Speech and cultural diversity

Speech and cultural diversity
  • November 17, 2022

വ്യവസായ വിപ്ളവത്തിന് ശേഷം വികാസംപ്രാപിച്ച കലയും ശാസ്ത്രവുമാണ് ആശയവിനിമയം (Communication). ഒരു വ്യക്തിയില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മറ്റൊരാളിലേക്കൊ മറ്റൊരു ഗ്രപ്പിലേക്കൊ വിവരങ്ങള്‍ കൈമാറുന്ന പ്രക്രിയക്കാണ് ആശയവിനിമയം എന്ന് പറയുന്നത്. സംസാരവും എഴുത്തുമാണ് അതിനുള്ള മാര്‍ഗ്ഗങ്ങള്‍. മനുഷ്യൻ്റെ ചിന്താ മണ്ഡലത്തെയും വികാരത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന ആശയവിനിമയ മാര്‍ഗ്ഗമാണ് സംസാരശേഷി. അത് മനസ്സിന് കുളിര്‍മ്മയും ആനന്ദവുമാണ്. മനുഷ്യൻ്റെ അനേകം സവിശേഷതകളില്‍ ഒന്നാണ് സംസാരം.

സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഒരു മാസത്തേക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു എന്ന് സങ്കല്‍പിക്കുക. എന്തായിരിക്കും നമ്മുടെ മാനസികാവസ്ഥ എന്ന് പറഞ്ഞറിയിക്കുക പ്രയാസം. തലച്ചോറില്‍ ഉല്‍പാദിപ്പിക്കുന്ന ചിന്തകള്‍ അതേ വൈകാരിക തലത്തില്‍ മറ്റുള്ളവരിലേക്ക് സന്നിവേശിപ്പിക്കാനുള്ള മാര്‍ഗ്ഗമാണത്. ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ മനുഷ്യനെ നിര്‍വചിച്ചത് മനുഷ്യന്‍ സംസാരിക്കുന്ന മൃഗം എന്നാണ്.

കാര്യങ്ങള്‍ അനായസം നേടിഎടുക്കാനും വ്യക്തിപരവും തൊഴില്‍പരവുമായ വിജയത്തിന് സംസാരശേഷി അനിവാര്യമാണ്. ആശയങ്ങള്‍ കൈമാറാനും അനുഭവങ്ങള്‍ പങ്ക്വെക്കാനും വിരസത ഇല്ലാതാക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സംസാര നൈപുണിക്കുള്ള കഴിവ് അപാരം തന്നെ. സകല മേഖലകളിലും സംസാരശേഷിയുള്ളവര്‍ക്കാണ് മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. ഉദാഹരണമായി ഒരു ഡോക്ടര്‍ക്ക് രോഗികളോട് ആശയവിനിമയം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചാല്‍, രോഗം നിര്‍ണ്ണയിക്കുന്നതിലും വീഴ്ച ഉണ്ടാവുമെന്ന് മാത്രമല്ല, ഡോക്ടര്‍ക്ക് രോഗികളെ ലഭിക്കാത്ത സ്ഥിതിയും ഉണ്ടായേക്കാം.

നിരന്തരമായ പരിശീലനവും അറിവും ആവശ്യമുള്ള നൈപുണ്യമാണ് (Skill) സംസാരം. എന്നാല്‍ നാം അതിനെ വൃഥാ ലഭിച്ചത് പോലെയാണ് പരിഗണിക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നമ്മെ സംസാരിക്കാന്‍ പരിശീലിപ്പിച്ചിരുന്നെങ്കിലും, അതിന് ശേഷം സംസാര ശേഷി കാര്യക്ഷമമാക്കുന്ന പരിശീലനം ലഭിക്കുന്നത് വിരളമാണ്.

സംസാരവും ആശയ വിനിമയവും

ഒരാളുടെ മനസ്സിലുള്ള ആശയങ്ങള്‍ മറ്റൊരാളിലേക്ക് അതിൻ്റെ വൈകാരികാവസ്ഥയോടെ പകരുന്നത് സംസാരത്തിലൂടെയാണല്ളോ? സംസാരവും കേള്‍വിയും രണ്ടും ചേരുമ്പോഴാണ് ആശയ വിനിമയം പൂര്‍ണ്ണമാവുക. അനുസ്യൂതമായി വികസിപ്പിച്ചെടുക്കേണ്ട അനര്‍ഘനിധിയാണ് സംസാരവും ശ്രദ്ധിച്ച് കേള്‍ക്കലും. സംസാരത്തിന് ഒരു അവയവം ദൈവം നല്‍കിയപ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ രണ്ട് അവയവങ്ങളാണ് നല്‍കിയത്. സംസാരിക്കാനുള്ള അവയവത്തെ· രണ്ട് ചുണ്ടുകള്‍ക്കിടയില്‍ ബന്ധിച്ച് നിര്‍ത്തിയപ്പോള്‍ കേള്‍ക്കാനുള്ള അവയവങ്ങളെ തുറന്ന് വിടുകയും ചെയ്തത് സൃഷ്ടിപ്പിലെ മഹാ അല്‍ഭുതമാണ്.

നാല് ഘടകങ്ങള്‍ ചേര്‍ന്നാണ് സംസാരം നടക്കുന്നത്.

1.സംസാരിക്കുന്ന വ്യക്തി
2. കൈമാറപ്പെടുന്ന സന്ദേശം
3.സന്ദേശം കൈമാറപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമം
4. സന്ദേശം സ്വീകരിക്കുന്ന വ്യക്തി.

സംസാരിക്കുന്ന വ്യക്തി തൻ്റെ ആശയം മറ്റൊരാളിലേക്ക് കൈമാറുമ്പോള്‍ അത് കേള്‍വിക്കാരനെ സ്വാധീനിക്കുന്ന അനുപാതമനുസരിച്ചാണ് സംസാരം ഫലപ്രദമാണൊ അല്ളേ എന്ന് തീരുമാനിക്കുന്നത്. ചിലര്‍ സംസാരിക്കുമ്പോള്‍ ശ്രോതാവും ആ ഭാഷണത്തില്‍ അറിയാതെ ലയിച്ച് ചേര്‍ന്ന്പോവുന്നു. സംസാരത്തിൻ്റെ വശ്യതയും ആഘര്‍ഷണീയതയുമാണ് അതിന് കാരണം.

സംസാരത്തിലെ ചേരുവകള്‍

സംസാരം ആഘര്‍ഷകമാക്കുന്നതിന് പല ഘടകങ്ങളുണ്ട്. ശബ്ദം,ആഗ്യം,കണ്ണ് കൊണ്ടുള്ള നോട്ടം,മറ്റ് അംഗവിക്ഷേപങ്ങള്‍ എന്നിവ ചേര്‍ന്ന ശരീര ഭാഷ കൃത്യമായി സംസരത്തോട് ചേര്‍ത്താല്‍ അതാണ് നല്ല സംസാരത്തിലെ ചേരുവകള്‍. സംസാരത്തോടൊപ്പമുള്ള ശരീര ഭാഷയും വലിയൊരു ശാസ്ത്ര ശാഖയായി വികാസം പ്രാപിച്ചിരിക്കുന്നു. സംസാരത്തില്‍ വാക്കുകള്‍ക്കുള്ള പ്രധാന്യം കേവലം ഏഴ് ശതമാനമെന്ന് പരിഗണിച്ചപ്പോള്‍ ശരീര ഭാഷക്ക് അത് 56% വും ശബ്ദത്തിന് 37% വുമാണ് പ്രാധാന്യം നിശ്ചയിച്ചിരിക്കുന്നത്.

സംസാരത്തില്‍ പ്രാധാനമാണ് ശ്രോതാവിനെ സ്നേഹപൂര്‍വ്വം നോക്കി സംസാരിക്കുക. തന്നെ പരിഗണിക്കുന്നു എന്ന ബോധം സൃഷ്ടിക്കാന്‍ ഇത് കാരണമാവുന്നു. ദൃഷ്ടി അലക്ഷ്യമായി അലയുന്നത് ശ്രോതാവിനെ അകറ്റുന്നതാണ്. ഒരാളുടെ സംസാരം കേട്ട് വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ ആ വാക്കുകളായിരിക്കും സ്ഫുടമായി ഉച്ചരിക്കുന്ന വാക്കുകള്‍. നിരന്തരമായ പരിശ്രമത്തിലൂടെയും സ്വയം നിരീക്ഷണത്തിലൂടെയും സംസാര രീതി ആഘര്‍ഷകമാക്കാം.

ആശയ വിനിമയം

മയത്തില്‍ സംസാരിക്കുകയും അനാവശ്യമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയാണ് നല്ല ആശയ വിനിമയത്തിന് അനുപേക്ഷണീയം. പരസ്പര ബന്ധങ്ങളുടെ പ്രാഥമിക ഉപാധിയാണ് മാന്യമായ സംസാരം. വിയോജിപ്പുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ പരിഗണിക്കേണ്ട പ്രതിപക്ഷ ബഹുമാനം പലപ്പോഴും പുലര്‍ത്താറില്ല. ഇത് അടുത്തവരെ പോലും അകലാനാണ് സഹായിക്കുക. മറ്റുള്ളവരോടും അവരുടെ പ്രശ്നങ്ങളോടും അനുഭാവരൂപേണ സംസാരിക്കുകയാണ് നല്ലത്.

സാധാരണക്കാരനെ പോലും സംസാരത്തില്‍ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുക. ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കുക. നല്ല ശ്രോതാവാകാന്‍ ശ്രമിക്കുക. നല്ല ശ്രോതാവ് വാക്കുകള്‍ മാത്രമല്ല, അതില്‍ സന്നിവേശിച്ചിട്ടുള്ള വികാരങ്ങള്‍ കൂടി കേള്‍ക്കുന്നവനാണ്. പലപ്പോഴും നാം മറ്റുള്ളവരുടെ സംസാരം കേട്ട് കൊണ്ടിരിക്കുന്നത് അയാള്‍ നിര്‍ത്തിയാല്‍ നമുക്ക് തുടങ്ങാമല്ളൊ എന്ന വിചാരത്തോടെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരെ ശുഭവാര്‍ത്ത· അറിയിക്കുക. അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ.” (39:18) ജാപ്പാന്‍കാരുടെ സംസ്കാരിക മുദ്രകളിലൊന്ന് അവരുടെ വിനയ സ്വഭാവമാണ്. അത് അവരുടെ വ്യക്തിത്വത്തിൻ്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

ആശയ വിനിമയത്തിലെ തടസ്സങ്ങള്‍

നമ്മുടേത് പോലുള്ള ബഹുസ്വര സമൂഹത്തില്‍ ആശയങ്ങള്‍ വിനിമയം ചെയ്യുമ്പോള്‍, ശ്രോതവിലേക്ക് ശരിയാംവിധം എത്തുന്നതിന് പല തടസ്സങ്ങളുണ്ടാവാം. വിത്യസ്തമായ സാംസ്കാരിക ഭൂമികയാണ് അതിലൊന്ന്. അത്തരം സാഹചര്യങ്ങളില്‍ അപരൻ്റെ ആശയങ്ങളെ ആദരിച്ച്കൊണ്ടാവണം സംസാരിക്കേണ്ടത്. ശ്രോതാവിനെ തൻ്റെ സ്ഥാനത്ത് നിര്‍ത്തി അതിൻ്റെ വരുംവരായ്കള്‍ മനസ്സിലാക്കിയായിരിക്കണം സംസാരിക്കേണ്ടത്.

സംസാരം വൈകാരിക തലങ്ങളെ സ്പര്‍ഷിക്കുന്നതിനാല്‍ അര്‍ത്ഥവ്യതിയാന സാധ്യതയുള്ള പദങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിച്ചേക്കാം. അത്കൊണ്ട് ചുണ്ടില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളെ ബുദ്ധിയുടെ സഹായത്തോടെ നിരീക്ഷിച്ചതിന് ശേഷം പ്രകടിപ്പിക്കുന്നതാണ് സംസാരത്തിൻ്റെ സാംസ്കാരികമായ ഔന്നിത്യം. തച്ചുശാസ്ത്രത്തിലെ മുറിക്കുന്നതിന് മുമ്പ് രണ്ട് പ്രാവിശ്യം അളക്കുക എന്ന തത്വം സംസാരത്തിലും പ്രസക്തമാണ്. സംസാരത്തിനുള്ള മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ പറയുന്നു:

“സത്യ വിശ്വാസികളെ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുവീന്‍. നല്ലത് സംസാരിക്കുവിന്‍.” (33:70). സംസാരത്തിൻ്റെ ഉള്ളടക്കവും ശൈലിയും ഒരുപോലെ നന്നാവേണ്ടതുണ്ട്.