ദിനേന മെച്ചപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ

ദിനേന മെച്ചപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങൾ
  • ഡിസംബർ 3, 2021
  • ഇബ്റാഹീം ശംനാട്

സത്യവിശ്വാസിയുടെ ഒരു ദിവസം മറ്റൊരു ദിവസത്തിൻറെ തനി ആവർത്തനമാവരുതെന്ന് പ്രവാചകൻ ഉപദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും വിത്യസ്ത കർമ്മങ്ങൾകൊണ്ട് വ്യതിരിക്തമാവണം. ഇന്നത്തെക്കാൾ മെച്ചപ്പെട്ട നാളെ, ഇന്നത്തെക്കാൾ കർമ്മനിരതമായ നാളെ. അതിനായിരിക്കണം നാം ആസൂത്രണം ചെയ്യുകയും പ്രയത്നിക്കുകയും ചെയ്യേണ്ടത്. അപ്പോഴാണ് ഓരോരുത്തരും ശാക്തീകരിക്കപ്പെടുകയും ഉന്നതിയിലത്തെുകയും ചെയ്യുകയുള്ളൂ. അതാണ് ഈ പ്രവാചക വചനത്തിൻറെ പൊരുൾ. ദിനേന മെച്ചപ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ച ആലോചകളാണ് ചുവടെ:

1. ലക്ഷ്യമുണ്ടാവുക
കൃത്യമായ ലക്ഷ്യത്തോട്കൂടിയാണ് നാം പണം ചിലവഴിക്കാറുള്ളത്. അത്പോലെ എല്ലാ ദിവസവും കടന്ന്പോവേണ്ടത് കൃത്യമായ ലക്ഷ്യത്തോടെയായിരിക്കണം. ഒരു ലക്ഷ്യമല്ല. വ്യക്തിനിഷ്ടവും കുടുംബപരവുമായ അനേകം ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. ദിനേന ആ ലക്ഷ്യങ്ങളെ നവീകരിച്ചുകൊണ്ടേയിരിക്കുക. അത് നേടിഎടുക്കാൻ പ്രവർത്തിക്കുകയും ചെയ്യുക.

2. ആത്മവിശ്വാസം ആർജ്ജിക്കുക
ദിനേന വർധിപ്പിക്കേണ്ട നമ്മുടെ പ്രധാന ഗുണമാണ് ആത്മവിശ്വാസം. ഏതിലാണ് ആത്മവിശ്വാസം കുറവ് എന്ന് സ്വയംവിലയിരുത്തലിലൂടെ കണ്ടത്തെുകയും അതിനനുസരിച്ച പരിശീലനങ്ങൾ നേടി ദിനേന നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുക. നാല് ആളുകളുടെ മുന്നിൽനിന്ന് സംസാരിക്കുന്നതിലാണ് ആത്മവിശ്വാസകുറവെങ്കിൽ, അതിന് പരിശീലനം നൽകുന്ന പരിപാടികളിൽ പങ്കെടുത്ത് ആത്മവിശ്വാസം വർധിപ്പിക്കാവുന്നതാണ്.

3.സ്വഭാവം മെച്ചപ്പെടുത്തുക
ദിനേന മെച്ചപ്പെടുത്തെണ്ട പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ സ്വഭാവം. മറ്റുള്ളവർ നമ്മെ മനസ്സിലാക്കുന്നത് നാം അവർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന നിലക്കാണ്. അതാണ് നമ്മുടെ സ്വഭാവം എന്ന് പറയുന്നത്. ഇന്നലെ എൻറെ സ്വഭാവത്തിലുണ്ടായ വീഴ്ചകളെന്താണ്? ആ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്താണ്? തുടങ്ങിയ കാര്യങ്ങൾ മനസ്സിലുണ്ടായാൽ, സ്വഭാവം മെച്ചപ്പെടുത്താം.

4. ഉൽസാഹം ഉണ്ടാവുക
ജീവിതത്തോട് ഉൽസാഹപൂർണ്ണമായ സമീപനം സ്വീകരിക്കുക. ഓരോ ദിവസവും ഉൽസാഹത്തോടെ നേരിടുക. അത്തരം വ്യക്തികൾ ഏതൊരു സ്ഥാപനത്തിനും സംഘടനക്കും മുതൽകൂട്ടായിരിക്കും. ചിലരെ ഒരു കാര്യം ഏൽപിച്ചാൽ ഒരു ഉൽസാഹവും അവർക്കണ്ടാവില്ല. നിരുന്മേശരായ അത്തരക്കാർ കൂടെയുള്ളവർക്ക് ഒരു ഭാരമായിരിക്കും.

5.വൈദഗ്ധ്യം നേടുക
ഏത് മേഖലയിലാണൊ ഒരാൾ പ്രവർത്തിർക്കുന്നത്, ആ മേഖലയിൽ വിദഗ്ധനാവാൻ പരിശ്രമിക്കുക. അറിവുകളെ നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്ന് പൊതുവിജ്ഞാനം. അത് ഇന്ന് ഇൻറർനെറ്റിന്റെ സഹായത്താൽ നൊടിയിടയിൽ നേടിഎടുക്കാവുന്നതാണ്. രണ്ടാമത്തെ അറിവ്, താൻ പ്രവർത്തിക്കുന്ന മേഖലയിൽ, വിദഗ്ധനായി മാറുക എന്നതാണ്. ഓരോ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അത് നേടി എടുക്കാൻ ഏകാഗ്രതയോടെയുള്ള കഠിനാധ്വാനം അനിവാര്യമാണ്.