പ്രൊഫ. വി.കുഞ്ഞബ്ദുല്ല: തലമുറകളെ വാര്‍ത്തെടുത്ത ഗുരുവര്യന്

2024 ഡിസംബര്‍ 16 ന് ഓണ്‍ലൈന്‍ ന്യൂസ്പോര്‍ട്ടലുകള്‍ പ്രസിദ്ധീകരിച്ച ചരമ വാര്‍ത്തയിലൂടെയായിരുന്നു പ്രൊഫ. വി.കുഞ്ഞബ്ദുല്ല സാറ് ഈ ലോകത്തോട് വിടപറഞ്ഞ വിവരം ആദ്യം അറിയാന്‍ കഴിഞ്ഞത്. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. വി.കുഞ്ഞബ്ദുല്ലയുടെ നിര്യാണം അപ്രതീക്ഷിതമായിരുന്നു. ദീര്‍ഘ കാലം ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനെന്ന നിലയിലും ബഹ്റൈന്‍ അല്‍നൂര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലെന്ന നിലയിലും നിരവധി ശിഷ്യഗണങ്ങളുള്ള മഹദ് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രൊഫ. വി.കുഞ്ഞബ്ദുല്ല.
പ്രൊഫ. വി.കുഞ്ഞബ്ദുല്ല സാറിന്റെ സദാ പുഞ്ചിരി തൂകുന്ന മുഖവും ആഘര്‍ഷണീയമായ ശബ്ദവും അധ്യാപനത്തിലുള്ള അദ്ദേഹത്തിന്റെ മികവും നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും മനസ്സില്‍ പ്രശോഭിച്ചു നില്ക്കുന്നു. ശാന്തപുരം ഇസ്ലാമിയ കോളേിലെ അന്നത്തെ ഞങ്ങളുടെ അഭിവന്ദ്യ പ്രിന്സാപ്പാളയിരുന്ന മര്‍ഹൂം എ.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, അന്നൊരു ദിവസം ക്ലാസിലേക്ക് വന്നു വിവരങ്ങളൊക്കെ ആരാഞ്ഞതിന് ശേഷം പറഞ്ഞു: നാളെ മുതല്‍ നിങ്ങള്‍ക്ക് അലിഗഡില്‍ നിന്നും ഇംഗ്ളീഷില്‍ മാസ്റ്റര്‍ ബിരുദമെടുത്ത അധ്യാപകന് നിങ്ങളെ പഠിപ്പിക്കാനുണ്ടാവും. അദ്ദേഹത്തിന്റെ സാനിധ്യം നന്നായി ഉപയോഗപ്പെടുത്തണം.
പിറ്റെ ദിവസം ക്ലാസിലേക്ക് കയറി വന്ന ആ നവ അധ്യാപകന് മറ്റാരുമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശി വി.കുഞ്ഞബ്ദല്ലയായിരുന്നു. തൂവെള്ള ഷര്‍ട്ടും കറുത്ത ഫാന്റ്സും ഇന്‍സൈഡ് ചെയ്ത്, യുവത്വത്തിന്റെ പ്രസരിപ്പോടെ ക്ലാസിലേക്ക് വന്ന അദ്ദേഹം പ്രഥമ ദൃഷ്ട്യ ഞങ്ങളുടെ ഹൃദയം കവര്‍ന്നു. ശാന്തപുരത്ത് പഠിപ്പിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് ഫാറൂക്ക് കോളേജില്‍ ലക്ച്ചറായി നിയമനം ലഭിച്ചപ്പോഴും വാരാന്ത്യ അവധി ദിനങ്ങളില്‍ ശാന്തപുരം ഇസ്ലാമിയ കോളേജില്‍ അദ്ദേഹം അധ്യാപനത്തിനായി സമയം നീക്കിവെച്ചത് ഞങ്ങള്‍ക്ക് ആശ്വാസവും സന്തോഷകരവുമായ അനുഭവമായിരുന്നു.
മാധ്യമം ദിനപ്പത്രത്തിന്റെ വിദേശ കോളമിസ്റ്റ് എന്ന നിലയില്‍ സമാകലീന ലോകരാഷ്ട്രീയത്തെ കുറിച്ച് ആഴ്ചതോറും അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, സാധാരണക്കാരന് പോലും പ്രയോജനപ്രദവും അന്തരാഷ്ട്ര ചലനങ്ങളെ കുറിച്ച് ഉള്‍കാഴ്ച നല്കുന്നതുമായിരുന്നു. ഭാവി തലമുറക്ക് അത് പ്രയോജനപ്പെടുന്നതിനും ഒരു റഫറന്‍സ് എന്ന നിലയിലും ആ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നത് പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രൊഫ. വി. കുഞ്ഞബ്ദുല്ലയുടെ നിര്യാണത്തോടെ വിദേശ വാര്‍ത്തകള്‍ വസ്തുനിഷ്ടമായി അറിയാനുള്ള സ്രോതസ്സാണ് നമുക്ക് നഷ്ടമായത്. ലളിതമായ ഭാഷയില്‍ ലോക രാഷ്ട്രീയത്തെ അവലോകനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് നിരവധി വായനക്കാരുണ്ടായിരുന്നു. പ്രൊഫ. വി.കുഞ്ഞബ്ദുല്ലയുടെ നിര്യാണം മൂലമുണ്ടായ ദു:ഖത്തില്‍ ബന്ധുമിത്രാതികളോടൊപ്പം പങ്ക്ചേരുകയും അദ്ദേഹത്തിന്റെ സ്വര്ഗലബ്ദിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.