നീന്തല്‍: ആരോഗ്യത്തിന് ഗുണകരമായ നൈപുണ്യം

നമ്മള്‍ പരിശീലിച്ചെടുക്കുന്ന നൈപുണ്യങ്ങള്‍ക്ക് പിന്നില്‍ കഠിന പരിശ്രമവും ത്യാഗമനോഭാവവുമുണ്ട്. അപ്പോഴാണ് ആ നൈപുണിയുടെ മാധുര്യം ആസ്വദിക്കാന്‍ കഴിയുക. അതൊന്നും ചുളുവില്‍ നേടുന്നതല്ല. എന്നാല്‍ മൃഗങ്ങള്‍ക്ക് അതിനുള്ള കഴിവുകള്‍ ദൈവം ജന്മനാ നല്‍കീട്ടുണ്ട്. അത്കൊണ്ടാണ് ജനിക്കുമ്പോള്‍ തന്നെ പശുകിടാവിന് നീന്താന്‍ കഴിയുന്നതും പറവകള്‍ക്ക് പറക്കാന്‍ കഴിയുന്നതും. മാത്രമല്ല മൃഗങ്ങള്‍ക്കുള്ള കഴിവുകള്‍ എപ്പോഴും ഒന്ന് തന്നെയാണ്. അതിന് പുരോഗതിയൊന്നും ഉണ്ടാവാറില്ല.
എന്നാല്‍ മനുഷ്യന്‍ അനുദിനം പുതിയ അറിവുകളും കഴിവുകളും പഠിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തില്‍ നമ്മുടെ കുട്ടികളെ അനിവാര്യമായി പരിശീലിപ്പിക്കേണ്ട കായികാഭ്യാസമാണ് നീന്തല്‍. പഴയകാലത്ത് കുട്ടികള്‍ പരസ്പര സഹായത്തോടെ നിന്തല്‍ പഠിച്ചിരുന്നു. കാലത്തിൻ്റെ പ്രയാണത്തില്‍ പലതിനും മാറ്റം സംഭവിച്ചത് പോലെ, നീന്തല്‍ പരിശീലനം ഇല്ലാതായത് ഗതകാല അനുഭവം. അതിൻ്റെ ഫലമാകട്ടെ മുങ്ങിമരണം നിത്യസംഭവമായി.
നമ്മുടെ പിഞ്ചുമക്കള്‍ കുളങ്ങളിലും പുഴകളിലും തണ്ണീര്‍കെട്ടുകളിലും വീണ് അകാല മരണമടയുന്നത് പതിവ് കാഴ്ചയാണ്. നീന്തല്‍ അറിയാത്തതിൻ്റെ പേരില്‍ മുതിര്‍ന്നവര്‍ പോലും മുങ്ങിമരിക്കുന്നു എന്നതാണ് ഏറെ ഖേദകരം. ദൗര്‍ഭാഗ്യകാരമായ ഈ അവസ്ഥില്‍ നിന്ന് നമ്മുടെ ഭാവിതലമുറയെ രക്ഷിക്കാന്‍ പിഞ്ചുനാളില്‍ തന്നെ അവരെ നീന്തല്‍ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.
അബ്ദുല്ലഹ് ബിന്‍ ഉമര്‍ (റ) നിവേദനം: നബി (സ) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിന്തലും അമ്പൈയ്തും കുതിര സവാരിയും അഭ്യസിപ്പിക്കുക. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ നല്‍കിയ ഈ മാര്‍ഗ്ഗനിര്‍ദ്ദേശത്തിൻ്റെ പ്രാധാന്യം നമുക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല. പലപ്പോഴും അപകടങ്ങള്‍ സംഭവിച്ചതിന് ശേഷമാണ് നീന്താന്‍ പഠിക്കുന്നതിനെ കുറിച്ച് ബോധവനാവുക. അഞ്ചൊ ആറൊ മണിക്കുറിനുള്ളില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്ന നീന്തല്‍, നീട്ടിവെക്കുമ്പോള്‍ സംഭവിക്കുന്നത് വിടരാനിരിക്കുന്ന പൈതലിൻ്റെ ജീവനാണ് പൊലിയുന്നത്. ടൈറ്റാന്‍ കപ്പല്‍ മുങ്ങുമ്പോഴല്ലല്ളൊ നീന്തല്‍ പരിശീലനം തുടങ്ങേണ്ടത്.
ശരീരത്തിനുള്ള ഉത്തമ വ്യായാമാണത്. പല രോഗങ്ങളുടെയും കാരണം രക്തസഞ്ചാരമില്ലായ്മയാണ്. പുറംവേദന, സന്ധി വേദന, പിരടി വേദന എന്നിവക്കെല്ലാം ഫലപ്രദമാണ് നീന്തല്‍. ശരീരത്തിലെ രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. കൂടാതെ ധാരാളം ഓക്സിജന്‍ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് ശരീരത്തിന് ആശ്വാസവും മാനിസിക പിരിമുറുക്കങ്ങള്‍ ലഘുകരിക്കാനും നിമിത്തമാവുന്നു. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും തലവേദന, നടുവേദന, ചര്‍മ്മ സംരക്ഷണം തുടങ്ങിയവക്കും നീന്തല്‍ ഫലപ്രദമായ ചികില്‍സയാണ്.
സര്‍വീസ് സ്റ്റേഷനില്‍ വാഹനം സര്‍വീസ് ചെയ്ത പ്രതീതിയുണ്ടല്ളൊ? അത്പോലെയാണ് നീന്തല്‍ നമ്മുടെ ശരീരത്തിന് നല്‍കുന്ന അനുഭൂതി. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിശാംഷങ്ങളെ ഇല്ലാതാക്കുന്ന വ്യായാമമാണ് നീന്തല്‍. പേശി ബലം വര്‍ധിപ്പിക്കുകയും ശരീരത്തിലെ ഊഷ്മാവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സര്‍വ്വോപരി അത് ജീവന്‍ രക്ഷാകവചമാണ്. വെള്ളത്തില്‍ മുങ്ങിമരിക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള ശരീരത്തില്‍ സ്വയം നിര്‍മ്മിത ലൈഫ് ജാകറ്റാണ് നീന്തല്‍. വളരെ പഴക്കമുള്ള നൈപുണി എന്ന നിലയിലും നീന്തല്‍ പരിശീലനം ജീവിത വിജയത്തിന് അനിവാര്യമാണ്.
അതിജീവനത്തിന് കരുത്ത് പകരുന്ന സുപ്രധാന കായികാഭ്യാസമെന്ന നിലയില്‍ പെണ്‍കുട്ടികളെയും നീന്തലഭ്യാസം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ആത്മവിശ്വാസവും നേതൃപാഠവവും വര്‍ധിപ്പിക്കുന്ന കായികാഭ്യാസമാണത്. ഉമ്മയുടെ പ്രേരണക്ക് വഴങ്ങി ചന്ദ്രിഗിരിപുഴയുടെ തീരത്ത് ജേഷ്ടന്‍ മുഹമ്മദലിയാണ് ആദ്യമായി നീന്തല്‍ പരിശീലിപ്പിച്ചത്. നല്ല സഹകാരണവും മാനസിക ഐക്യവും ഞങ്ങള്‍ക്കിടയില്‍ ഇതിലൂടെ രൂപപ്പെട്ടു. പിന്നീട് പഠനകാലത്ത് ശാന്തപുരത്തെ കാഞ്ഞിരപ്പള്ളി കുളത്തിലും മലപ്പുറത്തിൻ്റെ താഴ്വാരത്തിലൂടെ മനോഹരമായി ഒഴുകുന്ന കടലുണ്ടിപുഴയോരത്തും ചേന്ദമംഗല്ലുരിനെ തലോടിപോവുന്ന ഇരുവഞ്ചിപുഴയിലും ജിദ്ദയിലെ ചെങ്കടല്‍ തീരത്തും ജോര്‍ദാനിലെ ചാവ് കടലിലുമെല്ലാം നീന്തിയപ്പോള്‍ സര്‍വ്വശക്തനായ നാഥനോടും ഉമ്മയോടും ജ്യേഷ്ടനോടുള്ള കടപ്പാടുകള്‍ എന്നും ഓര്‍മ്മയില്‍ ഓളം സൃഷ്ടിക്കുന്നു.