പരിതസഥിതി ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത

പരിതസഥിതി ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത
  • ഓഗസ്റ്റ്‌ 22, 2024
  • ഇബ്‌റാഹിം ശംനാട്

മനുഷ്യന് ചുറ്റും നിലകൊള്ളുന്ന ജലം, വായു, ഭൂമി, ബഹിരാകാശം, ഇതില്‍ അടങ്ങിയ നിര്‍ജീവ വസ്തുക്കള്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, വിവിധ തരത്തിലുള്ള ഊര്‍ജ്ജം, പ്രകൃതി വ്യവസ്ഥകള്‍, മനുഷ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് പരിസ്ഥിതി എന്ന് പറയുന്നത്. മനുഷ്യന്‍റെ ആരോഗ്യവും നിലനില്‍പ്പും പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വയനാട് ദുരന്തത്തിന് ശേഷവും മനസ്സിലാക്കാത്തവരായി ആരുമുണ്ടാവുകയില്ല. താല്‍ക്കാലിക ലാഭത്തിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും വേണ്ടി പശ്ചിമഘട്ട സന്തുലിതത്വത്തെ നശിപ്പിച്ചതിന്‍റെ ദുര്യോഗ കൂടിയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യം അനിവാര്യമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ സുഖവും ക്ഷേമവും ആരോഗ്യം പ്രധാനം ചെയ്യുന്നു. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതിയുടെ മലിനീകരണവും അതിന്‍റെ വൈവിധ്യവും പരിഗണിച്ചുകൊണ്ട് പരിസ്ഥിതിക്ക് ഉണ്ടായ ആഘാതത്തെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനാണ് പരിസ്ഥിതി ആരോഗ്യം (Environment Health) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യന്‍റെ ആരോഗ്യത്തേയും പാരിസ്ഥിതിക ഘടകങ്ങള്‍ മൂലം ഉണ്ടാവുന്ന രോഗങ്ങളേയും ബന്ധപ്പെടുത്തിയാണ് ലോകാരോഗ്യ സംഘടന പരിസ്ഥിതി ആരോഗ്യത്തെ നിര്‍വ്വചിച്ചിട്ടുള്ളത്.

പരിസ്ഥിതിയുടെ ആരോഗ്യം മനുഷ്യരുടെ ശാരീരിക, രാസ, ജൈവ ഘടകങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിസ്ഥിതി ദുര്‍ബലമായ പ്രദേശത്ത് വസിക്കുന്നവരെ മാരകമായ രോഗം പിടികൂടിയതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസോള്‍ഫിന്‍ രാസപ്രയോഗത്തിന്‍റെ ഇരകള്‍. കൂടാതെ, അത്തരം പ്രദേശത്ത് കഴിയുന്നവരെ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, ചിലതരം ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍

മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി, പരിസ്ഥിതി ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. യുദ്ധം സൃഷ്ടിക്കുന്ന കടുത്ത പാരിസ്ഥിതിക ആഘാതം നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിന് നാഗസാക്കിയും ഹിരോഷിമയും തെളിവാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കൂന്നതുമായ യുദ്ധങ്ങള്‍ ആരുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

വാഹനപുക സൃഷ്ടിക്കുന്ന മലിനീകരണത്തെ കുറിച്ച് ബഹളം വെക്കുന്നവര്‍ യുദ്ധജന്യമായ മലിനീകരണത്തെ കുറിച്ചോ സൈന്യം വിസര്‍ജ്ജിക്കുന്ന ഫോസില്‍ മാലിന്യത്തെ കുറിച്ചോ ഒരക്ഷരം ഉരിയാടുന്നില്ല. ഇസ്രായേല്‍ ഗസ്സയില്‍ നടത്തികൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ പ്രത്യാഘാതമെന്ന നിലയില്‍, അവിടെ ജീവിക്കുന്നവരുടേയും ജനിക്കുന്നവരുടേയും അവസ്ഥ വിവരണാതീതമാണ്.

ആഗോള മാലിന്യ വിതരണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. വായു മലിനീകരണത്തിന് കാരണമാവുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ഏറ്റവും കൂടുതല്‍ പുറംതള്ളുന്ന രാജ്യങ്ങള്‍ അമേരിക്കയും ചൈനയുമാണ്. നമ്മുടെ സംസ്ഥാനത്തും മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുകയും ജല മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. കോര്‍പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തനം മൂലം പരിസ്ഥിതിയുടെ ആരോഗ്യം ദിനേന ക്ഷയിച്ചുകൊണ്ടിരിക്കുന്നു.

ക്വാറികള്‍, വന്‍കിട റിസോര്‍ട്ടുകള്‍, നീന്തല്‍ കുളങ്ങള്‍, കോണ്‍ക്രീറ്റ് കാടുകള്‍, മൊട്ടയടിക്കപ്പെടുന്ന വനപ്രദേശങ്ങള്‍ എല്ലാം പരിസ്ഥിതി ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇതിന്‍റെ ഫലമായി സംഭവിക്കുന്നതാണ് കാലാവസ്ഥ വ്യതിയാനം, ഭൂമി, വായു, ജല മലിനീകരണം, വന നശീകരണം, ആഗോളതാപനം, പ്രളയം, കൊടുങ്കാറ്റ്, ആകാശ ചുഴലി, പ്രകൃതി വിഭവങ്ങളുടെ നശീകരണം തുടങ്ങിയവ. വയനാട്ടിലേത് പോലുള്ള ദുരന്തങ്ങള്‍ മനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ പറഞ്ഞത് എത്ര വാസ്തവം!

മെച്ചപ്പെടുത്താനുള്ള വഴികള്‍

മനുഷ്യവംശത്തിന്‍റെയും ജീവജാലങ്ങളുടെയും നിലനില്‍പിനും ഭൂമിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പരിസ്ഥിതി ആരോഗ്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ കടിച്ചതിനെക്കാള്‍ വലിയ സര്‍പ്പം, മാളത്തിലുണ്ട് എന്ന് പറയുന്നത് പോലെ, വന്‍ ദുരന്തങ്ങളാണ് നമ്മെ വിഴുങ്ങാന്‍ കാത്തിരിക്കുന്നത്. അതിനാല്‍ പരിസ്ഥിതി ആരോഗ്യം സംരക്ഷിക്കുവാനും മെച്ചപ്പെടുത്താനും എല്ലാവരും ശ്രമിക്കേണ്ടതാണ്.

പരിസ്ഥിതി ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രധാനപ്പെട്ട കാര്യം യുദ്ധ വിമുക്ത ലോകം സൃഷ്ടിക്കുക എന്നതാണ്. അതിന് ആദ്യം ചെയ്യേണ്ടത് സാമ്രജ്യത്വ ശക്തികളുടെ വല്യേട്ടന്‍ മനോഭാവം അവസാനിപ്പിക്കുകയും മനുഷ്യരെ തുല്യരായി കാണാനും കഴിയണം. ഭൂമിയെ നിരവധി തവണ ചുട്ടെരിക്കാനുള്ള ആയുധപ്പുരകള്‍ക്ക് അടയിരിക്കുന്നത് അവരാണ്. മറ്റൊരു മാര്‍ഗം ഭൂമി, വായു, ജലം എന്നിവയെ സമ്പൂര്‍ണ്ണമായി സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ സര്‍ക്കാറുകള്‍ കര്‍ശനമായി നടപ്പാക്കുകയും അത് സംബന്ധമായ വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതാണ്. 2015 ലെ പാരീസ് ഉടമ്പടി പ്രകാരം ആഗോളതലത്തിൽ തീരുമാനിക്കപ്പെട്ട താപനില കുറക്കാനുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടതാണ്.

പരിസ്ഥിതി ആരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴി, പ്രകൃതി വിഭവങ്ങളുടെ പരിമിതിയെ കുറിച്ച് ബോധമുണ്ടാവുകയും ഉപഭോഗം പരമാവധി കുറക്കുകയും ചെയ്യുക എന്നതാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മുതല്‍ പാക്കിങ്ങ് സാധനങ്ങള്‍ വരെ ഭൂമിയില്‍ അജീര്‍ണ്ണമായി നിലകൊള്ളുന്നതിനാല്‍ അതെല്ലാം പരമാവധി കുറച്ചു മാത്രം ഉപയോഗിക്കുക. കൂടാതെ ഭൂമിയുടെ ജീവന്‍ നിലനിര്‍ത്തുന്ന വൃക്ഷങ്ങള്‍ ധാരാളമായി നട്ടുപിടിപ്പിക്കുന്നത് പരിസ്ഥിതി ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ്.

പ്ലാസ്റ്റിക്, പേപ്പര്‍, പാഴാക്കപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പുനരുപയോഗപ്പെടുത്തുന്നതിലൂടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കപ്പെടുകയും അതിലൂടെ പരിസ്ഥിതിക്ക് നേരെ നടക്കുന്ന ആഘാതം കുറക്കുകയും ചെയ്യാം. ഫോസില്‍ ഊര്‍ജ്ജത്തിന്‍റെ ഉപയോഗം മൂലം ഉണ്ടാവുന്ന പാരിസ്ഥിക പ്രശ്നങ്ങളെ കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണ നടത്തുകയും ബദല്‍ ഊര്‍ജ്ജം ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് മറ്റൊരു വഴി.