ഒരു സർഗ പ്രതിഭയുടെ മരിക്കാത്ത ഓർമകൾ

ഒരു സർഗ പ്രതിഭയുടെ മരിക്കാത്ത ഓർമകൾ
  • September 16, 2026

‘പി.ടി.’ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗാനരചയിതാവും കവിയും എഴുത്തുകാരനും വിവർത്തകനുമായിരുന്ന റഹ്മാൻ മുന്നൂര് നമ്മോട് വിടപറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 2018 ഒക്ടോബർ 19-നായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. നൈസർഗികമായ പ്രതിഭകൊണ്ട് ധന്യമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയയിൽ പഠിച്ചിരുന്ന കാലത്തുതന്നെ എണ്ണൂറിലധികം ഗാനങ്ങൾ താൻ രചിച്ചിരുന്നതായി റഹ്മാൻ മുന്നൂര് പങ്കുവെച്ച ഓർമ ഇന്നും മനസ്സിലുണ്ട്.

റഹ്മാൻ മുന്നൂര് രചിച്ച പല ഗാനങ്ങളും ഇന്നും യൂട്യൂബിലൂടെ ആസ്വദിക്കാൻ കഴിയുന്നു എന്നത് സാങ്കേതികവിദ്യ നൽകിയ വലിയൊരു അനുഗ്രഹം തന്നെയാണ്. അതിലൂടെ അദ്ദേഹം നമ്മുടെ സ്മൃതിപഥത്തിലേക്ക് ഇടക്കിടെ കടന്നുവരികയും ചെയ്യുന്നു. ഇസ്‌ലാമിക ചരിത്രസംഭവങ്ങൾ, പ്രണയം, പ്രാസ്ഥാനിക ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പ്രമേയങ്ങളിൽ അദ്ദേഹം തൂലിക ചലിപ്പിച്ചു. ഏതു വിഷയത്തെ ആസ്പദമാക്കിയും സർഗാത്മക വൈഭവത്തോടെ കാവ്യരചന നടത്താൻ തനിക്ക് കെൽപ്പുണ്ടെന്ന് ആ വരികളെല്ലാം തെളിയിക്കുന്നു.

സമകാലീന ലോകത്തിലെ പ്രക്ഷുബ്ധമായ സംഭവവികാസങ്ങളിൽ മനസ്സുനൊന്ത കവി, പ്രതീക്ഷയുടെ പൊൻവെളിച്ചം ശ്രോതാക്കളുടെ ഹൃദയത്തിൽ നിറക്കുന്ന ഒരു ഇതിഹാസ ഗാനത്തിന് ജന്മം നൽകി. ആ വരികൾ ഇതാ:

“ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ

ഈ കലക്കം കഴിഞ്ഞൊരു തെളിച്ചമുണ്ടോ

പാറി പാറി പറന്നെത്തിയ ഹുദ്ഹുദ് പക്ഷി

പറയൂ പ്രളയവെള്ളമിറങ്ങുന്നു കരകാണുന്നു…”

പ്രണയത്തിന്റെ അതിഭാവുകത്വത്തെ വർണോജ്ജ്വലമായി വരച്ചുകാട്ടുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ഗാനം. മരിച്ചുപോയ കാമുകൻ കാമുകിയുടെ സ്വപ്നത്തിൽ വിരുന്നുവരുന്നതാണ് ഇതിന്റെ പ്രമേയം. മരണസമയത്തുപോലും കൈവിടാതെ സൂക്ഷിച്ച പ്രണയമുദ്രയായ പട്ടുറുമാലുമായാണ് അവൻ എത്തുന്നത്. അതിൽ സ്വന്തം കരൾ പൊതിഞ്ഞ് കാമുകിക്ക് സമ്മാനമായി നൽകുന്ന ഭാവനാത്മകമായ ആ ഈരടികൾ ഇങ്ങനെ:

“ദൂരെ ദൂരെ സുബുർകത്തിൽ

വാഴുമെൻ മഅ്ശൂഖ്

ഒരു രാവിൽ എൻ കിനാവിൽ

വിരുന്നുവന്നു…”

ഇസ്‌ലാം എന്നത് അർഥം ചോർന്നുപോയ വെറും ആചാരങ്ങളല്ല എന്ന ശക്തമായ സാമൂഹികവിമർശനം ഉന്നയിക്കുന്ന വരികളിലൂടെ ഇസ്‌ലാമിക മനസ്സാക്ഷിയെ ഉണർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഇസ്‌ലാം എന്ന സമഗ്ര ജീവിതദർശനത്തെ മതപൗരോഹിത്യം വികൃതമാക്കിയതിനെ ലളിതസുന്ദരമായ വരികളിലൂടെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു:

“പൂജാ പാട്ടുകളല്ല ഇസ്‌ലാം

വെറും ആചാരങ്ങളുമല്ല…”

ജീവിതത്തെ സമ്പൂർണമായി മാറ്റിപ്പണിയാൻ അല്ലാഹു തന്ന പ്രസ്ഥാനമാണ് ഇസ്‌ലാമെന്നും, അതിനെ പൂജാമുറിയിൽ മാത്രം ഒതുക്കരുതെന്നുമുള്ള ശക്തമായ സന്ദേശമാണ് ഈ ഗാനം നൽകുന്നത്.

മലയാളം, അറബി, ഉർദു, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന റഹ്മാൻ മുന്നൂര്, ഈ ഭാഷകളിലെ മഹത്തായ ഇസ്‌ലാമിക ഗ്രന്ഥങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട സംഭാവനയാണ്.

  • പ്രധാന വിവർത്തന കൃതികൾ:
    • ‘ഇസ്‌ലാമിക സമൂഹ ചരിത്ര സംഗ്രഹം’ (നാല് വാല്യങ്ങളുള്ള ബൃഹത് കൃതി)
    • സൂഫിസവും ശരീഅത്തും
    • ഇസ്‌ലാമിന്റെ ശിക്ഷണവ്യവസ്ഥ
    • സർഹിന്ദി ചിന്തകളുടെ അപഗ്രഥനം
    • സുന്നത്തിന്റെ പ്രാമാണികത

‘പ്രബോധനം’ വാരികയുടെ സബ് എഡിറ്ററായി സേവനം ചെയ്തിരുന്ന അദ്ദേഹം, വാരികയുടെ വിവിധ പംക്തികൾ അനായാസം കൈകാര്യം ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു. ‘ബോധനം’ എക്സിക്യൂട്ടീവ് എഡിറ്ററായും പ്രവർത്തിച്ച അദ്ദേഹം ‘ആരാമം’, ‘യുവസരണി’, ‘ഇസ്‌ലാമിക വിജ്ഞാനകോശം’ എന്നിവയിലും തന്റെ സേവനമർപ്പിച്ചു.

പ്രാസ്ഥാനിക പ്രതിബദ്ധതയും ചുമതലാബോധവുമുള്ള അപൂർവം സർഗപ്രതിഭകളിൽ ഒരാളായിരുന്നു റഹ്മാൻ മുന്നൂര്. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന നിരവധി ഓർമകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്. അല്ലാഹു അദ്ദേഹത്തിനും നമുക്കും സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ… ആമീൻ.

ഇബ്രാഹിം ശംനാട്