Sahabivaryan loved the three things that men hate

Sahabivaryan loved the three things that men hate
  • April 17, 2022

‘ജനങ്ങൾ വെറുക്കുന്ന മൂന്ന് കാര്യങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. ദാരിദ്ര്യം, രോഗം, മരണം എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ. ദാരിദ്ര്യം വിനയവും, രോഗം പാപങ്ങളിൽ നിന്നുള്ള മോചനവും, മരണം അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനുള്ള അവസരവുമാണ് എന്ന നിലക്കാണ് ഞാൻ അവയെ ഇഷ്ടപ്പെടാൻ കാരണം’. ഈ മഹത്തായ വചനം അരുളിയത് മറ്റാരുമായിരുന്നില്ല. പ്രവാചകൻ (സ) യുടെ സന്തത സഹചാരിയായിരുന്ന അബുദർദാഅ് അൽ അൻസാരി (റ) വിൻറേതാണ് ഈ വാക്കുകൾ.

ബദ്ർ യുദ്ധാനന്തരം ഇസ്ലാമിലേക്ക് ആകൃഷ്ടനായ പ്രവാചക അനുയായികളിൽ സാത്വികനായിരുന്നു അബുദർദാഅ്. കച്ചവടക്കാനായിരുന്ന അബുദർദാഅ് വിജ്ഞാനത്തോടുള്ള അഭിനിവേഷത്താൾ അത് ഉപേക്ഷിക്കുകയും ഖുർആൻ ഹൃദയസ്ഥമാക്കുകയും ചെയ്തു. ഹകീമുൽ ഉമ്മ എന്ന വിശ്രുത നാമത്തിൽ അറിയപ്പെടുന്ന സഹാബി. അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്ന മറ്റൊരു വചനം ഇങ്ങനെ: അറിവ് നേടാതെ ഒരാൾ ഭക്തിയുള്ളവനാവുകയില്ല. നേടിയ അറിവ് പ്രയോഗവൽക്കരിക്കാതെ അത് ആസ്വദിക്കാനും കഴിയുകയില്ല.

സാത്വികനായ ഈ പ്രവാചക ശിഷ്യൻ താമസിച്ചിരുന്നത് മദീനയിലെ ചെറിയൊരു കൂരയിലായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിച്ച സുഹൃത്ത് താങ്കളെന്തിനാണ് ഒരു ദരിദ്രനെ പോലെ, ഇത്രയും ചെറിയ വീടിൽ കഴിയുന്നത് എന്ന് ആരാഞ്ഞപ്പോൾ അബുദർദായിൻരെ മറുപടി: താങ്കൾ വിഷമിക്കണ്ട. ഇത് എൻറെ താൽകാലിക വാസ സ്ഥലം മാത്രം. മറ്റൊരു സ്ഥലത്ത് ഞാൻ ഒരു വീട് പണിത് വരുകയാണ്.

വർഷങ്ങൾക്ക് ശേഷം അതേ സുഹൃത്ത് അബുദർദായിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം അതേ കൂരയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇത് കണ്ട് ആശ്ചര്യത്തോടെ സുഹൃത്ത് വീണ്ടും തിരക്കി: പുതിയ വീട്ടിലേക്ക് താമസം മാറാത്തത് എന്ത്? പണിത്കൊണ്ടിരിക്കുന്ന ഭവനം എന്നതിലൂടെ ഞാൻ ഉദ്ദ്യേശിച്ചിരുന്നത് എൻറെ ഖബറായിരുന്നു. ഐഹിലോകത്തോടുള്ള സമീപനം വ്യക്തമാക്കുന്ന മറുപടി.

അബുദർദയിൻരെ ഉപദേശങ്ങൾ ജന ഹൃദയങ്ങളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഒരിക്കൽ ഒരു യുവാവ് അദ്ദേഹത്തോട് ഉപദേശം ആവശ്യപ്പെട്ടു. സുഖത്തിൽ നീ അല്ലാഹുവിനെ ഓർക്കുക. എങ്കിൽ നിൻരെ ദു:ഖത്തിൽ അല്ലാഹു താങ്കളേയും ഓർക്കുന്നതായിരിക്കും. നീ ഒരു പണ്ഡിതനൊ വിദ്യാർത്ഥിയൊ ശ്രോതാവൊ ആയിത്തീരുക. അഞ്ജനായിരിക്കരുത്. എങ്കിൽ നീ നശിച്ചത് തന്നെ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: നല്ലതേ ഭക്ഷിക്കാവൂ. നല്ലതേ സമ്പാദിക്കാവൂ. നല്ലതേ വീട്ടിൽ കൊണ്ട് വരാവൂ.

മരണ സമയത്ത് സുഹൃത്തുക്കൾ അബുദർദാഅ് അൽ അൻസാരി (റ) വിനോട് ചോദിച്ചു: താങ്ങളെ ദു:ഖിപ്പിക്കുന്നത് എന്താണ്? എൻരെ പാപങ്ങൾ എന്നായിരുന്നു ആ സഹാബിവര്യൻറെ മറുപടി. എന്താണ് താങ്കളുടെ ആഗ്രഹം എന്ന് ആരാഞ്ഞപ്പോൾ എൻരെ രക്ഷിതാവിൻറെ മാപ്പ് എന്നായിരുന്നു അദ്ദേഹത്തിൻറെ ഉത്തരം. ഉമ്മു ദർദാഅ് ആയിരുന്നു അദ്ദേഹത്തിൻറെ സഹധർമ്മിണി.

ഒരു റിപ്പോർട്ട് പ്രകാരം ഉമർ (റ) രാജ്യം ഭരിച്ചുകൊണ്ടിരിക്കെ, അബുദർദാഇനെ ഇന്ന് സിറിയ എന്ന് അറിയപ്പെടുന്ന ശാമിലെ ഗവർണറാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഖലീഫ നിർബന്ധിച്ചപ്പോൾ അദ്ദേഹത്തിൻരെ മറുപടി ഇങ്ങനെയായിരുന്നു: താങ്കൾക്ക് ഇഷ്ടമാണെങ്കിൽ, ഞാൻ പള്ളിയിൽ ഇമാമത് നിൽക്കാനും ജനങ്ങളെ ഖുർആൻ പഠിപ്പിക്കാനും തിരുചര്യ കാണിച്ചുകൊടുക്കുവാനും തയ്യാറാണ്. ഉമർ (റ) സമ്മതിച്ചതിനെ തുടർന്നു അദ്ദേഹം സിറിയയിലേക്ക് പോവുകയും പിന്നീട് ഇസ്ലാമിക രാഷ്ട്രത്തിലെ പല ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ച ശേഷം ശഹാദത്ത് കലിമ ഉച്ചരിച്ച് ഹിജ്റ വർഷം 32 ൽ ഇഹലോകത്തോട് വിടപറയുകയും ചെയ്തു.