മനസ്സിനെ പ്രചോദിപ്പിക്കാനുള്ള വഴികള്‍

നേതാക്കന്മാര്ക്കുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് തൻ്റെ കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുക എന്നത്. ഒരു കിലോ ഭാരമുള്ള ഇരുമ്പിനെ കാന്തവല്‍ക്കരിച്ചാല്‍ അതിന് പന്ത്രണ്ട് കിലൊ ഭാരം വഹിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു വ്യക്തിയെ പ്രചോദിപ്പിച്ചാല്‍, അയാളുടെ കര്മ്മവീര്യം അളക്കാന്‍ ഒരു മാപിനിക്കും കഴിയുന്നതല്ല. കാരണം പ്രചോദനത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജവും അതിൻ്റെ ഫലമായി അധികരിക്കുന്ന പ്രവര്‍ത്തനങ്ങളും എല്ലാ കണക്ക് കൂട്ടലുകള്‍ക്കും അതീതമായിരിക്കും.
ഇംഗ്ളീഷില്‍ പ്രചോദനത്തിന് ഉപയോഗിക്കുന്ന പദമാണ് മോട്ടിവേഷന്‍. മോട്ടിവ് + ആക്ഷന്‍ എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നാണ് ആ പദമുണ്ടായിരിക്കുന്നത്. പ്രചോദനത്തിലൂടെ പ്രവര്‍ത്തിക്കുക എന്നാണ് അത്കൊണ്ടുള്ള വിവിക്ഷ. കര്‍മ്മരംഗത്തേക്ക് കൊണ്ട്വരാനുള്ള നല്ല മാര്‍ഗ്ഗം പ്രചോദിപ്പിക്കല്‍ തന്നെയാണ്. അടികൊണ്ടൊ, സമ്മര്‍ദ്ദം കൊണ്ടൊ മറ്റ് ശിക്ഷാമുറകളിലൂടെയൊ മനുഷ്യനെ നിര്‍ബന്ധിക്കുന്നത് ഗുണത്തെക്കളേറെ ദോശമാണ് ഉണ്ടാവുക. കൂടെയുളളവരുടെ പ്രതിബദ്ധതയും സംതൃപ്തിയും പരസ്പരം ബന്ധപ്പെട്ട്കിടക്കുന്നതും പ്രചോദനത്തോട് തന്നെയാണ്.
പ്രചോദനത്തിലൂടെ എന്താണ് പ്രതീക്ഷിക്കുന്നത്? കൂടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ്. ലക്ഷ്യപ്രാപ്തി വേഗത്തില്‍ കൈവരിക്കുക, കൂടുതല്‍ ഉല്പാദിപ്പിക്കുകയും ഗുണമേന്മയും ഉണ്ടായിരിക്കുക തുടങ്ങിയവയൊക്കെയാണ് പ്രചോദനത്തിൻ്റെ പിന്നിലെ ചേതോവികാരം. പഠനത്തില്‍ താല്പര്യം കാണിക്കാന്‍ കുട്ടികളെ പല വിധേന പ്രചോദിപ്പിക്കുന്നത് പരിചയമുള്ള കാര്യമാണ്. ഒരു നേതാവെന്ന നിലയിലൊ, ഒരു സ്ഥാപനത്തിൻ്റെ മേധാവി എന്ന നിലയിലൊ കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ അഞ്ച് വഴികള്‍ ചുവടെ:
1. വൈകാരിക ഭാവം പ്രകടമാക്കുക
നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രവര്‍ത്തകരെയും ജോലിക്കാരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും അവര്‍ക്ക് പ്രത്യേകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് അവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാവാന്‍ സഹായകമാവും. അവരുടെ സന്തോഷത്തിലും ദു:ഖത്തിലും പങ്കാളിയാവുക.
2. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക
കൂടെയുള്ള ടീമിനെ പ്രചോദിപ്പിക്കാന്‍ ഉന്നത സ്ഥാനത്ത് നിന്നും ഇറങ്ങി വന്ന് അവരോടൊപ്പം ജീവിക്കുക. അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക. അവരുമായി അടുത്ത് ഇടപഴുകുക. മടിയില്ലാതെ അവരുമായി സംഭാഷണത്തിലേര്‍പ്പെടുക. അവരുടെ കാര്യങ്ങളില്‍ സഹകരണം ഉറപ്പ്വരുത്തുക.
3. ശക്തമായ ലക്ഷ്യം നിര്‍ണ്ണയിച്ച് കൊടുക്കുക
തന്നോടൊപ്പമുള്ളവരെ പ്രചോദിപ്പിക്കാന്‍ അവര്‍ക്ക് കൃത്യമായ ലക്ഷ്യം നിര്‍ണ്ണയിച്ച് കൊടുക്കേണ്ടത് അനിവാര്യമാണ്. ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണത്തോടെയായിരിക്കണം അത്തരം ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടത്. ആകാശത്ത് നിന്ന് നൂലില്‍കെട്ടി താഴെ ഇറക്കുന്നത് പോലെയാവരുത് അത്. ഗ്രൂപ്പിൻ്റെ പ്രവര്‍ത്തനം വ്യാപിക്കുന്ന തരത്തിലുളള ലക്ഷ്യമായിരിക്കണം അത്.
4. സംഘടനയെ കുറിച്ച കൃത്യമായ ചിത്രം ഉണ്ടാവുക
ഇന്ന് മുതല്‍ അടുത്ത മൂന്ന് വര്‍ഷം കഴിയുമ്പോള്‍ സംഘടന അല്ളെങ്കില്‍ സ്ഥാപനം എത്തിച്ചേരുന്ന വികസനത്തെ കുറിച്ച് വ്യക്തമായ ചിത്രം രൂപപ്പെടുത്താന്‍ നേതാവിന് സാധിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു മുന്നോട്ട് പോവുന്നത് കൂടെയുള്ളവരെ പ്രചോദിപ്പിക്കും.
5. ആശയവിനിമയം വര്‍ധിപ്പിക്കുക
കൂടെയുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും, അവരെ പ്രചോദിപ്പിക്കാനും അവരുമായി ആശയവിനിമയത്തില്‍ ഏര്‍പ്പെടുക. അവരില്‍ നിന്നും ഫീഡ്ബാക് കിട്ടുന്നതിന് ഒരു മെകാനിസം സ്ഥാപിക്കുക. നിങ്ങളുടെ ആശയസംവേദനത്തോടുള്ള അവരുടെ പ്രതികരണം അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് അവരെ ഉല്സാഹഭരിതമാക്കുന്നതാണ്.
എല്ലാവരും നേതാക്കന്മാരും തൻ്റെ നീതരെ കുറിച്ച് ഉത്തരവാദികളുമാണ് എന്ന പ്രവാചക വചനം, ഒരോരുത്തരുടേയും നേതൃത്വ ഉത്തരവാദിത്വത്തെയാണ് വ്യക്തമാക്കൂന്നത്. ആ നിലയില്‍ നമ്മില്‍ എല്ലാവര്ക്കും ഉണ്ടാവേണ്ട ഉത്തമ ഗുണമാണ് പ്രചോദിപ്പിക്കാന്‍ കഴിയുക എന്നത്. മുകളില്‍ പറഞ്ഞ പ്രചോദിപ്പിക്കാനുള്ള അഞ്ച് വഴികള്‍ സ്വീകരിക്കുന്നത് പ്രയോജനപ്രദമാണ്.