:പതിച്ചവരെന്ന് വിശേഷിപ്പിച്ചത്. ബുദ്ധിയുള്ളവര്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ പിന്നിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനും അതിലടങ്ങിയ തത്വങ്ങള്‍ നിര്‍ദ്ധരണം ചെയ്യാനും ശ്രമിക്കുന്നതാണ്.

8. ജീവിതത്തില്‍ മിതത്വം പാലിക്കുന്നത് ബുദ്ധിയുള്ളവരുടെ സ്വഭാവമാണ്. പണം ചിലവഴിക്കുന്നത് ഉള്‍പ്പടെയുള്ള എല്ലാ കാര്യത്തിലും മിതമായ സമീപനമാണ് അവര്‍ സ്വീകരിക്കുക. പ്രവാചകന്‍ അരുളി: ജീവിതത്തില്‍ മിതത്വം പാലിക്കുക എന്നത് ഒരാള്‍ ജ്ഞാനിയാണ് എന്നതിന്‍്റെ ലക്ഷണങ്ങളില്‍ പെട്ടതത്രെ.

9. പ്രശ്ന പരിഹാരത്തിന് നിരന്തരമായി ശ്രമിക്കുന്നത് വിവേകശാലികളുടെ സ്വഭാവമാണ്. വിജയിക്കുന്നത് വരെ പരിഹാരങ്ങള്‍ അന്വേഷിക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടത്തെുകയും ചെയ്യുന്നു. പ്രതിഭ ധന്യനായ തോമസ് എഡിസന്‍ ബള്‍ബ് കണ്ടുപിടിച്ചത് ഇതിനുള്ള മികച്ച ഉദാഹരണമാണ്.

10. വിശാലതയോടെ ചിന്തിക്കുന്നതും സഹിഷ്ണുതയോടെ പെരുമാറാന്‍ കഴിയുന്നതും വിവേകമുള്ളവരൂടെ സ്വഭാവമാണ്. മുന്‍വിധി, വെറുപ്പ്, വിദ്വേശം തുടങ്ങിയവ വൈകാരികമായ ദൗര്‍ബല്യത്തിലേക്ക് നയിച്ചേക്കാം.

ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ മനുഷ്യരെ വിവേകശാലികളെ എന്ന് അഭിസംബോധന ചെയ്ത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് അധ്യായം മൂന്ന് സൂക്തം 190 കാണുക: “ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.”