‘നവലോക വ്യവസ്ഥ’ ഒരു ദുരന്തം

‘നവലോക വ്യവസ്ഥ’ ഒരു ദുരന്തം
  • September 28, 2024

വിത്യസ്ത സന്ദര്‍ഭങ്ങളില്‍ വിശാലമായ ആശയങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പദമാണ് നവലോക വ്യവസ്ഥ അഥവാ (New World order). പലപ്പോഴും അത് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യവസ്ഥകളിലെ ആഗോള മാറ്റങ്ങളെ പരാമര്‍ശിക്കുന്നു. 1990 കളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അന്തരാഷ്ട്ര സഹകരണം, സമാധാനം, ജനാധിപത്യത്തിന്‍റെ വ്യാപനം എന്നിവയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഈ പദം വ്യാപകമായി ഉപയോഗിച്ചു. വന്‍ശക്തികള്‍ തമ്മിലുള്ള സംഘട്ടനത്തിന് പകരം ഏകീകൃത ആഗോള വ്യവസ്ഥ പകരംവെക്കുമെന്നും അതിലൂടെ പരാമര്‍ശമുണ്ടായി.

അമേരിക്കയുടെ സംഖ്യരാഷ്ട്രങ്ങളും പാശ്ചാത്യ ശക്തികളും ഈ നവ കൊളോണിയല്‍ വ്യവസ്ഥക്ക് ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത്, പലതരം ഗൂഡാലോചനകള്‍ അടങ്ങിയതിനാല്‍ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. നിയമാനുസൃതമായ ഭൗമരാഷ്ട്രീയ വ്യവഹാരങ്ങളുമായും (Giopolitical discourse) സ്ഥിരീകരിക്കാത്ത ഗൂഢാലോചനകളുമായും ബന്ധമുള്ളതിനാല്‍ ഈ പദം വിവാദമായി തുടരുന്നു.

ഗോര്‍ബിച്ചോവ് നടപ്പാക്കിയ പരിഷ്കരണങ്ങളിലൂടെയും അഫ്ഘാനിസ്ഥാനിലേക്ക് അധിനിവേഷം ചെയ്തതോടെയും സോവിയറ്റ് യുനിയന്‍ പൂര്‍ണ്ണമായും നിലംപരിശാവുകയും ചിന്നഭിന്നമാവുകയും ചെയ്തു. ഇതോടെ ലോക ശാക്തിക സന്തുലിതാവസ്ഥ തകര്‍ന്നു. ഈ വിടവിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ‘നവലോക വ്യവസ്ഥക്ക്’ മേല്‍കൈ നേടാന്‍ കഴിഞ്ഞത്. അത് വലിയൊരു ദുരന്തമാണ് ഉണ്ടാക്കിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് കിസംന്‍ജര്‍ പറഞ്ഞു: ‘ചരിത്രം എന്തെങ്കിലും പഠിപ്പിക്കുന്നുവെങ്കില്‍, അത് സന്തുലിതാവസ്ഥ കൂടാതെ സമാധാനവും നിയന്ത്രണമില്ലാതെ നീതിയും ഉണ്ടാകില്ല എന്നതാണ്.’

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതും ഇത് തന്നെയാണ്. ലോകത്തിന്‍റെ ശാക്തിക സന്തുലിതാവസ്ഥ തകര്‍ന്നതോടെ, കഴിഞ്ഞ മൂന്ന് ദശകത്തിനുള്ളില്‍ അഫ്ഘാനിസ്ഥാന്‍,യമന്‍, ഇറാഖ്, സിറിയ, ലിബിയ, ഇറാന്‍ എന്നീ ആറ് രാജ്യങ്ങളെ ജോര്‍ജ് ബുഷ് തിന്മയുടെ അച്ചുതണ്ട് എന്ന് വിശേഷിപ്പിക്കുകയും അതിനെ തകര്‍ക്കാനുള്ള ശക്തമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഏകപക്ഷീയ ആക്രമണങ്ങളിലൂടെ ആ രാജ്യങ്ങളെ നിലംപരിശാക്കി. ഇപ്പോള്‍ റഷ്യയിലും ഫലസ്തീനിലും സുഡാനിലും നടക്കുന്ന മനുഷ്യത്വ ഹീനമായ യുദ്ധത്തിന് സര്‍വ്വ പിന്തുണ നല്‍കുന്നതും അമേരിക്ക തന്നെ.

ലോകത്തിന്‍റെ ശാക്തിക സന്തുലിതാവസ്ഥ തകര്‍ന്നില്ലായിരുന്നുവെങ്കില്‍, മുകളില്‍ പറഞ്ഞ രാഷ്ട്രങ്ങളെ നഗ്നമായി ആക്രമിക്കാന്‍ അമേരിക്കയും സംഖ്യ കക്ഷികളും ഒരിക്കലും മുതിരില്ലായിരുന്നു. ലക്ഷ കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു എന്ന് മാത്രമല്ല, ആ രാജ്യങ്ങളിലെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുകയും ആ ജനതകളെ തീരാ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒരു കാലത്ത് നവലോക വ്യവസ്ഥയെ കുറിച്ച് ഗീര്‍വാണം പ്രസംഗിച്ചിരുന്ന അമേരിക്ക, ഇന്ന് അത്തരമൊരു പദം തന്നെ വിസ്മരിച്ചിരിക്കുന്നു.

മനുഷ്യരക്തം കുടിച്ചു വളര്‍ന്ന ഹിംസ്രജന്തുക്കള്‍ക്ക് രക്തം കുടിച്ചുകൊണ്ടിരിക്കണം. അതിന് വേണ്ടി അവര്‍ ഏതറ്റംവരെ പോവാനും തയ്യാറാവും. അതാണ് ഇപ്പോള്‍ യുദ്ധഭൂമികളില്‍ കണ്ടുകൊണ്ടിരിക്കുന്ന നടുക്കുന്ന കാഴ്ചകള്‍. ഇസ്റായേലിന് 80 ശതമാനം ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണെന്നും, യുദ്ധത്തിന് വേണ്ടി അമേരിക്ക ബില്യന്‍ ഡോളറുകളാണ് ചിലവഴിക്കുന്നതെന്നും അമേരിക്കക്കാര്‍ ടാക്സ് കൊടുക്കുന്നതിന്‍റെ യഥാര്‍ത്ഥ പ്രയോജനം അവര്‍ക്ക് ലഭിക്കുന്നില്ലെന്നും 2024 നവമ്പര്‍ 5ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഗ്രീന്‍ പാര്‍ട്ടി നേതാവ് ജില്‍ ജില്‍ സ്റ്റീന്‍ അറബ് ന്യൂസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ലോക പോലീസായി ചമയുന്ന അമേരിക്ക, മുസ്ലിം രാജ്യങ്ങളെ ഒന്നൊന്നായി ദുരിതക്കയത്തിലേക്ക് തള്ളുമ്പോള്‍, മറുഭാഗത്ത് ഇസ്റായേലിന്‍റെ ചട്ടമ്പിത്തരത്തെ താലോലിക്കുകയാണ് ചെയ്യുന്നത്. എത്ര എത്ര കുഞ്ഞുങ്ങളും സ്ത്രീകളും നിരപരാധികളുമാണ് അമേരിക്കയുടെ ഈ മനുഷ്വത്വ രഹിതമായ നിലപാട് കാരണം മരിച്ചുവീഴുന്നതിന് കയ്യും കണക്കുമില്ല. ദശ ലക്ഷകണക്കിന് ആളുകള്‍ പാലായനം ചെയ്യുകയും സ്വന്തം വീടുകളില്‍ നിന്നു കുടിയിറക്കപ്പെടുകയും ചെയ്തു.

അമേരിക്കയും കൂട്ടാളികളും ആവിഷ്കരിച്ച ‘നവലോക വ്യവസ്ഥയിലൂടെ ഭക്ഷണം, പാര്‍പ്പിടം, ചികില്‍സ, വിദ്യാഭ്യാസം ഇതെല്ലാം യുദ്ധഭൂമിയിലുളള ജനതക്ക് അന്യമായിരിക്കുകയാണ്. ഈ നവലോക വ്യവസ്ഥയുടെ ആദ്യ ടെസ്റ്റ് ഡോസായിരുന്നു 1991ലെ ഗള്‍ഫ് യുദ്ധം. വന്‍ ചതിയിലുടെ അരങ്ങേറിയ ആ യുദ്ധം വിജയം കണ്ടതോടെ ആരംഭിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. മുസ്ലിം രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി ഐക്യപ്പെട്ടില്ലെങ്കില്‍, ഇന്ന് ഞാന്‍ നാളെ നീ എന്ന രൂപത്തില്‍ നിരന്തരമായി ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഐക്യത്തോടെ നിലയുറപ്പിച്ചാല്‍ ഏത് വന്‍ശക്തികളേയും പരാജയപ്പെടുത്താമെനന്നതിന് ചരിത്രം സാക്ഷിയാണ്.

നവലോക വ്യവസ്ഥ തീര്‍ത്തും ഒരു ദുരന്തമാണെന്ന കാര്യത്തില്‍ സംശയമില്ല. ഹീനങ്ങളായ കൗശലങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ മോഷണങ്ങള്‍, വിശ്വാസവഞ്ചനകള്‍, ഒറ്റികൊടുക്കല്‍ ഇതൊക്കെയാണ്, മുകളില്‍ സൂചിപ്പിച്ചവ കൂടാതെയുള്ള, അതിന്‍റെ ബാക്കിപ്പത്രം. അത് അചിരേണ രാഷ്ട്രീയമായ അധിനിവേഷത്തിലേക്കും സാംസ്കാരികമായ കടന്നാക്രമണത്തിലേക്കും തുടക്കം കുറിച്ചിരിക്കുകയാണ്. പഴയ കാലത്തെ അധിനിവേഷത്തില്‍ നിന്നും വിത്യസ്തമായി, തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്നവര്‍ക്ക്, സര്‍വ്വവിധ പിന്തുണയും നല്‍കികൊണ്ടാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.

ഏതൊരു അനീതിയും അക്രമവും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. ഖുര്‍ആന്‍ പറയൂന്നു: “അല്ലാഹു മനുഷ്യരില്‍ ചിലരെ ചിലരാല്‍ തടയുന്നില്ലായിരുന്നുവെങ്കില്‍ ഭൂമി നശിച്ചുപോയതുതന്നെ. പക്ഷെ, അല്ലാഹു അതനുവദിക്കുകയില്ല. അവന്‍ ലോകരോട് ഏറെ ഔദാര്യമുടയവനാകുന്നു.” ( 2:251) അവന്‍റെ നീതി പുലരുമെന്ന പ്രതീക്ഷയില്‍ നമുക്ക് കാത്തിരിക്കാം.