മാധവികുട്ടിയുടെ ഇസ്ലാം സ്വീകരണം: സാക്ഷിപത്രമായി സി.രാധാകൃഷ്ണന്‍റെ ഓര്‍മ്മകുറിപ്പ്

കേരള നിയമസഭയിലടക്കം നമ്മുടെ പൊതു സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ പ്രശസ്ത എഴുത്ത്കാരിയായിരുന്ന കമല സുറയ്യയുടെ ഇസ്ലാം ആശ്ലേഷണം. തീര്‍ത്തും വ്യക്തിപരമായ ഇഷ്ടത്തിന്‍റെ പേരിലായിരുന്നു താന്‍ ഇസ്ലാം സ്വീകരിച്ചതെന്നും അതിന് നിരവധി കാരണങ്ങളുണ്ടെന്നും അത് തന്‍റെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നൊക്കെ അവര്‍ അക്കാലത്ത് നിരവധി തവണ വിശദീകരിച്ചു.
‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും / ചോരതന്നെ കൊതുകിന് കൗതുകം’ എന്ന കവിവാക്യം പോലെ, ഹിന്ദു ഫാസിസ്റ്റ് ശക്തികളും നവ നാസ്തികരും കമലയുടെ ഇസ്ലാം ആശ്ളേഷണത്തെ നിരന്തരമായി ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തുവരുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ അക്കാലത്തെ സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്ന കേരളീയ സമൂഹത്തിന്‍റെ ഓര്‍മ്മശക്തിയെ പരഹസിക്കലാണ്.
ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ, കമല സുറയ്യയെ കടവന്ത്രയിലെ ഫ്ളാറ്റില്‍ വിശ്രമ ജീവിതം നയിക്കാന്‍ ഈ വെറുപ്പിന്‍റെ ദുശ്ശക്തികള്‍ അനുവദിച്ചില്ല. മലയാള സാഹിത്യത്തില്‍ സര്‍ഗാത്മക രചനയിലൂടെ ഇന്ദ്രജാലം തീര്‍ത്ത, അവരുടെ ധൈഷണിക പ്രതിഭയെ ഭയപ്പാടോടെയാണ് ശത്രുക്കള്‍ നോക്കിക്കണ്ടത്. എത്ര ഭീഷണി കത്തുകളായിരുന്നു അക്കാലത്ത് അവര്‍ക്ക് ലഭിച്ചത് എന്ന് ഓര്‍ക്കുമ്പോള്‍ നെടുവീര്‍പ്പിടാനെ സാധിക്കു. പൊതുപരിപാടികളില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ.
ഏതൊരു മുസ്ലിമിനേയും പോലെ ഇത്, ജഗനിയന്താവിന്‍റെ വിധി എന്ന് അവര്‍ ആശ്വാസംകൊണ്ടു. പക്ഷെ എന്നിട്ടും കപട മതേതരവാദികള്‍ അവരെ നിരന്തരമായി വേട്ടയാടി. സ്വാമി വിവേകാനന്ദന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, അവര്‍ ഈ ഭ്രാന്താലയം ഉപേക്ഷിച്ച് പൂനയിലേക്ക് താമസം മാറി. രോഗശയ്യയിലായിരുന്ന അവര്‍ മരണാനന്തര കര്‍മ്മങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് സംശയത്തിനിടയില്ലാത്ത വിധം വസിയ്യത്ത് എഴുതുകയും ചെയ്തു.
ഇതെല്ലാം പഴയ ചരിത്രം. എന്നിട്ടും കേരള നിയമസഭയില്‍ മരിച്ചുപോയ ആ മഹദ് സ്ത്രീയെ, അവര്‍ സ്വയം തെരെഞ്ഞെടുത്ത മതത്തിന്‍റെ പേരില്‍ വേട്ടയാടുകയും അത് നിയമസഭാ രേഖകളില്‍ രേഖപ്പെടുത്തുകയും ചെയ്തത് നമ്മുടെ നിയമസഭയുടെ നിലവാരമില്ലായ്മ വിളിച്ചോതുന്നു. ആയിരകണക്കിന് പ്രശന്ങ്ങള്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കെയാണ്, അതൊന്നും ചര്‍ച്ചചെയ്യാതെ, അന്യരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ തൃശൂലം തറക്കുന്നത് എത്ര ക്രൂരതയാണ്.
**** ****
2009 ജൂലൈയില്‍ ലക്കം 1, ഭാഷാപോഷണിയില്‍ പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണന്‍ എഴുതിയ കാരുണ്യം എന്ന ലേഖനം കമല സുറയ്യ ഇസ്ലാം മതം സ്വീകരിച്ചതിന്‍റെ നേര്‍ സാക്ഷിപത്രമണ്. എല്ലാം ദുരൂഹതകുളയും മറനീക്കിതരുന്നു ഈ പ്രൗഡോജ്ജല ഓര്‍മ്മകുറിപ്പ്. അതിന്‍റെ സംഗ്രഹം ചുവടെ:
ഒരിക്കല്‍ കമലാ സുറയ്യ എന്നോട് ചോദിച്ചു: നിങ്ങളെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതാരാണ്?
അത് എന്‍റെ ഉമ്മയാണ് എന്ന് പറഞ്ഞു.
അതിനെന്താണ് തെളിവ്? കമല ചോദിച്ചു.
ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അവരെന്നെ നിരുപാധികം ഇഷ്ടപ്പെട്ടു തുടങ്ങിയല്ലോ എന്ന് വിശദീകരിച്ചു.
പിന്നെ ആ ചര്‍ച്ചക്കൊടുവില്‍ മാധവികുട്ടി ഒരു മിനുറ്റ് നേരം മൗനിയായി.
കാലമേറെ കഴിഞ്ഞതിന് ശേഷം ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ മാധവികുട്ടി എന്നോട് പറഞ്ഞു: ഞാന്‍ ജനിക്കുന്നതിന് കോടികണക്കിന് മുന്‍പേ മുതല്‍ എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ആളെ ഞാന്‍ അന്വേഷിച്ചു പിടിച്ചു. പരമകാരുണികനായ ദൈവം.
പിറ്റേനാളത്തെ പത്രം കേരളത്തെ എതിരേറ്റത് അവര്‍ മതം മാറി എന്ന വാര്‍ത്തയുമായിട്ടായിരുന്നു.