മനസ്സമാധാനം ലഭിക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍

മനസ്സമാധാനം ലഭിക്കാന്‍ പത്ത് നിര്‍ദേശങ്ങള്‍
  • ഡിസംബർ 15, 2022
  • ഇബ്റാഹീം ശംനാട്

ഡോ. താരീഖ് ഇസ്സത്ത്‌

മനസ്സമാധാനം നല്‍കുന്ന പത്ത് നിര്‍ദേശങ്ങള്‍, ഒരു ചോദ്യംകൊണ്ട് തുടങ്ങാം: നിത്യജീവിതത്തില്‍ അധികം ആളുകളെ ഏറ്റവും കൂടുതലായി അലട്ടുന്ന പ്രശ്‌നങ്ങള്‍ എന്താണ്? കടബാധ്യത, നല്ലൊരു സുഹൃത്തിനെ കണ്ടെത്തല്‍, മറ്റുള്ളവരുമായി ഇടപെടല്‍, വേണ്ടത്ര സമയമില്ലായ്മ, അമിതമായ ജോലി തുടങ്ങിയവ ഉള്‍പ്പെടെ ആളുകള്‍ക്ക് പലതരം അസ്വാസ്ഥ്യങ്ങളുണ്ട്. ഇവയ്‌ക്കോരോന്നിനും പരിഹാരവുമുണ്ട്. താഴെ പറയുന്ന കാര്യങ്ങള്‍ നമുക്ക് മനഃസമാധാനവും ആന്തരിക ശാന്തിയും ലഭിക്കാന്‍ സഹായിക്കുന്ന ഓര്‍മപ്പെടുത്തലുകളാണ്:

കടബാധ്യതയില്‍ നിന്ന് മുക്തനാവുക

നമ്മില്‍ പലരെയും ഏറ്റവും കൂടുതല്‍ അലട്ടുന്ന അസ്വസ്ഥതയാണ് കടബാധ്യത. അടുത്ത കടത്തിന്റെ ഗഡു എപ്പോള്‍ വീട്ടാന്‍ കഴിയുമെന്നതിനെ കുറിച്ച് നീറിപ്പുകയുന്നവരാണ് പലരും. അത് ബാങ്ക് ലോേണാ മറ്റുള്ളവരില്‍ നിന്ന് അവധി പറഞ്ഞ് വായ്പ വാങ്ങിയതോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടുത്തതോ ഒക്കെയാവാം. ഇന്നത്തെ ഉപഭോക്തൃ സമൂഹത്തില്‍ നവംനവങ്ങളായ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നിരന്തരമായ പ്രേരണ ഉണ്ടാവാറുണ്ട്. വിവിധ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ നമ്മുടെ ഉപഭോഗത്വര വര്‍ധിപ്പിക്കുകയും നാം സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഈ പ്രവണത കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും മനഃസമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ധാരാളം കടബാധ്യത തീര്‍ക്കാനുണ്ടായാല്‍, പ്രതിമാസ ചെലവ് വരുമാനവുമായി അസന്തുലിതമായാല്‍ അയാളുടെ സ്വസ്ഥത നഷ്ടപ്പെടുന്നു. മനഃസമാധാനം ധൂമമായിപ്പോവുന്നു. ഒരു നബിവചനത്തില്‍ വ്യക്തമാക്കിയതുപോലെ: ഒരാള്‍ കടബാധ്യതയിലകപ്പെട്ടാല്‍ അയാള്‍ സംസാരിക്കുന്നതും പറയുന്നതും കളവാണ്. അയാള്‍ വാഗ്ദാനം ചെയ്തിട്ട് അത് ലംഘിക്കുന്നു.

ഉത്തമ കൂട്ടുകാരെ സ്വീകരിക്കുക

സാമൂഹികമായി ഒത്തുകൂടുന്ന സന്ദര്‍ഭങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും മറ്റ് ഒഴിവുവേളകളിലും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുന്നത് മനസ്സിന് ആനന്ദവും സന്തോഷവും നല്‍കുന്ന കാര്യമാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക: നല്ല സുഹൃത്ത് അല്ലാഹുവിലേക്കുള്ള മാര്‍ഗം കാണിച്ചുതരാന്‍ സഹായിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ആരെ സുഹൃത്തായി സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. ഉത്തമ സുഹൃത്തുക്കള്‍ നിങ്ങള്‍ മറന്നുപോയാല്‍ അല്ലാഹുവിനെ ഓര്‍മിപ്പിക്കുന്നവനും മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നവനുമാണ്. അങ്ങനെ ജീവിക്കുന്നതാകട്ടെ അല്ലാഹുവിനെ സന്തോഷിപ്പിക്കുന്നു. ദുഷിച്ച കൂട്ടുകെട്ട് ഒഴിവാക്കുക.

കാരുണ്യപൂര്‍വമായ സമീപനം

അപരന് സമയം നീക്കിവെക്കാന്‍ കഴിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ചുറ്റുപാടാകട്ടെ ഇന്ന് സംഘര്‍ഷഭരിതമാണ്. അവിടെ അക്രമവും കുറ്റകൃത്യവും സ്വാര്‍ഥതയും നിലനില്‍ക്കുന്നു. അത്തരമൊരു ചുറ്റുപാടില്‍, അതൊന്നും നമ്മെ നേരിട്ടോ അല്ലാതെയോ ബാധിക്കാതെ ജീവിക്കുക എളുപ്പമല്ല. എന്നാല്‍ ഏത് അവസ്ഥയിലും ഒരു മുസ്‌ലിം നല്ല ഉപചാരങ്ങള്‍ പാലിക്കുകയും ജനങ്ങളോട്- ശത്രുക്കളോടു പോലും- കാരുണ്യപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. ഇതിന് ധാരാളം ക്ഷമ ആവശ്യമാണ്. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

കോപിക്കാതിരിക്കുക

ആന്തരിക സമാധാനത്തിന് അനുപേക്ഷണീയമായ മറ്റൊരു കാര്യമാണ് ജനങ്ങളോട് കോപിക്കാതിരിക്കുക എന്നത്. പ്രതിലോമകരമായ പ്രതികരണങ്ങള്‍ ഒഴിവാക്കുക. കോപം നമ്മുടെ സമാധാനം എടുത്തുകളയുന്നു. നിരുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ അത് ആളുകളെ നിര്‍ബന്ധിക്കുകയും ചെയ്യും. ക്ഷമാശീലരെയും കോപം അടിച്ചമര്‍ത്തുന്നവരെയും മാപ്പ് കൊടുക്കുന്നവരെയും അല്ലാഹു ഖുര്‍ആനില്‍ പ്രശംസിച്ചിട്ടുണ്ട്. പ്രവാചകന്റെ പ്രകൃതം തന്നെയും ശാന്തനും പ്രത്യുല്‍പന്നമതിത്വവുമായിരുന്നല്ലോ. കോപിക്കരുത് എന്ന് അനുചരന്മാരെ ഉപദേശിക്കുകയും ചെയ്തു. കോപമുണ്ടായാല്‍ അംഗസ്‌നാനം ചെയ്യാനോ നില്‍ക്കുകയാണെങ്കില്‍ ഇരിക്കാനോ നിര്‍ദേശിച്ചു. അല്ലാഹുവില്‍ അഭയം തേടാനും.

മാപ്പ് നല്‍കൂ,

അനീതി പ്രവര്‍ത്തിക്കരുത്

ജനങ്ങളുമായി ഇടപെടുമ്പോള്‍ ഒരുപടി കൂടുതലായി ക്ഷമ പാലിക്കുക. കഴിവിന്റെ പരമാവധി നിങ്ങള്‍ മാപ്പ് നല്‍കൂ. ഒരിക്കലും അനീതി പ്രവര്‍ത്തിക്കരുത്. അനീതിയുടെ പാതയുണ്ടല്ലോ, അത് ഒരു വ്യക്തിയെ ദൈവത്തിന്റെ പാതയില്‍ നിന്ന് ബഹുദൂരം അകറ്റിനിര്‍ത്തുന്നതാണ്. മനഃസമാധാനമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, മാപ്പ് നല്‍കുകയും ജനങ്ങളുടെ തെറ്റുകള്‍ അവഗണിക്കുകയും ചെയ്യുക. വ്യക്തിപരമായ സംതൃപ്തിക്കായി പ്രതികാരം ചെയ്യരുത്. ക്ഷമിക്കുക, നീതി പാലിക്കുക. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും അവനോട് അടുപ്പിക്കുകയും ചെയ്യും. അതിലൂടെ മനഃസമാധാനം വര്‍ധിക്കും.

അമിത ഉത്തരവാദിത്തം
ഏറ്റെടുക്കരുത്


ജീവിതത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. ആധുനിക ലോകത്ത് ഓരോ ദിവസവും ജീവിതം വേഗതയിലും നവംനവങ്ങളായ സാങ്കേതികവിദ്യയിലും സങ്കീര്‍ണമാവുകയാണ്. അധികം ആളുകളുടെയും മനഃസംഘര്‍ഷവും വര്‍ധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ സന്തുലിതത്വം ആവശ്യമാണ്. ധൃതി ആവശ്യമില്ല. കുറഞ്ഞ കാര്യങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കുകയാണ്, കുറേ കാര്യങ്ങള്‍ അപൂര്‍ണതയോടെയും മനഃസംഘര്‍ഷത്തോടെയും നിര്‍വഹിക്കുന്നതിനേക്കാള്‍ ഉത്തമം.

പരലോക ജീവിതത്തിലേക്ക് നാം നമ്മുടെ സമ്പത്ത് കൊണ്ടുപോവുന്നില്ല. അതിനാല്‍ സമാധാനം അന്വേഷിക്കുന്നുവെങ്കില്‍ സന്തുലിത ജീവിതം നയിക്കുക. ജീവിതം തിരക്കു പിടിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നില്ല. നമ്മുടെ ധൃതി അല്‍പം കുറയ്ക്കാം. സമാധാനത്തോടെ വാഹനമോടിക്കുന്നതും മനോസംഘര്‍ഷത്തില്‍ വാഹനമോടിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ജീവിതത്തിനും ആ നിയമം ബാധകമാണ്. സമാധാനമാണ് അന്വേഷിക്കുന്നതെങ്കില്‍ ധൃതിയില്ലാതെ ജീവിക്കാന്‍ ശ്രമിക്കുക.

അവധി എടുക്കാം

മനഃസമാധാനം ആവശ്യമാണെന്ന് തോന്നുമ്പോള്‍ അവധി എടുക്കുക. തിരക്കു പിടിച്ച ജോലിക്കു ശേഷം, അല്ലെങ്കില്‍ പഠനത്തിനോ പരീക്ഷക്കോ ശേഷം, ബാറ്ററി റീചാര്‍ജ് ചെയ്യാന്‍, ആത്മീയമായും ശാരീരികമായും ഒരു അവധി പ്രധാനമാണ്. അത് ഒരു പുനര്‍വിചിന്തനത്തിനും ആഴത്തിലുള്ള ചിന്തക്കും നമുക്ക് അവസരം നല്‍കുന്നു. അത്തരം ഏകാഗ്രതയോടെയുള്ള ചിന്തകള്‍ അല്ലാഹുവിനോട് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നതാണ്.

ഒരു സമയം ഒരു കാര്യം ചെയ്യുക

ഈയാഴ്ച, അല്ലെങ്കില്‍ അടുത്ത മാസമോ വര്‍ഷമോ പരിഹരിക്കേണ്ട കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാവാമല്ലോ എന്ന് തോന്നിപ്പോവും. പക്ഷേ ഓരോ പ്രശ്‌നത്തിനും ഒരു പരിഹാരമുണ്ടെന്ന കാര്യം നാം വിസ്മരിച്ചുപോവുന്നു. എന്നിട്ടും അവിടെ എത്തിച്ചേരാന്‍ നാം പാലം മുറിച്ചുകടക്കുകയില്ല. ഭാവി പ്രശ്‌നങ്ങള്‍ കാരണം മനഃസംഘര്‍ഷം അനുഭവപ്പെടുമ്പോള്‍, ഒരു സമയത്ത് ഒരു പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ബുദ്ധി. അഥവാ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുക. പക്ഷേ അവസാനം എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവാണ് തീരുമാനിക്കുക. അതുകൊണ്ട് ഈ ലോകത്തും പരലോകത്തും നമുക്ക് ഏറ്റവും നല്ലതിനു വേണ്ടി അവനോട് മാര്‍ഗദര്‍ശനത്തിനായി പ്രാര്‍ഥിക്കാം.

പോസിറ്റീവ് വശം കാണുക

അധിക സമയവും പോസിറ്റീവായിരിക്കുക എന്നത് മനഃസമാധാനത്തിലേക്ക് നയിക്കുന്ന വഴികളില്‍ ഒന്നാണ്. നമ്മള്‍ അനുഭവിക്കുന്ന ഏതു കാര്യത്തിനും പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ട്. ചിലപ്പോള്‍ പോസിറ്റീവായിരിക്കും നെഗറ്റീവിനെക്കാള്‍ മഹത്തരം. മറ്റു ചിലപ്പോള്‍ നേരെ മറിച്ചുമാവാം. ഒരു വിശ്വാസിക്ക് നെഗറ്റീവ് അനുഭവം ഉണ്ടാവുകയാണെങ്കില്‍ പോലും അതിന്റെ പോസിറ്റീവ് വശത്തിലേക്ക് നോക്കാനാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്. നെഗറ്റീവ് വശത്തേക്കു മാത്രം നോക്കുന്നത് പ്രതീക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കും. എപ്പോഴും പ്രതീക്ഷയെ കുറിച്ച് ഓര്‍മയുണ്ടായിരിക്കണം. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ പോസിറ്റീവ് വശം പെട്ടെന്ന് ബോധ്യമാവുന്നില്ലെങ്കില്‍, ചിന്തിച്ചും മനനം ചെയ്തും അത് അവിടെയുണ്ട് എന്നു കരുതണം. ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തു കൂടുതല്‍ അനുഭവം നേടി എന്നുവരാം. അതിനാല്‍ പോസിറ്റീവാകുക, ക്ഷമിക്കുക, നിങ്ങള്‍ സമാധാനം കാംക്ഷിക്കുന്നുവെങ്കില്‍.

സംതൃപ്തനായി ജീവിക്കുക

ബാഹ്യമായ ചുറ്റുപാടുകള്‍ ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ പോലും ഒരു വിശ്വാസി അപ്പോഴും സന്തോഷവാനായിരിക്കും. കാരണം സന്തോഷം ഹൃദയാന്തരാളത്തില്‍ നിന്നാണ് നിര്‍ഗളിക്കുന്നത്. ബാഹ്യഘടകങ്ങള്‍ നല്ലതാണെങ്കില്‍ അത് സന്തോഷം വര്‍ധിക്കാന്‍ ഇടയാക്കും. നിങ്ങള്‍ യഥാര്‍ഥ സമാധാനവും സന്തോഷവുമാണ് അന്വേഷിക്കുന്നതെങ്കില്‍ ഹൃദയത്തെ ശുദ്ധീകരിച്ച് അല്ലാഹുവിനോട് സാമീപ്യം കരസ്ഥമാക്കുക. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ നിങ്ങള്‍ സംതൃപ്തനാവുമ്പോള്‍ നിങ്ങള്‍ക്ക് ആന്തരിക സമാധാനം ലഭിക്കും.

മാനസിക സമാധാനം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഐഹിക കാര്യങ്ങളെ സംബന്ധിച്ച് ചുരുങ്ങിയ പ്രതീക്ഷകള്‍ മാത്രം പുലര്‍ത്തുകയും നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുകയും ചെയ്യുക എന്നതാണ്.

വിവ: ഇബ്‌റാഹീം ശംനാട്‌