മസ്തിഷ്കത്തിന്‍റെ ആരോഗ്യവും പരിപോഷണവും

മനുഷ്യനെ മറ്റ് സൃഷ്ടിജാലങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്ന സുപ്രധാന ഘടകമാണ് അവന്‍റെ മസ്തിഷ്കം (Brain). വിപുലമായ ഗവേഷണങ്ങളാണ് മനുഷ്യ ബുദ്ധിയെ കുറിച്ച് നടന്ന്കൊണ്ടിരിക്കുന്നത്. നമ്മെ നാമാക്കി മാറ്റുന്നതില്‍ മസ്തിഷ്കത്തിനുള്ള പങ്ക് നിര്‍ണ്ണായകമാണ്. ചിന്ത, ഓര്‍മ്മ, വികാരം, സ്പര്‍ശനം, ചലനം, കാഴ്ച, ശ്വസനം, താപനില, വിശപ്പ് എന്നിവയും നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന എല്ലാ പ്രക്രിയകളും നിയന്ത്രിക്കുന്ന ഒരു സങ്കീര്‍ണ്ണ അവയവമാണ് മസ്തിഷ്കം. തലച്ചോറും സുഷുമ്നാ നാഡിയും ചേര്‍ന്ന് കേന്ദ്ര നാഡീവ്യൂഹം ഉണ്ടാക്കുന്നു.
സത്യവും അസത്യവും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത് നമ്മുടെ ബുദ്ധിയാണ്. സ്രഷ്ടാവിനെ അറിയുവാനും അവന്‍റെ വചനങ്ങള്‍ ഗ്രഹിക്കുവാനും പ്രവാചകനെ സത്യപ്പെടുത്താനും അതിലൂടെ സന്മാര്‍ഗ്ഗം പ്രാപിക്കാനും ബുദ്ധി അനിവാര്യമാണ്. വേദഗ്രന്ഥം സംവദിക്കുന്നത് ബുദ്ധിയും വിവേകവുമുള്ളവരോടാണ്. നന്മ തിന്മകളെ തിരിച്ചറിയാന്‍ മസ്തിഷ്കം കൂടിയേ തീരൂ. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും. ഇന്ദ്രീയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ ക്രോഡീകരിച്ച് മസ്തിഷ്കം തീരുമാനത്തിലത്തെുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിനും തലച്ചോറിനും മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. അതിനെ അള്‍ഷിമേര്‍സ് പോലുള്ള രോഗങ്ങബാധിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനും അതിന്‍റെ പരിപോഷണത്തിന് അമേരിക്കയിലെ മായാ യൂനിവേര്‍സിറ്റി ചുവടെ നല്‍കിയ ചില ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് അനിവാര്യമാണ്. അതില്‍ വളരെ പ്രധാനമാണ് വ്യായാമം.
നിത്യേനയുള്ള വ്യായാമം മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ശാരീരികമായി സജീവമായ ആളുകളില്‍ മസ്തിഷ്ക രോഗങ്ങള്‍ കുറവായിരിക്കും. തലച്ചോറിലേക്ക് രക്ത പ്രവാഹം വര്‍ധിക്കുന്നു എന്നതാണ് അതിന് കാരണം. അതിനായി നടത്തം ശീലമാക്കാം, നീന്താം, ടെന്നീസ് കളിക്കാം അല്ലെങ്കില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന മറ്റേതെങ്കിലും എയറോബിക് വ്യായാമം ചെയ്യുക.
മസ്തിഷ്ക ആരോഗ്യത്തിനും പരിപോഷണത്തിനുമായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് ആവശ്യത്തന് ഉറങ്ങുക എന്നത്. മസ്തിഷ്കത്തിലുള്ള വിചിത്രമായ പ്രോട്ടീനുകളെ ഇല്ലാതാക്കാന്‍ ഉറക്കം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അത് മൊത്തം ഓര്‍മ്മശക്തിയേയും മസ്തിഷ്ക ആരോഗ്യത്തേയും ഉത്തേജിപ്പിക്കുന്നതാണ്. തുടര്‍ച്ചയായി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കമല്ല ഉദ്ദ്യേശിക്കുന്നത്.
സസ്യാഹാരം, ധാന്യങ്ങള്‍, മല്‍സ്യം, ഒലിവ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, അല്‍പം മാംസവും ചേര്‍ത്തുള്ള ഭക്ഷണം മസ്തിഷ്ക പരിപോഷണത്തിന് ഉത്തമമാണ്. മാനസികമായി സജീവമായി നിലകൊള്ളുകയാണ് മസ്തിഷ്ക പരിപോഷണത്തിനുള്ള മറ്റൊരു മാര്‍ഗം. നമ്മുടെ ശരീരപേശി പോലെയാണ് ബുദ്ധിയും. പേശികള്‍ ഉപയോഗിക്കുന്നതിനനുസരിച്ചാണ് കാര്യക്ഷമമാവുക.
മസ്തിഷകത്തെ ഒന്നുകില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ നശിപ്പിക്കാം. ഉപയോഗപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ വായന, പദ പ്രശ്നങ്ങള്‍, ചെസ് തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യാവുന്നതാണ്. അധികമായി ടി.വി.കാണുന്നതും സോഷ്യമീഡിയയില്‍ അഭിരമിക്കുന്നതും മസ്തിഷ്കത്തിന്‍റെ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നതാണ്.
സാമൂഹ്യമായ ഇടപെടലുകള്‍ നടത്തുന്നത് മസ്തിഷ്ക ആരോഗ്യത്തിന് ഉത്തമമാണ്. സമൂഹത്തിലേക്ക് ഇറങ്ങിതിരിക്കുകുയും മറ്റുള്ളവരുമായി ഇടപെടുന്നതും, പ്രഭാഷണ സദസ്സുകളില്‍ സന്നിഹിതരാവുന്നതും നമ്മെ സന്തോഷിപ്പിക്കുമെന്ന് മാത്രമല്ല ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായകമാവുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുതിയ ആളുകളുമയി കണ്ട് മുട്ടുന്നതും സംഭാഷണത്തില്‍ മുഴുകുന്നതും കലാ സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതൂം നല്ലതാണ്.
ധമനികളുടെയും സിരകളുടെയും ആരോഗ്യം നമ്മുടെ ഹൃദയാരോഗ്യത്തിന് പ്രധാനമായത് പോലെ തലച്ചോറിന്‍റെ ആരോഗ്യത്തിനും അത് അത്യന്താപേക്ഷിതമാണ്. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവ പതിവായി പരിശോധിച്ച് അതെല്ലാം പരിധിക്കുള്ളിലാണ് നിലകൊള്ളുന്നതെന്ന് ഉറപ്പ് വരുത്തുക.