ഉത്തമ ജീവിത പങ്കാളിയാവാന്‍ പത്ത് കാര്യങ്ങള്‍

ഉത്തമ ജീവിത പങ്കാളിയാവാന്‍ പത്ത് കാര്യങ്ങള്‍
  • നവംബർ 18, 2021
  • ഇബ്റാഹീം ശംനാട്

നമ്മുടെ കുടുംബ ജീവിതത്തിലെ അടിസ്ഥാനപരമായ രണ്ട് ഘടകങ്ങളാണ് ഭാര്യയും ഭര്‍ത്താവും. ഭാര്യ ഭര്‍ത്താവിന് സഹധര്‍മ്മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആയാല്‍ മാത്രമേ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരികയുള്ളൂ. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പല കാരണങ്ങളാല്‍ ജീവിത പങ്കാളികളില്‍ അശ്വസ്ഥത വ്യാപകമാവുകയാണ്. ഇത് കുടുംബ വഴക്കിനും കലഹത്തിനും വഴിവെക്കുകയും അത് വളരുന്ന പുതു തലമുറകളെ സ്വാധീനികക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്‍റെ തീരുമാന പ്രകാരമാണ് കുടുംബ ബന്ധം രൂപപ്പെട്ടിട്ടുള്ളതെന്നും അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ജീവിത പങ്കാളികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമെ, ഭാര്യ-ഭര്‍തൃ സ്നേഹ ബന്ധം ആത്മീയ തലത്തിലേക്ക് ഉയരുകയും എന്നെന്നും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ. കുടുംബത്തിന്‍റെ നായകന്‍ എന്ന നിലയില്‍ ഭാര്യ ഭര്‍തൃ ബന്ധം ഊഷ്മളമാക്കുന്ന പത്ത് കാര്യങ്ങള്‍ ചുവടെ:

1. സുഗന്ധ ദ്രവ്യം ഉപയോഗിക്കുക
സഹധര്‍മ്മിണി നല്ല വസ്ത്രമണിഞ്ഞും വെടിപ്പിലുമായിരിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കാറുള്ളത് പോലെ, ഭര്‍ത്താവും വൃത്തിയുള്ള വസ്ത്രവും സുഗന്ധ ദ്രവ്യവും ഉപയോഗിക്കണമെന്ന് ഭാര്യയും ആഗ്രഹിക്കുക സ്വാഭാവികമാണ്. ഇത് കുടുംബത്തില്‍ സ്നേഹ ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായകമാവും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ നബി (സ) സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കുകയും ദന്തശുദ്ധീകരണം വരുത്തുകയും ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തീട്ടുണ്ട്.

2. ഇഷ്ടപ്പെട്ട പേര് കൊണ്ട് വിളിക്കുക
ഭാര്യയുമായി ബന്ധം ഊഷ്മളമാക്കാന്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല പേര് കൊണ്ട് വിളിക്കട്ടെ. നബി (സ) തന്‍റെ സഹധര്‍മ്മിണിമാര്‍ക്ക് ഇരട്ടപ്പേര് നല്‍കിയിരുന്നു. ഭാര്യക്ക് ഇഷ്ടപ്പെട്ട പേര് കൊണ്ട് അവരെ നിങ്ങള്‍ വിളിച്ച് നോക്കു. അത് അവരില്‍ പഴയകാല ഓര്‍മ്മകളുടെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കും. ഭാര്യയെ നോവിക്കുന്ന പേരുകളില്‍ അവരെ വിളിക്കാതിരിക്കുക.

3. കണ്‍കുളിര്‍മ്മയായി കാണുക
നമ്മുടെ ജീവിതത്തില്‍ നമുക്ക് ആനന്ദം നല്‍കുന്ന കണ്‍കുളിര്‍മ്മയായി അവരെ കാണുക. അല്ലാഹുവിന്‍റെ തീരുമാനമാണ് ഈ പവിത്ര ബന്ധം എന്ന വിചാരത്തോടെ അവരെ സമീപിക്കുക. അവര്‍ ചെയ്യുന്ന അനേകം നന്മകളെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ക്ക് ആശ്വാസം പകരുന്നവരായി നിലകൊള്ളുക.

4. നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുക
കുടുംബജീവിതം രമ്യമായി നീങ്ങാനുള്ള ഒരു തന്ത്രത്തിന്‍റെ ഭാഗമായി ഭാര്യയില്‍ നിന്നുണ്ടാവുന്ന നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുകയാണ് ഉചിതം. നബി (സ) തന്‍റെ ഭാര്യമാരില്‍ നിന്നും എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കലായിരുന്നു പതിവ്.

5. പുഞ്ചിരിയും ആലിംഗനവും ചെയ്യുക
പരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന നാം സ്വന്തം സഹധര്‍മ്മിണിയെ കാണുമ്പോള്‍ എന്ത്കൊണ്ട് ഈ സ്നേഹ പ്രകടനം നടത്തികൂട? ജീവിത പങ്കാളിയെ ഒന്ന് ആലിംഗനം ചെയ്യല്‍, ഒന്ന് സ്പര്‍ഷിക്കല്‍, അവരോട് ഒരു പുഞ്ചിരി എല്ലാം ഏത് കോപാഗ്നിയേും തണുപ്പിക്കുന്ന ദിവ്യാഒൗഷധമാണത്.

6. നന്ദി പ്രകാശിപ്പിക്കുക
നിസ്സാര കാര്യങ്ങള്‍ക്ക് പോലും നന്ദി പറയാന്‍ പിശുക്ക് കാണിക്കാത്ത നാം, സ്വന്തം സഹധര്‍മ്മിണിയോട് അതിന് മടി കാണിക്കുന്നത് ശരിയല്ലല്ടലടലോ? വീടിലേക്ക് വരുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത്, രുചികരമായ ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നത്, കുട്ടികളൂടെ പരിപാലനം അങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം സേവനം ചെയ്യുന്ന ജീവിതപങ്കാളിയോടായിരിക്കണം ആദ്യം നാം നന്ദി പറയേണ്ടത്.

7. നര്‍മ്മത്തില്‍ ചാലിച്ച സംസാരം
പലതരം മാനസികാവസ്ഥകളിലുടെയാണ് മനുഷ്യ മനസ്സിന്‍റെ സഞ്ചാരം. അല്ലാഹു വിധിച്ചതല്ടലടലെ സംഭവിക്കൂ. നര്‍മ്മത്തില്‍ ചാലിച്ച സംസാരം വിവേകമുള്ളവരുടെ സ്വഭാവമാണ്. അത് ആസ്വദിക്കാനുള്ള കഴിവ് ഭാര്യയും ആര്‍ജ്ജിച്ചിരിക്കണം. പ്രവാചകന്‍ (സ) ഭാര്യമാരുമായി തമാശ പറയുകയും സഹധര്‍മ്മിണി ആയിശയുമായി ഓട്ട മല്‍സരത്തില്‍ ഏര്‍പ്പെട്ടിരുന്നതും സുവിദിതമാണ്. നമുക്കും ഈ തലത്തിലേക്ക് വന്നുകൂടെ?

8.ആവശ്യ പൂര്‍ത്തീകരണം
പുരുഷന്മാരുടെ പല കാര്യങ്ങളും സ്വമേധയാ പൂര്‍ത്തീകരിച്ച് തരുന്നവരാണ് അവരുടെ ഭാര്യമാര്‍. അതേ ഭാര്യമാരുടെ ആവശ്യങ്ങളെന്താണെന്നും അത് പൂര്‍ത്തീകരിച്ച് തരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാല്‍ തന്നെ നമ്മില്‍ അധിക പേരുടേയും ഭാര്യമാര്‍ സന്തോഷവതികളാവും. മനുഷ്യര്‍ എന്ന നിലയില്‍ പലര്‍ക്കും പല ആവിശ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് പൂര്‍ത്തീകരിച്ച് കൊടുക്കുന്നത് അവരെ പരിഗണിക്കുന്നതിന് തുല്യമാണെന്നാണ് കരുതുക. അവളുടെ ആഗ്രങ്ങളെ നിസ്സാരമായി കാണാതിരിക്കുക.

9.നന്ദി പ്രതീക്ഷിക്കരുത്
എന്തെല്ലാം താന്‍ അവള്‍ക്ക് ചെയ്ത് കൊടുത്തിട്ടും ഒരു നന്ദിയും പ്രകടിപ്പിക്കാത്തവളാണ് ഭാര്യമാര്‍ എന്നത് പൊതുവെയുള്ള ആക്ഷേപമാണ്. അല്ലാഹുവിന്‍റെ പ്രീതിക്ക് മാത്രമാണ് താന്‍ ഇതെല്ലാം ചെയ്ത് കൊടുക്കുന്നതെന്ന ഉത്തമ വിചാരത്തോടെ കാര്യങ്ങള്‍ ചെയ്യുക. അല്ലാഹുവിന്‍റെ പ്രത്യേക തീരുമാന പ്രകാരം ഉണ്ടായ വൈവാഹിക ബന്ധമാണിത്. അതിനെ സുദൃഡമാക്കുന്നത് അല്ലാഹുവിന്‍റെ തൃപ്തിക്ക് കാരണമാവും.

10. ഉത്തമനാവാനുള്ള വഴി
നബി (സ) പറഞ്ഞു: “സ്വന്തം സഹധര്‍മ്മിണിയോട് ഉത്തമനായവനാണ് നിങ്ങളില്‍ ഉത്തമന്‍. എന്‍റെ കുടുംബത്തിന് ഞാനാണ് ഏറ്റവും ഉത്തമന്‍.” സമൂഹത്തിന്‍റെ അടിസ്ഥാനമാണ് കുടുംബം. ആ കുടുംബം നന്നാകുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ. കുടുംബ നാഥന്‍ എന്ന നിലയില്‍ ഭര്‍ത്താവില്‍ നിന്നായിരിക്കണം അതിന് തുടക്കം കുറിക്കേണ്ടത്.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് നല്ലൊരു ജീവിത പങ്കാളിയാവാം. ഭദ്രമായ ഒരു ഭാവിതലമുറയുടെ അടിസ്ഥാനവും സമൂഹത്തിന്‍റെ നിര്‍മ്മിതിക്കുള്ള അടിത്തറയുമാണത്. കുടുംബമെന്ന പാളയത്തില്‍ വിളളല്‍ സംഭവിച്ചാല്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സമകാലീന സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. അത് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.