Content and style of speech

Content and style of speech
  • May 30, 2022

മനുഷ്യനെ ഇതര ജന്തുജാലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന സവിശേഷമായ അവരുടെ സ്വഭാവഗുണമാണല്ലോ സംസാരം. അത്കൊണ്ടാണ് മനുഷ്യനെ പൊതുവെ സംസാരിക്കുന്ന മൃഗം എന്ന് നിര്‍വചിക്കാറുള്ളത്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരം അഭ്യസിപ്പിച്ചു. 55:3,4. സംസാരിക്കാനുള്ള ശേഷി മനുഷ്യനില്‍ നിന്ന് എടുത്ത്കളഞ്ഞാലുള്ള അവസ്ഥ നമുക്ക് അചിന്തനീയമാണ്.

സംസാരത്തിന്‍റെ കാര്യത്തില്‍ മനുഷ്യരെ മൂന്നായി തരം തിരിക്കാം. അവരില്‍ ഒരു വിഭാഗം നന്മയില്‍ അധിഷ്ടിതമായ കാര്യങ്ങള്‍ പറയുന്നവര്‍. അവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ:
“അവരുടെ (സത്യനിഷേധികളുടെ) ഗൂഢാലോച നകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.” ഖുര്‍ആന്‍ 4:114

ഏറ്റവും നല്ല വാക്കുകള്‍ ഏതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി: അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംങ്ങളില്‍പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനനെക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്? അധ്യായം, ഫുസ്സിലത്: 33 അപ്പോള്‍ വചനങ്ങളില്‍ ഏറ്റവും നല്ല വചനം അല്ലാഹുവിലേക്ക് ക്ഷണിക്കലാണ് എന്നും ഇതില്‍നിന്ന് സുതരാം വ്യക്തമാണ്. പറയുന്നതെല്ലാം നല്ലതും നന്മയുമായിരിക്കണം എന്ന് ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ കാണാം. അല്‍ ബഖറ :83, നിസാഉ്: 5, 9, അഹ്സാബ് 70 തുടങ്ങിയ സൂക്തങ്ങള്‍ ഉദാഹരണം.

രണ്ടാമത്തെ വിഭാഗക്കാര്‍, അപരനെ കുറിച്ച് സംസാരിക്കുകയും അവരെ പരഹസിക്കുകയും ചെയ്യുന്നവരാണ്. മരിച്ചവരുടെ മാംസം ഭക്ഷിക്കുന്നവരോടാണ് ഖുര്‍ആന്‍ ഇത്തരക്കാരെ ഉപമിച്ചിട്ടുള്ളത്. ” …………………….. മരിച്ചുകിടക്കുന്ന സഹോദരന്‍റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ” 49:12

മൂന്നാമത്തെ വിഭാഗക്കാര്‍, തനി നാടന്‍ സംസാരം. അല്ലെങ്കില്‍ ചുറ്റ് വട്ടത്ത് നടന്ന കാര്യങ്ങള്‍ ചര്‍വ്വിതചര്‍വ്വണം സംസാരിച്ചുകൊണ്ടിരിക്കുക. ഉദാഹരണമായി അത് സംഭവിച്ചു, അടിപിടി നടന്നു എന്നൊക്കെ. വലിയ പ്രയോജനമൊന്നുമില്ലാത്ത വര്‍ത്തമാനങ്ങള്‍. സംസാരിക്കുമ്പോള്‍ കൃത്യമായ ലക്ഷ്യമുണ്ടായിരിക്കണം. അതിലൂടെ വിവരങ്ങള്‍ അറിയിക്കാം, ഒരാളെ ആശ്വസിപ്പിക്കാം, സന്തോഷിപ്പിക്കാം, മറ്റൊരാളുമായി പ്രയാസങ്ങള്‍ പങ്ക് വെക്കാം, അവരെ അസ്വസ്ഥപ്പെടുത്താം തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി സംസാരിക്കാം. ഏതിനാണ് താന്‍ സംസാരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്.

മികവുറ്റതാക്കാന്‍
സംസാരത്തിന്‍റെ ഉള്ളടക്കം മികവുറ്റതാക്കാനുള്ള ഒരു വഴി മനസ്സിനെ സ്വാധീനിക്കുന്ന നല്ല പുസ്തകങ്ങള്‍ വായിക്കുക എന്നതാണ്. വായനയും പഠനവും ശീലമാക്കിയ ഒരാളുടെ സംസാരവും അതില്ലാത്ത ഒരാളുടെ സംസാരവും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കും. മൂന്ന് ദിവസം ഒന്നും വായിക്കാതെ ഒരാള്‍ സംസാരിച്ചാല്‍ അത് കേള്‍ക്കാള്‍ കൊള്ളുകയില്ലന്ന പഴമൊഴി ഓര്‍ത്ത്പോവുന്നു.

സംസാരത്തിന്‍റെ ഉള്ളടക്കം മികവുറ്റതാക്കാനുള്ള മറ്റൊരു വഴി നല്ല പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും പണ്ഡിതന്മാരുമായും നല്ല സുഹൃത്തുക്കളുമായും സഹവസിക്കുകയും ചെയ്യുക എന്നതാണ്. അവരിലെ നല്ല ഗുണങ്ങള്‍ നമ്മെ സ്വാധീനിക്കാന്‍ സഹായിക്കുന്നതാണ്. സിനിമകളും മറ്റും മാധ്യമങ്ങളും ഇന്ന് സംസാരത്തെ സ്വാധീനിക്കുന്ന വലിയ ഘടകമായി മാറിയിരിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങര്‍ ഉദ്ധരിക്കുന്നത് അതിന്‍റെ സ്വാധീനമാണ് കാണിക്കുന്നത്.

ശൈലിയും പ്രധാനം
സംസാരത്തിന്‍റെ ഉള്ളടക്കം മാത്രം നന്നായത്കൊണ്ട് കാര്യമില്ല. കാരണം സദ്യ നന്നായാല്‍ മാത്രം പോരല്ലോ? അത് വിളമ്പുന്ന രീതിയും പ്രധാനം തന്നെ. സംസാരത്തിലെ ശൈലിയും രീതിയും ശരീരഭാഷയും ഭാവപ്രകടങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടും. ഒരു കാര്യം തന്നെ നമുക്ക് പല രൂപത്തില്‍ അവതരിപ്പിക്കാം. ഓരോരുത്തര്‍ക്കും ആഘര്‍ഷമാവുന്ന രൂപത്തില്‍ സംസാരിക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ഇതിന്‍റെ അഭാവത്തില്‍, നമുക്കിടയിലെ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവാറുണ്ട്.

സംസാരത്തില്‍ കുത്ത് വാക്കുകളും ചാട്ടുളി പ്രയോഗങ്ങളും ഒഴിവാക്കുക. തുരുതുരാ സംസാരിക്കുന്നതിന് പകരം, ശ്രോതാവിന് കൂടി അവസരം നല്‍കുക. പുഞ്ചിരിയോട് കൂടി സംസാരിക്കുക. സംസാരത്തില്‍ വൃത്തിയുള്ള ഭാഷയും ഉഛാരണവും ഉപയോഗിക്കുക. ഇതെക്കെ ചേരുമ്പോള്‍ സംസാരം ആഘര്‍ഷകമാവുന്നതാണ്. സംസാരത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആരോടാണ് സംസാരിക്കുന്നത് എന്ന്.