ജീവിത പങ്കാളികള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ജീവിതം നിലനിര്‍ത്തുന്ന രണ്ട് അടിസ്ഥാന ഘടകങ്ങളാണ് ഭാര്യയും ഭര്‍ത്താവും. അവരില്ലെങ്കിൽ കുടുംബമില്ല. കുടുംബമില്ലെങ്കില്‍ സമൂഹമില്ല. പിന്നെ സംഭവിക്കുക അരാജകത്വമാണ്. ആ രൂപത്തിലാണ് നമ്മുടെ ജീവിതം ക്രമീകരിച്ചിരിക്കുന്നത്. ഭാര്യ ഭര്‍ത്താവിന് സഹധര്‍മ്മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആയാല്‍ മാത്രമെ ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. നിങ്ങള്‍ ഭാര്യമാരുമായി നല്ല നിലയില്‍ ജീവിക്കുക എന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. നബി (സ) പറഞ്ഞു: “സ്വന്തം സഹധര്‍മ്മിണിയോട് ഉത്തമനായവനാണ് നിങ്ങളില്‍ ഉത്തമന്‍.”
പല കാരണങ്ങളാല്‍ കുടുംബ ജീവിതം തകര്‍ച്ചയിലൊ അതിലേക്കുള്ള വഴിയിലൊ ആണ്. ഭര്‍ത്താവ് ഭാര്യക്കും തിരിച്ചും അശാന്തി സൃഷ്ടിക്കുന്നവരാകരുത്. അത് കുടുംബ വഴക്കിന് കാരണമാവുകയും, വളരുന്ന കുട്ടികളില്‍ അതിൻ്റെ പ്രതിഫലനങ്ങള്‍ പ്രകടമാവുകയും ചെയ്യും. അല്ലാഹുവിൻ്റെ തീരുമാന പ്രകാരമാണ് കുടുംബ ബന്ധം രൂപപ്പെട്ടിട്ടുള്ളതെന്നും അതിനെ സൂക്ഷിക്കേണ്ടത് ബാധ്യതയാണെന്നും ഭാര്യയും ഭര്‍ത്താവും തിരിച്ചറിഞ്ഞാല്‍ പല പ്രശ്നങ്ങളും തീരുന്നതേയുള്ളൂ. അതിന് ഇരുപേര്‍ക്കും, വിശിഷ്യ ഭര്‍ത്താവിന്, സഹായകമായ പത്ത് കാര്യങ്ങള്‍ ചുവടെ:
1. സംസാരം തന്നെ പ്രധാനം
നമ്മെ മറ്റൊരാളിക്കേ് ആഘര്‍ഷിക്കുന്ന പ്രധാന ഘടകമാണ് സംസാരം. സംസാരത്തിൻ്റെ കാര്യത്തില്‍ സ്ത്രീകള്‍ പുരഷന്മാരെക്കാള്‍ മുന്‍പന്തിയിലാണന്ന് പറയേണ്ടതില്ല. പലപ്പോഴും പുരുഷ മേധാവിത്വത്തിൻ്റെ ഫലമായി സ്ത്രീകള്‍ക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കാറില്ല. റേഡിയൊ തുറന്ന് വെച്ചപോലെ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കലാവാതെ സഹധര്‍മ്മിണിക്ക് കൂടി പറയാനുള്ളത് കേള്‍ക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് നല്ല സംസാരത്തിൻ്റെ തുടക്കം. വൈകുന്നേരത്തെ നമസ്കാര ശേഷം പ്രവാചകന്‍ മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റിവെച്ച് സ്വന്തം പത്നിമാരുടെ അടുത്ത് പോവുകയും അവര്‍ പറയുന്നത് സശ്രദ്ധം കേള്‍ക്കുകയും ചെയ്യുമായിരുന്നു.
2. സുഗന്ധദ്രവ്യം ഉപയോഗിക്കുക
ജീവിത പങ്കാളികള്‍ സുഗന്ധമുപയോഗിക്കുന്നത് നല്ലതാണ്. പല ചടങ്ങുകളിലേക്ക് പോകുമ്പോഴും നാം അത് ഉപയോഗിക്കാറുണ്ട്. ഭാര്യ നല്ല വസ്ത്രമണിഞ്ഞും വെടിപ്പിലുമായിരിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് പോലെ, ഭര്‍ത്താവും വൃത്തിയുള്ള വസ്ത്രവും സുഗന്ധ ദ്രവ്യവും ഉപയോഗിക്കണമെന്ന് ഭാര്യയും ആഗ്രഹിക്കുക സ്വാഭാവികമാണ്. ഇത് കുടുംബത്തില്‍ സ്നേഹ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായകമാവും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ നബി (സ) സുഗന്ധദ്രവ്യം ഉപയോഗിക്കുകയും ദന്തശുദ്ധീകരണം വരുത്തുകയും ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തീട്ടുണ്ട്. പുകവലിയുടെയും മറ്റും ദുര്‍ഗന്ധമായി സമീപ്പിക്കരുത്.
3. ഇഷ്ട പേരില്‍ വിളിക്കുക
ഭാര്യയുമായി ബന്ധം ഊഷ്മളമാവാന്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല പേര്കൊണ്ട് വിളിക്കുക. നബി (സ) തന്‍െറ സഹധര്‍മ്മിണിമാര്‍ക്ക് ഇരട്ടപ്പേര് നല്‍കിയിരുന്നു. ഭാര്യക്ക് ഇഷ്ടപ്പെട്ട പേര് കൊണ്ട് അവളെ നിങ്ങള്‍ വിളിച്ച് നോക്കു. അത് അവളില്‍ പഴയകാല ഓര്‍മ്മകളുടെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ജീവിത പങ്കാളിയെ അവര്‍ ഇഷ്ടപ്പെടാത്ത പേരുകള്‍ വിളിക്കാതിരിക്കുക. യാ! ആയിഷ എന്ന ഓമനത്തം തുളുമ്പുന്ന പേര്കൊണ്ടായിരുന്നു നബി തിരുമേനി ആയിഷയെ വിളിച്ചിരുന്നതെന്ന് പല ഹദീസുകളില്‍ നിന്നും വ്യക്തമാണ്.
4. കണ്ണിലെ കരടായി കാണാതിരിക്കുക
ജീവിത പങ്കാളികളെ കണ്ണിലെ കരടായി കാണാതിരിക്കുക. അവരുടെ പോരായ്മകള്‍ ഓര്‍ക്കുന്നതിന് പകരം അവര്‍ ചെയ്ത നല്ല കാര്യങ്ങളിലൂടെ പരസ്പരം ഓര്‍ക്കുന്നത് ബന്ധം ഊഷ്മളമാവാന്‍ സഹായിക്കുന്നതാണ്. അല്ലാഹുവിൻ്റെ നിശ്ചയ പ്രകാരമുള്ള ബന്ധമാണിത് എന്ന പരിഗണനയോടെ കാര്യങ്ങള്‍ കാണുക. ഇരുപേരും ചെയ്യുന്ന നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുക. ആര്‍ത്തവം,ഗര്‍ഭധാരണ,ശിശുപരിപാലനം,വൃദ്ധ പരിപാലനം,രോഗശുശ്രൂഷ തുടങ്ങി ജന്മനാ തന്നെ ധരാളം ത്യാഗം സഹിക്കാന്‍ വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്ന ഒരു സഹതാപ ബോധം ഭര്‍ത്താക്കന്മാരില്‍ ഉണ്ടാവേണ്ടതുണ്ട്.
5. പുഞ്ചിരിയും ആലിംഗനവും
പരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും ആലിംഗനം ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. സ്നേഹം പ്രകടിപ്പിക്കുന്നതിൻ്റെ ബാഹ്യരീതികളാണ് ഇത് രണ്ടും. ജീവിത പങ്കാളികള്‍ തമ്മില്‍ സ്പര്‍ഷനം, പുഞ്ചിരി, ആലിംഗനം ഇതെല്ലാം ഏത് വെറുപ്പിനേയും തണുപ്പിക്കുന്ന ശമനൗഷദമാണ്. വൃതമനുഷ്ടിക്കുന്നവര്‍ക്ക് പോലും ഇതെല്ലാം അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ കാണാം. ഇതിലൂടെ ഇണയെ സന്തോഷിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമല്ല, മാനസിക സംഘര്‍ഷത്തില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കുകയും ചെയ്യും.
6. നന്ദി പ്രകടിപ്പിക്കുക
നിസ്സാര കാര്യങ്ങള്‍ക്ക് പോലും നന്ദി പറയുന്ന നല്ല ഒരു സംസ്കാരം ഇന്ന് നമുക്കിടയില്‍ വ്യാപകമാണ്. എന്നാല്‍ സ്വന്തം സഹധര്‍മ്മിണിയോട് നന്ദി പ്രകടിപ്പിക്കുന്നതില്‍ എന്തൊ ജാള്യതയുള്ളപോലെ. ഇത് മനസ്സിൻ്റെ ഒരു ദൗർബല്യമാണ്. സ്വന്തം വീടകങ്ങളിലേക്ക് വന്നണയുമ്പോള്‍ ഭര്‍ത്താവിനെ സ്വീകരിക്കന്നത് എണ്ണിയാല്‍ തീരാത്ത അനേകം ജോലികള്‍ – ഗര്‍ഭധാരണം, ഭക്ഷണം പാചകം ചെയ്യല്‍, വിളമ്പി തരല്‍, വീട് വൃത്തിയാക്കല്‍ – ചെയ്യുന്ന ജീവിത പങ്കാളിയോട് നന്ദി പ്രകടിപ്പിക്കുന്നതില്‍ ഒരു വൈമനസ്യവും ഉണ്ടാവേണ്ടതില്ല.
7. ആവശ്യം പൂര്‍ത്തീകരിക്കുക
ഭര്‍ത്താവിൻ്റെ പല കാര്യങ്ങളും സ്വമേധയാ പൂര്‍ത്തീകരിച്ച് തരുന്നവരാണ് അവരുടെ സഹധര്‍മ്മിണമാര്‍. അത്പോലെ അവരുടെ ആവശ്യങ്ങളെന്താണെന്ന് മനസ്സിലാക്കുകയും അത് പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്താല്‍ ഭാര്യമാര്‍ സന്തോഷവതികളാവുമെന്ന് പറയേണ്ടതില്ല. മനുഷ്യര്‍ എന്ന നിലയില്‍ പലര്‍ക്കും പല ആവിശ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് എന്താണെന്ന് ചോദിച്ചറിഞ്ഞ് പൂര്‍ത്തീകരിച്ച് കൊടുക്കുന്നത്, തന്നെ പരിഗണിക്കുന്നതിന് തുല്യമാണെന്നായിരിക്കും അവള്‍ വിചാരിക്കുക. അവളുടെ ആഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കുക. കടല മിഠായി, മാങ്ങ അച്ചാറ് ഇതൊക്കെയായിരിക്കും ഒരുപക്ഷെ അവര്‍ ആവശ്യപ്പെടുക.
8. കൂടിയാലോചിക്കുക
ജീവിത പങ്കാളികള്‍ കുടുംബ കാര്യങ്ങള്‍ കൂടിയാലോചിക്കുന്നത് നല്ല സംസ്കാരത്തിൻ്റെ ഭാഗമാണ്. അതിലൂടെ നല്ല തീരുമാനത്തിലത്തൊന്‍ കഴിയുമെന്ന് മാത്രമല്ല, അവര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യും. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കന്നത് പോരായ്മയല്ല. മറിച്ചു അത് തന്നെ തൻ്റെ ഭര്‍ത്താവ് തന്നെ പരിഗണിക്കുന്നു എന്ന ബോധം അവളില്‍ സംജാതമാവാന്‍ സഹായകമാണ്. കുടുംബ യോഗങ്ങള്‍ ഇതിനുള്ള ഒരു വേദിയാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
9.നന്ദി പ്രതീക്ഷിക്കാതിരിക്കുക
ജീവിത പങ്കാളികള്‍ പരസ്പരം നന്ദി പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് പ്രതീക്ഷിച്ചിരിക്കുന്നത് നിരാശപ്പെടുത്തിയേക്കാം. ഇരു കൂട്ടര്‍ക്കും ആക്ഷേപിക്കാനുള്ള ഒരു വഴിയായിത്തീര്‍ന്നേക്കാം അത്. എന്തെല്ലാം ചെയ്തുകൊടുത്തിട്ടും ഒരു നന്ദി ഇല്ലാത്ത വര്‍ഗമെന്നും ഇരുകൂട്ടര്‍ക്കും ആക്ഷേപിക്കാന്‍ ഇടവരരുത്. അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് താന്‍ ഇതെല്ലാം ചെയ്ത് കൊടുക്കുന്നതെന്ന ഉത്തമ വിചാരത്തോടെ കാര്യങ്ങള്‍ ചെയ്യുക. അല്ലാഹുവിൻ്റെ തീരുമാന പ്രകാരം ഉണ്ടായ ഒരു വൈവാഹിക ബന്ധം. ഞാന്‍ ഇതെല്ലാം ചെയ്യേണ്ടത് എൻ്റെ ബാധ്യത എന്ന ബോധമാണ് ഉണ്ടാവേണ്ടത്.
10. കോപം നിയന്ത്രിക്കുക
കോപം മനുഷ്യ പ്രകൃതിയുടെ ഭാഗമാണല്ലോ? നമ്മുടെ അനവസരത്തിലുള്ള ഒരു വാക്ക് മതി കാര്യങ്ങളെ തകിടം മറിക്കാന്‍. അത് പരസ്പര കോപത്തിലേക്കും വിദ്വേഷത്തിലേക്കും നയിച്ചേക്കാം. അതിനെ നിയന്ത്രിക്കുക. ഭാര്യയോട് ദേഷ്യം വന്നാല്‍ വീട്ടില്‍ നിന്ന് അല്‍പ നേരത്തേക്ക് ഇറങ്ങിപോവുന്നത് അന്തരീക്ഷം ശാന്തമാവാന്‍ സഹായിക്കും. കുടുംബജീവിതം രമ്യമായി നീങ്ങാനുള്ള തന്ത്രത്തിന്‍െറ ഭാഗമായി ജീവിത പങ്കാളിയില്‍ നിന്നുണ്ടാവുന്ന നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുകയാണ് ഉചിതം. നബി (സ) തൻ്റെ ഭാര്യമാരില്‍ നിന്നും എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കലായിരുന്നു പതിവ്.