‘ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു’ എന്ന കവിത മാറ്റി എഴുതേണ്ട കാലം

‘ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു’ എന്ന കവിത മാറ്റി എഴുതേണ്ട കാലം
  • July 1, 2024
  • ഇബ്‌റാഹിം ശംനാട്

വംശഹത്യയെ അതിന്‍റെ മുളയില്‍ തന്നെ ഉന്മൂലനം ചെയ്തില്ലെങ്കില്‍, അത് സൃഷ്ടിക്കുന്ന ഭയാനകമായ അവസ്ഥയെ ജര്‍മനിയിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയും ക്രിസ്തീയ ദൈവശാസ്ത്രകാരനുമായിരുന്ന പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളര്‍, തന്‍റെ പ്രശസ്തമായ ഒരു കവിതയില്‍ കോറിയിട്ടത് ആഗോള ശ്രദ്ധ നേടി എന്ന് മാത്രമല്ല, ഫാസിസ്റ്റ് വിരുദ്ധ കവിതയായി ഇന്നും ആലപിച്ചുകൊണ്ടിരിക്കുന്നു.

നാസികളുടെ ആര്യ വംശമഹിമാവാദത്തെ ശക്തിയായി എതിര്‍ത്തതിനാല്‍ 1937 മുതല്‍ 1945 വരെ അദ്ദഹേം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടു. വധിക്കപ്പെടുന്നതില്‍ നിന്ന് തലനാരിഴക്കാണ് അദ്ദഹേം രക്ഷപ്പെട്ടത്. തന്‍റെ ആദ്യ കാലത്ത് ഹിറ്റ്ലറുടേയും തീവ്രദേശീയതയുടേയും അനുകൂലിയായിരുന്നെങ്കിലും പിന്നീട് ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്‍റെ് ചര്‍ച്ചിന്‍റെ നാസിസവത്കരണത്തിനെതാരായി രൂപം കൊണ്ട ‘കണ്‍ഫസ്സിങ്ങ് ചര്‍ച്ചസി’ന്‍റെ സ്ഥാപകന്മാരിലോരാളായി പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളര്‍.

നാസി ഭീകരതക്കിരയായവര്‍ക്ക് മതിയായ സഹായങ്ങള്‍ ചെയ്യാന്‍ തനിക്കായില്ലെന്ന കുറ്റബോധത്തിന്‍റെയും കുമ്പസാരത്തിന്‍റെയും ഫലമായിട്ടാവാം മാര്‍ട്ടിന്‍ നിമോളറുടെ “ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു…” എന്നാരംഭിക്കുന്ന കവിത ജനിച്ചത്. ആ കവിതയുടെ മൊഴിമാറ്റം ഇങ്ങനെ:

ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു.

പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവര്‍ ജൂതരെ തേടി വന്നു
അപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…

സമകാലീന സാഹചര്യത്തില്‍ ഈ അര്‍ത്ഥ സമ്പുഷ്ടമായ കവിത ഓര്‍ക്കാന്‍ കാരണം, 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്റായേല്‍ എന്ന ഭീകര രാഷ്ട്രം ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത വംശഹത്യയാണ് ഫലസ്തീനില്‍ നടത്തികൊണ്ടിരിക്കുന്നത്. ഈ മൂഠാളത്വത്തിന് സാമ്രാജ്യത്വ ശക്തികള്‍ കൂട്ടുനില്‍ക്കുന്ന അതിദാരുണ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഹല്ലെലൂയ്യാ പാടുകയാണ് മിക്ക അറബ് മുസ്ലിം ഭരണാധികാരികളും ലോകരാഷ്ട്ര നേതാക്കളും ചെയ്യുന്നത്.

ഇത്തരമൊരു ഭീകരാന്തരീക്ഷത്തില്‍, പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളര്‍ എഴുതിയ കവിതയില്‍ പരാമര്‍ശിക്കപ്പെട്ട ജനവിഭാഗത്തിന് പകരം, മറ്റൊരു വിഭാഗത്തെ പകരംവെച്ച് കവിത മാറ്റി എഴുതുകയാണ് ചുവടെ. കാരണം ഇസ്റായേല്‍ അതിനുള്ള ആക്രമണങ്ങള്‍ ലബനാനില്‍ തുടങ്ങി കഴിഞ്ഞു. അത് മറ്റു അറബ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കാലം വിദൂരമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന അറബ് മിഥ്യാബോധത്തെ തകര്‍ക്കേണ്ടത് അനിവാര്യമാണ്.

ആദ്യം അവര്‍ ഗസ്സക്കാരെ തേടി വന്നു
ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം, ഞാനൊരു ഗസ്സക്കാരന്‍ അല്ലായിരുന്നു

പിന്നീട് അവര്‍ ഫലസ്തീനികളെ തേടി വന്നു
അപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം, ഞാനൊരു ഫലസ്തീനി ആയിരുന്നില്ല

പിന്നീട് അവര്‍ അറബികളെ തേടി വന്നു
അപ്പോഴും ഞാന്‍ നിശ്ശബ്ദനായിരുന്നു;
കാരണം ഞാനൊരു അറബിയായിരുന്നില്ല.

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…