An unfulfilled dream of enlightenment

An unfulfilled dream of enlightenment
  • February 21, 2022

പ്രവാസ ജീവതത്തിൽ നിന്ന് അവധിക്ക് വരുമ്പോൾ, പഠിച്ച സ്ഥാപനങ്ങളേയും അധ്യാപകരേയും പ്രസ്ഥാന നേതാക്കളേയും പരിമിതമായ തോതിലെങ്കിലും കാണുകയും അവരുമായി പരിചയം പുതുക്കലും ചിരകാലമായി നടന്ന് വരുന്ന സംഭവമായിരുന്നു. അക്കൂട്ടത്തിൽ കുറ്റ്യാടിയിൽ ചെന്ന് ജനാബ് ടി.കെ.അബ്ദുല്ല സാഹിബിനെ നേരിൽ കാണണമെന്നും അദ്ദേഹവുമായി അൽപമെങ്കിലും സംസാരിക്കണമെന്നും പല പ്രാവിശ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും, വാർഷിക അവധിയുടെ ഞെരുക്കത്തിൽ ആ ആഗ്രഹം പലപ്പോഴും നീട്ടിവെക്കുകയാണുണ്ടായത്. ടി.കെ.യുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുമ്പോഴാകട്ടെ വലിയ പ്രയാസങ്ങളില്ലാതെ പോവുന്നു എന്ന മറുപടിയായിരുന്നു സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത്.

1975 മുതൽ ശാന്തപുരത്ത് പ്രാഥമിക ക്ളാസിൽ പഠിക്കാൻ ആരംഭിച്ചത് മുതൽ ടി.കെ.അബ്ദുല്ല സാഹിബിനെ കാണുവാനും ആ മഹാനുഭാവിയിൽ നിന്ന് പ്രൗഡഗംഭീരമായ പ്രസംഗങ്ങൾ കേൾക്കുവാനും എനിക്കും എൻറെ സമകാലീനർക്കും സൗഭാഗ്യമുണ്ടായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളേജ് എക്കാലത്തും അദ്ദേഹത്തിൻറെ ദൗർബല്യമായിരുന്നു. മാസത്തിലൊരിക്കൽ മഗരിബ് നമസ്കാരാനന്തരം കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുക അദ്ദേഹം സ്വയം ഏറ്റെടുത്ത ദൗത്യമാണൊ ജമാഅത്ത് കൂടിയാലോചന സമിതി ഏൽപിച്ച ഉത്തവാദിത്വമാണൊ അതുമല്ല അന്നത്തെ ഞങ്ങളുടെ വന്ദ്യനായ പ്രിൻസിപ്പാൾ എ.കെ.അബ്ദുൽഖാദർ മൗലവിയുടെ സ്നേഹമസൃണമായ നിർബന്ധത്തിന് വഴങ്ങിയാണൊ ടി.കെ. അവിടെ പ്രസംഗിച്ചിരുന്നതെന്നറിയില്ല.

അങ്ങനെ മാസങ്ങളോളം ജമാഅത്തെ ഇസ്ലാമി കേരള അമീർ എന്ന നിലയിൽ അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. വൈജ്ഞാനിക ശാക്തീകരണത്തിൻറെ ആവശ്യകതയും ഇന്ത്യൻ മുസ്ലിംങ്ങളുടെ ദൈന്യവസ്ഥയും അക്കാലത്തെ സ്ത്രീകളുടെ പതിതാവസ്ഥയും സമകാലീന രാഷ്ട്രാന്തരീയ ചലനങ്ങളുമെല്ലാം ആ പ്രസംഗത്തിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. തൃകോണാകൃതിയിൽ ഇളം മഞ്ഞ നിറമുള്ള ഷാൾ ധരിച്ച് സുന്ദരകോമളനായ ഒരു യുവാവ് പ്രസംഗപീഡത്തിൻറെ ഇരുവശവും പിടിച്ച്, ഖുർആനും ഹദീസും ഇഖ്ബാൽ കവിതകളും ഉദ്ധരിച്ച് എന്തൊരു ആത്മവിശ്വാസത്തോടെയായിരുന്നു ഞങ്ങളെ അഭിസംബോധന ചെയ്തതെന്ന് ഓർക്കുമ്പോൾ രോമാഞ്ചകുഞ്ചിതമാവുന്നു.

അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം സമസ്തകേരളയുടെ മേൽനോട്ടത്തിൽ നടന്ന് വരുന്ന ജാമിഅ നൂരിയക്ക് സമീപത്ത്, ചുങ്കത്തുള്ള മഹല്ല് മദ്രസ്സാ വർഷിക പരിപാടിയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്ത്കൊണ്ട് ടി.കെ.അബ്ദുല്ല സാഹിബ് നിർവ്വഹിച്ച പ്രസംഗത്തിൻറെ ആവേശം മനസ്സിൽ ഇപ്പോഴും അലതല്ലുകയാണ്. രണ്ട് മഹത്തായ ദീനി സ്ഥാപനങ്ങൾ നിലകൊള്ളുന്ന പ്രദേശമാണിതെന്നും കേരള മുസ്ലിംങ്ങൾക്ക് ദിശാബോധം നൽകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും അവർ ഐക്യത്തോടെ അതിന് മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തത് ഹർഷാരവത്തോടെയായിരുന്നു സദസ്സ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ഇരു സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദം വർധിക്കുകയും അവർ സ്ഥാപനങ്ങൾ പരസ്പരം സന്ദർശിക്കുന്നതും പതിവാക്കുകയും ചെയ്തിരുന്നു.

നാവ് എന്ന വജ്രായുധം

ഈ ലോകത്ത് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ, അത് ഫിലോസഫിയും ചരിത്രവുമാണെന്ന് പറഞ്ഞത് കാറൽ മാർക്ക്സ്. ചരിത്രത്തെ ഉപയോഗിച്ചായിരുന്നു കമ്മ്യുണിസം അതിൻറെ പല സിദ്ധാന്തങ്ങൾക്കും ന്യായീകരണം കണ്ടത്തെിയിരുന്നത്. കമ്മ്യൂണസത്തേയും ക്യാപിറ്റിലസത്തേയും അതേ നാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുണ്ടായിരുന്ന പണ്ഡിതന്മാരിൽ അഗ്രഗണ്യനായിരുന്നു ടി.കെ.അബ്ദുല്ല സാഹിബ്. അതിന് അദ്ദേഹം ഉപയോഗിച്ചിരുന്നത് നാവ് എന്ന അസാധാരണമായ വജ്രായുധമായിരുന്നു. ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ അത് കേവലം പദാർത്ഥം (Materials) മാത്രമാണ്. ഉപയോഗിക്കാത്ത മനുഷ്യാവയാവങ്ങളുടെ അവസ്ഥയാകട്ടെ കേവലം മാംസപേശികളും.

നാവ് എന്ന ഉപകരണംകൊണ്ട് അദ്ദേഹം കമ്മ്യൂണസത്തേയും ക്യാപിറ്റിലസത്തേയും അസ്ഥിപജ്ഞരമാക്കി. അക്കാലത്ത് മുസ്ലിംങ്ങൾക്കിടയിൽ പി.പി.ഉമ്മർകോയ, സി.എച്ച്.മുഹമ്മദ് കോയ, പ്രൊഫ.എം.എ.ഷുക്കുർ, ടി.കെ. അബ്ദുല്ല തുടങ്ങിയവരായിരുന്നു എണ്ണം തികഞ്ഞ സമൂദായത്തിലെ പ്രാസംഗികർ. അവർ യഥാക്രമം മതേതരത്വത്തേയും സാമുദായികതയേയും ബൗദ്ധികതയേയുമാണ് പ്രതിനിധികരിച്ചിരുന്നുവെങ്കിൽ, എല്ലാ വിഷയങ്ങളേയും ഇസ്ലാമിക ദർശനത്തിലൂടെ നോക്കികാണാൻ കെൽപുള്ള പ്രാസംഗികനായിരുന്നു ടി.കെ.

‘നാഴികക്കല്ലുകൾ’

അതിനിടെയാണ് ടി.കെ.യുടെ അപൂർണ്ണമെങ്കിലും ഏതാനും കനപ്പെട്ട പ്രസംഗങ്ങൾ സമാഹരിച്ച് ഒരു ലഘു കൃതിയായി ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചത്. പ്രഗൽഭ പണ്ഡിതനായിരുന്ന അബുൽ അഅ്ല മൗദൂതിയുടെ ഖുതുബാതല്ലാതെ മറ്റാരുടേയും പ്രസംഗങ്ങൾ ഇങ്ങനെ സമാഹരിച്ച് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചതായി അറിവില്ല. അക്കാലത്ത് നാഴികക്കല്ലുകൾ എന്ന കൃതിയെ പരിചയപ്പെടുത്തികൊണ്ട് പ്രബോധനത്തിൽ ഒരു കുറിപ്പ് എഴുതിയ കാര്യം ടി.കെ.അബ്ദുല്ല സാഹിബ് ഹജ്ജിന് വന്നപ്പോൾ മക്കത്ത് വെച്ച് ഈയുള്ളവൻ അൽപം ജാള്യതയോടെ അതിലേറെ ലജ്ജയോടെയും സൂചിപ്പിച്ചു.

അഭിനന്ദനമെന്നോണം പുറം തട്ടി, അത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും എഴുതിയ ആളെ അന്വേഷിക്കുകയായിരുന്നുവെന്നും കണ്ട്മുട്ടിയതിൽ സന്തോഷമുണ്ടെന്നും അൽപം നർമ്മം കലർത്തി, നിറപുഞ്ചിരിയൊടെ പറഞ്ഞത് ഇപ്പോഴും മനസ്സിൽ അറേബ്യൻ അത്തറിൻറെ പരിമളം പടർത്തുന്നു. അല്ലാഹു അദ്ദേഹത്തേയും നമ്മെ എല്ലാവരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ. ആമീൻ.