നരക ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

നരക ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍
  • മെയ്‌ 14, 2023
  • ഇബ്റാഹീം ശംനാട്

സൂര്യപ്രകാശം പോലെ യാഥാര്‍ത്ഥ്യമാണ് നമ്മുടെ മരണവും മരണാനന്തര ജീവിതവും. ജനനം, ശൈശവം,യൗവ്വനം,വാര്‍ധക്യം എന്നീ ജീവിത ഘട്ടങ്ങള്‍ പിന്നിട്ടൊ അല്ലാതെയൊ ആണ് നാം മരണത്തെ അഭിമുഖീകരിക്കുന്നത്.  മരണത്തില്‍ നിന്ന് ബര്‍സഖീ ജീവിതം. അവിടെ നിന്ന് നമ്മുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. അതിനു ശേഷം വിചാരണയും നമ്മുടെ കര്‍മ്മങ്ങളും വാക്കുകളും സ്വാഭവങ്ങളും വിലയിരുത്തപ്പെടലും. അതിൻ്റെ അടിസ്ഥാനത്തില്‍ പ്രതിഫലമായി സ്വര്‍ഗ്ഗമൊ നരകമൊ ലഭിക്കുന്നു. അതിനാല്‍ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുകയും നരഗത്തില്‍ നിന്ന് മോചിപ്പക്കുകയും ചെയ്യുന്ന സല്‍കര്‍മ്മങ്ങളെ കുറിച്ച് അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്.

ആരാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇങ്ങനെ: പുണ്യവന്മാര്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും. കുറ്റവാളികള്‍ ആളിക്കത്തുന്ന നരകത്തീയിലും. 82:13,14 നരഗത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവര്‍ വിജയിച്ചു എന്നും വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നു. നരഗ മോചത്തിനുള്ള പ്രവാചകന്‍ പഠിപ്പിച്ച പത്ത് കാര്യങ്ങളാണ് ചുവടെ.

1. ഏറ്റവും  പ്രഥമ ഗണനീയം ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ തന്നെ. അല്‍പം ത്യാഗ മനസ്ഥിതി ഇല്ലാതെ ഈ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കുക സാധ്യമല്ല. നബി (സ) പറഞ്ഞു: സൂര്യോദയത്തിന് മുമ്പും അസ്തമയത്തിനും മുമ്പായി നമസ്കരിച്ച ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല. ഫജ്റ്-അസര്‍ നമസ്കാരങ്ങള്‍ ആണ് ഇത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2. സംഘടിത നമസ്കാരത്തില്‍ ജാഗ്രത പാലിക്കുക. നബി (സ) പറഞ്ഞു: “ഒരാള്‍ നാല്‍പത് ദിവസം ഒന്നാം തക്ബീറത്തുല്‍ ഇഹ്റാം മുതല്‍ ജമാഅത്തായി നമസ്കരിച്ചു. അയള്‍ക്ക് രണ്ട് പുണ്യം രേഖപ്പെടുത്തിക്കഴിഞ്ഞു. നരകാഗ്നിയില്‍ നിന്നുള്ള മോചനവും കാപട്യത്തില്‍ നിന്നുള്ള മോചനവുമത്രെ അത്.”  നാല്‍പത് ദിവസം ഒരു കാര്യം പതിവായി ചെയ്താല്‍ അത് നമ്മുടെ ജീവിതചര്യയുടെ ഭാഗമായിത്തീരുമെന്ന് ആധുനിക മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നു.

3. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് ദാനം ചെയ്യല്‍. അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അതിലുള്‍പ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം ലഭിക്കാതെ ആരുമില്ല. അത് സമ്പത്തൊ അറിവൊ ആരോഗ്യമൊ എന്തുമാവാം. പ്രവാചകന്‍ പറഞ്ഞു: ഒരു കാരക്ക ചീള് കൊണ്ട് നരക വിമുക്തി കൈവരിക്കാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കുന്നുവൊ, അദ്ദേഹം അങ്ങനെ ചെയ്യട്ടെ’’.

ശരീരത്തില്‍ എത്ര അസ്ഥികളുണ്ടോ അത്രയും ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. തങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിവില്ല എന്ന് ദരിദ്രരായ തിരുമേനിയുടെ അനുചരന്മാര്‍ പരാതിപ്പെട്ടപ്പോള്‍,  ഒരു പുഞ്ചിരി. ഒരു പുണ്യ കര്‍മ്മം. ഒരു സഹായ ഹസ്തം. എല്ലാം ദാനധര്‍മ്മങ്ങളാണെന്ന് നബി വിശദീകരിച്ചു.

4. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് ദുഹറ് നമസ്കാരത്തിലെ സുന്നത്ത്. അവിടുന്ന് പറഞ്ഞു: ’’നാല് റക്അത് ദുഹ്റ് നമസ്കാരത്തിന് മുമ്പും ശേഷവും പതിവായി നമസ്കരിച്ചാല്‍ അല്ലാഹു അവനെ നരഗത്തില്‍ നിന്ന് തടയും’’.

5. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ട് കണ്ണീര്‍ വാര്‍ക്കുക. നബി (സ) പറഞ്ഞു: മൃഗങ്ങളില്‍ നിന്ന് കറന്നെടുത്ത പാല് അതിൻ്റെ അകിടിലേക്ക് മടങ്ങാത്തത് പോലെ അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന ഒരാളേയും നരകം സ്പര്‍ഷിക്കുകയില്ല. അതുപോലെ അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തിലെ പൊടിപടലങ്ങളും നരകത്തിലെ പുകയും യോജിക്കുകയില്ല.

6. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് സല്‍സ്വഭാവം. ഹാക്കിം ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. പ്രവാചകന്‍ പറഞ്ഞു: ആര്‍ മൃദുലനാവുകയും സൗമ്യനാവുകയും അടുത്ത് പെരുമാറുകയും ചെയ്തുവൊ, അല്ലാഹു അവനെ നരകത്തില്‍ നിന്ന് സംരക്ഷിക്കുന്നതാണ്’.

7. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് അടിമമോചനം. സാമ്പത്തികമായ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കാന്‍ മുന്നോട്ട് വരുന്ന ധാരാളം സുമനസ്സുകളെ ഗള്‍ഫ് നാടുകളില്‍ കാണാം. യുദ്ധതടവുകാരായ അടിമകള്‍ മാത്രമല്ല ഇതിലുള്‍പ്പെടുക.  നബി (സ) പറഞ്ഞു: സത്യവിശ്വാസിനിയായ ഒരു അടിമയെ ആര്‍ മോചിപ്പിക്കുന്നുവൊ അയാള്‍ക്കുള്ള പ്രതിഫലം നരകത്തില്‍ നിന്നുള്ള വിമുക്തിയത്രെ.

8. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് വൃതാനുഷ്ടാനം. നബി (സ) പറഞ്ഞു: ‘വൃതം ഒരു പരിചയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു കോട്ടയുമാണത്’.

9. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തില്‍ കാവലിരിക്കല്‍. അവിടുന്ന് പറഞ്ഞു: ‘രണ്ട് കണ്ണുകളെ നരകം സ്പര്‍ശിക്കുന്നതല്ല. അല്ലാഹുവിനെ ഭയപ്പെട്ട് കണ്ണീര്‍വാര്‍ത്ത കണ്ണും അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തില്‍ ഉറക്കമൊഴിച്ച് കാവലിരിക്കുന്ന കണ്ണും നരകം സ്പര്‍ഷിക്കുന്നതല്ല’.

10. നരഗ മുക്തിക്കുള്ള മറ്റൊരു വഴിയാണ് ഐഛികമായ നോമ്പ്്.  നബി (സ) പറഞ്ഞു: ’അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തില്‍ വൃതമനുഷ്ടിച്ച അടിമ. ആ ദിനത്തിൻ്റെ ശ്രേഷ്ടതകൊണ്ട് എഴുപത് സംവത്സരക്കാലം അല്ലാഹു അവനെ നരകത്തില്‍ നിന്ന് അകറ്റുന്നതാകുന്നു’.