VK Abdu: An inimitable figure in the diaspora world

VK Abdu: An inimitable figure in the diaspora world
  • October 30, 2021

2021 ഫെബ്രവരി 10 ന് നിര്യാതനായ പണ്ഡിതനും എഴുത്ത്കാരനുമായ വി.കെ.അബ്ദു സാഹിബിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് പ്രശസ്ത കനേഡിയൻ ബ്രിട്ടീഷ് പത്രപ്രവർത്തകനും ബ്ളോഗറും പ്രമുഖ ഗ്രന്ഥകർത്താവുമായ കോറി ഡോക്ട്രൊ (Cory Doctorow) പറഞ്ഞ വാക്കുകളാണ്. This is why I loved technology: if you used it right, it could give you power and privacy. നിങ്ങൾ സാങ്കതേികവിദ്യ ശരിയായ വിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് ശക്തിയും സ്വകാര്യതയും നൽകും. അത്കൊണ്ടാണ് ഞാൻ സാങ്കേതിക വിദ്യയെ അത്രമേൽ സ്നേഹിക്കുന്നത്.

തമിഴ്നാടിലെ പ്രശസ്തമായ വെല്ലൂർ ബാഖിയാതു സാലിഹാതിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക് വിവര സാങ്കേതിക വിജ്ഞാനത്തോട് വലിയ അടുപ്പമുണ്ടാവണമെന്നില്ല. കാരണം അവിടെ പാഠ്യ വിഷയങ്ങൾ തീർത്തും വിത്യസ്തങ്ങളാണല്ലോ? എന്നാൽ കാലത്തോടൊപ്പം സഞ്ചരിക്കാനും അതിനെ പരമാവധി പ്രയോജനപ്പെടുത്താനും ദൃഡനിശ്ചയമെടുത്ത ഒരു മത പണ്ഡിതനെന്ന നിലയിൽ വി.കെ.അബ്ദു സാഹിബ് വിവര സാങ്കേതിക വിദ്യയെ നേഞ്ചോട് ചേർത്ത് വച്ചു എന്ന് മാത്രമല്ല, അതിനെ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.

1992 സപ്റ്റംമ്പറിൽ പ്രവാസത്തിൻറെ രണ്ടാമുഴത്തിന് തുടക്കം കുറിച്ച് ജിദ്ദയിലത്തെിയ സന്ദർഭത്തിൽ, ഗുരുതുല്യം ഞാൻ സ്നേഹിക്കുന്ന പ്രശസ്ത പണ്ഡിതനും വാഗ്മിയും എഴുത്ത്കാരനുമായ ജനാബ് വി.കെ.ജലീൽ സാഹിബ് അന്ന് അദ്ദേഹം താമസിച്ചിരുന്ന വില്ലയിൽ ഈയുള്ളവന് താമസ സൗകര്യം ചെയ്ത് തന്ന കാര്യം നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയൂ. പ്രബുദ്ധരായ നിരവധി മലയാളികളോടൊപ്പം ആ വില്ലയിൽ താമസിച്ചിരുന്ന വി.കെ.അബ്ദു സാഹിബിനെ ആദ്യമായി പരിചയപ്പെടുന്നത് ജലീൽ സാഹിബ് മുഖേനയായിരുന്നു.

വി.കെ.അബ്ദു സാഹബുമായി അന്ന് തുടക്കം കുറിച്ച ബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടരാനും നിലനിർത്താനും സാധിച്ചുവെന്നത് ജീവിതത്തിലെ മധുരിക്കുന്ന ഓർമ്മകളാണ്. അക്കാലത്ത് അദ്ദേഹം ചന്ദ്രിക വാരാന്ത്യപ്പതിപ്പിൽ എഴുതിയിരുന്ന വിശുദ്ധ മക്കയുടെ ചരിത്രം,ഹജ്ജ് അനുഷ്ടാനങ്ങളും ചൈതന്യവും, ഉംറ, മദീന സിയാറ തുടങ്ങിയ ലേഖനങ്ങൾ കാണിച്ച് തന്നതും അത് സാകൂതം വായിച്ചതും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. അന്ന് അതിൽ നിന്ന് എഴുതി എടുത്ത കുറിപ്പുകൾ ഈ വിഷയത്തിലുള്ള എൻറെ റഫറൻസ് രേഖയാണ്.

2001 ൽ അദ്ദേഹം പ്രവാസ ജീവിതത്തോട് വിടവാങ്ങുന്നത് വരെ ഒന്നിച്ച് താമസിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൽ നിന്ന് പല കാര്യങ്ങൾ പഠിക്കാനും പ്രഭാഷണങ്ങൾ ശ്രവിക്കാനും ലേഖനങ്ങൾ വായിക്കാനും സാധിച്ചത് അല്ലാഹുവിൻറെ മഹത്തായ അനുഗ്രഹമായിരുന്നു. പ്രവാസ ലോകത്തെ അനുകരണീയ വ്യക്തിത്വമായിരുന്നു വി.കെ.അബ്ദു. സമയനിഷ്ടയിലും ജീവിതാസൂത്രണത്തിലും ഏറെ അനുകരണീയാമായ വ്യക്തിത്വം. ആറ്റി കുറുക്കിയ സംസാരം. സമയം ഒരു നിമിഷവും പാഴാക്കാതെ അമൃതം പോലെ കരുതലോടെ ഉപയോഗിക്കുന്ന വ്യക്തി. പ്രഭാതത്തിൽ ഉണർന്നാൽ സജീവമാകുന്ന ജീവിത ചര്യ. അതിനിടയിൽ സാമൂഹ്യവും വ്യക്തിപരവുമായ നിലയിൽ പലർക്കും സഹായ ഹസ്തങ്ങൾ.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ ഉപാസകൻ എന്ന നിലയിൽ കംമ്പ്യൂട്ടർ ടെക്നോളജിയോടുള്ള വി.കെ.അബ്ദുവിൻറെ അകാധമായ അറിവ് ആരേയും അൽഭുതപ്പെടുത്തുമായിരുന്നു. ആ അറിവ് കരസ്ഥമാക്കാൻ ഏതറ്റം വരെ പോവാനും അദ്ദേഹം സന്നദ്ധനായിരുന്നു. അതിന് വേണ്ടി അദ്ദേഹം അക്കാലത്ത് ലഭിച്ചിരുന്ന പി.സി.മാഗസിൻ അടക്കമുള്ള വിലകൂടിയ ആനുകാലികങ്ങൾ വാങ്ങുകയും അതിലുള്ള പുതിയ വിവരങ്ങൾ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്യുമായിരുന്നു. മാത്രമല്ല, അത്തരം അറിവുകൾ പലരും സ്വന്തം തൊഴിൽപരമായ അഭിവൃദ്ധിക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുമ്പോൾ, വി.കെ.അബ്ദു അത് ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും ഏതെല്ലാം രൂപത്തിൽ അതിനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിലായിരുന്നു മുഴുകിയിരുന്നത്.

ആ ചിന്തയുടെയും കഠിനമായ പ്രയത്നങ്ങളുടേയും ഉൽപന്നങ്ങളാണ് നാം ഇന്ന് കാണുന്ന മലയാളത്തിലെ ഇസ്ലാമിക ക്ളാസിക് വെർച്യൂൽ ഉൽപന്നങ്ങളായ തഫ്ഹീമുൽ ഖുർആൻ, ഖുർആൻ ലളിതസാരം, ഡിഫോർ മീഡിയ, ഇസ്ലാം ഓൺലൈവ് വെബ്സൈറ്റ് തുടങ്ങിയവ എന്ന കാര്യത്തിൽ സംശയമില്ല. ഇത് കൂടാതെ അൽ ജാമിഅ ശാന്തപുരം, ദാറുൽ ഹുദ തുടങ്ങിയ മഹദ് സ്ഥാപനങ്ങളിലെ കംമ്പ്യൂട്ടർ ഫാകൽറ്റികളുടെ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെന്നതും നിരവധി ലേഖനങ്ങൾ എഴുതുകയും ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തത് ഒരു ആയുഷ്കാലം ധന്യമായി എന്നതിൻറെ ജീവിക്കുന്ന തെളിവുകളാണ്.

ഈ സാങ്കേതിക വിദ്യകളുടെ അതിപ്രസരത്തിനിടയിലും മനുഷ്യൻ കൃഷിയിലേക്ക് തന്നെ തിരിച്ച് പോവേണ്ടി വരുമെന്നും ചരിത്രം ആവർത്തിക്കുമെന്നും താമശ രൂപേണ അദ്ദേഹം പറയുമ്പോൾ അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് മനുഷ്യർ അത്തരമൊരു തിരിച്ച് പോക്കിന് തയ്യാറെടുക്കുകയാണൊ എന്ന സംശയം അസ്ഥാനത്തല്ല.അതിനും സ്വയം മാതൃക കാണിച്ച് കൊണ്ട് അക്വാപോണിക്സ് മീൻ കൃഷി സ്വന്തം വീട്ട്മുറ്റത്ത് ഒരു കൗതുകത്തിനെന്നോണം വളർത്തുകയും ചെയ്തിരുന്നു.

അല്ലാഹു ആദമിനെ നാമങ്ങൾ പഠിപ്പിച്ചു എന്ന ഖുർആൻ വചനത്തിന് ഡാറ്റകൾ എന്നും ‘കിതാബുൻ മർഖൂം’ എന്ന ഖുർആനിക പ്രയോഗത്തിന് ‘ഡിജിറ്റൽ ബുക്ക്’ എന്നുമുള്ള വിവരണങ്ങൾ ഏതൊരാളിലും കൗതുകമുളവക്കുന്നു. ഏത് വിഷയത്തെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. സകാത്തിനെ കുറിച്ച് ക്ളാസ് എടുക്കാനൊ സംശയ നിവരാണത്തിനൊ സമീപിച്ചാൽ ആദ്യം അദ്ദേഹം ചോദിക്കുക സകാത്ത് കൊടുക്കാനുള്ള ഫത് വയാണൊ അതല്ല ഒഴിവ്കഴിവുകളാണൊ അന്വേഷിക്കുന്നത് എന്ന മുഖുപുരയോടെയായിരിക്കും തുടങ്ങുക. പരേതന് അല്ലാഹു മഗ്ഫിറത്തും മർഹമതും നൽകി അനുഗ്രഹിക്കുമാറാകട്ടെ.