ഉമ്മയെ കുറിച്ച് ഓര്‍ക്കാന്‍ അനേകം കാര്യങ്ങള്‍

നമ്മുടെ കുടുംബ ചരിത്ര വായനയുടെ ഭാഗമായി പിതാവിനെ കുറിച്ച ചില കാര്യങ്ങള്‍ നേരത്തെ പങ്കുവെച്ചത് ഓർക്കുമല്ലൊ? ഉമ്മയെ കുറിച്ച് ഓര്‍ക്കാനും അനേകം കാര്യങ്ങളുണ്ട്. അത് നമ്മുടേത് മാത്രമല്ല, ഉമ്മ ചേര്‍ത്ത് പിടച്ച അനേകം പേരുടെ ഓര്‍മ്മകള്‍ കൂടി അതില്‍ ഉള്‍പ്പെടും. ഉപ്പയുടേയും ഉമ്മയുടേയും ജീവിതത്തിൻ്റെ ഒരു പാര്‍ശ്വഭാഗം മാത്രമെ എനിക്ക് അനുഭവിക്കാനും ആസ്വദിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ളു. ആ കാലമാണ് ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് എന്ന് നിസ്സംശയം പറയാം.
നാലാം ക്ളാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു സ്ത്രീ. സ്വന്തം വായനയിലൂടെയൂം കഠിനപ്രയത്നത്തിലൂടെയും ജീവിതത്തെ വിജയത്തിൻ്റെ ഉന്നതിയിലേക്കത്തെിച്ച മഹദ് വ്യക്തി. നിരവധി പേര്‍ക്ക് അക്ഷരത്തിൻ്റെ ബാല പാഠങ്ങളും ഖുര്‍ആന്‍ പാരായണവും പഠിപ്പിച്ച് അവരെ ജീവിത വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ധിഷണാശാലിയായ സ്ത്രീ. ഭൗതിക അലങ്കാരങ്ങളോട് ലവലേശം താല്‍പര്യമില്ലാത്ത വനിത. അങ്ങനെ ഉമ്മാക്ക് നല്‍കാവുന്ന വിശേഷണങ്ങള്‍ അനവധി.
എൻ്റെ കുഞ്ഞുനാളിലെ ഓര്‍മ്മ തുടങ്ങുന്നത്, പുത്തൂര്‍ ബള്ളൂറിലുള്ള ഉമ്മാൻ്റെ പഴയ തറവാടില്‍ താമസിച്ചിരുന്ന കാലം മുതലാണ്. അതിൻ്റെ കിഴക്കെ വശത്തുള്ള കുന്നിന്‍ പ്രദേശവും അവിടെ ഉണ്ടായിരുന്ന പുളിമരവും ഗ്രഹാതുരത്വമുളവാക്കുന്നു. അവിടെയായിരുന്നു ഉമ്മാൻ്റെ മൂന്ന് സഹോദരങ്ങളും താമസിച്ചിരുന്നത്. അബ്ദുല്ല, കുഞ്ഞിമാഹിന്‍ കുട്ടി, ആമു മുഹമ്മദ് അവരെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം വലിയ ഇക്കക്ക, കുട്ടി ഇക്കക്ക, ആമു ഇക്കക്ക എന്നായിരുന്നു യഥാക്രമം വിളിച്ചിരുന്നത്.
അവരെ കൂടാതെ ഉമ്മയുടെ നിരവധി കുടുംബാംഗങ്ങള്‍ പുത്തൂരിൻ്റെ വിവിധ പ്രദേശങ്ങളിലായി താമസിച്ചിരുന്നു. കോട്ടകുന്നില്‍ വൈദ്യര്‍ ഉമ്പൂ ഇക്കക്ക, തൈവളപ്പില്‍ മമ്മൂച്ച, വൈദ്യര്‍ അബ്ദുല്ല, പഞ്ചത്ത് അമ്പാച്ചു ഇക്കാക്ക, അവരുടെ സഹോദരന്മാര്‍, വൈദ്യര്‍ ബീരാന്‍ക്ക, പന്നിക്കുന്നിലെ ഈച്ചുഇക്കാക്ക തുടങ്ങിയ നിരവധി കുടുംബാംഗങ്ങളുടെ സ്നേഹവും വാല്‍സല്യം അനുഭവിക്കാന്‍ ആ നാളില്‍ സാധിച്ചത് ഇപ്പോഴും മധുരം നുണയുന്ന ഓര്‍മ്മകളാണ്.
ആടുകളും പ്രാവുകളും ധാരാളമായി ഉമ്മ വളര്‍ത്തിയിരുന്നു. രാവിലെ തുറന്ന് വിട്ടാല്‍ അത് വൈകുന്നേരം തനിയെ കൂടണയും. പ്രാവുകള്‍ പകലുകളില്‍ ഇടക്കിടെ കൂടിലേക്ക് വരുകയും പറന്ന് പോവുകയും ചെയ്യുമായിരുന്നു. ആടുവളര്‍ത്തലിലൂടെ നല്ല വരുമാനമുണ്ടായിരുന്നതായി ഉമ്മ ഇടക്കിടെ പറയും. സ്വയം സമ്പാദിച്ചതിൻ്റെ ചാരിതാര്‍ത്ഥ്യത്തോടെ. ഉപ്പയും ആമു ഇക്കാക്കയും, കുട്ടി ഇക്കാക്കയും എൻ്റെ ചെറുപ്പം മുതല്‍ തന്നെ കുവൈത്തില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
താമസം പുതിയ വീട്ടിലേക്ക്
എൻ്റെ നാലാമത്തെ വയസ്സില്‍, 1964 ല്‍ ചെംനാട് തൈവളപ്പില്‍ ഉപ്പ സ്ഥലം വാങ്ങി വീട്വെച്ചതോടെ താമസം അവിടേക്ക് മാറി. ഉമ്മ അവിടെയും അയല്‍വാസികളുമായി വലിയ സ്നേഹത്തിലും അടുപ്പത്തിലുമായിരുന്നു. ഞങ്ങള്‍ മാഞ്ഞ്വ എന്ന് വിളിച്ചിരുന്ന സി.ടി.ഹസ്സന്‍ കുട്ടി ഹാജിയുടെ സഹധര്‍മ്മിണി, ചിറാക്കല്‍ അന്തച്ചാൻ്റെ കുടുംബം, അന്ത്രുഞ്ഞിൻ്റെ കുടുംബം, കെ.വി.അബ്ദുല്ല മാസ്റ്ററുടെ കുടുംബം എന്നിങ്ങനെ എല്ലാവരുമായി ഉമ്മ വളരെ അടുപ്പത്തിലും സ്നേഹത്തിലും നല്ല അയല്‍പക്ക ബന്ധത്തിലുമായിരുന്നു.
എല്ലാവരും പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന നാളുകള്‍. ഒരു വീട്ടില്‍ പ്രത്യേകം എന്തെങ്കിലും വിഭവങ്ങളുണ്ടാക്കിയാല്‍, അത് നാല് അയല്‍പക്ക വീടുകളിലേക്കെങ്കിലും എത്തുമായിരുന്നു. ഇന്ന് അതൊക്കെ അവരവരിലേക്ക് ചുരുങ്ങിയിരിക്കുന്നു. അതിൻ്റെ ദാരുണ ഫലമായി സന്തോഷം മനസ്സില്‍ നിന്നും ഇല്ലാതെയാവുകയും വിഷാദരോഗം വര്‍ധിക്കുകയും ചെയ്തു. ആ പൈതൃകം തിരിച്ചുപിടിക്കുകയാണ് ഈ അനുസ്മരണത്തിൻ്റെ മറ്റൊരു ലക്ഷ്യം.
സ്നേഹ ബന്ധങ്ങള്‍ ഉമ്മ വളര്‍ത്തിയത് എല്ലാം കൊടുത്ത്കൊണ്ടായിരുന്നു. അത് ചിലപ്പോള്‍, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവാം. അല്ളെങ്കില്‍ അവരുടെ വിവാഹം, പ്രസവം തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള സഹായമാവാം. അതുമല്ളെങ്കില്‍ അവരുടെ മറ്റ് ഏതെങ്കിലും ഭാരം ഇറക്കിവെക്കാനാവാം. പുത്തൂറില്‍ നിന്ന് ഉമ്മ ചെംനാടേക്ക് താമസം മാറ്റിയപ്പോഴും അവിടന്ന് പിന്നീട് മണലിലേക്ക് താമസം പറിച്ചുനട്ടപ്പോഴും അയല്‍പക്കത്തുള്ളവരൊക്കെ ഏറെ സങ്കടപ്പെട്ടു. അത്രയേറെ അവരെ ചേര്‍ത്ത് പിടിച്ചായിരുന്നു ഉമ്മാൻ്റെ ജീവിതം.
കുടുംബത്തെ ചേര്‍ത്ത് പിടിച്ച വിധം
തൈവളപ്പിലെ വീട്ടില്‍ നിന്ന് വിളിപ്പാടകലെയായിരുന്നു ഉമ്മാൻ്റെ എളാമ താമസിച്ചിരുന്നത്. ഇപ്പോള്‍ ഇച്ച താമസിക്കുന്ന വീടുള്ള സ്ഥലം. അകാലത്തില്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ വിധവയായിരുന്നു അവര്‍. ഗാനരചനയില്‍ പ്രതിഭാധന്യനായ അവരുടെ ഏക മകന്‍ സി.എച്ച്.ബി. ഇരുപത്തിയൊന്നാം വയസ്സില്‍ മരണത്തിന് കീഴടങ്ങി. ആ മരണരംഗം പലപ്പോഴും ഉമ്മ വിവരിച്ചത് ഓര്‍ക്കുന്നു. ഉമ്മ സ്വന്തം ഉമ്മയെ പോലെ എളാമയെ പരിചരിച്ചു.
എളാമ ആരേയും ആശ്രയിക്കാതിരിക്കാന്‍ ആടിനെ വളര്‍ത്തിയും ചികില്‍സ നടത്തിയും ഖുര്‍ആന്‍ പഠിപ്പിച്ചും സ്വയം കരുത്താര്‍ജ്ജിച്ചു. രാവിലേയും വൈകുന്നേരവും ധാരാളം കുട്ടികള്‍ ഖുര്‍ആന്‍ പഠിക്കാന്‍ വരുമായിരുന്നു. അവര്‍ വരുമ്പോള്‍ ആടിനുള്ള പ്ളാവില കൂടി കൊണ്ട്വരും. കുടയുടെ ഇരുമ്പുകമ്പയില്‍ കുത്തി എടുത്ത് അത് നിറയെ കൊണ്ട്വരും. അന്ന് കണ്ണ് രോഗം വ്യാപകമായിരുന്നു. അതിനുള്ള മരുന്നും എളാമയുടെ പക്കലുണ്ടായിരുന്നു.
മാസത്തിലൊരു പ്രാവിശ്യം ഉമ്മയുടെ പഴയ തട്ടകമായ പുത്തൂരിലേക്ക് പോവുമായിരുന്നു. ആ ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്ത് നില്‍ക്കവാറ്. ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞിയുടേയൊ ഇബ്രായിച്ചാൻ്റെയൊ ടാക്സിയിലായിരുന്നു യാത്ര. ഉമ്മ പൂത്തൂരിലത്തെിയാല്‍ അന്ന് അവിടെ ആഘോഷ ദിനമാണ്. ഉമ്മാൻ്റെ തോളിലുള്ള ഒരു ബാഗില്‍ പണവുമായിട്ടായിരുന്നു ആ യാത്ര. പഞ്ചത്തും ബള്ളൂരുമുള്ള പാവപ്പെട്ടവരെ സഹായിക്കാന്‍. എല്ലാവരേയും സന്ദര്‍ശിച്ച് വൈകുന്നേരം മടക്കം.
ഉപ്പയുടെ കുടുംബത്തേയും ഉമ്മ ചേര്‍ത്ത് പിടിച്ചു. ഉപ്പാക്കും വിധവയായ എളാമ ഉണ്ടായിരുന്നു. കീഴൂരിലായിരുന്നു അവരുടെ വീട്. അവര്‍ നമ്മുടെ വീടില്‍ ഇടക്കിടെ വന്ന് താമസിക്കുമായിരുന്നു. തോണിയില്‍ ഉമ്മയും ഞങ്ങളും കൂടി പലപ്പോഴും കിയ്യൂരിലേക്ക് പോവും. പെരിമ്പയിലുള്ള മൂത്തമാൻ്റെ അടുത്തേക്കും ഞങ്ങള്‍ എല്ലാവരും ഇടക്കിടെ പോവുമായിരുന്നു. അവരും തൈവളപ്പിലേക്ക് വരും.
പെരുമ്പയിലെ മമ്മദലിച്ച മിക്ക ദിവസവും തൈവളപ്പില്‍ വരുകയും പുഴമീന്‍ പിടിച്ചതും പച്ചക്കറികളൊക്കെ ഞങ്ങള്‍ക്ക് തന്നിരുന്നു. പിന്നീട് ഇല്യാസ്ചാൻ്റെ ഒരു സഹോദരിയെ മമ്മദിലിച്ചയും മറ്റൊരു സഹോദരിയെ ഇച്ചിച്ചായും കല്യാണം കഴിച്ചത് ഉമ്മയുടെ അതിയായ ഉല്‍സാഹംകൊണ്ടായിരുന്നു. എന്‍ജീനിയര്‍ മമ്മദ്ഞ്ഞിച്ച അവരുടെ സഹോദരി ഖദീജയെ വിവാഹം കഴിച്ചതും ഉമ്മാൻ്റെ ഇടപെടലുകള്‍ തന്നെ. അന്തച്ച വലിയ ഇക്കക്കയുടെ മകളേയും ഇച്ചിച്ച ഇല്യാസ്ചാൻ്റെ പെങ്ങളേയും വിവാഹം കഴിച്ചതും ഉമ്മാൻ്റെ ഇടപെടല്‍ തന്നെ. അങ്ങനെ എത്ര എത്ര വിവാഹങ്ങള്‍ ഉമ്മാൻ്റെ ഇടപെടലിലൂടെ നടന്നു എന്ന് പറയാനാവില്ല.
ഇന്ന് ബന്ധങ്ങള്‍ അസ്തമിക്കുകയാണൊ എന്നൊരു സംശയം. ജീവിത സമ്മര്‍ദ്ദങ്ങളാവാം കാരണം. മുഖത്തെ ചിരിയുടെ പ്രസന്നതക്കും മങ്ങല്‍. മൊബൈലില്‍ തലയും താഴ്തി ഇരുത്തം. സംസാരിക്കാന്‍ വിമ്മിഷ്ടം. ആരും ആരേയും ചേര്‍ത്ത് പിടിക്കുന്നില്ല. അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെ കുറിച്ച് ഞാന്‍ ജോലി ചെയ്യുന്ന കമ്പനയുടെ ചെയര്‍മാനും സൗദി മുന്‍ മന്ത്രിയുമായിരുന്ന ശൈഖ് അംറ് ദബ്ബാഗ് എഴുതിയ പുസ്തകം ഓര്‍ത്തുപോവുന്നു. കൊടുക്കുക, സമ്പാദിക്കുക, അതിൻ്റെ നൈരന്തര്യം നിലനിര്‍ത്താന്‍ ഭാവി തലമുറയെ സജ്ജമാക്കുക. ഇതാണ് ആ പുസ്തകത്തിലെ മുഖ്യ പ്രമേയം. ഉമ്മയുടെ ജീവിതവുമായി ഈ പുസ്തകത്തിന് അഭേദ്യമായ ബന്ധമുള്ളത്പോലെ തോന്നീയിട്ടുണ്ട്.
മക്കളുടെ കാര്യത്തില്‍ ജാഗ്രത
ഉപ്പ കുവൈത്തിലായിരുന്നതിനാല്‍ ഞങ്ങളുടെ ശിക്ഷണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും കാര്യത്തില്‍ ഉമ്മ അതീവ ശ്രദ്ധാലുവായിരുന്നു. ഞങ്ങള്‍ക്ക് പ്രായമാവുന്നതിനനുസരിച്ച് അതത് പ്രായത്തിലെ നൈപുണ്യം ആര്‍ജ്ജിക്കാന്‍ ഉമ്മ നിര്‍ബന്ധിച്ചു. നീന്തല്‍, സൈകിള്‍ റൈഡിംഗ്, ടൈപ് റൈറ്റിംഗ്, ഡ്രൈവിംഗ്, ഷോര്‍ട്ട് ഹാന്‍്റെ് ഇതൊക്കെ വളരെ ചെറുപ്പത്തിലെ ഇച്ചാക്കും എനിക്കും വശമുണ്ടായിരുന്നു. ഇതൊക്കെ ഉമ്മ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ഉമ്മ എന്നെ നന്നായി സഹായിച്ചു. പഠനം എനിക്കൊരു ബലികേറാ മലയായിരുന്നു. അറബി മലയാളത്തിലുള്ള പത്ത് കിത്താബും, ഇമാം ഗസ്സാലിയുടെ കീമിയ സആദയും (Chemistry of Happiness) ദുആകളും അതിലുള്‍പ്പെടും. പ്രശസ്തമായ ജിബ്രീലിന്‍്റെ ഹദീസിലെ സങ്കീര്‍ണ്ണ ഭാഗങ്ങള്‍ വിവരിച്ചു തന്നത് ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. ഒരു കാര്യം ഉമ്മ പഠിപ്പിച്ചാല്‍ കല്ലില്‍ കൊത്തിവെച്ചത്പോലെയുണ്ടാവും. പത്രമുള്‍പ്പടെ ഉമ്മ ധാരാളം വായിക്കും. ഇപ്പോഴും ആ പതിവ് തുടരുന്നു. അപാരമായ ഓര്‍മ്മശക്തി അവരെ അനുഗ്രഹിച്ചു.
ജേഷ്ടന്‍ മുഹമ്മദലി പഠനത്തിലും മറ്റു കാര്യങ്ങളിലും ഞങ്ങളെക്കാളെല്ലാം ഏറെ മികവ് പുലര്‍ത്തിയിരുന്നു. പ്രീഡിഗ്രി സെക്കന്‍്റെ് ഗ്രൂപ്പിന് പഠിച്ചുകൊണ്ടിരിക്കെ, കുവൈത്തിലേക്ക് സന്ദര്‍ശന വിസയില്‍ പോയതോടെ ഇച്ച പഠനം ഉപേക്ഷിച്ചു. കുടുംബത്തിന് സാമ്പത്തികമായി അത് വലിയ കരുത്ത് നല്‍കി എങ്കിലും, മിടുക്കനായൊരു പഠിതാവിനെ നഷ്ടപ്പെട്ടു. കുവൈത്തില്‍ നിന്നു ഹോണ്ട മോട്ടര്‍ സൈകിള്‍ ഉള്‍പ്പടെ പലതും കൊണ്ടുവന്നത് ഇപ്പോഴും ഓര്‍ക്കുന്നു.
എട്ടാം ക്ളാസ് കഴിഞ്ഞതോടെ ഇസ്സുദ്ദീന്‍ മൗലവിയുടെ ശ്രമഫലമായി എൻ്റെ പഠനം ശാന്തപുരത്ത് തുടര്‍ന്നു. ഡിഗ്രി വിജയിച്ച് നില്‍ക്കുമ്പോള്‍ എൻ്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇച്ച വിസ അയച്ചു തന്നു. സലാഉം, ലായിയും ഉമ്മും പ്രഡിഗ്രി വരെ നാട്ടില്‍ പഠിച്ചു. എൻ്റെ ഡിഗ്രി പഠനം അവസാനിച്ചതോടെ, ലായിയെ തിരൂര്‍ക്കാട് ഇലാഹിയാ കോളേജിലും ഉമ്മുനെ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജിലും ചേര്‍ത്തു. ഒ.അബ്ദുറഹിമാന്‍ സാഹിബും ശരീഫ് മൗലവിയുമായിരുന്നു അന്നത്തെ അവിടത്തെ പ്രിന്‍സപ്പള്‍മാര്‍. അവരുടെ നിര്‍ലോഭമായ സഹായം ഒരിക്കലും മറക്കാന്‍ കഴിയില്ല.
മികച്ച വിദ്യാഭ്യാസം ലായിയും ഉമ്മൂം കരസ്ഥമാക്കി. ഞങ്ങളുടെ പഠനത്തിന്‍്റെ ഓരോ ഘട്ടത്തിലും ഉപ്പയുടെ സഹായവും ഉമ്മയുടെ അതീവ ജാഗ്രതയും ഉണ്ടായിരുന്നു. ബി.എ.യില്‍ റാങ്ക് ജേതാവായ ഉമ്മു ബി.എഡ്. എടുത്ത് ചെംനാട് ഹൈസ്കൂളില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്നു. അന്നത്തെ ജമാഅത്ത് സ്കൂള്‍ ഭാരവാഹിയായിരുന്ന ടി.എച്ച്.അബ്ദുല്ല സാഹിബിനെ കണ്ട് ഉമ്മ ആര്‍ജ്ജവത്തോടെ സംസാരിച്ച് ഉമ്മൂന് നിയമനം കിട്ടുമ്പോള്‍ ഞാനും സന്നിഹിതനായിരുന്നു.
പേരമക്കളേയും മരുമക്കളേയും ചേര്‍ത്ത്പിടിച്ചു
കന്തലില്‍ നിന്നായിരുന്നു ഇച്ച കല്യാണം കഴിച്ചത്. ഉമ്മാഞ്ഞി അമ്മായി എന്ന് ഞങ്ങള്‍ അവരെ സ്നേഹപൂര്‍വ്വം വിളിക്കുന്നു. ഉമ്മയും ഉമ്മുമയും രോഗിയായപ്പോഴൊക്കെ അവര്‍ ഏറെ പരിചരിച്ചതും ഭക്ഷണം തയ്യാറാക്കി തന്നതുമെല്ലാം നന്ദിപൂര്‍വ്വമല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. പിന്നീട് നമ്മുടെ കുടുംബത്തിലേക്ക് വന്ന നവാഗതരായ മരുമകളായ സൗജയേയും വഹീദയേയും സുഹ്റാബിയേയും നഹ്റയേയും ഉമ്മ ചേര്‍ത്ത് പിടിച്ചു. അനുജത്തി ഫാതിമക്ക് ആലോചനയുമായി എതിര്‍ത്തോട്ടിലേക്ക് പോയ കുട്ടി ഇക്കാക്ക, അമ്പാച്ചു ഇക്കാക്ക എന്നിവരോടൊപ്പം ഞാനുമുണ്ടായിരുന്നു. അങ്ങനെ അസീസും കുടുംബത്തില്‍ അംഗമായി. ഇപ്പോള്‍ നമ്മുടെ കുടുംബം മൂന്നാം തലമുറയിലേക്ക് കടക്കുന്നു.
ഉമ്മ ചേര്‍ത്ത്പിടിച്ചതിൻ്റെ ഒരു ഉദാഹരണം പറയാം: അക്കാലത്ത് കന്തലിലേക്ക് ഗതാഗതം തീരെ കുറവായിരുന്നു. 30 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള അവിടേക്ക് രാവിലെ പുറപ്പെട്ടാല്‍ ഉച്ച കഴിഞ്ഞാണ് എത്തുക. രാത്രി അവിടെ താമസിച്ച് പിറ്റെ ദിവസം നാട്ടിലേക്ക് തിരിക്കും. ഞാനും അന്തച്ചാഉമായിരുന്നു മിക്കവാറും അവിടെ പോയിരുന്നത്. പോകുമ്പോള്‍ അവിടത്തേക്ക് ഉപ്പില്‍പൊതിഞ്ഞ് പുഴമീന്‍ കൊണ്ട്പോവും. അവിടന്ന് പല സാധനങ്ങളും ഇങ്ങോട്ടും കൊണ്ട് വരും.
വിവാഹനന്തരം എൻ്റെ ഭാര്യയേയും അനുജത്തി ഫാതിമയും റമീസയും ഒന്നിച്ച് ആലിയയിലേക്ക് പഠിക്കാന്‍ അയച്ചത് ഉമ്മയുടെ നിര്‍ബന്ധപ്രകാരമായിരുന്നു. മൂന്ന്പേരേയും കോളേജിലേക്ക് അയക്കാനുള്ള ഒരൂക്കങ്ങള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. ഉമ്മ തഹജ്ജുദ് നമക്സാരവും സുന്നത്ത് നോമ്പുകളും പതിവാക്കിയിരുന്നു. സുബഹിക്ക് ശേഷം ഉറക്കവുമായി ചങ്ങത്തത്തിലാവാതിരിക്കാന്‍ ഉമ്മ പ്രത്യേകം ശ്രദ്ധിച്ചു. വൃത്തിയുടെ കാര്യത്തില്‍ ഉമ്മയെ കവച്ചുവെക്കാന്‍ ആരുമുണ്ടാവില്ല. ഇപ്പോഴും അതെല്ലാം പതിവ് ശീലങ്ങള്‍ തന്നെ.
ജോലി ചെയ്യുന്നവരുടെ ആത്മബന്ധു
തൈവളപ്പില്‍ താമസമാക്കിയ ശേഷം കുറേ വര്‍ഷം അറബിച്ച നമ്മുടെ വീട്ടില്‍ സ്ഥിരമായി ജോലി ചെയ്തിരുന്നു. തെങ്ങിന് വെള്ളം അടിക്കല്‍, കൃഷി, നെല്‍ കൊയ്ത്, പശു പരിപാലനം തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ ജോലി. പിന്നീട് ദാമോദരനും കുഞ്ഞിരാമനും മൊഗലിലെ ഖാദര്‍ച്ചാഉം ബായിക്കര മമ്മദ്ഞ്ഞിയുമെല്ലാം പല ഘട്ടങ്ങളിലായി സ്ഥിരം പണിക്കാരായി സേവനം ചെയ്തു. നെല്ല് കൊയ്തെടുക്കുന്ന സമയങ്ങളില്‍ മുപ്പത്തഞ്ചോളം തൊഴിലാളികള്‍ ഉമ്മയുടെ കീഴില്‍ ജോലി ചെയ്തിരുന്നു.
പണി എടുത്തവര്‍ക്ക് അവരുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് വേതനം കൊടുക്കണമെന്ന കര്‍ക്കശക്കാരിയായിരുന്നു ഉമ്മ. എല്ലാം കൃത്യമായി പരാതിയല്ലാത്ത വിധം ഉമ്മ അതെല്ലാം കൈകാര്യം ചെയ്തത് ഓര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ഉപ്പ നാട്ടിലേക്ക് വന്നാല്‍ പിന്നെ കാര്യങ്ങള്‍ ഉപ്പ ഏറ്റെടുക്കും. രണ്ട് പേര്‍ക്കും കൃഷിയോട് എന്തെന്നില്ലാത്ത ആഭിമുഖ്യം ഉണ്ടായിരുന്നു. നെല്ല് കൊയ്താല്‍ എല്ലാവരേയും വിളിച്ച് പുത്തിരിച്ചോറും വെച്ച് സല്‍കരിക്കുമായിരുന്നു.
ജനസേവനത്തിൻ്റെ മഹനീയ മാതൃക
ആളുകളെ സഹായിക്കുക, അവരുടെ കണ്ണീരൊപ്പുക എന്നത് ഉമ്മയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമായിരുന്നു. കുടുംബക്കാരും അല്ലാത്തവരുമായ എത്രയൊ പെണ്‍കൊടികള്‍ക്ക് താലി ചാര്‍ത്തികൊടുത്തതില്‍ മുഖ്യ പങ്ക്വഹിച്ചു. എന്‍്റെ കൊച്ചു നാള്‍ മുതല്‍ ഇന്ന്വരെയും ഉമ്മ ഒരു തരി സ്വര്‍ണ്ണാഭരണം അണിഞ്ഞതായി ഒര്‍ക്കുന്നില്ല. എന്നാല്‍ ഉമ്മ എത്രമാത്രം സ്വര്‍ണ്ണ നാണയങ്ങളും ആഭരണങ്ങളും കൈകാര്യം ചെയ്തിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. തോട്ടത്തില്‍ അച്ചുച്ചാഉം ഉമ്പിച്ചാഉം അതില്‍ ഉമ്മാക്ക് വലിയ സഹായമായിരുന്നു.
ഭവന നിര്‍മ്മാണം, ചികില്‍സ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉമ്മാനെ സമീപിച്ചവരെ വെറുംകൈയ്യോടെ ഒരിക്കലും അയച്ചിട്ടുണ്ടാവില്ല. വിവാഹത്തിന് ഉമ്മ മുന്‍കൈ എടുത്ത് സംസാരിച്ചാല്‍ ആ വിവാഹം നടന്നിരിക്കും. അങ്ങനെ നൂറില്‍പരം വിവാഹങ്ങള്‍ ഉമ്മ നടത്തികൊടുത്തിട്ടുണ്ടാവും. ഞങ്ങളുടെ വിവാഹ കാര്യത്തിലും സാമ്പത്തിക സഹായം മുതല്‍ വേണ്ടെതെല്ലാം ഉമ്മ ചെയ്തു തന്നിട്ടുള്ളത് നന്ദിയോടെയല്ലാതെ സ്മരിക്കാന്‍ കഴിയില്ല.
നാടന്‍ ചികില്‍സയിലും വിദഗ്ധ
ഉമ്മാൻ്റെ കുടുംബം വൈദ്യന്‍മാരുമായി ബന്ധപ്പെട്ട കുടുംബമായിരുന്നു. അതും അക്കാലത്തെ പ്രശസ്ത വൈദ്യന്മാര്‍. കുട്ടിഇക്കാക്ക് ആയുര്‍വേദ ചികില്‍സയും ഇംഗ്ളീഷ് മരുന്നുകളും ഒരുപോലെ വശ്യമായിരുന്നു. പല മരുന്നുകളും പോകറ്റില്‍ തന്നെ കൊണ്ട് നടക്കാറുണ്ടായിരുന്നു, ചോദിച്ചവര്‍ക്ക് കൊടുക്കാന്‍ വേണ്ടി. അവരുടെ പല ചികില്‍സാ രീതികളും ഉമ്മ കണ്ട് പഠിച്ചിരുന്നത് എല്ലാവര്‍ക്കും ഗുണകരമായിട്ടുണ്ട്. കുട്ടികളുടെ കൈ തോളില്‍ നിന്ന് അറ്റുപോവല്‍ പതിവുള്ളതാണ്. ഉമ്മ അത് പെട്ടെന്ന് ശരിയാക്കികൊടുക്കും.
വിവിധ തരം ലേഹ്യങ്ങളും കശായവും ഉണ്ടക്കുന്ന രീതി, ധന്വന്തരം ഗുളിക ഉണ്ടാക്കുന്ന വിധം ഇതെല്ലാം ഉമ്മാക്ക് വശമുണ്ടായിരുന്നു. വെളിച്ചെണ്ണ ചേര്‍ത്ത് പല്ല് തേക്കലും ചെവിയില്‍ ഉറ്റിക്കലും ഉമ്മയുടെ പതിവ് ശീലങ്ങളാണ്. ഒരു മൂഡ്ഓഫ് ഉണ്ടാവുമ്പോഴാണൊ അങ്ങനെ ചെയ്യുന്നതെന്ന് സംശയം. ഇപ്പോള്‍ ഞാനും അത് പതിവാക്കി. വല്ലാത്തൊരനുഭൂതി അതിലൂടെ ലഭിക്കുന്ന എന്ന കാര്യത്തില്‍ സംശയമില്ല.
സാമ്പത്തിക അച്ചടക്കം
മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ അതിയായ ആനന്ദം കണ്ടത്തെിയിരുന്ന ഉമ്മ ധൂര്‍ത്തിൻ്റെയും ദുര്‍വ്യയത്തിൻ്റെയും ബദ്ധവൈരിയായിരുന്നു. ഭക്ഷണം പാഴാക്കല്‍, വെള്ളത്തിൻ്റെയും വൈദ്യുതിയുടേയും ദുര്‍വിനിയോഗം ഇതൊന്നൂം ഉമ്മാക്ക് തീരെ ഇഷ്ടമായിരുന്നില്ല. ചിലവുകള്‍ പരമാവധി ചുരുക്കി ജീവിച്ചു. കൈയ്യില്‍ പണമുണ്ടായിട്ടും വളരെ ജാഗ്രതയോടെ അത് ചിലവഴിച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് അക്കാലത്ത് നല്ല സംസ്കാരമായിരുന്നില്ല.
ഞാന്‍ ഏഴാം ക്ളാസില്‍ പഠക്കുമ്പോള്‍ ഉമ്മാക്ക് അതികഠിനമായ തലവേദന ഉണ്ടായിരുന്നു. തലക്ക് ശക്തമായി തുണിചുറ്റിയായിരുന്നു ഉമ്മ അതിനെ ശമിപ്പിച്ചിരുന്നത്. പിന്നീട് ഉമ്മാക്ക് അതികഠിനമായ വയര്‍വേദനയും കാരണം, കുറേ ദിവസം മംഗലാപുരത്ത് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അന്ന് അവിടെ ജോലി ചെയ്തിരുന്ന ഉമ്മയുടെ ബന്ധു കലക്ടര്‍ അബ്ദുല്ല സാഹിബും അവരുടെ സഹധര്‍മ്മിണി സുബൈദ അമ്മായിയും ഉമ്മാക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തു.
കുട്ടികളോടൊപ്പം കുട്ടികളെ പോലെ
ചെറിയ കുട്ടികളോടൊപ്പം ഉമ്മ അവരെപോലെ കളിക്കും. എൻ്റെ മകള്‍ മനാറിനോടും ഉമ്മൂൻ്റെ മകന്‍ മുഹമ്മദിനോടും ഹുദയുടെ മകള്‍ അര്‍വയോടൊപ്പവും കളിക്കുന്നത് ഞാന്‍ പലപ്പോഴും ആസ്വദിച്ചതാണ്. ഇച്ചാൻ്റെ മകള്‍ ഖൗലത് അവള്‍ ചെറുതായിരിക്കുമ്പോള്‍ ഉമ്മയോടൊപ്പം മണല്‍കൊണ്ട് അപ്പം ചുട്ട് കളിച്ചിരുന്ന കാര്യം ഓര്‍ക്കുന്നു. ഇശല്‍ പാട്ടുകളും ഉമ്മ നന്നായി ആലപിച്ചിരുന്നു.
ഉമ്മ ഭക്ഷണം പാകം ചെയ്താല്‍ അതിൻ്റെ രുചി ഒന്ന് വേറെതന്നെയാണ്. പഴയ കാലത്തെ നമ്മുടെ ഭക്ഷണ വിഭവങ്ങള്‍ കാലം എടുത്ത്കളഞ്ഞു. അതെല്ലാം തിരിച്ച്പിടിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്. കല്‍ത്തപ്പം, കൊരട്ടിപ്പത്തല്‍, കടുമ്പ്, മഞ്ഞചപ്പല അപ്പം, മീനപ്പം, പത്തല്‍ ഉണക്കിവെച്ച് എണ്ണയില്‍ പൊരിക്കല്‍, ചക്കിളി, ബാട്ട്പത്തല്‍, പൈസപത്തല്‍ അങ്ങനെ ഉമ്മ ഉണ്ടാക്കി തന്നിരുന്ന വിഭവങ്ങള്‍ നിരവധിയാണ്. ഇന്ന് അതെല്ലാം ഓര്‍മ്മകള്‍ മാത്രം. അവര്‍ ഉയര്‍ത്തിപിടിച്ച വിശ്വാസങ്ങളും ജീവിത മൂല്യങ്ങളും പിന്തുടര്‍ന്ന് നമുക്കും കരുത്താര്‍ജ്ജിക്കാം.
മികവിൻ്റെ മാതൃക
ഒരു കാര്യം ചെയ്യുകയാണെങ്കില്‍ അത് ഏറ്റവും മികവോടെ ചെയ്യുക എന്ന നിഷ്കര്‍ഷത ഉമ്മാക്ക് ഉണ്ട്. അല്ളെങ്കില്‍ ചെയ്യാതിരിക്കുക എന്ന് പറയും. മിക്കവാറും ഉമ്മ ചെയ്താലെ ഉമ്മാക്ക് തൃപ്തിയാവൂ. ഇസ്ലാമിൻ്റെ സാങ്കേതിക ഭാഷയില്‍ ഇതിനെ ഇഹ്സാന്‍ എന്ന് പറയന്നു. പള്ളിയും മദ്രസ്സയും സ്ഥാപിക്കുന്നതില്‍ ഉപ്പയോടൊപ്പം, ഉമ്മയും മഹത്തായ പങ്ക് വഹിക്കുകയുണ്ടായി. അവരുടെ ആ പരിശ്രമത്തെ ഇനിയും മുന്നോട്ട്കൊണ്ട്പോവേണ്ടത് അനിവാര്യമാണ്.
അതിന് കുടുംബത്തില്‍ കൃത്യമായ നേതൃത്വം ഉണ്ടാവണം. ഇച്ച അതിന് എല്ലാ നിലക്കും യോഗ്യന്‍. കുടുംബ ട്രസ്റ്റ് രൂപീകരിച്ച് ഉപ്പയും ഉമ്മയൂം അസ്തിവാരമിട്ട മഹത്തായ സ്ഥാപനത്തെ കാലത്തിനനുയോജ്യമായി മുന്നോട്ട്കൊണ്ട്പോവേണ്ടത് നമ്മുടെ ഉത്തരവാതിത്വമാണ്. നമ്മുടെ കുടുംബം എന്നെന്നും നിലനില്‍ക്കാന്‍, കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ഒത്തൊരുമയോടെ മുന്നോട്ട്പോവുകയാണ് പ്രധാനം. അതിന് പരസ്പരം ഗുണകാംക്ഷയും ഉപദേശ നിര്‍ദ്ദേശങ്ങളും വിട്ട്വീഴ്ചയും വിശാല മനസ്കതയും ആവശ്യമാണ്. ഈ പാരമ്പര്യം ഓര്‍ത്ത്കൊണ്ടായിരിക്കണം നമ്മുടെ ഭാവി തലമുറ വളരേണ്ടത്.
ഇങ്ങനെ ഉമ്മയെ കുറിച്ച ഓര്‍മ്മകള്‍ മനസ്സില്‍ അനേകം ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയില്‍ അനേകം മുദ്രകള്‍ പതിപ്പിച്ച മഹദ് ജീവിതം. വിസ്താര ഭയത്താല്‍ കുറിപ്പ് ചുരുക്കുകയാണ്. പലരേയും സ്മരിക്കാന്‍ വിട്ടുപോയതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളുടെയും അനുഭവങ്ങള്‍ പങ്ക്വെച്ച് ഈ ധന്യസ്മൃതിയെ മനോഹരമാക്കുക. നമ്മുടെ ഭാവി തലമുറ നമ്മുടെ കുടുംബത്തിൻ്റെ സവിശേഷതകള്‍ അറിയുകയും പകര്‍ത്തുകയും ചെയ്യട്ടെ. അല്ലാഹു ഉപ്പയുടേയും ഉമ്മയുടേയും സല്‍കര്‍മ്മങ്ങള്‍ സ്വീകരിച്ച് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. അവരേയും നമ്മേയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ.