‘5 എഎം ക്ലബ്ബ്’: മാക് 7 ശാരീരിക വ്യായാമ മുറയുടെ ‘ദാസ് ക്യാപിറ്റല്‍’

‘5 എഎം ക്ലബ്ബ്’: മാക് 7 ശാരീരിക വ്യായാമ മുറയുടെ ‘ദാസ് ക്യാപിറ്റല്‍’
  • ജനുവരി 6, 2025
  • ഇബ്‌റാഹിം ശംനാട്

ലോക പ്രശസ്ത എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ റോബിന്‍ ശര്‍മ്മ എഴുതിയ ‘5 എഎം ക്ലബ്ബ്’ പ്രഭാതത്തെ സ്വന്തമാക്കുക, ജീവിതം ശ്രേഷ്ഠമക്കുക എന്ന പുസ്തകം പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതം ശ്രേഷ്ഠമാക്കാനുള്ള മഹത്തായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കൃതിയാണ്. നിരാശയിലാണ്ടുപോയ ഒരു യുവതിയെ പ്രതീക്ഷയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ട് വരുന്നതിന്‍റെ ഐതിഹാസികമായ ഫോര്‍മുലകള്‍ പറഞ്ഞുതരുകയും അത് ജീവിതത്തില്‍ പ്രായോഗികമാക്കുന്നത് കാണിച്ചുതരുകയുമാണ് ഈ കൃതിയുടെ ഉള്ളടക്കം.

നമ്മുടെ ജീവിതം ഫലപ്രദമാവുന്നത്, പ്രഭാത സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതില്‍ നിന്നാണ് തുടങ്ങുന്നത്. പ്രഭാത കര്‍മ്മ പരിപാടിയുടെ പ്രയോജനങ്ങള്‍ വിവരിക്കുകയാണ് ‘5 എഎം ക്ലബ്ബ്’ പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍. അതിലൂടെ നമ്മളെല്ലാം ആഗ്രഹിക്കുന്ന ആരോഗ്യം, ബുദ്ധിശക്തി, ധനസമ്പാദനം എന്നിവ വര്‍ധിക്കുമെന്ന് അദ്ദേഹം പറയുന്നു. സമയ നിഷ്ട നല്ല സ്വഭാവമാണെന്നും രാവിലെ ഉണര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നിലും പുരോഗതി ഉണ്ടാവില്ലെന്നും റോബിന്‍ ശര്‍മ്മ ഓര്‍മ്മപ്പെടുത്തുന്നു.

ദിനേന ഒരു വ്യക്തി 20/20/20 ഫോര്‍മുല അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അയാളുടെ ദിശാബോധവും കാര്യക്ഷമതയും വര്‍ധിക്കുമെന്നാണ് ‘5 എഎം ക്ലബ്ബ്’ പുസ്തകം ഊന്നല്‍ നല്‍കുന്ന മറ്റൊരു സന്ദേശം. അഞ്ച് മണിക്ക് ശേഷമുള്ള 20 മിനുറ്റ്, വ്യായാമത്തിനും അടുത്ത 20 മിനുറ്റ്, ധ്യാനം, പ്രാര്‍ത്ഥന, ഡയറി എഴുത്ത് എന്നിവക്കും അടുത്ത 20 മിനുറ്റ് വായന, അറിവ് നേടല്‍ എന്നിവക്കും ചിലവഴിക്കണമെന്നതാണ് ഈ ഫോര്‍മുലയുടെ രത്നചുരുക്കം. അതിലൂടെ നമ്മുടെ ആരോഗ്യവസ്ഥ, മാനസികാവസ്ഥ, ഹൃദയ വികാരവസ്ഥ, ആത്മീയാവസ്ഥ എന്നിവ മെച്ചപ്പെടുമെന്ന് റോബിന്‍ ശര്‍മ്മ വ്യക്തമാക്കുന്നു.

ഈ വ്യാഖ്യത കൃതിയെ ഇവിടെ ലഘുവായി പരിചയപ്പെടുത്താന്‍ കാരണം, കേരളത്തില്‍ വിശിഷ്യാ മലബാര്‍ പ്രദേശങ്ങളില്‍ സ്വീകാര്യത നേടികൊണ്ടിരിക്കുന്ന മാക് 7 (അഥവാ മള്‍ട്ടി എക്സര്‍സൈസ് കോംമ്പിനേഷന്‍) എന്ന വ്യായാമ മുറയെ 5 എഎം ക്ലബ്ബ്: പ്രഭാതത്തെ സ്വന്തമാക്കുക, ജീവിതം ശ്രേഷ്ഠമാക്കുക എന്ന കൃതി എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയാനാണ്. വിപ്ലവകരമായ ഏത് മുന്നേറ്റത്തിന് പിന്നിലും ചില ബൗദ്ധിക അടിത്തറകള്‍ കാണുക സ്വാഭാവികം. അത്തരം പുസ്തകങ്ങളുടെ ആശയവും ഉള്ളടക്കവും അവയെ സ്വാധീനിക്കും. വിപ്ലത്തിന്‍റെ മുന്നണി പോരാളികള്‍ക്ക് പോലും അതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല.

കാറല്‍ മാര്‍ക്സ് എഴുതിയ ‘ദാസ് ക്യാപിറ്റല്‍’ എന്ന പുസ്തകം ലോകത്തില്‍ അരങ്ങേറിയ പല വിപ്ലവങ്ങളെയും പരിവര്‍ത്തനങ്ങളെയും സ്വാധീനിച്ച കൃതിയാണ്. ആ അര്‍ത്ഥത്തില്‍ ‘5 എഎം ക്ലബ്ബ്’ എന്ന കൃതി മാക് 7 വ്യായാമ മുറകളുടെ ‘ദാസ് ക്യാപിറ്റല്‍’ എന്ന് വിശേഷിപ്പിക്കാവുന്നതില്‍ തെറ്റില്ല. ജീവിതം ശ്രേഷ്ടമാക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍, അതിലൊന്നാണ് ശാരീരിക വ്യായാമം, മനോഹരമായ കഥ പറച്ചിലിലൂടെ ഗ്രന്ഥകര്‍ത്താവ് നമുക്ക് പറഞ്ഞു തരുന്നത് ജീവിതത്തില്‍ പകര്‍ത്തുകയാണെങ്കില്‍, ആ പുസ്തകത്തിലെ ചിരംജ്ഞീവിയായ കഥാപാത്രങ്ങളെ പോലെ നമുക്കും അമരത്വത്തോടെ ജീവിക്കാന്‍ സാധിക്കും.

വിപ്ല വകരമായ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ മലബാറില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും, മാക് 7 എന്ന വ്യായമമുറ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോവുന്ന പരിവര്‍ത്തനങ്ങളുടെ വ്യാപ്തി നിര്‍ണ്ണയിക്കുക സാധ്യമല്ല. കാരണം എല്ലാ പുരോഗതിയുടേയും അടിസ്ഥാനമായ പ്രഭാത സമയം ഉപയോഗപ്പെടുത്താന്‍ അത് പഠിപ്പിക്കുന്നു. അതാണ് വെളിച്ചത്തിന്‍റെ ശത്രുക്കളുടെ രൂക്ഷമായ കടന്നാക്രമണത്തിനും എതിര്‍പ്പിനും കാരണമാകുന്നത്. തടസ്സങ്ങള്‍ നീക്കി യാത്രാ സംഘം മുന്നോട്ട് കുതിക്കുക. ചരിത്രത്തിന്‍റെ പ്രവാഹത്തിന് മുന്നില്‍ തടസ്സം നില്‍ക്കുന്നവര്‍, സ്പാനിഷ് നോവലിലെ പടുവിഡ്ഡിയായ, ഡോണ്‍ ക്വിക്സോട്ടയുടെ പിന്മുറക്കാര്‍ എന്ന് മാത്രം കരുതിയാല്‍ മതി.