പ്രവാസികളുടെ മാനസിക സംഘര്‍ഷവും പ്രതിവിധികളും

എല്ലാ മനുഷ്യരും അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മാനസിക സംഘര്‍ഷമെങ്കിലും പ്രവാസികള്‍ അത് അല്‍പം കൂടുതലായി അനുഭവിക്കുന്നുണ്ടൊ എന്ന സംശയം അസ്ഥാനത്തല്ല. പ്രായ ലിംഗ ഭേദമന്യേ എല്ലാവരെയും പിടികൂടുന്ന രോഗമാണത്. ഒരു കൈകുഞ്ഞ് പിറന്ന് വീഴുന്ന ആദ്യ നിമിഷം മുതല്‍ ആരംഭിക്കുന്ന, ഏതെങ്കിലും തരത്തിലുള്ള, ഏറിയൊ കുറഞ്ഞോ അളവിലുള്ള, മാനസിക സംഘര്‍ഷം മരണംവരേയും നമ്മെ പിടികൂടുന്നു.
കുടുംബാംഗങ്ങളില്‍ നിന്നും വിട്ട്നില്‍ക്കല്‍,അടുത്തവരുമായുള്ള അകല്‍ച്ച, സാമ്പത്തിക പ്രാരാബ്ദങ്ങള്‍, തൊഴിലില്‍ മേഖലയില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍,ഏകാന്തത, ഭക്ഷണത്തിന്‍റെ ലഭ്യത, ഉറക്കം, വിശ്രമം തുടങ്ങിയവ പ്രവാസികളുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന ഘടകങ്ങളാണു. സാമൂഹ്യ ജീവിയായ മനുഷ്യരെ സംബന്ധിച്ചേടുത്തോളം പ്രവാസ ലോകത്ത് ജീവിക്കുക എന്നതുതന്നെ മാനസിക സംഘര്‍ഷാവസ്ഥയാണ്.
രണ്ട്തരം മാനസി സംഘര്‍ഷം
മാനസിക സംഘര്‍ഷത്തെ പോസിറ്റിവ് സ്ട്രെസ്സ് എന്നും നെഗറ്റിവ് സ്ട്രെസ്സ് എന്നും രണ്ടായി വിഭജിക്കാം. പോസിറ്റിവ് സ്ട്രെസ്സ് നൈസര്‍ഗ്ഗികവും ജന്മസിദ്ധവുമായ ഗുണവും നമ്മില്‍ ഉണ്ടാവേണ്ടതുമാണ്. നാം ചെയ്യുന്ന ഉദാത്ത· കര്‍മ്മങ്ങള്‍ക്ക് പിന്നില്‍ പോസിറ്റിവ് സ്ട്രെസ്സ് ഉണ്ട്. കുട്ടികളെ വളര്‍ത്തുന്നതു മുതല്‍, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍, സമയ ബന്ധിതമായി കമ്പനികളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ തുടങ്ങിയ അനേകം മേഖലകളില്‍ പോസിറ്റിവ് സ്ട്രെസ്സിന്‍റെ അനുഭൂതി നുകരാന്‍ സാധിക്കും.
എന്നാല്‍ നെഗറ്റിവ് സ്ട്രെസ് തീര്‍ത്തും ഫലശൂന്യവും വ്യഥാ സൃഷ്ടിക്കുന്നതുമായ മനോസംഘര്‍ഷമാണ്. അതിലുടെ ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് മാത്രമല്ല, നീറുന്ന അനേകം പ്രശ്നങ്ങളില്‍ അത് മനസ്സിനെ കുരുക്കി ഇടുകയും ചെയ്യുന്നു. കുടുംബ വഴക്ക് മൂലം ഉണ്ടാവുന്ന മാനസിക അസ്വസ്ഥത, സന്താനങ്ങളുടെ അപഥസഞ്ചാരം രക്ഷിതാക്കളില്‍ സൃഷ്ടിക്കുന്ന മാനസിക വ്യഥ തടുങ്ങിയ ഒരു പ്രയോജനവും ചെയ്യാത്ത നെഗറ്റിവ് സ്ട്രെസ്സിന് ഉദാഹരണങ്ങളാണ്.
ആദ്യം വിവരിച്ച പോസിറ്റിവ് സ്ട്രെസ്സ് മനുഷ്യനെ എണ്ണയിട്ട യന്ത്രം കണക്കെ കര്‍മ്മ നിരതനാവാന്‍ പ്രേരിപ്പിക്കുമ്പോള്‍, രണ്ടാമത് പറഞ്ഞ നെഗറ്റിവ് സ്ട്രെസ്സ്, നമ്മെ നിഷ്ക്രിയനാക്കുകയും പ്രതിസന്ധികളില്‍ അകപ്പെടുത്തുകയും ചെയ്യുന്നു. പോസിറ്റിവ് സ്ട്രെസ്സ് അനുഭവിച്ചതിന്‍റെ സായൂജ്യം ജീവിതത്തിലുടനീളം ആസ്വദിക്കാന്‍ കഴിയുമ്പോള്‍, നെഗറ്റിവ് സ്ട്രെസ് ഒരാളെ വിഷാദനും ഖിന്നനുമാക്കുന്നു. അതിനാല്‍ മാനസിക സംഘര്‍ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഏത്തരം സ്ട്രെസ്സാണ് താന്‍ അനുഭവക്കുന്നത് എന്നറിയുക പ്രധാനമാണ്.
ലക്ഷണങ്ങള്‍
മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറയാറുള്ളതു പോലെ മനോസംഘര്‍ഷം അനുഭവിക്കുന്നവരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ അതിന്‍റെ ലക്ഷണങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. സ്വന്തം ജീവിതത്തോട് തികഞ്ഞ വിരക്തി, മുഷിഞ്ഞ വസ്ത്രധാരണം, അടുക്കും ചിട്ടയുമില്ലാത്ത· ജീവിതം തുടങ്ങിയവ അയാളെ ചൂഴ്ന്ന് നില്‍ക്കുന്നത് കാണാം. മദ്യപാനം,പുകവലി,അമിതമായ കോഫി,ചായ ഉപയോഗം എന്നിവ ഇത്തരക്കാരുടെ ലക്ഷണങ്ങളാണ്. അത്തരക്കാരുടെ മനസ്സ് കോപത്തിന്‍റെ അഗ്നിയില്‍ ആളിക്കത്തുന്നു. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ല് പോലെ,ഒരാളെ കണ്ടാല്‍ തന്നെ അയാളടെ മാനസികാവസ്ഥ വായിച്ചെടുക്കാം.
പ്രത്യാഘാതങ്ങള്‍
മാനസിക സംഘര്‍ഷത്തിന്‍റെ ലക്ഷണങ്ങള്‍ മുകളില്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമാണ്. അത് സൃഷ്ടിക്കുന്ന സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരങ്ങളാണു. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും ഒരുപോലെ പ്രധാനമാണ്. ഒന്നിനെ അവഗണിച്ച് മറ്റൊന്നിന് നിലനില്‍പ്പില്ല. മനോസംഘര്‍ഷം സൃഷ്ടിക്കുന്ന അശ്വസ്ഥതകള്‍ ജീവിതത്തിന്‍റെ രുചിയെ എടുത്തുകളയും. ഉല്‍കണഠ, ഉറക്കില്ലായ്മ, ഭയം, വെറുപ്പു തുടങ്ങിയവക്ക് പുറമെ, ഗുരുതരമായ മാനസിക രോഗങ്ങള്‍ക്കിടയാക്കുന്നു.
മാനസിക സംഘര്‍ഷത്തിന്‍റെ പ്രത്യാഘാതങ്ങള്‍, നമ്മുടെ ശാരീരിക ആരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല. പ്രവാസികളുടെ ശാരീരിക രോഗങ്ങളുടെ മുഖ്യ ഘടകം അവരുടെ മാനസികമായ സംഘര്‍ഷാവസ്ഥയാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, തലവേദന, ഉദര സംബന്ധമായ രോഗങ്ങള്‍, തുടങ്ങിയവ മനോസംഘര്‍ഷം മൂലം ഉണ്ടാകാവുന്നതാണ്.
മനോസംഘര്‍ഷത്തിൻെറ പ്രത്യാഘാതങ്ങള്‍ സ്വന്തത്തില്‍ മാത്രം ഒതുങ്ങുമെന്നും വിചാരിക്കേണ്ടതില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഭംഗം വരുകയൊ പിന്നോട്ട് പോവുകയൊ ചെയ്യല്‍,ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍,തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയവ പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന്‍റെ പാര്‍ശ്വഫലങ്ങളായേക്കാം. ഇതിനെകുറിച്ചൊക്കെയുള്ള അവബോധത്തോടെ ജീവിച്ചാല്‍ ഒരുപരധിവരെ നമുക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.
സ്രോതസ്സുകള്‍
ഒരാള്‍ അനുഭവിക്കുന്ന മന:സ്സംഘര്‍ഷത്തിന്‍റെ സ്രോതസ്സുകള്‍ അയാള്‍ക്ക് മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം അഭിരുചിക്കനുസരിച്ച തൊഴില്‍ ലഭിക്കാതിരിക്കുക,ചെയ്യുന്ന ജോലിക്കനുസരിച്ച്സരിച്ച വേതനം ലഭിക്കാതരിക്കുക ഇതെല്ലാം തൊഴില്‍ മേഖലയില്‍ നിന്നുള്ള സ്ട്രെസ്സിന് കാരണമാവാം. കുടുംബപരമായ പ്രശ്നങ്ങളും ഭാര്യ-ഭതൃ ബന്ധത്തിലെ വിള്ളലുകളും മാനസിക സംഘര്‍ഷത്തിന്‍റെ ഉറവിടമായേക്കാം. സാമ്പത്തികമായ കാരണങ്ങളാലും മനോസംഘര്‍ഷം ഉണ്ടാവാം.
മറ്റുള്ളവരുടെ ജീവിതരീതിയില്‍ കണ്ട് വരുന്ന ആഘര്‍ഷണീയതയും ഒരാളുടെ മനോസംഘര്‍ഷത്തിന് നിമിത്തമായേക്കാം. ദൈവത്തിലുള്ള വിശ്വാസത്തിലൂടെയും തന്‍റെ ഭാവിഭാഗഥേയത്തെ കുറിച്ച സംതൃപ്തിയിലൂടെയും വിധിവിശ്വാസത്തിലൂടെയും പരിഹരിക്കാന്‍ കഴിയുന്നതാണ് ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍. കുടത്തില്‍ നിന്ന് പുറത്തുവരുന്ന ജിന്നിനെ അവിടെവെച്ച് തന്നെ അമര്‍ത്തുന്നത് പോലെ, ഏത് സ്രോതസ്സില്‍ നിന്നാണൊ മന:സ്സംഘര്‍ഷത്തിന്‍റെ ലാവ പുറപ്പെടുന്നത് അവിടെ വെച്ച് തന്നെ അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
പ്രതിവിധികള്‍
ലളിതമായ പ്രതിവിധികളിലൂടെ മാനസിക സംഘര്‍ഷത്തെ ഒരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയും. അഥവാ അതിന് സാധിച്ചില്ലങ്കില്‍ മാത്രമെ കൗണ്‍സിലര്‍മാരെയൊ വിദഗ്ധ ഡോക്ടര്‍മാരെയൊ സമീപിക്കേണ്ടതുള്ളൂ. റിലാകസ് ചെയ്യാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് ശ്വസന വ്യായാമം. അതിലൂടെ ശരീരത്തിന് ഒരു നവോന്മേഷം ലഭിക്കുകയും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ചിന്തയെ മറികടക്കാനും സാധിക്കുന്നു. ഒരു ദിവസത്തില്‍ ചുരുങ്ങിയത് അഞ്ച് പ്രാവിശ്യമെങ്കിലും ഡീപ് ബ്രീത്ത് എടുക്കുക.
ശരീരവും മനസ്സും രണ്ടും വേറിട്ട അസ്ഥിത്വങ്ങളല്ലാത്തതിനാല്‍ മനസ്സിന് ഉണര്‍വ്വും ഉന്മേശവും നല്‍കുന്ന വേറേയും ശാരീരിക കര്‍മ്മങ്ങളുണ്ട്. യോഗാഭ്യാസം,സൈകിള്‍ സവാരി,പര്‍വ്വതാരോഹണം,നടത്തം,മറ്റ് കായിക വ്യായാമങ്ങള്‍ എല്ലാം ശാരീരിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതോടൊപ്പം മനസ്സിന് ആഹ്ലാദവും ഉന്മേഷവും പകരുന്നു. യാത്ര,അംഗസ്നാനം, ശരീര ശുദ്ധി,ദന്ത ശുദ്ധി,നീന്തല്‍, സുഗന്ധ വസ്തുക്കളുടെ ഉപയോഗം,തുടങ്ങിയവയും മാനസിക സംഘര്‍ഷത്തെ ഇല്ലാതാക്കാന്‍ ഉപകരിക്കും.
ഇതിനൊക്കെ പുറമെ, താല്‍പര്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുക. ഗാര്‍ഹിക ലൈബ്രറി പരിപാലിക്കുന്നത് മുതല്‍ പച്ചകൃഷി വരേയുള്ള എന്തുമാകാം. ഇത്തരം വ്യായാമങ്ങളിലൂടെ ഓക്സിജന്‍ ധാരാളമായി ലഭിക്കുന്നതിനാല്‍ ശരീരത്തിലെ രക്തചംക്രമണത്തിന് ആക്കം വര്‍ധിക്കുന്നു. ലഘുവായ ശാരീരിക അധ്വാനമെ ആവശ്യമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയത്രെ. ആത്മീയമായ ആരാധനകളും പ്രാര്‍ത്ഥനകളും മാനസിക സംഘര്‍ഷം കുറക്കാന്‍ ഉപകരിക്കും.