കെ.കെ. മമ്മുണ്ണി മൗലവി: ആ കർമ്മയോഗിയും വിടപറഞ്ഞു

കെ.കെ. മമ്മുണ്ണി മൗലവി: ആ കർമ്മയോഗിയും വിടപറഞ്ഞു
  • ഒക്ടോബർ 6, 2026

“പറയുക : നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്‍മങ്ങള്‍ കാണും. അവസാനം അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ ചെന്നെത്തും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും.” ഖുർആൻ 9:105

മുകളിലുദ്ധരിച്ച ഖുർആൻ സൂക്തത്തെ ജീവിതംകൊണ്ട് അന്വർത്ഥമാക്കിയ ക മ്മനൈരന്തര്യത്തിന്റെ പ്രതീകമായിരുന്നു ഏതാനും ദിവസങ്ങൾക് മുമ്പ് അല്ലാഹുവിലേക് യാത്രയായ കെ.കെ. മമ്മുണ്ണി മൗലവി. ഇസ്ലാമിക പണ്ഡിതനും സംഘാടകനും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ഏറെ കാലികവും പ്രയോജനപ്രദവുമായ നിരവധി പദ്ധതികൾ നടപ്പാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച മഹാകർമ്മയോഗി.

കേരളത്തിനകത്തും പുറത്തുമുള്ള അമ്പതിൽപരം ജീവകാരുണ്യ ട്രസ്റ്റുകളുടെ സാരഥിയായിരുന്നു മമ്മൂണ്ണി മൗലവി എന്ന് അറിയുമ്പോൾ ആരും അത്ഭുതപ്പെട്ടുപോകും. കാരണം, ഒരു ട്രസ്റ്റിന്റെ ചുമതലകൾ പോലും നിർവഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ?

ആത്മാർത്ഥതയുടെയും കാരുണ്യത്തിന്റെയും മുഖം

മമ്മുണ്ണി മൗലവിയെ ഓർക്കുമ്പോൾ ഓർമ്മവരുന്നത് ഇസ്ലാമിനെ കുറിച്ച് മഹാനായ പണ്ഡിതൻ ഇബ്നു തൈമിയ നൽകിയ നിർവചനമാണ്: “അല്ലാഹുവിന് നിസ്വാർത്ഥമായ സമർപ്പണം; സഹജീവികളോട് അളവറ്റ കാരുണ്യം” (Sincerity to Allah and mercy to mankind). ഈ നിർവചനം പൂർണ്ണമായി ജീവിതത്തിൽ നടപ്പാക്കിയ, ഭൗതിക ആഡംബരങ്ങളോട് വിരക്തി കാണിച്ച കർമനിരതനായ സൂഫീവര്യനായിരുന്നു അദ്ദേഹം.

ആരാധനകളിലെ ഭക്തി, കൃത്യനിഷ്ഠ, പാതിരാവിലുള്ള തഹജ്ജുദ് നമസ്കാരം, ആഴ്ചയിലെ വ്രതാനുഷ്ഠാനം തുടങ്ങിയ ദീനിപരമായ എല്ലാ കാര്യങ്ങളിലും മൗലവി കർശനമായ നിഷ്കർഷ പുലർത്തി. അതേസമയം, ഇസ്ലാമിന്റെ സാമൂഹിക മുഖമായ ജീവകാരുണ്യ മേഖലകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.

മനുഷ്യരുടെ പ്രശ്നങ്ങൾ നെഞ്ചേറ്റിയ, അവരുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിച്ച, ആർക്കും എപ്പോഴും ഏത് ആവശ്യത്തിനും സമീപിക്കാവുന്ന ജീവകാരുണ്യ പ്രവർത്തന മേഖലയിലെ അതികായകനായിരുന്നു അദ്ദേഹം. ഒരാളും ദുരിതമനുഭവിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നത്. ഭൂമിക്ക് ഒട്ടും ഭാരമാവരുതെന്ന കരുതലോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടും.

വികേന്ദ്രീകൃതമായ സ്ഥാപന മാതൃക

ഒരായുഷ്കാലംകൊണ്ട് ആയിരക്കണക്കിന് പള്ളികളും മദ്രസകളും സ്കൂളുകളും കോളേജുകളും സ്ഥാപിക്കുക; അവയുടെ ദൈനംദിന കാര്യങ്ങളിലും നടത്തിപ്പിലും മേൽനോട്ടം വഹിക്കുക—ഇതൊക്കെ മൗലവി എങ്ങനെ ഏറ്റെടുത്തുവെന്നത് വിസ്മയകരമായ ഒരു കാര്യമാണ്. സാധാരണഗതിയിൽ സ്വന്തം നാട്ടിൽ ഒരു സ്ഥാപനം ഉണ്ടാക്കി, അതിന്റെ ചുറ്റുവട്ടത്ത് നിരവധി ഉപസ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് മേൽനോട്ടം വഹിക്കുന്നതാണ് പൊതുവെ കാണാറുള്ളത്. എന്നാൽ അതിൽനിന്ന് തീർത്തും വ്യത്യസ്തമായി, സമൂഹത്തിന് എവിടെയാണോ യഥാർത്ഥത്തിൽ ആവശ്യമുള്ളത് അവിടെ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിനായിരുന്നു മൗലവി മുൻഗണന നൽകിയത്.

സൗമ്യനായ പ്രാസംഗികൻ

ദശകങ്ങൾക്കുമുമ്പ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തിക്കൊണ്ട്, ശാന്തപുരത്തിന് തൊട്ടപ്പുറത്തുള്ള ഒരു പ്രദേശത്ത് മൗലവി നിർവഹിച്ച പ്രസംഗം അതിന്റെ സൗമ്യമായ അവതരണംകൊണ്ടും ഉള്ളടക്കംകൊണ്ടും ഇന്നും ഓർമ്മയിലുണ്ട്.

“ഇസ്ലാമിനെ സമ്പൂർണ്ണമായി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മറ്റു മുസ്ലിം സംഘടനകൾ പരിമിതമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ചിലത് മതമേഖലയിൽ, ചിലത് വിദ്യാഭ്യാസ രംഗത്ത്, ചിലത് രാഷ്ട്രീയത്തിൽ. എന്നാൽ ഇസ്ലാമിക പ്രസ്ഥാനം നിഖില മേഖലകളിലും പ്രവർത്തിക്കുന്നു. മുസ്ലിം സംഘടനകളുടെ പ്രവർത്തനങ്ങൾ നമ്മുടെ ലക്ഷ്യത്തെ സഹായിക്കുന്നതും പരസ്പരം പൂരകവുമാണ്. അവരുമായി നാം സൗഹൃദത്തിലാണ് നിലകൊള്ളേണ്ടത്. അങ്ങനെ വരുമ്പോൾ അവർ അവരുടേതായ മേഖലകളിൽ സംഭാവന ചെയ്യുന്നത് ശ്ലാഘനീയമാണ്. ഒരിക്കലും അവരെ ശത്രുപക്ഷത്ത് നിർത്താൻ പാടില്ലാത്തതാണ്…”

മൗലവി പ്രസ്ഥാനത്തെ പരിചയപ്പെടുത്തി സംസാരിച്ചിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു. സൗമ്യേമായ ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ഏറെ ആകർഷകമായിരുന്നു. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്ന ആ വാക്കുകൾ ഏവരെയും സ്വാധീനിച്ചു.

അല്പം ഫ്ലാഷ് ബാക്ക്

ഏതാണ്ട് അമ്പത് വർഷം മുമ്പ് ശാന്തപുരത്ത് പഠിക്കുന്ന കാലം. ഇടതുകയ്യിൽ ഏതാനും വസ്ത്രങ്ങൾ മാത്രം ഒതുങ്ങുന്ന ചെറിയ ബാഗും തൂക്കിപ്പിടിച്ച്, തൂവെള്ള വസ്ത്രം ധരിച്ച് മിക്കവാറും രണ്ടാഴ്ചയ്ക്കൊരിക്കൽ കോളേജ് ഗേറ്റ് കടന്ന് ഒരു കുറിയ മനുഷ്യൻ നടന്നുവരുന്ന കാഴ്ച ഇന്നും മനസ്സിലുണ്ട്. മഹത്തായ ഒരു ദൗത്യനിർവ്വഹണത്തിനായി പോകുന്നതാണെന്ന് ആ നടപ്പും ഭാവവും കണ്ടാല്‍ ബോധ്യമാകും. ശാന്തപുരത്തുനിന്ന് ചുങ്കത്തേക്ക് നടന്നുപോവുന്ന ആ കാഴ്ച കൗമാരക്കാരായ ഞങ്ങളിൽ ജിജ്ഞാസയും കൗതുകവും ജനിപ്പിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മേഖലാ നാസിമായിരുന്ന കെ.കെ. മമ്മുണ്ണി മൗലവിയായിരുന്നു ആ മനുഷ്യൻ.

മൗലവി വാടാനപ്പള്ളിയിൽ യതീംഖാന ഉൾപ്പെടെയുള്ള ഇസ്ലാമിക സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച കാലമായിരുന്നു അത്. അന്നൊരിക്കൽ ചെമ്നാട് പ്രദേശത്തെ മുഴുവൻ തീരാദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമുണ്ടായി. കപ്പൽ ജോലിക്ക് പോയ ഞങ്ങളുടെ ഒരു നാട്ടുകാരൻ ജോലിചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം അനാഥമായി; കുട്ടികളുടെ പഠനം നിലച്ചു. ചെമ്നാടിനെ ഏറെ തളർത്തിയ ഒരു സംഭവമായിരുന്നു അത്.

അൽപ്പം ലജ്ജയോടും അതിലേറെ പ്രതീക്ഷയോടും കൂടി ഞാൻ ഈ സംഭവം മമ്മുണ്ണി മൗലവിയോട് പറഞ്ഞു. വാടാനപ്പള്ളി യതീംഖാനയിൽ അവരിൽ അൽപ്പം പ്രായമായ ഒരു കുട്ടിക്ക് ഒരു സീറ്റ് കൊടുക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം ഒട്ടും ആലോചിച്ചില്ല . പതിവ് പുഞ്ചിരിയോടെ പറഞ്ഞു : ഉടൻ അങ്ങോട്ട് വിടൂ . അന്ന് അദ്ദേഹം ചെയ്ത ആ സഹായം , ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തിനും താങ്ങായി.

2026 സെപ്റ്റംബർ 23-ന് നമ്മെ ഏവരെയും ദുഃഖത്തിലാഴ്ത്തി ആ കർമ്മയോഗി അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ. ആമീൻ.

ഇബ്റാഹീം ശംനാട്