ആകസ്മികമായ വിപത്തുകള്‍ നേരിടാനുള്ള വഴികള്‍

ആകസ്മികമായ വിപത്തുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. കലാപങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതി കെടുതികള്‍,വരള്‍ച്ച, വ്യക്തികള്‍ക്കുണ്ടാവുന്ന യാദൃശ്ചിക വിപത്തുകള്‍, വാഹന അപകടങ്ങള്‍ തുടങ്ങി എണ്ണമറ്റ ദുരന്തങ്ങള്‍ പെരുകുകയാണ്. അവയില്‍ ചിലത് മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചത് മൂലമുള്ള ദുരന്തങ്ങളാണ്. ചിലതാകട്ടെ, ഖുര്‍ആന്‍ വ്യക്തമാക്കിയത് പോലെ “നാം നിങ്ങളെ സുസ്ഥിതിയിലും ദുഃസ്ഥിതിയിലും അകപ്പെടുത്തി പരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു” (21:35).
മനസ്സിനെ നടുക്കിയ ഒരു ദുരന്തത്തിന്‍റെ ഓര്‍മ്മ പ്രമുഖ സൗദി പണ്ഡിതന്‍ പറഞ്ഞത് ഇങ്ങനെ: വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച നവമിഥുനങ്ങളുടെ നൊമ്പരപ്പെടുത്തുന്ന അനുഭവം. മധുവിധുവിന്‍റെ ആദ്യ ദിനരാത്രങ്ങള്‍. ആ ദിനങ്ങള്‍ ജീവിതത്തില്‍ നിന്നും ഒരിക്കലും അസ്തമിക്കരുതെന്ന് അവര്‍ ആഗ്രഹിച്ചിരിക്കും. അല്ലാഹുവിന്‍റെ വിധി മറ്റൊന്നായിരുന്നു. പെടുന്നനെ ആ തരുണിയുടെ അവയവങ്ങള്‍ ഓരോന്നായി ചലനമറ്റ്കൊണ്ടിരുന്നു. കരളും വൃക്കയും പ്രവര്‍ത്തന രഹിതമായി. തലച്ചോര്‍ പ്രതികരിക്കാതെയായി. അവസാനം ഹൃദയം നിലച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം അവളുടെ ശരീരം തണുത്തുറഞ്ഞു.
എത്ര പൊടുന്നനെയാണ് വിവാഹാഘോഷത്തിന്‍റെ മധുര ദിനങ്ങള്‍ അവസാനിച്ചത്! എന്തുമാത്രം വിരഹ വേദനയായിരിക്കും ആ നവദമ്പതികളും അവരുടെ ബന്ധുക്കളും അനുഭവിച്ചിട്ടുണ്ടാവുക! ചിലപ്പോള്‍ ഇതിനെക്കാള്‍ ഞെട്ടലുളവാക്കുന്ന ദുരിതങ്ങള്‍ പലര്‍ക്കും ഉണ്ടാവാം. ഇത്തരം ആകസ്മിക വിപത്തുക്കളെ നേരിടാന്‍ ഇസ്ലാം നമ്മെ പ്രാപ്തമാക്കുന്നു. സാധ്യമായ രൂപത്തില്‍ അത്തരം ദുരന്തങ്ങളെ തടയുന്നതോടൊപ്പം, മാനസികമായി അവയെ അഭിമുഖീകരിക്കാന്‍ വിശ്വാസി കരുത്തനാവേണ്ടതുണ്ട്.
വിധിവിശ്വാസം ശക്തമാക്കുക
ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള വഴി അല്ലാഹുവിന്‍റെ വിധിയില്‍ വിശ്വസിച്ച് സമാശ്വാസിക്കുകയാണ്. ജീവിതം പരീക്ഷണമാണ്. സൃഷ്ടാവ് എങ്ങനെ പരീക്ഷിക്കുമെന്ന് അറിയില്ല. അതിനാല്‍ സംഭവിക്കുന്നത് അല്ലാഹുവിന്‍റെ വിധിയാണെന്ന വിശ്വാസം മനസ്സിന് ആശ്വാസവും സമാധാനവും നല്‍കും. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതെ ഒന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ- 9:51
സംഭവിക്കുന്ന കാര്യങ്ങളെല്ലാം സൃഷ്ടിക്കുമ്പോള്‍ തന്നെ അല്ലാഹു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തീട്ടുണ്ട്. അതിനാല്‍ വല്ല വിപത്തും സംഭവിച്ചാല്‍, ഇത് അവന്‍റെ വിധിയെന്ന് സമാശ്വസിക്കുക. പ്രവാചകന്‍ പറഞ്ഞു: നബി (സ) പറഞ്ഞു: സത്യവിശ്വാസികളുടെ കാര്യം അല്‍ഭുതകരം തന്നെ. അവന്‍റെ കാര്യമെല്ലാം അവന് ഗുണകരമായിതീരുന്നു. ഇത് സത്യവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും ലഭ്യമല്ല. അവന്‍ സന്തോഷാവസ്ഥ പ്രാപിച്ചാല്‍ നന്ദികാണിക്കുന്നു. അങ്ങനെ അത് അവന് ഗുണകരമാവുന്നു. ഇനി ദുരിതാവസ്ഥ ബാധിച്ചാലോ അവന്‍ ക്ഷമ കൈകൊള്ളുന്നു. അതും അവന് ഗുണകരം തന്നെ.
പ്രാര്‍ത്ഥനയിലൂടെ നേരിടുക
എല്ലാ വിപത്തുകളേയും നേരിടാനുള്ള വജ്രായുധമാണ് പ്രാര്‍ഥന. വിധിയെ പോലും മാറ്റിമറിക്കാനുള്ള ശക്തി പ്രാര്‍ഥനക്കുണ്ടെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ നമ്മുടെ പ്രശ്നങ്ങള്‍ അറിയുകയും അതിന് പരിഹാരം കാണാന്‍ കഴിവുള്ളവനാണ് എന്ന വിശ്വാസം സാന്ത്വനം നല്‍കും. അതിന് അല്ലാഹുവിനോട് വിനയാന്വിതനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക.
പ്രാര്‍ഥനകള്‍ക്ക് ഒന്നുകില്‍ പെടുന്നനെ ഉത്തരം ലഭിച്ചേക്കാം. അല്ലെങ്കില്‍ ഉത്തരം ലഭിക്കുന്നത് പിന്തിക്കുകയൊ നല്‍കാതിരിക്കുകയൊ ചെയ്തേക്കാം. പക്ഷെ പരലോകത്ത് അതൊരു മഹത്തായ കര്‍മമായി പരിഗണിക്കുന്നതും പ്രതിഫലം നല്‍കുന്നതുമായിരിക്കും. വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ്ലാം പ്രത്യേകം പ്രാര്‍ഥനകള്‍ പഠിപ്പിച്ചിരിക്കുന്നത് വിപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ സഹായകമാണ്.
ദാനം ധര്‍മ്മം ചെയ്യുക
ദാനം ധര്‍മ്മം ചെയ്യുന്നത് വിപത്തുകളെ തടയുന്നതാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. ദാന ധര്‍മങ്ങളിലുടെ രോഗത്തെ ചികില്‍സിക്കാന്‍ നബി പറഞ്ഞു. രക്തം മുതല്‍ പുഞ്ചിരി വരെ എന്തും ദാനം ചെയ്യാം. തന്നില്‍ നിന്ന് വല്ല അപരാഥവും സംഭവിച്ചതിനാലാകാം വിപത്തുകള്‍ ഉണ്ടാവുന്നത്. വെള്ളം അഗ്നിയെ കെടുത്തുന്നത് പോലെ ദാനം ചെയ്യല്‍ അല്ലാഹുവിന്‍റെ കോപത്തെ തടയാനുള്ള മാര്‍ഗ്ഗമാണ്. വിപത്തുക്കള്‍ തടയാന്‍ ഇതിലൂടെ സാധിക്കും. അതിന് സാധിച്ചില്ലെങ്കിലും ഉദ്ദേശ്യ ശുദ്ധിക്കനുസരിച്ച് പരലോകത്ത് പ്രതിഫലം ലഭിക്കും.
കുടുംബ ബന്ധം ചാര്‍ത്തുക
മനുഷ്യബന്ധങ്ങള്‍ സൃഷ്ടിച്ചത് അല്ലാഹുവാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല. കുടുംബ ബന്ധത്തെ പവിത്രമായി സൂക്ഷിക്കുകയും അതിനെ ആദരിക്കുകയും ചെയ്യേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ഇന്ന് കുടുംബ ബന്ധങ്ങള്‍ ശിഥിലമായിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ചാര്‍ത്തുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പാത്രമാവാന്‍ നിമിത്തമായിത്തീരുകയും വിപത്തുകളില്‍ നിന്ന് രക്ഷനേടാനും സാധിക്കും. അനസ് (റ) ല്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ഉപജീവനമാര്‍ഗം വിശാലമായി കിട്ടാനും ദീര്‍ഘായുസ്സ് ലഭിക്കാനും ആരെങ്കിലും ആഗ്രഹിന്നുവെങ്കില്‍ അവന്‍ സ്വന്തം ബന്ധുക്കളുമായി നല്ലനിലയില്‍ വര്‍ത്തിക്കട്ടെ.
താഴോട്ട് നോക്കുക
തന്നെക്കാള്‍ കഷ്ടപ്പെടുന്നവരെ ശ്രദ്ധിക്കുന്നവര്‍ക്ക് ഏത് ദുരിതങ്ങളേയും ധീരമായി നേരിടാന്‍ സാധിക്കും. എത്ര ദുരിതമനുഭവിക്കുന്നവര്‍ക്കും അവനെക്കാള്‍ ദുരിതമനുഭവിക്കുന്നവരെ കാണാന്‍ കഴിയണം. പ്രവാചകന്‍ പറഞ്ഞു: “നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത്.” അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവനാകുക എന്നത് പ്രധാനമാണ്.
സല്‍കര്‍മ്മങ്ങളില്‍ മുഴുകുക
മനുഷ്യര്‍ അതിക്രമകാരികളാവുമ്പോഴാണ് അല്ലാഹുവിന്‍റെ ശിക്ഷയിറങ്ങുന്നതെന്ന് ചരിത്ര പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ സുകൃതം ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്. നന്മക്ക് നന്മയല്ലാതെ പ്രതിഫലമില്ല എന്ന ഖുര്‍ആന്‍ വചനം അന്വര്‍ത്ഥമാണ്. നന്മകള്‍ ചെയ്തിട്ടും വിപത്തുകള്‍ വന്നേക്കാം. അപ്പോഴും നിരാശപ്പെടരുത്. കാരണം ഏത് വിപത്തിനും കാലപരിധിയുണ്ട്. ആ കാലയളവിനുള്ളില്‍ ഒന്നുകില്‍ അത് അവസാനിച്ചിരിക്കും. അല്ലെങ്കില്‍ അതുമായി പൊരുത്തപ്പെട്ട് കഴിയാം സാധിച്ചേക്കും. അതുമല്ലെങ്കില്‍ ഈ ജീവിതം അവസാനിച്ചേക്കാം.
വിപത്തുക്കള്‍ അനുഗ്രഹമായി തീരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. അതിനുള്ള ഉദാഹരണമാണ് ഖുര്‍ആനിലെ സൂറത്ത് കഹ്ഫില്‍ (66…….82) വിവരിക്കുന്ന ഖിദ്റ് നബിയുടെ സംഭവങ്ങള്‍. മൂസ നബിയുമായുള്ള യാത്രയില്‍ ആരിലും ഭയം സൃഷ്ടിക്കുന്ന ചില കാര്യങ്ങള്‍ ഖിദ്ര്‍ നബി ചെയ്തുവല്ലോ? അതില്‍ ഒരു സംഭവം മാത്രം ഇവിടെ ഉദ്ധരിക്കാം. മൂസയും ഖിദ്റും ഒരു കപ്പലില്‍ സഞ്ചരിക്കാനിടയായപ്പോള്‍ ഖിദ്ര്‍ ആ കപ്പലിനെ ഓട്ടപ്പെടുത്തിക്കളഞ്ഞു. കാരണമന്വേഷിച്ച മൂസയോട് ഖിദ്റ് പറഞ്ഞു: അത് നദിയില്‍ അധ്വാനിച്ചു കഴിയുന്ന ചില പാവങ്ങളുടേതായിരുന്നു. അതിനെ ഒരു കേടായ കപ്പലാക്കണമെന്നു ഞാന്‍ തീരുമാനിച്ചു. എന്തുകൊണ്ടെന്നാല്‍, മുന്നില്‍ എല്ലാ കപ്പലുകളും ബലാല്‍ക്കാരം പിടിച്ചടെുക്കുന്ന ഒരു രാജാവിന്‍റെ പ്രദേശമുണ്ടായിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗമുണ്ടായിരുന്നില്ല.
സംഗ്രഹം
ഒരു നബി വചനം: വിപത്ത് സത്യവിശ്വാസിയെ പാപങ്ങളില്‍നിന്ന് ശുദ്ധീകരിച്ചുകൊണ്ടിരിക്കും. അങ്ങനെ അവന്‍ പരമശുദ്ധനായി പുറത്തുവരും. കപടവിശ്വാസിയാവട്ടെ, കഴുതയെപ്പോലെയാണ്. യജമാനന്‍, തന്നെ എന്തിന് കെട്ടിയിട്ടതെന്നും, എന്തിന് അഴിച്ചുവിട്ടെന്നും അതിനറിയില്ല.