‘ഹിജാമ’ ചികില്‍സാരീതിയെ കുറിച്ചറിയാം

‘ഹിജാമ’ ചികില്‍സാരീതിയെ കുറിച്ചറിയാം
  • ഫെബ്രുവരി 7, 2022
  • ഇബ്റാഹീം ശംനാട്

പൗരാണിക കാലം മുതല്‍ അറബികള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ചികല്‍സാ രീതിയാണ് ഹിജാമ തെറാപ്പി. ഇന്ന് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ കൂടാതെ അമേരിക്ക, ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പടെ വിവധ രാജ്യങ്ങളില്‍ ബദല്‍ ചികല്‍സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍ നിന്നും അശുദ്ധ രക്തം വലിച്ചെടുത്ത് ഒഴിവാക്കുന്ന ചികില്‍സാരീതിക്കാണ് ഹിജാമ തെറാപ്പി.  ഹിജാമ ചെയ്യുമ്പോഴുള്ള അല്‍പം വേദന സഹിച്ചാല്‍, അതിന് ശേഷം ലഭിക്കുന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആശ്വാസമാണ്.

ഏതെല്ലാം രോഗങ്ങള്‍ക്ക് ഫലപ്രദം

ഹിജാമ തെറാപ്പി വിവിധ രോഗങ്ങള്‍ക്കുള്ള ചികില്‍സാരീതി മാത്രമല്ല അത് ഒരു പ്രതിരോധ ചികില്‍സ കൂടിയാണ്. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70 ശതമാനം രോഗങ്ങളുടെയും കാരണം. രക്തസഞ്ചാരം സുഖമമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന അതുല്യ ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി. പല കാരണങ്ങളാല്‍ ശരീരത്തില്‍ ആവാഹിച്ചിട്ടുള്ള അശുദ്ധ രക്തത്തെ ഇല്ലാതാക്കാനും ശുദ്ധ രക്തത്തിൻ്റെ ഉല്‍പാദിപ്പദനത്തിനും സഹായകമാണ് ഹിജാമ തെറാപ്പി. പുറം വേദന,സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം,മൈഗ്രിന്‍, കഴുത്ത് വേദന, വിവിധതരം ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികില്‍സ കൂടിയാണ് ഹിജാമ തെറാപ്പി.

പ്രവാചക വചനങ്ങളില്‍

നബി (സ) പ്രോല്‍സാഹിപ്പിച്ച ചികില്‍സാ രീതിയാണ് ഹിജാമ തെറാപ്പി. രോഗത്തെ ചികില്‍സിക്കണമെന്നും മരണമൊഴികെ മറ്റ് എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നും ആ മരുന്ന് കഴിച്ച് ആരോഗ്യവാനായിരിക്കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ വ്യക്തമാക്കിയ മതമാണ് ഇസ്ലാം.  ഗ്രാമീണരായ അറബികള്‍ നബിയുടെ അടുക്കല്‍ വന്ന് ചോദിച്ചു: രോഗം വന്നാല്‍ ഞങ്ങള്‍ ചികില്‍സിക്കേണ്ടതുണ്ടൊ? പ്രവാചകന്‍: അല്ലയൊ അല്ലാഹുവിൻ്റെ അടിമകളെ! തീര്‍ച്ചയായും നിങ്ങള്‍ ചികില്‍സിക്കണം. കാരണം ചികില്‍സയില്ലാത്ത ഒരു രോഗത്തേയും അല്ലാഹു ഉപേക്ഷിച്ചിട്ടില്ല. വാര്‍ധക്യമൊഴിച്ച്.

നബി (സ) അരുളി: നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികില്‍സയാണ് ഹിജാമ ചികില്‍സ. (ബുഖാരി 5371).  ഇസ്റ്ജ് – മിഅ്റാജ് രാത്രിയില്‍ മലക്ക് പ്രവാചകനോട് അരുളി: ഓ! മുഹമ്മദ്. ഹിജാമ ചികില്‍സ ചെയ്യുവാന്‍ നിൻ്റെ സമുദായത്തോട് കല്‍പിക്കുക. ഹിജാമ ചികില്‍സയില്‍ നിങ്ങള്‍ക്ക് രോഗശമനമുണ്ടെന്നും അവിടുന്നു അരുളി. നബി (സ) പറഞ്ഞു: മൂന്ന് തരത്തിലൂടെയാണ് ചികില്‍സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട്ചാപ്പ കുത്തല്‍ എന്നവയാണത്. എന്നാല്‍ തീ കൊണ്ട് ചികില്‍സിക്കുന്നത് ഞാന്‍ എൻ്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.

നബി (സ) തന്നെയും ഹിജാമ ചികില്‍സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമാണ്. രോഗം അതിൻ്റെ വിപരീതം കൊണ്ടാണ് ചികില്‍സിക്കേണ്ടെതെന്ന  ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടുത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടേയും മുഖ്യ കാരണം. അത്തരം രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിൻ്റെ വിപരീതം കൊണ്ട് ചികില്‍സിക്കുക എന്നതിൻ്റെ വിവക്ഷ.

ഹിജാമ ചെയ്യുന്ന വിധം

വലിച്ചെടുക്കുക എന്ന അര്‍ത്ഥം വരുന്ന ‘ഹജ്മ്’ എന്ന വാക്കില്‍ നിന്ന് നിഷ്പദിച്ചതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി  മൃഗങ്ങളുടെ കൊമ്പുകള്‍ ഉപയോഗിച്ച് അതില്‍ നിന്ന് രക്തമൊഴിവാക്കിയായിരുന്നു ഹിജാമ ആദ്യ കാലത്ത് ചെയ്തിരുന്നത്.  അത്കൊണ്ട് ഇത് കൊമ്പ് ചികില്‍സ എന്ന് അറിയപ്പെട്ടു. അട്ടകളെ ഉപയോഗിച്ച് കൊണ്ട് ശരീരത്തിലെ വൃണങ്ങളില്‍ നിന്ന് രക്തം വലിച്ചെടുക്കുന്നത് ആയുര്‍വേദത്തില്‍ പ്രചാരത്തിലുള്ളത് ഇതിൻ്റെ മറ്റൊരു വകഭേതമാണ്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത ഉണ്ടാക്കുകയും ശരീരത്തിലെ നിശ്ചിത ഭാഗങ്ങളില്‍ ഒരു ചെറിയ വാക്ക്വം പ്രഷര്‍ ഉപയോഗിച്ച് രക്തത്തെ പോയിന്റുകളില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് വേദന കുറക്കാനുള്ള സ്¤്രപ അടിക്കുകയും അവിടെ മെസ്സേജ് ചെയ്യുകയും ചെയ്യുന്നു. അതിന് ശേഷം ചെറിയ ബ്ളെയ്ഡ് ഉപയോഗിച്ച് അവിടെ കുഞ്ഞുകുഞ്ഞു മുറിവുകളുണ്ടാക്കുകയും വാക്ക്വം ഉപയോഗിച്ച് രക്തം കപ്പുകളിലൂടെ വലിച്ചെടുക്കുന്നു. അതാണ് കപ്പിംഗ് ചികില്‍സ എന്ന് നാമകരണം ചെയ്യാനുള്ള കാരണം.  

ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ഹിജാമ ചെയ്യലാണ് ഉത്തമം. ചാന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളില്‍ ആര് ഹിജാമ ചികില്‍സ ചെയ്തുവൊ, അത് അയാള്‍ക്ക് എല്ലാ രോഗത്തിനുള്ള ചികില്‍സയാണെന്ന് നബി (സ) വ്യക്തമാക്കീട്ടുണ്ട്. (സുനന് അബു ദാവുദ്  3861). പ്രവാചകചര്യ ആര്‍ പുനരുജ്ജീവിപ്പിച്ച്വൊ അവര്‍ക്ക് അല്ലാഹുവിൻ്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുണ്ടെന്ന പ്രവാചക വചനം ഹിജാമ ചെയ്യാന്‍ പ്രേരിപ്പിക്കേണ്ടതാണ്.

ജീവിത ശൈലി രോഗങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക്, ബദല്‍ ചികില്‍സാ രീതി എന്ന നിലയിലും ചികില്‍സയെക്കാള്‍ പ്രതിരോധമാണ് ഉത്തമമെന്ന നിലക്കും ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. അത് നമ്മുടെ ആരോഗ്യം പരിരക്ഷിക്കുന്നതില്‍ മഹത്തായ ചുവട്വെപ്പായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ രോഗങ്ങള്‍ക്ക് ഇന്ന് നിരവധി ചികില്‍സാ രീതികള്‍ ലഭ്യമാണ്. ഒരു രോഗത്തെ ബദല്‍ ചികില്‍സാ രീതിയിലൂടെ ഭേദപ്പെടുത്താന്‍ സാധിച്ചാല്‍, അതാണ് ഏറ്റവും ഉത്തമം.