വിഷാദ രോഗമേ വിട

ശാരീരികവും മാനസികവും ആത്മീയവുമായ അനേകം രോഗങ്ങള്‍ നമ്മില്‍ പലരേയൂം അക്രമിച്ചുകൊണ്ടിരിക്കുന്നു. അത്തരം നമ്മെ അലട്ടികൊണ്ടിരിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് മനസ്സുമായി ബന്ധപ്പെട്ട വിഷാദ രോഗം. ഇന്ന് ഈ രോഗം പലരേയും പിടികൂടുന്നതിനാല്‍, കഴിഞ്ഞ രണ്ട് ദശാബ്ദമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ പത്ത് മാനസികാരോഗ്യ ദിനമായി ആഗോള സമൂഹം ആചരിച്ച് വരുകയാണ്.
പ്രതിവര്‍ഷം പത്ത് ലക്ഷം പേര്‍ വിഷാദ രോഗത്തിലുടെ ആത്മഹത്യ ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പല്‍ സമൃദ്ധമായ അമേരിക്കയിലെ ഏറ്റവും സാധാരണരോഗമാണ് വിഷാദം. ഇന്ത്യയിലും വിശിഷ്യ കേരളത്തിലും വിഷാദ രോഗികളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ച് വരുന്നു. വിഷാദ രോഗങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ കണ്ടത്തെി തുടക്കത്തില്‍ തന്നെ ചികില്‍സിച്ചില്ളെങ്കില്‍ മാരകമായ മാനസിക വൈകല്യമുള്ള സമൂഹമായി കേരളം മാറാന്‍ അധിക കാലവിളംബം ആവശ്യമില്ല.
മനുഷ്യ ശരീരത്തിലെ അദൃശ്യമായ ഘടകമാണ് മനസ്സ്. പലതരം അവസ്ഥകളെ ഒന്നിച്ച് ആവാഹിക്കാന്‍ കഴിയുന്ന അല്‍ഭുത പ്രതിഭാസമാണത്. സന്തോഷവും സന്താപവും ആനന്ദവും വിഷാദവും എല്ലാം അനുഭവിക്കാന്‍ കഴിയുന്ന ഒരു പ്രതലമാണതെന്ന് പറയാം. മനസ്സിനെ പിടികൂന്ന രോഗമാണ് വിഷാദം. വിഷാദത്തിന്‍െറ വേരുകളില്‍ നിന്നും പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍ അനേകം. ഉറക്കില്ലായ്മ,ഹൃദയ-ഉദര സംബന്ധമായ രോഗങ്ങള്‍, രക്ത സമ്മര്‍ദ്ദം,അമിതമായ ഉല്‍കണഠ, കുടുംബ കലഹം, ഏകാന്തനായിരിക്കല്‍,തലവേദന തുടങ്ങിയ രോഗങ്ങളുടെ വേരുകള്‍ പരിശോധിച്ചാല്‍ അത് വിഷാദ രോഗത്തിലായിരിക്കും ചെന്നത്തെുക.
മൂന്ന്തരം വിഷാദ രോഗങ്ങള്‍
വിഷാദ രോഗത്തിന്റെ കാഠിന്യമനുസരിച്ച് അവയെ ലഘുവായത്, മിതമായത്, ഗുരുതരമായത് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ലഘുവായ വിഷാദ രോഗത്തില്‍ നിന്ന് തുടങ്ങി മിതമായതിലൂടെ കടന്ന് പോയി ഗുരുതരമായ വിഷാദ രോഗത്തിലേക്കത്തെുമ്പോഴാണ് പലരും ഈ രോഗത്തെ കുറിച്ച് അറിയുക. അപ്പോഴേക്കും രോഗിയില്‍ ഗുരുതരമായ മറ്റ് പാര്‍ശ്വ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കും.
തുടര്‍ന്ന് നിരന്തരമായ ചികില്‍സകളുമായി രോഗിയും കുടുംബവും നെട്ടോട്ടത്തിലാണ്. രോഗത്തെ അതിൻ്റെ പ്രാരംഭത്തില്‍ തന്നെ അറിഞ്ഞിരുന്നുവെങ്കില്‍ ചെറിയൊരു കൗണ്‍സിലിംഗിലൂടെയൊ ലഘുവായ മരുന്നുകള്‍ നല്‍കിയൊ വിഷാദ രോഗത്തെ ഇല്ലാതാക്കാമായിരുന്നു. പലപ്പോഴും രോഗി തന്നെ ഈ രോഗത്തെ അംഗീകരിക്കുന്നില്ല എന്നതാണ് ആദ്യ ലക്ഷണം. അത്തരമൊരു രോഗമൊ? അത് തന്നെ പിടികൂടുകയൊ? അസംഭവ്യമെന്നാണ് അത്തരക്കാരുടെ വിചാരം.
പ്രത്യാഘാതങ്ങള്‍
വിഷാദ രോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഏറ്റവും ലഘുവായ വിഷാദ രോഗം തന്നെ താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരിക്കും. വിഷാദ രോഗം ജീവിതത്തിന്റെ ഏത് മേഖലയെയാണ് പിടികൂടുക എന്നറിയുകയില്ല. രോഗിക്ക് ഒന്നിനോടും ഉന്മേഷം ഇല്ലാതിരിക്കുകയാണ് വിഷാദത്തിന്റെ ആദ്യ ഘട്ടം. അതിന് ശേഷമാണ് മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ രോഗങ്ങള്‍ അയാളെ പിടികൂടുക. വിഷാദ രോഗത്തിന്റെ തീവ്രതക്കനുസരിച്ച് അയാളുടെ തൊഴില്‍ / കച്ചവടം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയേയും ബാധിക്കുന്നു. കുട്ടികളുടെ പഠനത്തേയും ഭാവി ജീവിതത്തേയും അത് സ്വാധീനിക്കുന്നു.
കാരണങ്ങള്‍
മനസ്സിനെ ബാധിക്കുന്ന വിഷാദ രോഗത്തിന്റെ കാരണം പലര്‍ക്കും ഭിന്നമായിരിക്കും. കുടുംബപരവും, തൊഴില്‍പരവും,വൈവാഹികവും,സാമൂഹികവുമായ അനേകം കാരണങ്ങള്‍ ഒരാളുടെ വിഷാദ രോഗത്തിന് നിമിത്തമായേക്കാം. സാമ്പത്തികമായ പരാതീനതകളും വൈയക്തികമായ കാരണങ്ങളും വിഷാദത്തിന് വഴിവെച്ചേക്കാം. ഏത് കാരണമാണ് രോഗത്തിന് നിമിത്തമെന്ന് അറിയുക രോഗി യാണ്. ചിലപ്പോള്‍ അതിനിസ്സാരമായ കാരണങ്ങള്‍ വരെ മനസ്സില്‍ വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ചേക്കാം.
ലക്ഷണങ്ങള്‍
മുഖം മനസ്സിന്റെ കണ്ണാടി എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുംവിധം, വിഷാദം അനുഭവിക്കുന്നവരുടെ മുഖഭാവത്തില്‍ നിന്ന് അതിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കാം. ജീവിതത്തോട് തികഞ്ഞ വിരക്തിയും മുഷിഞ്ഞ വസ്ത്രധാരണരീതിയൂം. മദ്യപാനം,പുകവലി,അമിതമായ കോഫി,ചായ ഉപയോഗം എന്നിവ ഇത്തരം ആളുകളുടെ ലക്ഷണങ്ങളാണ്. അടുക്കും ചിട്ടയുമില്ലാത്ത· ജീവിതവും പരിസരവുമാണ് മറ്റൊരു ലക്ഷണം. ക്ഷിപ്രകോപമാണ് അവരുടെ മറ്റൊരു സ്വഭാവം.
പരിഹാര മാര്‍ഗ്ഗങ്ങള്‍
നമ്മില്‍ പലരേയും പിടികൂടുന്ന വിഷാദ രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച ബോധവല്‍ക്കരണം അനിവാര്യമാണ്. സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്ന മനുഷ്യരെ വിഷാദ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതകള്‍ മുമ്പെന്നെത്തെക്കാളും വര്‍ധിച്ചിട്ടുണ്ട്. തുടക്കത്തില്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ ചികില്‍സിക്കാന്‍ എളുപ്പമാണ്.
ഭൂത കാലത്തിന്റെ കയ്പുറ്റ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിന് പകരം നല്ല ഓര്‍മ്മകള്‍ അയവിറക്കുകയും അത്തരത്തിലുള്ള ഫോട്ടോകളും വീഡിയൊ ചിത്രങ്ങളും കാണുകയും ചെയ്യുന്നത് മനസ്സിന് കുളിരണിയിക്കുന്ന അനുഭവമായിരിക്കും. നമുക്ക് ഇന്ന് ധാരാളം ഒഴിവ് സമയം ലഭിക്കുന്നുണ്ട്. ഈ ഒഴിവ് സമയം വായന,എഴുത്ത്,ജീവകാരുണ്യം പ്രവര്‍ത്തനങ്ങള്‍,കൃഷി,നീന്തല്‍ തുടങ്ങി താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി ചിലവഴിച്ചാല്‍ വിഷാദത്തോട് വിട പറയാം. പ്രശസ്തനായ ആംഗ്ളൊ ഇന്ത്യന്‍ സാഹിത്യകാരനനായ മുല്‍ക് രാജ് ആനന്ദ് വിഷാദ രോഗത്തെ മറികടന്നിരുന്നത് പ്രശസ്തമായ നോവലുകള്‍ രചിച്ച് കൊണ്ടായിരുന്നു.
സെക്കന്‍െററി തല പാഠ്യപദ്ധതിയില്‍ വിഷാദ രോഗത്തെ കുറിച്ച് കുട്ടികളെ ബോധവല്‍കരിക്കുന്നതും അത് സുഖപ്പെടാനുള്ള, യോഗ ഉള്‍പ്പടെയുള്ള ആയാസന മുറകള്‍ അഭ്യസിപ്പിക്കുന്നതും ഉത്തമാമണ്. മനസ്സിന്റെ ശക്തിയാണ് യഥാര്‍ത്ഥ ശക്തി എന്നും അതിനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ് ജീവിത വിജയം കുടികൊള്ളുന്നതെന്നും കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
സമയത്തിന്റെ ആസുത്രണം, കൃത്യമായ ലക്ഷ്യബോധം തുടങ്ങിയവയും വിഷാദ രോഗങ്ങളോട് വിട പറയാന്‍ സഹായിക്കും. വിഷാദ രോഗത്തിനുള്ള ഒറ്റമൂലി സ്നേഹ ചികില്‍സയാണ്. അവരെ സ്നേഹിക്കുകയും പരിലാളിക്കുകയും ചെയ്യുന്നത് രോഗം അലിഞ്ഞില്ലാതാക്കും. കുടുംബ സന്ദര്‍ശനത്തിലൂടെയും കൂട്ടുകാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെയും വിഷാദത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്രാപിക്കാം.
ഒറ്റപ്പെടാതിരിക്കുകയാണ് പ്രധാനം. ജീവിത സാഹചര്യങ്ങളെ പോസിറ്റിവായി മനസ്സിലാക്കി അവയെ ഉള്‍കൊള്ളുക. രക്ഷിതാക്കളോട് അരിശം കൊള്ളാറില്ലാത്തത് പോലെ, സഹധര്‍മ്മിണിയോടും അതേ നിലപാട് സ്വീകരിക്കുക. തനിക്ക് ദൈവം കനിഞ്ഞ് നല്‍കിയതാണിത്. കുട്ടികളുടെ കാര്യത്തിലായാലും തൊഴില്‍ മേഖലയിലെ സാഹചര്യങ്ങളോടും താദാത്മ്യപ്പെടുന്ന സമീപനം കൈകൊള്ളുക. ഇതെല്ലാം ചിന്തയെ മാറ്റാനും അങ്ങനെ വിഷാദത്തെ ഒരുപരിധിവരെ ഇല്ലാതാക്കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്.