ജീവകാരുണ്യ പ്രവര്‍ത്തനം ഒരു പ്രബോധന രീതി

ജീവകാരുണ്യ പ്രവര്‍ത്തനം ഒരു പ്രബോധന രീതി
  • നവംബർ 17, 2023
  • ഇബ്‌റാഹിം ശംനാട്

അല്‍പകാലം മുമ്പ് വരെ നമ്മള്‍ വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്ന ഇസ്ലാമിലെ സുപ്രധാന കര്‍മ്മമായിരുന്നു ഇസ്ലാമിക പ്രബോധനം അഥവാ ദഅ് വത്. ഇസ്ലാമിക അനുഷ്ടാന കര്‍മ്മങ്ങളില്‍ ഒന്നാമത്തേതാണ് ദഅ് വ. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കലും അത് അനുധാവനം ചെയ്യാനുള്ള ആഹ്വാനവുമാണ് ദഅ് വത്. മരണാനന്തരം സ്വര്‍ഗ്ഗം ലഭിക്കാന്‍ നിര്‍ബന്ധമായി അനുഷ്ടിക്കേണ്ട പഞ്ച കര്‍മ്മങ്ങളില്‍ ഒന്നാണിത്. നമസ്കാരം, സകാത്, വൃതം, ഹജ്ജ് എന്നീ നാലെണ്ണം അനുഷ്ടിച്ചാല്‍ മതി എന്നായിരുന്നു ധാരണ. എന്നാല്‍ ഇസ്ലാമിക പണ്ഡിതന്മാരുടെയും സംഘടനകളുടെയും പ്രചണ്ഡമായ ബോധവല്‍ക്കരണത്തിലൂടെ ദഅ് വത് നിര്‍ബന്ധ ബാധ്യതയാണെന്നും സ്വര്‍ഗ്ഗലബ്ധിക്ക് അത് അനിവാര്യമാണെന്നും ബോധ്യമായിരിക്കുകയാണ്.

അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് ശേഷം അന്ത്യനാള്‍ വരേയും മറ്റൊരു പ്രവാചകന്‍റെ ആഗമനമുണ്ടാവുകയില്ലന്നും ആ മഹത്തായ ബാധ്യത മുസ്ലിം സമൂഹവും വ്യക്തികളും നിര്‍വ്വഹിക്കണമെന്ന അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും കല്‍പനയും അതിലൂടെ ലഭിക്കുന്ന അളവറ്റ പ്രതിഫലവുമാണ് അതിന് കാരണം. ഓരോ മുസ്ലിമും നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട ദഅ്വതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം? ഇന്ത്യ രാജ്യത്തെ ഇസ്ലാമിനോടുള്ള കഠിന എതിര്‍പ്പിന്‍റെ കാലത്ത് അത് എങ്ങനെ നിര്‍വ്വഹിക്കണം? തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്.

ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുക എന്ന ഈ മഹത്തായ ദൗത്യം പ്രായഭേദമന്യേ യുവാക്കളും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും നിര്‍വ്വഹിക്കേണ്ട ചുമതലയാണ്. ഖുര്‍ആന്‍ 2:143. ചുരുങ്ങിയത് രണ്ട് രൂപത്തിലെങ്കിലും നമുക്ക് ആ ദൗത്യം നിര്‍വ്വഹിക്കാം. ഒരു മുസ്ലിമിന്‍റെ ജീവിതം തന്നെ പ്രബോധിത സമുദായത്തിന് ഒരു തുറന്ന ക്ഷണമായി അനുഭവപ്പെടണം. അതിലൂടെ അവര്‍ക്ക് ഇസ്ലാമിന്‍റെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയണം. വ്യക്തികളെന്ന നിലയിലും കുടുംബമെന്ന നിലയിലും സമൂഹമെന്ന നിലയിലും മുസ്ലിംങ്ങളുടെ ജീവിതത്തിലുടെ ഇസ്ലാമിന്‍റെ മാതൃകകള്‍ കാണിച്ച്കൊടുക്കലാണ് ഇസ്ലാമിക ദഅ്വതിന്‍റെ ഒരു രീതി.

സാധാരണക്കാര്‍ മുതല്‍ പണ്ഡിതന്മാര്‍ വരെയും നേതാക്കള്‍ മുതല്‍ നീതര്‍ വരെയും ആര്‍ക്കും അവലംബിക്കാവുന്നതാണ് ഈ രീതി. പ്രബോധിത സമൂഹത്തില്‍ വളരെ ശക്തമായ സ്വാധീനമുള്ളതാണ് ഈ രീതി. പ്രവാചകനും അനുചരന്മാരും തന്നെയാണ് ഇതിന് ഉത്തമ മാതൃക. നബി (സ) യുടെ ജീവിതത്തെ കുറിച്ച് പ്രിയപത്നി ആയിശ (റ) യോട് ചോദിച്ചപ്പോള്‍ അവരുടെ പ്രതികരണം: അദ്ദേഹത്തിന്‍റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നായിരുന്നുവല്ലോ?

പ്രഭാഷണങ്ങള്‍, പുസ്തക രചന, ചര്‍ച്ചാക്ളാസുകള്‍, സംവാദങ്ങള്‍ തുടങ്ങിയ ബൗദ്ധികതലത്തിലുള്ള കര്‍മ്മങ്ങളാണ് ദഅ്വത് നിര്‍വ്വഹിക്കാനുള്ള രണ്ടാമത്തെ രീതി. ഈ രീതിയില്‍ സമുദായം സജീവമാണ് എന്ന് പറയാം. കൂടുതല്‍ അധ്വാനവും സമയവും പരിശീലനവും ആവശ്യമുള്ളതാണ് ഈ മേഖല. ഇത് സംബന്ധമായി ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ: യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്‍റെ നാഥന്‍രെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക……………….. 16:125

ഖുര്‍ആനിന്‍റെ ഈ കല്‍പന മുന്നില്‍വെച്ച് ചിന്തിക്കുമ്പോള്‍,ഇസ്ലാമിക പ്രബോധനത്തിന് അതിരുകളില്ലാത്ത മാര്‍ഗ്ഗങ്ങള്‍ തുറന്ന് തന്നിരിക്കുന്നു. അത്കൊണ്ടാണ് നവ സാങ്കേതിക വിദ്യ വരുമ്പോള്‍, ദഅ്വതിന്‍റെ മാര്‍ഗ്ഗത്തില്‍, അതിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ നാം ഉല്‍സാഹിക്കാറുണ്ട്.അങ്ങനെയാണ് ഇസ്ലാമിക പ്രബോധന സരണിയില്‍ കാസറ്റ് വിപ്ളവം മുതല്‍ ഇന്‍റർനെറ്റ് സാങ്കേതിക മികവ് വരെ ഉപയോഗപ്പെടുത്താന്‍ ഇടയായത്.

ബഹു മത,ജാതി, വര്‍ണ്ണ,ഭാഷാ, വര്‍ഗ്ഗ സംസ്കാരം നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ രാജ്യമാണ് ഇന്ത്യ. ജാതി വ്യവസ്ഥയും ചാതുര്‍വര്‍ണ്യ വ്യവസ്ഥയും ഉച്ചിയില്‍ നിലകൊള്ളുന്ന രാജ്യം. അതിന്‍റെ ഭീബല്‍സമായ കെടുതികളില്‍ ദുരിതമനുഭവിക്കുന്ന ജനത. ദാരിദ്ര്യം, സാക്ഷരത,ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍പോലും നിറവേറ്റാന്‍ കഴിയാതെ പരിഭ്രാന്തരായ പാവപ്പെട്ട ദരിദ്രകോടികള്‍. സാമ്പത്തികമായി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുളള രാജ്യമാണ് നമ്മുടേത്.

ഇങ്ങനെ അതിസങ്കീര്‍ണ്ണമായ ജനവിഭാഗത്തിലാണ് ദഅ്വത് നിര്‍വ്വഹിക്കേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ അവിടെ നാം സ്വീകരിക്കേണ്ട പ്രബോധന സ്ട്രാറ്റജി എന്താണെന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളൂ. അല്ലങ്കില്‍ കുരുടന്‍ ഇരുട്ടത്ത് പൂച്ചയെ അന്വേഷിക്കുന്നത് പോലെയുള്ള പാഴ്വേലയായിതീര്‍ന്നേക്കാം. ഇസ്ലാമിനെ ഭീതിയോടെ കാണുകയും മുസ്ലിങ്ങള്‍ ഫാസിസ്റ്റ് ശക്തികളുടെ കഠിന പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്ന നമ്മുടെ രാജ്യത്ത് ജീവിത മാതൃകയിലൂടെ പ്രബോധന ദൗത്യം നിര്‍വ്വഹിക്കുക എന്ന ഒന്നാമത്തെ രീതിയാണ് ഫലപ്രദവമായ പ്രബോധന രീതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലുള്ള ദഅ്വത് നിര്‍വഹിക്കുന്നതിന്‍റെ ഒരു ഘടകമാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഇത് കോവിഡ് 19 വൈറസ് ദുരിതങ്ങളുടെ അസുരകാലം. ഈ വൈറസ്ബാധയെ ചെറുക്കേണ്ടത് മാനവരാശിയുടെ സംരക്ഷണത്തിന് അനിവാര്യമാണ്. ഇയ്യാംപാറ്റകളെപോലെ, ശ്വാസം ലഭിക്കാതെ മരിച്ച്വീഴുന്ന പരശ്ശതം പാവപ്പെട്ട മനുഷ്യര്‍. പട്ടിണിയിലേക്ക് കൂപ്പ്കുത്തുന്ന ജനത. ഇവിടെ ഇസ്ലാമിക പ്രബോധനത്തിന്‍റെ രീതി ക്ഷാമകാലത്ത് ഈജ്പ്തില്‍ യൂസ്ഫ് നബി സ്വീകരിച്ച മാര്‍ഗ്ഗമൊ, നബി (സ) മക്കയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൊടുത്തയച്ച നടപടിയൊ പോലുള്ളവയാണ് കരണീയമാത്.

നബി (സ)യുടെ മക്കയിലെ പതിമൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അവിടുന്ന് എത്രമാത്രം ഊന്നല്‍ നല്‍കിയിരുന്നു എന്ന് കാണാം. മക്കാ കാലഘട്ടത്തിലവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളുടെ ഉളളടക്കം ഏകദൈവത്വം, പരലോക വിശ്വാസം, പ്രവാചകത്വം എന്നീ മൂന്ന് അടസ്ഥാനങ്ങളോടൊപ്പം സദ്സ്വഭാവത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പരിഗണന നല്‍കിയിരുന്നുവല്ലോ?

അനുകൂല കാലാവസ്ഥയില്‍ വിത്ത് വിതച്ചാല്‍ ഫലം നല്‍കുന്ന കായ്ഖനി പോലെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. അതിലൂടെ അവര്‍ ആ ദര്‍ശനത്തെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യും. ഇസ്ലാമോഫോബിയ ഒരു കെട്ടുകഥയായി ജനം വിലയിരുത്തും. ഉമര്‍ (റ) വില്‍ നിന്ന് ഉദ്ധരിക്കുന്ന നബി വചനം ഇങ്ങനെ: ജനങ്ങളില്‍ ആരോടാണ് കൂടുതല്‍ ഇഷ്ടം? ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് കൂടുതല്‍ പ്രിയങ്കരം? നബി (സ) യുടെ പ്രത്യൂത്തരം: ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നവര്‍.

നമസ്കാരത്തേയും ജീവകാരുണ്യ പ്രവര്‍ത്തനത്തേയും ബന്ധിപ്പിച്ച് ഖുര്‍ആന്‍ നരഗവാസികളെ പുഛിച്ച് പറയുന്ന കാര്യം ഏറെ ശ്രദ്ധേയം: നിങ്ങളെ എന്താണ് നരഗത്തില്‍ പ്രവേശിപ്പിച്ചത്? അവര്‍ പറയുന്നു: ഞങ്ങള്‍ നമസ്കാരിക്കുന്നവരായിരുന്നില്ല. അഗഥികളെ ഭക്ഷിപ്പിക്കുന്നവരുമായിരുന്നില്ല. അല്‍മുദ്ദസ്സിര്‍ 42 ..44 ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം, ചികില്‍സിക്കാനുള്ള കെട്ടിടങ്ങളുടെ അപര്യപ്തത, ഭക്ഷ്യക്ഷാമം തുടങ്ങിയ എണ്ണമറ്റ പ്രതിസന്ധികളാണ് തുറിച്ച്നോക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ മാളയിലെ ഒരു പള്ളി ജാതി മതഭേദമന്യേ കോവിഡ് രോഗികള്‍ക്ക് ചികില്‍സക്കായി സജ്ജീകരിച്ചത് ശുഭോതര്‍ക്കമാണ്. ഒരുപക്ഷെ മറ്റു പ്രദേശങ്ങളിലും അനുകരിക്കപ്പെടേണ്ട മാതൃകയാണ് ഇത്. കോവിഡിന് എതിരായ പ്രതിരോധ ബദല്‍ മരുന്നുകളുടെ ഗവേഷണവും ഇസ്ലാമിക പ്രബോധകരുടെ തല്‍പര വിഷയങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്. നാം ഏറെ പിന്നോക്കം നില്‍ക്കുന്ന, വൈദ്യരംഗത്തെ നമ്മുടെ മഹിത മാതൃകയെ പുനരുജ്ജീവിപ്പിക്കാനും ഇതിലൂടെ സാധിക്കും.