എന്ത്കൊണ്ട് പരീക്ഷണങ്ങള്‍ നേരിടുന്നു?

എന്ത്കൊണ്ട് പരീക്ഷണങ്ങള്‍ നേരിടുന്നു?
  • സെപ്റ്റംബർ 21, 2023
  • ഇബ്റാഹീം ശംനാട്

മനുഷ്യരായ നാം പലവിധം പരീക്ഷണങ്ങള്‍ തരണം ചെയ്ത്കൊണ്ടാണല്ലോ മുന്നോട്ട് പോവുന്നത്. ജീവിതത്തോട് തന്നെ പലപ്പോഴും വിരക്തി തോന്നിപ്പിക്കും വിധം നിരവധി പരീക്ഷണങ്ങളാണ് നേരിടേണ്ടി വരുന്നത്. ഉന്നത വിജയത്തിന്‍റെ സോപാനത്തില്‍ വിഹരിക്കുന്നവരാണ് എന്ന് നാം കരുതുന്നവര്‍ പോലും ദൈവികമായ പരീക്ഷണങ്ങളില്‍ നിന്നും മുക്തരല്ല. ഒരുപക്ഷെ പരീക്ഷണങ്ങളുടെ രൂപ ഭാവത്തില്‍ വിത്യാസം ഉണ്ടാവാം എന്ന് മാത്രം. ഉള്ളവന് ഉള്ളത് കൊണ്ട് പരീക്ഷണം. ഇല്ലാത്തവന് ഇല്ലാത്തത് കൊണ്ടും. എന്ത്കൊണ്ടാണ് പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നത് എന്നതിനുള്ള ചില ആലോചനകളാണ് ചുവടെ:

1. നല്ലതാര് തിയ്യതാര് എന്ന് തിരിച്ചറിയാനുള്ള ദൈവികമായ ഉരക്കല്ലാണ് പരീക്ഷണങ്ങള്‍. (മുല്‍ക്:2) മറ്റൊരു സ്ഥലത്ത് ഇതേ ആശയം ഇങ്ങനെ കാണാം. സത്യവിശ്വാസികളെ അവര്‍ ഇന്നുള്ള അവസ്ഥയില്‍ നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല; നല്ലതില്‍നിന്ന് തിയ്യിനെ വേര്‍തിരിച്ചടെുക്കാതെ. (3:179). പരീക്ഷണങ്ങളില്ളെങ്കില്‍ നല്ലവരും തിയ്യവരും തിരിച്ചറിയാന്‍ കഴിയില്ല. സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ സമര്‍തഥരായവരെ കണ്ടത്തെുന്നതും പരീക്ഷയിലൂടെ തന്നെ.

2. ഇസ്ലാമിക ശരീഅത്തിന്‍റെ പ്രയോഗവല്‍കരണത്തിനും അധികാര ലബ്ധിക്കും ശാക്തീകരണത്തിനും അനിവാര്യമാണ് പരീക്ഷണങ്ങള്‍. കടുത്ത പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്ത ഇബ്റാഹീം നബിയെ ലോക നേതൃത്വത്തിലേക്ക് ഉയര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു. ഇസ്ലാമിക ശരീഅത് നടപ്പാക്കാനുള്ള സൗഭാഗ്യം ആരുടെ കരങ്ങളില്‍ ഏല്‍പിക്കാന്‍ പറ്റും എന്ന് തീരുമാനിക്കാനാവാം അല്ലാഹു നമ്മെ പരീക്ഷിക്കുന്നത്. സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷമല്ലാതെ ആ ദൗത്യ നിര്‍വ്വഹണം അല്ലാഹു ഒരാളെ ചുമതലപ്പെടുത്തുകയില്ല.

മഹാനായ ഇമാം ശാഫിയിയോട് ഒരാള്‍ ചോദിച്ചു: ഒരാള്‍ക്ക് അധികാരം ലഭിക്കുന്നതാണോ നല്ലത് അല്ല പരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നതൊ?
ഇമാം ശാഫി: പരീക്ഷിക്കപ്പെടുന്നത് വരെ അധികാരം ലഭിക്കുകയില്ല. പ്രവാചകന്മാരായ നൂഹ്,ഇബ്രാഹീം,മുസ,ഈസാ,മുഹമ്മദ് തുടങ്ങി എല്ലാവരേയും അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. അവരെല്ലാം ക്ഷമിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് അധികാരം നല്‍കി.

3. ഇസ്ലാമിക സമൂഹത്തെ കപട വിശ്വാസികളില്‍ നിന്നും കള്ളവാദികളില്‍ നിന്നും സംസ്കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും വേണ്ടി അല്ലാഹു നമ്മെ പരീക്ഷിച്ചേക്കും. ഭദ്രമായ ഈമാനികാടിത്തറയുള്ള ഇസ്ലാമിക വ്യക്തിത്വങ്ങള്‍ക്കല്ലാതെ അതിനെ അതിജീവിക്കുക സാധ്യമല്ല. കപട വിശ്വാസികളും കള്ളവാദികളും പരീക്ഷണത്തിന്‍റെ മരുച്ചൂടില്‍ പരാജയപ്പെട്ടുപോവും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണ വിധേയരാവുകയില്ളെന്നും ജനങ്ങള്‍ ധരിച്ച്വെച്ചിരിക്കുകയാണൊ? എന്നാല്‍ അവര്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ സകല ജനങ്ങളേയും നാം പരീക്ഷിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്. അധ്യായം അന്‍കബൂത് 29:2-3

4. സ്വര്‍ണ്ണത്തിലെ കീടം നീക്കം ചെയ്യുന്നതിനും തിളക്കം വര്‍ധിക്കാനും അതിനെ തീയിലിട്ട് സ്ഫുടം ചെയ്തെടുക്കാറുണ്ടല്ളൊ? അത്പോലെ മനുഷ്യരിലെ കീടത്തെ നീക്കി കളയാനും സ്ഫുടം ചെയ്തെടുക്കാനും അല്ലാഹു പരീക്ഷണ വിധേയമാക്കുമെന്നാണ് മേല്‍ ചൊന്ന ഖുര്‍ആന്‍ വാക്യങ്ങളുടെ സാരാംശം.

5. ദേഹേഛക്ക് അടിമപ്പെടുന്നതാണ് മനുഷ്യ പ്രകൃതി. ഭൗതിലോകത്തിന്‍റെ പിത്തലാട്ടങ്ങളില്‍ പ്രലോഭിതനാവുന്നുണ്ടൊ? പൈശാചിക പ്രേരണക്ക് വശംവദനാവുന്നുണ്ടൊ? തുടങ്ങിയ ചാപല്യങ്ങളെ അതിജീവിക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ടൊ എന്ന് പരീശോധിക്കാനും അല്ലാഹുവിന്‍റെ നടപടിക്രമം എന്ന നിലവക്കും അവന്‍ നമ്മെ പരീക്ഷിച്ചേക്കാം.

6. നാം പരീക്ഷിക്കപ്പെടാനുള്ള മറ്റൊരു കാരണം പാപമോചനം നല്‍കുന്നതിന്ന് വേണ്ടിയാവാം. ഒരു സത്യവിശാസി പരീക്ഷണത്തിന് വിധേയമാക്കപ്പെടുകയും അപ്പോള്‍ അയാള്‍ ക്ഷമിക്കുകയും ചെയ്താല്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നു. ഒരു മുസ്ലിമനെ വിപത്ത് ബാധിക്കുകയൊ മുള്ള് തറക്കുകയൊ ചെയ്താല്‍ അതിലൂടെ മരത്തില്‍ നിന്ന് ഇലകള്‍ പൊഴിയുന്നത് പോലെ അവന്‍റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കാതിരിക്കുകയില്ല.

ചുരുക്കത്തില്‍ ഭൂമിയിലെ മനുഷ്യ ജീവിതം ദുശ്കരമാക്കാനും അവനെ ശിക്ഷിക്കാനും വേണ്ടിയുള്ള ദൈവത്തിന്‍റെ ചാട്ടവാറല്ല നാം നേരിടുന്ന പരിക്ഷണങ്ങള്‍. അവന്‍റെ അവസ്ഥകള്‍ അറിയാനുള്ള ഒരു ടെസ്സ്റ്റ് ഡോസ്. ക്ഷമിക്കുന്നവനാണൊ നിരാശപ്പടുന്നവനാണൊ എന്ന് തിരിച്ചറിയാനുള്ള പരീക്ഷണമാണ് അത്. ഇന്നല്ലങ്കില്‍ നാളെ നമുക്ക് തന്നെ ഗുണം ചെയ്യുന്ന ബുംറാംഗയി തിരിച്ചുവരുകയാണ് ഓരോ പരീക്ഷണങ്ങളും. ഇങ്ങനെ സോദ്ദേശപൂര്‍വ്വമായ നിരവധി ലക്ഷ്യങ്ങളോടെയാണ് നാം പരീക്ഷിക്കപ്പെടുന്നത്.