ജനഹൃദയങ്ങളിലൂടെ സ്വര്‍ഗ്ഗ രാജ്യത്തേക്ക് പാലം പണിയുന്നവര്‍

ജനഹൃദയങ്ങളിലൂടെ സ്വര്‍ഗ്ഗ രാജ്യത്തേക്ക് പാലം പണിയുന്നവര്‍
  • ജനുവരി 14, 2022
  • ഇബ്റാഹീം ശംനാട്

അറബ് വംശജനായ ഭിഷ്വഗരന്‍റെ പ്രബോധനാനുഭവങ്ങള്‍ കൂടെ ജോലി ചെയ്യുന്ന യമനി സുഹൃത്ത് പങ്ക് വെക്കച്ചത് ഇസ്ലാമിക പ്രബോധന ദൗത്യ നിര്‍വ്വഹണത്തില്‍ വെളിച്ചവും മാര്‍ഗ്ഗദര്‍ശനവുമാണ്. ഒരു അറബ് രാജ്യത്തെ പ്രശസ്തമായ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തിലെ ഭിഷ്വഗ്വരനാണ് അദ്ദേഹം. പതിനൊന്ന് മാസം സ്വദേശത്ത് നിരവവധി ശസ്ത്രക്രയകള്‍ ചെയ്ത് ഒരു മാസം അവധി കിട്ടുമ്പോള്‍ അദ്ദേഹം ദാരിദ്ര്യം കൊണ്ട് പ്രയാസപ്പെടുന്ന ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്തേക്ക് യാത്ര തിരിക്കും. അവിടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരൊഴിച്ച മറ്റുള്ളവരെല്ലാം ഈ ഡോക്ടറെ കാത്തിരിക്കും. അവര്‍ക്കെല്ലാം അദ്ദേഹം സൗജന്യമായി സര്‍ജറി ചെയ്ത്കൊടുക്കുന്നു.

ഡോക്ടറുടെ ഈ പ്രവര്‍ത്തനത്തിലൂടെ ഇസ്ലാമിനെ മനസ്സിലാക്കാനും അത് സ്വീകരിക്കാനും അനേകം പേര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതായി ആ യമനി സുഹൃത്ത് പറഞ്ഞു. നിസ്വാര്‍ത്ഥമായി ഇങ്ങനെ സേവനം ചെയ്യുന്നതിന്‍റെ പിന്നിലെ പ്രചോദനം തദ്ദേശിയരായ ആഫ്രിക്കകാര്‍ ആരാഞ്ഞൂ. അത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പരലോകബോധവുമാണെന്നും കഷ്ടപ്പെടുന്നവരോടുള്ള അനുകമ്പയും അതിലൂടെ തനിക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം പണിയുകയാണെന്നും ഡോക്ടര്‍ അവരെ ബോധ്യപ്പെടുത്തി. അത്തരക്കാര്‍ക്കുള്ള പ്രതിഫലത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണൂ:
“സത്യ ധര്‍മങ്ങളില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി കരുണാമയനായ തമ്പുരാന്‍ തീര്‍ച്ചയായും ജനഹൃദയങ്ങളില്‍ താമസിയാതെ മൈത്രിയുളവാക്കുന്നുണ്ട്. ” അധ്യായം മര്‍യം: 96 ഖുര്‍ആന്‍ ബോധനം ഈ സുക്തം വിശദീകരിക്കുന്നത് ഇങ്ങനെ:

….സത്യധര്‍മങ്ങളില്‍ വിശ്വസിച്ച് സന്മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഇപ്പോള്‍ അനുഭവിച്ച്വരുന്ന ആക്ഷേപവും പരിഹാസങ്ങളും മര്‍ദനപീഡനങ്ങളും നിറഞ്ഞ അവസ്ഥക്ക് ഏറെ താമസിയാതെ മാറ്റം വരുന്നതാണ്. പ്രതിയോഗികളുടെ ദുഷ്പ്രചരണങ്ങളെയെല്ലാം മറികടന്ന് അവരുടെ സത്യപ്രബോധനം ജനഹൃദയങ്ങളില്‍ കടന്ന്ചെല്ലുകതന്നെ ചെയ്യും. അവരുടെ സല്‍ക്കര്‍മങ്ങളും ജീവിത വിശുദ്ധിയും ദൈവഭക്തിയും മനുഷ്യസ്നേഹവും ആളുകളില്‍ അവരോട് മൈത്രിയും ബഹുമാനവും വളര്‍ത്തും. അങ്ങനെ ആളുകള്‍ കൂട്ടംകൂട്ടമായി ഈ ദീനില്‍ പ്രവേശിച്ച്കൊണ്ടിരിക്കും……..വാല്യം 6 പേജ് 418

ഏറെ കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍, നമ്മുടെ രാജ്യത്ത് പരീക്ഷിക്കേണ്ട ഒരു പ്രബോധന രീതിയാണ് മുകളിലെ അറബ് ഭിഷ്വഗരന്‍റെ പ്രബോധനാനുഭവങ്ങള്‍. സ്വയം സംസാരിക്കുന്ന ചൂണ്ട്പലകയാണത്. കുവൈത്തിലെ ഡോ.അബ്ദുറഹിമാന്‍ സൂമൈതി തന്‍റെ മൂഴുനീള തൊഴില്‍ സേവനം പ്രബോധന നിര്‍വ്വഹണത്തിന് വേണ്ടി നീക്കിവെച്ച പ്രബോധകനായിരുന്നു. നിര്‍ബന്ധത്തിന്‍റെയൊ ബലാല്‍കാരത്തിന്‍റെതൊ ആയ അപരിഷ്കൃത രീതി ഇസ്ലാമിന് അന്യം. ഖുര്‍ആന്‍ പറയുന്നു: ………..നീ ഒരു ഉല്‍ബോധകന്‍ മാത്രം. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. 88:21,22

ഇത്തരം മാതൃകകള്‍ നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ക്കും അനുകരിക്കാവുന്നതാണ്. അതിലൂടെ രാജ്യത്ത് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്ന് മാത്രമല്ല, ഇസ്ലാംഭീതിയെ പ്രതിരോധിക്കാനും ഒരാളുടെ തൊഴില്‍ വൈദഗ്ധ്യത്തിലൂടെ സ്നേഹത്തിന്‍റെ പാലം പണിയാനും സാധിക്കും. നൂഹ് നബിയുടെ കപ്പല്‍ നിര്‍മ്മാണ വൈദഗ്ധ്യം പോലെ. മനുഷ്യവംശം സര്‍വ്വനാശം നേരിട്ട സന്ദര്‍ഭത്തില്‍, കപ്പല്‍ നിര്‍മ്മാണ നൈപുണ്യത്തിലൂടെ മനുഷ്യരാശിയെ രക്ഷിച്ചെടുത്ത ചരിത്രം നമുക്ക് ചിരപരിചിതമാണ്.

ഇസ്ലാമിനെ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം മുസ്ലിംങ്ങളുടെ ആദര്‍ശപരമായ ബാധ്യതയാണ്. ഏതൊരു വ്യക്തിയും ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ആറ് കാര്യങ്ങള്‍ വിശ്വസിക്കുകയും അഞ്ച് കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അയാള്‍ മുസ്ലിമായി. ജന്മമുള്‍പ്പടെയുള്ള മറ്റ് കാര്യങ്ങള്‍ക്ക് ഇസ്ലാമില്‍ പ്രസക്തിയില്ല. ആറ് വിശ്വാസ കാര്യങ്ങളിലും അഞ്ച് ഇന അനുഷ്ഠാനങ്ങളിലും പ്രഥമമായി എണ്ണുന്നത് സത്യസാക്ഷ്യവും അതിന്‍റെ നിര്‍വ്വഹണവുമാണ്. അഥവാ സ്വയം മുസ്ലിമാണെന്ന് പ്രഖ്യാപിക്കലും ആ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചതിന് സാക്ഷ്യംവഹിക്കലുമാണ് ഇസ്ലാമില്‍ പ്രഥമഗണനീയം.

മുസ്ലിമാണെന്ന് സ്വയം സാക്ഷ്യം വഹിക്കുക പൊതുവെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ സത്യസാക്ഷ്യം അങ്ങനെയല്ല. പ്രവാചകന്‍ തിരുമേനിക്ക് ശേഷം മറ്റൊരു ദൂതന്‍ ആഗതനല്ലാത്തതിനാല്‍ അല്ലാഹുവും റസൂലും ആ ഉത്തരവാദിത്വം മുസ്ലിം ഉമ്മത്തിനെ ഏല്‍പിച്ചിരിക്കുന്നു. മുസ്ലിംങ്ങളായ എല്ലാവരും നിര്‍വ്വഹിക്കേണ്ട ദൗത്യമാണത്. പക്ഷെ മറ്റ് നാല് അനുഷ്ടാനങ്ങളെ പോലെ അതിന് നിയതമായ രുപമൊ കൃത്യമായ നിയമങ്ങളൊ ഇല്ളെങ്കിലും, വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍ തിരുമേനിയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

“പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്‍റെ നാഥന്‍റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യക.നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക……..” 16:125 പ്രബോധനത്തില്‍ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നും അതില്‍ ഒന്ന് യുക്തിയും മറ്റൊന്ന് സദുപദേശവുമാണെന്ന് ഇവിടെ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. യുക്തിബോധം തൊട്ട്തീണ്ടീട്ടില്ലാത്ത പ്രബോധനരീതി സ്വീകരിക്കുന്നത് ഇസ്ലാമിനെ കളങ്കപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

കാലഘട്ടത്തിന്‍റെ സന്ദര്‍ഭത്തിനനുസരിച്ച് യുക്തിപൂര്‍വ്വമായ രീതി സ്വീകരിച്ച്കൊണ്ട് സദുപദേശം നല്‍കുകയും അങ്ങനെ മനുഷ്യരാശിയെ സന്മാര്‍ഗ്ഗത്തിലേക്കും നന്മയിലേക്കും ക്ഷണിക്കണമെന്നാണ് ഈ സൂക്തം നമ്മെ ഉണര്‍ത്തുന്നത്. സത്യം അനുയോജ്യമായ സ്ഥാനത്ത്, അനുയോജ്യമായ സമയത്ത് പറയേണ്ട ശൈലിയില്‍ പറയലാണത്. കാലവും മനുഷ്യാവസ്ഥകളും മാറികൊണ്ടിരിക്കുന്നതിനാല്‍ അതിന് ഒരു സ്റ്റീരിയൊടൈപ്പ് മാതൃക നിര്‍ണ്ണയിക്കുക സാധ്യമല്ല. അങ്ങനെയാണെങ്കില്‍, ഇസ്ലാമിലെ ആരാധനകളെ പോലെ, പ്രവാചകന്‍ അതിന് നിര്‍ണ്ണിത രീതി കാണിച്ചുതന്നേനെ.