മരണ ചിന്തകള്‍ക്ക് മുന്നില്‍ അല്‍പ നിമിഷം

മരണ ചിന്തകള്‍ക്ക് മുന്നില്‍ അല്‍പ നിമിഷം
  • October 9, 2024
  • ഇബ്‌റാഹിം ശംനാട്

നമ്മുടെ മരണത്തോടെ എന്തായിരിക്കും സംഭവിക്കുക എന്നതിനെ കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്. സാധാരണക്കാര്‍ മാത്രമല്ല, പണ്ഡിതന്മാരും ശാസ്ത്രജ്ഞരും ചിന്തകന്മാരും തത്വശാസ്ത്രജ്ഞന്മാരുമെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. മരണശേഷം എന്തായിരിക്കും സംഭവിക്കുക, എങ്ങോട്ടാണ് പോവുക, ശരീരം ബോധാവസ്ഥയിലായിരിക്കുമൊ അതൊ അബാധാവസ്ഥയിലായിരിക്കുമൊ തുടങ്ങി അനേകം സംശയങ്ങള്‍ എല്ലാവരേയും അലട്ടാറുണ്ട്.

മരണത്തെ കുറിച്ച പലതരം വീക്ഷണങ്ങള്‍ കാണാം. മരണത്തോടെ ജീവിതം അവസാനിച്ചു എന്ന് വിശ്വസിക്കുന്നവരും മരണാനന്തരം അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് പുനര്‍ജനിക്കുമെന്ന് കരുതുന്നവരും വിശ്വാസങ്ങളുടേയും കര്‍മ്മങ്ങളുടേയും അടിസ്ഥാനത്തില്‍ സര്‍ഗ്ഗമൊ നരകമൊ ലഭിക്കുമെന്ന് കരുതുന്നവരും ജീവിതത്തിന് ആദ്യമൊ അന്ത്യമൊ ഇല്ലെന്ന് കരുതുന്നവരുമെല്ലാം നമുക്കിടയിലുണ്ടല്ലോ? അത്തരം അവ്യക്തതകള്‍ നീക്കി, മരണാനന്തര ജീവിതത്തെ കുറിച്ച് ഇസ്ലാം കൃത്യമായ വിവരണങ്ങള്‍ നല്‍കീട്ടുണ്ട്.

ഒരാള്‍ക്ക് ദൈവത്തേയൊ പ്രവാചകനെയൊ മരണാനന്തര ജീവിതത്തെയൊ നിഷേധിക്കാം. പക്ഷെ മരണത്തെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. 3:185

ഖുര്‍ആനില്‍ 70 ല്‍പരം സ്ഥലങ്ങളിലും നിരവധി പ്രവാചക വചനങ്ങളിലും പരാമര്‍ശിക്കപ്പെട്ട സുപ്രധാനമായ ഒരു വിഷയമാണ് മരണമെന്നത് തന്നെ അതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇസ്ലാം യഥാര്‍ത്ഥ ജീവിതമായി പരിഗണിക്കുന്നത് മരണാനന്തര ജീവിതത്തെയാണ്. ഈ ജീവിതമാകട്ടെ കളിയും തമാശയും പോലെ ക്ഷണികവും നിസ്സാരവുമാണെങ്കിലും, പരലോകത്തേക്കുള്ള പാഥേയം ശേഖരിക്കേണ്ട സുപ്രധാനമായ യാത്രാ താവളമാണിത്.

മരണ സമയത്ത് കഠിന വേദന അനുഭവപ്പെടുക സ്വാഭാവികമാണ്. കാരണം നിസ്സാരമായ ഒരു പല്ല് പറിച്ചെടുമ്പോഴുള്ള വേദന നമുക്ക് പരിചയമുള്ളതാണ്. ശരീരത്തോട് ചേര്‍ന്ന്നില്‍ക്കുന്ന ഏതൊരു ഓര്‍ഗനേയും വേര്‍പ്പെടുത്തുമ്പോള്‍ വേദന ഉണ്ടാവുമെങ്കില്‍, ശരീരം ആപാദചൂഡം ചൂഴ്ന്നുനില്‍ക്കുന്ന ആത്മാവിനെ വേര്‍പ്പെടുത്തുമ്പോഴുള്ള കാര്യം പറയണൊ? കാരണം മരണ സമയത്ത് മലക്കും റൂഹും തമ്മില്‍ വലിയ പോരാട്ടമാണ് നടക്കുക.

ആ സംഘട്ടനത്തില്‍ മലക്ക് വിജയിക്കും. ശരീരത്തില്‍ നിന്ന് റൂഹിനെ ബലാല്‍ക്കാരം പിടിച്ചെക്കും. ചിലര്‍ വേദനയില്‍ കരയുന്നു. ആ വേദനയില്‍ നിന്ന് ആര്‍ക്കും ആരേയും രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് കഴിയുമായിരുന്നെങ്കില്‍, ആദ്യം അവനവനെ രക്ഷപ്പെടുത്തിയേനെ. പൂര്‍വ്വസൂരികളില്‍പ്പെട്ട ഒരു പണ്ഡിതന്‍ പറഞ്ഞു: മനുഷ്യന്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ മൂന്നാണ്: ഒന്ന്, മരണ സമയം. രണ്ട്, ഖബറിലേക്ക് മൃതശരീരം വെക്കുന്ന സമയം. മൂന്ന്, ഖബറില്‍ നിന്ന് വീണ്ടും ജീവിപ്പിക്കുമ്പോള്‍.

രണ്ട് തരം മരണം

മരണത്തിന്‍റെ മാലാഖ വരുന്നതിന് മുമ്പേ, ആശ്വാസത്തിന്‍റെ മാലഖമാര്‍ വന്ന് സാന്തനപ്പെടുത്തുന്നതും ഖുര്‍ആന്‍ പറയുന്നു: “ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും: ”നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക.” 41:30

മറ്റൊരിടത്ത് ഖുര്‍ആന്‍ വിശുദ്ധരായ ആളുകളെ മരിപ്പിക്കുന്ന രീതി വിവരിച്ചത് ഇങ്ങനെ: “വിശുദ്ധരായിരിക്കെ മലക്കുകള്‍ മരിപ്പിക്കുന്നവരാണവര്‍. മലക്കുകള്‍ അവരോട് പറയും: ”നിങ്ങള്‍ക്കു ശാന്തി! നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‍റെ പ്രതിഫലമാണിത്.” 16:32

സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: “സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യം: ”കരിച്ചുകളയുന്ന നരകത്തീയിന്‍്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.” 8:50

മുകളില്‍ സൂചിപ്പിച്ച മരണരീതിയില്‍ നിന്ന് ഏത് രൂപത്തിലുള്ള മരണമാണെന്ന് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ടല്ലോ? ആ സ്വാതന്ത്ര്യം ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെുടത്തിയാല്‍ വിജയികളാവാനും സ്വര്‍ഗ്ഗം കരസ്ഥമാക്കാനും കഴിയും.