പിതാവിൻ്റെ പാവന സ്മരണക്ക് മുന്നില്‍ ഒരു നിമിഷം!

നമ്മളില്‍ പലരും അറിഞ്ഞൊ അറിയാതെയൊ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത, അല്ളെങ്കില്‍ ആഴത്തില്‍ ഗഹിക്കാത്ത കാര്യമാണ് സ്വന്തം കുടുംബ ചരിത്രം. ഒരു വ്യക്തിയുടെ ആദ്യ ചരിത്രമായിത്തീരേണ്ടത് അയാളുടെ ചരിത്രവും അയാള്‍ വളര്‍ന്ന്വന്ന കുടുംബത്തിൻ്റെ ചരിത്രവുമാണ്. ആ വേരുകളില്‍ നിന്ന് ഊര്‍ജ്ജം ശേഖരിച്ചും അവരുടെ തണലിലുമാണ് നമ്മള്‍ വളര്‍ന്നത്. അവരില്ലായിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാന്‍ കഴിയുന്നില്ല. പക്ഷെ എന്നിട്ടും അവരുടെ ചരിത്രം അറിയാന്‍ നാം ശ്രമിക്കാറില്ല. അവരുടെ പ്രപിതാമഹന്മാരുടെ പേരുകള്‍ ഓര്‍മ്മിക്കാറില്ല.
എന്നാല്‍ അറബികളില്‍ പലര്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവരുടെ കുടുംബ വേരുകളെ കുറിച്ച് അറിയാം. ഒറ്റ ശ്വാസത്തില്‍ അവര്‍ ആറ് തലമുറകളുടെ എങ്കിലും പാരമ്പര്യവും ചരിത്രവും ഓര്‍ത്ത് എടുത്ത് പറയുന്നത് വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. കാരണം കുടുംബത്തിന് അത്രയേറെ പ്രാധാന്യമാണുള്ളത്. ഒരു മഹാ വൃക്ഷത്തിന് തല ഉയര്‍ത്തിപിടച്ച് നില്‍ക്കാന്‍ പ്രാപ്തമാക്കുന്നത് അതിൻ്റെ വേരുകളാണ്. അത്പോലെയാണ് സ്വന്തം കുടുംബം.
പിതാവ് ചെംനാട് ചേക്കരംകോട് സ്വദേശി സി.എച്ച്. അബ്ദുല്ല എന്ന പുള്ളി ഹാജി. മാതാവ് മൊഗ്രാല്‍ പുത്തൂര്‍ വൈദ്യര്‍ കുടുംബാംഗം ബി.എം. ഖദീജബി. രക്ഷിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചുപോയ, പ്രയാസകരമായ ജീവിതം നയിക്കേണ്ടി വന്ന രണ്ട് അനാഥകളായിരുന്നു ഉമ്മയും ഉപ്പയും. അവരുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ ഏഴ് സന്താനങ്ങളില്‍ മൂന്നാമനാണ് ഈയുള്ളവന്‍. മൂത്ത സഹോദരി അസ്മാബി നേരത്തെ അല്ലാഹുവിലേക്ക് യാത്രയായി. ജ്യേഷ്ടന്‍ മുഹമ്മദലി, അനുജന്മാരായ അബ്ദുസലാം, അബ്ദുറഹിമാന്‍, അബ്ദുറഹീം, സഹോദരി ഫാതിമ എന്നിവരാണ് മറ്റുള്ളവര്‍.
അല്‍പം ഫ്ളാഷ്ബാക്ക്
ഉമ്മമ എന്ന് ഞങ്ങള്‍ ആദരപൂര്‍വ്വം വിളിച്ചിരുന്ന സഹോദരി അസ്മാബിക്ക്, എന്നെക്കാള്‍ അഞ്ച് വയസ്സ് കൂടുതല്‍. അപാരമായ വായനയും ക്രാന്തദര്‍ശിയും സ്നേഹവതിയുമായിരുന്നു അവര്‍. ബടക്കംമ്പാത്ത് പെണ്‍കുട്ടികളുടെ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നേയും കൈപിടിച്ച്കൊണ്ട്പോവുമായിരുന്നു. അന്നത്തെ സമ്പ്രദായ പ്രകാരം യു.പി.സ്കൂള്‍ പഠനം പൂര്‍ത്തിയായതോടെ അവരുടെ വിവാഹവും നടന്നു. കൊവ്വല്‍ അബ്ദുറഷീദായിരുന്നു വരന്‍. സീന, നജ്മു, റമീസ എന്നീ മുന്ന് പെണ്‍കുഞ്ഞുള്‍ക്ക് ജന്മം നല്‍കി അവര്‍ രണ്ട് പേരും അകാലത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി.
രോഗതുരമായിരിക്കെ, ഉപ്പയും ഉമ്മയും അളിയനും ഇച്ചയും ഉമ്മൂമാക്ക് സാധ്യമായ എല്ലാ ചികില്‍സകളും നല്‍കി. കുട്ടി ഇക്കാക്കയുടെ സേവനം എടുത്തുപറയതക്കതായിരുന്നു. മണിപ്പാലിലും കോഴിക്കോട്ടേക്കും മാറിമാറി ചികില്‍സിക്കാന്‍ കൊണ്ട്പോവുമ്പോള്‍, ഉമ്മയോടൊപ്പം പലപ്പോഴും കൂടെയുണ്ടായിരുന്നത് അദ്ദേഹമായിരുന്നു. അന്ന് അവര്‍ക്ക് രക്തദാനം നല്‍കിയ അന്തച്ച, ഷാഫിച്ച ഇച്ചിച്ച ഇവരെ എല്ലാം ഉമ്മ ഇടക്കിടെ ഓര്‍ക്കും. ആ സംഭവങ്ങള്‍ അയവിറര്‍ക്കുമ്പോഴെല്ലാം ഉമ്മയുടെ കണ്ണുകള്‍ നനയും. കേള്‍ക്കുന്നവരുടേയും. കുടുംബത്തിലെ എല്ലാവരേയും വൈകാരികമായി ഏറെ ദു:ഖത്തിലാഴ്തിയ സംഭവമായിരുന്നു അവരുടെ മരണം.
കുവൈത്തിലേക്ക്
1960 ല്‍ മോമ്പെയില്‍ നിന്ന് ലോഞ്ചില്‍ സാഹസികമായിട്ടായിരുന്നു അക്കാലത്ത് പിതാവ് ഉള്‍പ്പടെയുള്ളവര്‍ കുവൈത്തിലേക്ക് പുറപ്പെട്ടിരന്നത്. ശീതീകരണ യന്ത്രമില്ലാത്ത, മരൂഭൂമിയില്‍ അത്യൂഷ്ണത്തില്‍ ജോലി ചെയ്തിരുന്ന കാര്യം ഉപ്പ പറയുമായിരുന്നു. പിന്നീട് കുവൈത്തിലെ അഹ്മദിക്കടുത്തുള്ള മഖ്വ എന്ന് അറിയപ്പെട്ടിരുന്ന മരുപ്രദേശത്ത് ബഖാല തുടങ്ങിയതോടെയാണ് സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചത്. അല്ലാഹു ആയിരമായിരം സ്തുതി.
വലിയ സ്നേഹമായിരുന്നു ഉപ്പാക്ക് ഞങ്ങളോട് ഉണ്ടായിരുന്നത്. കുവൈത്തില്‍ നിന്ന് വന്നാല്‍ കൈപിടിച്ച് കാസര്‍കോഡ് ടൗണിലേക്ക് കൊണ്ട്പോവുകയും ആവശ്യമായതൊക്കെ വാങ്ങിച്ച്തരുകയും ചെയ്യുമായിരുന്നു. കുവൈത്തില്‍ നിന്ന് കൊണ്ട്വന്നിരുന്ന ചുവന്ന അംമ്പര്‍ അത്തറിൻ്റെ പരിമളം മനസ്സിലുണ്ട്. കാസര്‍കോട് നഗരത്തിലെ അഞ്ചോളം കടകളുമായിട്ടായിരുന്നു ഉപ്പാക്ക് ബന്ധമുണ്ടായിരുന്നത്. രണ്ട് പലചരക്ക് കടകളും ഒരു മലഞ്ചരക്ക് കടയും ഒരു തുണിഷോപ്പും ഒരു ചെരിപ്പ് കടയും. അവരെല്ലാം ഉപ്പായുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.
നാട്ടിലത്തെിയാല്‍ വെളള തുണിയും ഫുള്‍കൈ ഷര്‍ട്ടുമായിരുന്നു ഉപ്പയുടെ വസ്ത്രം. വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ സി.ടി.എച്ചിൻ്റെയൊ സി.ടി.അഹ്മദലിച്ചാൻ്റെയൊ കടയില്‍ നിന്നായിരുന്നു വാങ്ങിയിരുന്നത്. ചെരുപ്പ് സി.ടി.അല്ലീന്‍ച്ചാൻ്റെ കടയില്‍ നിന്നും അളവെടുത്ത് നിര്‍മ്മിക്കുകയായിരുന്നു പതിവ്. ഉപ്പ ഇടാറുള്ള തുകല്‍ ചെരുപ്പാണ് വാങ്ങി തന്നിരുന്നത്. ഞങ്ങള്‍ക്കുള്ള വസ്ത്രം മാര്‍ക്കറ്റ് റോഡിലുള്ള ഒൗക്കര്‍ച്ചാൻ്റെ കടയില്‍ നിന്നും തയ്പിച്ചിരുന്നത്.
വായനയില്‍ മുഴുകിയ ജീവിതം
ഇസ്ലാമിക വിജ്ഞാനങ്ങളോട് അതിയായ താല്‍പര്യമായിരുന്നു ഉപ്പാക്ക്. ഖുര്‍ആനും ഹദീസും കൂടാതെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ദീര്‍ഘനേരം വായിക്കുമായിരുന്നു. ഇക്കാര്യത്തില്‍ ഉപ്പാക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു പണ്ഡിതനും വാഗ്മിയുമായിരുന്ന മര്‍ഹും ഇസ്സുദ്ദീന്‍ മൗലവി. ചെംനാട് മണല്‍ പ്രദേശത്തെ വീടിന് സമീപം റഹ്മത് മസ്ജിദിന് തറക്കല്ലിട്ടത് ഇസ്സുദ്ദീന്‍ മൗലവിയായിരുന്നു.
അറബി ഭാഷ വശമുണ്ടായിരുന്ന പിതാവ് അറബി പുസ്തകങ്ങളും ഖുര്‍ആന്‍ പരിഭാഷയുള്‍പ്പടെയുള്ള മലയാള പുസ്തകങ്ങളും വായിക്കുക പതിവായിരുന്നു. ജിദ്ദയില്‍ നിന്നും ചില അറബി പുസ്തകങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. മര്‍ഹൂം ഹസനുല്‍ ബന്നയുടെ പ്രാര്‍ത്ഥനകളും ദികുറുകളും ഉര്‍കൊള്ളുന്ന ‘മഉസൂറാത്ത്’ എന്ന കൃതി ഉപ്പ സദാ പാരായണം ചെയ്യുമായിരുന്നു.
മൗലവിയുടെ ഉപദേശ പ്രകാരം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ പഠിക്കാന്‍ ചേര്‍ത്തത്, ജീവിതത്തിലെ സൗഭാഗ്യമായിരുന്നു. പിന്നീട് ഇസ്ലാമിക കലാലയങ്ങളില്‍ പഠിക്കാന്‍ കുടുംബാംഗങ്ങളില്‍ പലര്‍ക്കും സൗകര്യം ലഭിച്ചു. ശാന്തപുരത്ത് പഠിച്ച്കൊണ്ടിരിക്കുമ്പോള്‍, ഉപ്പ കുവൈത്തില്‍ നിന്ന് പോസ്റ്റല്‍ വഴി അയക്കുന്ന കത്തിലെ കവറിനുള്ളില്‍ രണ്ട് നൂറ് രൂപനോട്ടുകളില്ലാത്തവ അപൂര്‍വ്വം.
പട്ടിക്കാട് പോസ്റ്റ ഓഫീസിലെ പോസ്റ്റ്മാന്‍ നാരയണന്‍ ക്ളാസ്റൂമില്‍ മണിഓര്‍ഡര്‍ കൊണ്ട്വന്ന് ഒപ്പിട്ട് പണം കൈപറ്റുന്ന രംഗം മനസ്സില്‍ സന്തോഷപ്പെരുമഴ വര്‍ഷിപ്പിച്ചു. അമൂല്യമായ ചിന്തകളുടേയും ഉപദേശങ്ങളുടേയും നിധിശേഖരമായിരുന്നു പിതാവ് അയച്ചിരുന്ന കത്തുകള്‍. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച ഉദ്ബോധനപ്രധാനമായ കത്തുകള്‍. പിതാവിനെ കുറിച്ച ഓര്‍മ്മ വരുമ്പോഴൊക്കെ അന്ന് ആ കത്തുകള്‍ നിവര്‍ത്തി വീണ്ടും വായിച്ചിരുന്നു.
സുറത്തുല്‍ അസര്‍
ഖുര്‍ആനിലെ ചെറുതെങ്കിലും സുപ്രധാനമായ 103 മത്തെ അധ്യായമാണ് സുറത്ത് അസര്‍. കാലം എന്നാണ് ആ പദത്തിൻ്റെ അര്‍ത്ഥം. ഒരു മനുഷ്യന്‍ വിജയിക്കാന്‍ ആവശ്യമായ നാല് കാര്യങ്ങള്‍ അടങ്ങിയതാണ് ഈ സൂറത്തിൻ്റെ ഉള്ളടക്കം. വിശ്വാസം, സല്‍കര്‍മ്മം, സത്യം കൊണ്ടു ഉപദേശിക്കല്‍, ക്ഷമ കൊണ്ട് ഉപദേശിക്കല്‍ എന്നിവയാണ് ആ നാല് കാര്യങ്ങള്‍. മനുഷ്യ സമൂഹത്തിൻ്റെ ഈ ഒരൊറ്റ സൂറത്തായിരുന്നു അല്ലാഹു അവതരിപ്പിച്ചിരുന്നതെങ്കില്‍, അത് മതിയാവുമെന്ന് ഇമാം ശാഫി ഈ സൂറത്തിനെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉപ്പ അയച്ചിരുന്ന മിക്ക കത്തുകളിലും ഈ സൂറത്ത് മുന്‍നിര്‍ത്തി ഉപദേശിക്കുമായിരുന്നു.
ഉപ്പ സ്വന്തമായി നിര്‍മ്മിച്ച പള്ളിയില്‍ മഗരിബ് നമസ്കാരത്തിന് ഇമാമായി നില്‍ക്കേണ്ടി വന്നാല്‍ പതിവായി ഓതിയിരുന്ന രണ്ട് ആയതുകള്‍ ഉണ്ട്. സൂറത്ത് തൗബയിലെ 128, 129 എന്നീ അവസാന ആയത്തുകളായിരുന്നു അത്. പതിവായി അദ്ദേഹം ദിക്ര്‍ ചൊല്ലാന്‍ ഉപയോഗിച്ചിരുന്നത് ശഹീദ് ഹസനുല്‍ ബന്നയുടെ ‘മഉസൂറാത്ത്’ എന്ന ദിക്റിൻ്റെ പുസ്തകമായിരുന്നു.
ഹജ്ജ് നിര്‍വ്വഹണം
ഉപ്പ മൂന്ന് പ്രവാശ്യം ഹജ്ജ് ചെയ്തിട്ടുണ്ടെന്നാണ് അറിവ്. അതില്‍ ഒരു പ്രാവിശ്യം കുവൈത്തിലുണ്ടായിരിക്കെ, ഉപ്പയും ഉമ്മയും ഒന്നിച്ച് ഹജ്്ജ് ചെയ്തു. പിന്നീട് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തുടങ്ങിയതതോടെ ആദ്യം ഉപ്പയും സുഹൃത്തായ മാട്ടില്‍ അബ്ദുല്ലച്ചയും ഒന്നിച്ചും പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉപ്പയും ഉമ്മയും വീണ്ടും ഹജ്ജ് ചെയ്യുകയുണ്ടായി. ഈ രണ്ട് ഹജ്ജ് കര്‍മ്മങ്ങളും നിര്‍വ്വഹിക്കുമ്പോള്‍ ജിദ്ദയില്‍ ജോലി ചെയ്യുകയായിരുന്നു.
ഉപ്പയും ഉമ്മയും ഹജ്ജിന് വന്ന വര്‍ഷം, ഹജ്ജിന് പോവാന്‍ എനിക്കും അനുമതി ലഭിച്ചു. മിനയിലും അറഫയിലും മുസ്ദലിഫയിലും അവരോടൊപ്പം ഹജ്ജ് കര്‍മ്മങ്ങളില്‍ ഭാഗഭാക്കാവാനും ഒന്നിച്ച് ജംറയില്‍ കല്ളെറിയാനും സാധിച്ചു. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിലേക്ക് കടക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താല്‍ ടെന്‍്റെിന് അകത്തേക്ക് കടക്കാന്‍ സാധിച്ചിരുന്നു.
1978 ല്‍ ഇസ്സുദ്ദീന്‍ മൗലവിയുടെ വിയോഗത്തിന് ശേഷം ഏറെക്കുറെ ആ വിടവ് നികത്തിയത് കാസര്‍കോട് കണ്ണാടിപള്ളിയിലെ ഖത്തീബും പ്രശസ്ത പണ്ഡിതനുമായിരുന്ന അബ്ദുല്‍ഹകീം മൗലവിയായിരുന്നു. അദ്ദേഹത്തിൻ്റെ ഉപദേശപ്രകാരം മസ്ജിദ് റഹ്മതിന് സമീപമായി പിതാവ് ഖുര്‍ആന്‍ മന:പ്പഠനകേന്ദ്രം സ്ഥാപിച്ചു. അതിൻ്റെ ഭാഗമായി മൂന്ന് നിലകളിലായി നിരവധി ക്ളാസ് റൂമുകളും ആഡിറ്റോറിയവും ഹോസ്റ്റലും കാന്‍്റീനും ഉള്‍പ്പെടുന്ന വിദ്യഭ്യാസ സമൂച്ചയം നിര്‍മ്മിക്കുകയും ചെയ്തു.
പലിശയെ കുറിച്ച ലഘുലേഖ
പരിശുദ്ധ ദീനുല്‍ ഇസ്ലാമിനോടുള്ള അങ്ങേയറ്റത്തെ കൂറും കടപ്പാടും കാരണമായി ഉപ്പാക്ക് പലിശയോടും ബാങ്കിനോടും വല്ലാത്ത വെറുപ്പായിരുന്നു. ബാങ്കില്‍ നിന്ന് ലഭിക്കു പലിശ എന്ത് ചെയ്യണമെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ലഘുലേഖ തയ്യാറാക്കാന്‍ കഴിയുമൊ എന്ന് എന്നോട് ചോദിച്ചു. ആനുകാലികങ്ങളില്‍ എഴുതിയ ചെറിയ പരിചയം മുമ്പില്‍വെച്ച് ആ ദൗത്യം ഏറ്റെടുത്തു.
ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന പ്രശസ്ത പണ്ഡിതനായിരുന്ന മൗലവി അബൂസലാഹിനോട് ഈ വിഷയം ക്ളാസില്‍ ചോദ്യമായി ഉന്നയിച്ചു. വിദ്യാര്‍ത്ഥികളുടെ ഏത് ചോദ്യവും ഏറെ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. ഡോ.യുസുഫ് ഖര്‍ദാവിയെ ഉദ്ധരിച്ച് അദ്ദേഹം അത് മൂന്ന് രൂപത്തില്‍ മറുപടി നല്‍കി എന്നാണ് ഓര്‍മ്മ.
1. ജനങ്ങളുടെ പണം നിക്ഷേപമായി ശേഖരിച്ചാണ് ബാങ്ക് പലിശക്ക് കടംകൊടുക്കുന്നത്. അത് പൊതുജനങ്ങളുടെ ആവശ്യത്തിന് തന്നെ ചിലവഴിക്കുന്നതാണ് ഉത്തമം. ഉദാഹരണമായി, റോഡ്, പൊതുകിണര്‍ തുടങ്ങിയവക്ക് ചിലവഴിക്കല്‍.
2. പാവപ്പെട്ടവരാണല്ളൊ പലപ്പോഴും പലിശയുടെ ബലിയാടുകള്‍. പലിശയായി ലഭിക്കുന്ന പണം അവരുടെ പലിശ കടംവീട്ടാന്‍ ഉപയോഗപ്പെടുത്താം.
3. പലിശയായി ലഭിക്കുന്ന അധിക പണം ബാങ്കിന് തിരിച്ചുകൊടുക്കുക. പക്ഷെ ഇതിലൂടെ ബാങ്ക് തഴച്ചുവളരുകയാണെന്നതിനാല്‍, ആദ്യത്തെ രണ്ട് അഭിപ്രായങ്ങളാണ് ഉത്തമമെന്നും മൗലവി അബൂസലാഹ് നിര്‍ദ്ദേശിച്ചു.
ഈ മൂന്ന് കാര്യങ്ങള്‍ ഉള്‍കൊളളിച്ച് തയ്യാറാക്കിയ ലഘുലേഖ ഉപ്പാക്ക് ഇഷ്ടമായി. അദ്ദേഹം അത് പ്രിന്‍്റെ് ചെയ്ത് ചെംനാട് ജമാഅത് പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം വിതരണം ചെയ്തത് ഓര്‍ക്കുന്നു.
പിതാവിനോടൊപ്പം
ഡിഗ്രി പഠനം കഴിഞ്ഞ് റിസല്‍ട്ട് വരുന്നതിന് മുമ്പെ, ജ്യേഷ്ടന്‍ മുഹമ്മദലി വിസ എടുത്തിരുന്നു. അക്കാലത്ത് കുവൈത്തിലേക്ക് വിസ ലഭിക്കുക സൗഭാഗ്യമായിരുന്നു. രണ്ട് മാസത്തോളം ജോലി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെയിരിക്കെ അവധിയില്‍ നാട്ടിലായിരുന്ന പിതാവ് തിരിച്ചത്തെിയതറിഞ്ഞ് കാണാന്‍ പോയപ്പോള്‍ ഇവിടെ തന്നെ നിന്നൊ എന്ന് പറഞ്ഞ് ഒന്നര വര്‍ഷത്തോളം ഉപ്പയോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായിരുന്നു.
ഉപ്പയുടെ കച്ചവട പങ്കാളിയായി കാസര്‍കോട് ബേവിഞ്ചയിലെ അബ്ദുല്‍ ഖാദര്‍ ഹാജിയും കൂടെ ഉണ്ടായിരുന്നു. ആറ് മാസം ഉപ്പ കച്ചവടം നടത്തി നാട്ടിലേക്ക് പോവുമ്പോള്‍ അടുത്ത ആറു മാസം ഖാദര്‍ ഹാജിയുടെ ഊഴമാണ്. ബഖാലയില്‍ സഹായിക്കാന്‍ ഞങ്ങളുടെ കുടുംബക്കാരനായ അന്തച്ച എന്ന് വിളിക്കുന്ന ചിറാക്കല്‍ അബ്ദുറഹിമാനും ഉണ്ടായിരുന്നു. ഏതാനും പാക്കിസ്ഥാനികളും കുവൈത്തി ബദുക്കളുമായിരുന്നു ഇടപാടുകാര്‍. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അറബി, ഉര്‍ദു ഭാഷകള്‍ അറിയണം. രണ്ട് ഭാഷകളിലും സാധനങ്ങളുടെ പേരറിയേണ്ടതുണ്ട്. അന്തച്ച അത് ഓരോന്നും പഠിപ്പിച്ചു.
കുവൈത്തില്‍ നിന്നും ഇറാഖിലേക്കുള്ള പാതയിലെ മഖ്വ പ്രദേശത്തായിരുന്നു ഉപ്പാൻ്റെ ബഖാല ഉണ്ടായിരുന്നത്. ഇറാഖ് ഇറാന്‍ യുദ്ധം കൊടുംമ്പിരിയിലത്തെിയ കാലമായിുരന്നു അത്. സ്ഫോടനങ്ങളുടെ കനത്ത ശബ്ദം മഖ്വയേയും ഭീതിപ്പെടുത്തിയിരുന്നു. കുവൈത്തിലെ ശുവൈഖ് പോര്‍ട്ട് ഉപയോഗിച്ചായിരുന്നു അക്കാലത്ത് ആയുധങ്ങള്‍ ഇറാഖിലേക്കത്തെിച്ചിരുന്നത്. വൈകുന്നേരം ആറ് മണി മുതല്‍ പ്രഭാത സമയം ആറ് മണിവരെ സൈറന്‍ വിളിയുമായി ആയുധ വാഹനങ്ങളുടെ മരണപ്പാച്ചില്‍ കണ്ട് അമ്പരന്ന്പോയിരുന്നു.
അതിനിടയില്‍ ചെറുതും വലുതുമായ നിരവധി സ്ഫോടനങ്ങള്‍ കുവൈത്തില്‍ പതിവായിരുന്നു. ഒരിക്കല്‍ അഹ്മദി റിഫൈനറിയില്‍ വലിയ സ്ഫോടനമുണ്ടായതോടെ ആ പ്രദേശത്ത് നിന്ന് കുവൈത്ത് അധികൃതര്‍ എല്ലാവരെയും കുടിയൊഴിപ്പിച്ചു. അതോടെ 1986 ല്‍ പിതാവ് നാട്ടിലേക്കും ഞാന്‍ പുതിയ മേച്ചില്‍പുറം തേടി സഫാതിലേക്കും തിരിച്ചു.
സാമ്പത്തിക കാര്യങ്ങള്‍
പഠനകാലത്ത് ഉപ്പ ഉദാരമായി സഹായിച്ചിരുന്ന കാര്യം സുചിപ്പിച്ചു. നാട്ടിലെ പലര്‍ക്കും പണംകൊണ്ടുകൊടുക്കുന്ന ഇടനിലക്കാരനായിരുന്നു. ചിലപ്പോള്‍ അത് ഭൂമി വാങ്ങിയതിനാലാവാം. അല്ളെങ്കില്‍ സഹായധനമായൊ കടമായൊ നല്‍കുന്ന തുകയാവാം. അതൊന്നും സൂചിപ്പിക്കാതെ ഈ പണം നീ അവിടെ കൊടുത്തുവ എന്ന് മാത്രം പറയും. ചിലപ്പോള്‍ ഉപ്പാൻ്റെ കുടുംബക്കാരുണ്ടായിരുന്ന കീഴൂരില്‍ പോയി വരാം എന്ന് പറഞ്ഞ് കൂടെ കൊണ്ട്പോവും. സ്നേഹത്തിൻ്റെ കൊച്ചുചാലുകളാണിതെല്ലാം. അതൊക്കെ ഞാന്‍ അന്ന്തന്നെ ആസ്വദിക്കുകയും ചെയ്തിരുന്നു.
കുവൈത്തിലത്തെിയപ്പോള്‍, അവിടെയും കൈതാങ്ങായി ഉപ്പ ധാരാളം പണം തന്ന് സഹായിച്ചു. സദ്ദാം ഹുസൈനിൻ്റെ അധിനിവേഷ കാലത്ത്, കുവൈത്തില്‍ നിന്ന് തിരിച്ച്വന്ന് ടൗണില്‍, കംമ്പ്യൂട്ടര്‍ സെന്റർ തുടങ്ങി മുന്നോട്ട് പോവുന്നതിനിടയില്‍, പടപ്പില്‍ മൊയ്ച്ച (ഷാജഹാൻ്റെ പിതാവ്) നീ എന്തിനാണ് ഇവിടെ പ്രയാസപ്പെടുന്നതെന്നും സൗദിയിലേക്ക് ഒരു വിസയുണ്ടെന്നും അറിയിച്ചത്. കുടുംബ പ്രാരാബ്ദങ്ങള്‍ വന്നുകൊണ്ടിരുന്ന കാലം. ഉമ്മ മുഖാന്തരം ഉപ്പാനോട് 50,000 രൂപം കടം കിട്ടുമൊ എന്ന് ആരാഞ്ഞു. ആ സഹായങ്ങള്‍കൊണ്ടായിരുന്നു അനന്തമായ അനുഗ്രഹത്തിൻ്റെ വാതിലുകള്‍ തുറന്ന് കിട്ടാന്‍ നിമിത്തമായത്.
നാട്ടില്‍ സജീവ സാനിധ്യം
പ്രവാചകന്‍ തിരുമേനി അരുളി: മനുഷ്യന്‍ മരിച്ചാല്‍ മൂന്ന് പ്രവര്‍ത്തനങ്ങളൊഴിച്ച് മറ്റെല്ലാം അവനുമായി ബന്ധം വിച്ചേധിക്കും. എന്നെന്നും നിലനില്‍ക്കുന്ന സദഖ, പ്രയോജനപ്പെടുന്ന അറിവ്, സച്ചരിതരായ സന്താനങ്ങളുടെ പ്രാര്‍ത്ഥന. ഇത് മൂന്നും ഒരുപോലെ ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും ആസൂത്രണത്തോടെ ചെയ്ത്വെച്ചാണ് പിതാവ് അല്ലാഹുവിലേക്ക് യാത്രയായത്. പാവപ്പെട്ടവരെ ഉദാരമായി സഹായിച്ചത്, വഖഫ് സ്വത്തുക്കള്‍, ഞങ്ങള്‍ക്ക് ഇസ്ലാമികവും ഭൗതികവുമായ വിദ്യാഭ്യാസം നല്‍കിയത് തുടങ്ങി എണ്ണമറ്റ സല്‍കര്‍മ്മങ്ങളായിരുന്നു ഒരു ജന്മംകൊണ്ട് പിതാവ് ചെയ്ത് തീര്‍ത്തത്.
തബ്ലീഗ് ജമാഅത്തില്‍
നാട്ടിലെ സ്ഥിരതാമസത്തിനിടയില്‍ പിതാവ് തബ്ലീഗ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കുടുംബാംഗമായ സാജു പടപ്പില്‍, പൊയിന്‍ച്ചി ബഷീര്‍ സാഹിബ്, തബ്ലീഗ് ഹബീബ്, കറമു ഹാജി, സി.ടി.അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ ധാരാളം തബ്ലീഗ് പ്രവര്‍ത്തകരുമായി ഉറ്റ ബന്ധം സ്ഥാപിക്കുകയും അവരുമായി നിരവധി തബ്ലീഗ് പരിപാടികളിലും യാത്രകളിലും പങ്കെടുക്കുകയും ചെയ്തു. അതെല്ലാം അല്ലാഹു സല്‍കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ. 2009 ഫെബ്രവരി 18 ഞങ്ങളെ എല്ലാവരേയും തീരാദു:ഖത്തിലാഴ്തി പതാവ് അല്ലാഹുവിലേക്ക് യാത്രയായി. നാഥാ… പാപങ്ങള്‍ പൊറുത്ത് ഞങ്ങളെ നിൻ്റെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമെ. ആമീന്‍.
സ്വപ്നം സാക്ഷാല്‍കരിക്കണം
ഉപ്പയുടേയും ഉമ്മയുടേയും പ്രധാന സ്വപ്നമായിരുന്നു മുകളില്‍ പരാമര്‍ശിച്ച ഇസ്ലാമിക പഠന കേന്ദ്രം. ഉപ്പയുടെ പ്രവാസ ജീവിതത്തിന്‍്റെ സമ്പാദ്യത്തിൻ്റെ നല്ളൊരു ഭാഗം ചെലവഴിച്ച് നിര്‍മ്മിച്ച ആ സ്ഥാപനത്തെ കാലാനുസൃതമായി ഉന്നതിയിലത്തെിക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ബാധ്യതയാണ്. ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. അതിന് സര്‍വ്വശക്തന്‍ നമുക്ക് കരുത്തും ശക്തിയും നല്‍കട്ടെ.
പക്ഷിയും പക്ഷിക്കൂടും
ഉപ്പയുടെ രോഗം മൂര്‍ച്ചിച്ച് വരുകയാണെന്നും നാട്ടിലേക്ക് വരണമെന്നും ഉമ്മ അറിയിച്ചു. ഭാര്യയേയും കുട്ടികളേയും ജിദ്ദയില്‍ നിര്‍ത്തി രണ്ടാഴ്ച അവധിക്ക് നാട്ടിലേക്ക്. ബയോപ്സി എടുത്തപ്പോള്‍ രോഗത്തിൻ്റെ ഗൗരവം ബോധ്യമായി. പിന്നെ അധിക സമയവും ഉപ്പയോടൊപ്പം ചിലവഴിച്ചു. ഉപ്പാപ്പ തഞ്ചാവൂരില്‍ പോയതും മറ്റു പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു:
ശരീരത്തേയും ആത്മാവിനേയും പക്ഷിയോടും പക്ഷിക്കൂടിനോടും ഉപമിക്കാം. പക്ഷി ഉപേക്ഷിച്ചപോയ പക്ഷിക്കൂടിന് പ്രസക്തിയില്ലാത്തത് പോലെ, ആത്മാവ് അകന്ന് പോയ ശരീരത്തിനും പ്രസക്തിയൊന്നുമില്ല. അത്കൊണ്ട് മരണത്തെ അധികം ഭയപ്പെടേണ്ട കാര്യമില്ല. ധാരാളം സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കുക. നിരവധി ഉപദേശങ്ങള്‍ നല്‍കിയ പിതാവിൻ്റെ എന്നോടുള്ള അവസാന ഉപദേശമായിരുന്നു ഇത്.
ചെറുതും വലുതുമായ അനേകം സുകൃതങ്ങള്‍ ചെയ്താണ് ഞങ്ങളുടെ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞിട്ടുള്ളത് നമുക്കും നമ്മുടെ വരും തലമുറക്കും പാഠമാണ്. ഖുര്‍ആന്‍ പാരായണം, തഹജ്ജുദ് നമസ്കാരം, സുന്നത്ത് നോമ്പ്, സാമ്പത്തിക സഹായം തുടങ്ങിയവ അവസാന നിമിഷം വരേയും തുടര്‍ന്നു. ഭൗതികമായ സുഖസൗകര്യങ്ങളില്‍ അദ്ദേഹത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല.
ഈ മാതൃകകള്‍ പിന്‍പറ്റി ജീവിക്കാന്‍ നമ്മുടെ തലമുറകളെ പരിശീലിപ്പിക്കേണ്ടത് നമ്മുടെ ഇഹപര വിജയത്തിന് അനിവാര്യമാണ്. അതിന് ഈ കുറിപ്പ് സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു. കൊടുക്കുന്ന കൈ ഉയരത്തിലാണ് എന്ന പ്രവാചക വചനത്തെ അനുസ്മരിപ്പിക്കുന്ന വിധം, എല്ലാം കൊടുക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ഒന്നും കൊടുക്കാനില്ലാതിരുന്നാല്‍, പള്ളിയില്‍ നമസ്കരിക്കാന്‍ വരുന്നവര്‍ക്ക്, കദളിപഴം കൊടുത്തെങ്കിലും ഉപ്പ സായൂജ്യമടയും. അത്രയും ലോലഹൃദയന്‍. അല്ലാഹു അദ്ദേഹത്തേയും നമ്മേയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ. പാപങ്ങള്‍ പൊറുത്ത് തരുമാറാകട്ടെ. ആമീന്‍.