കോപം ശമിപ്പിക്കാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍

കോപം ശമിപ്പിക്കാന്‍ ആറ് മാര്‍ഗ്ഗങ്ങള്‍
  • മെയ്‌ 9, 2023
  • ഇബ്റാഹീം ശംനാട്

പലതരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് മനുഷ്യര്‍. അതില്‍പ്പെട്ട മ്ലേച്ചമായ വികാരങ്ങളില്‍ ഒന്ന് മാത്രമാണ് കോപം. മനുഷ്യ പ്രകൃതിയുടെ ഭാഗമായ കോപത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. ഭക്തിയുള്ളവരുടെ സവിശേഷ ഗുണങ്ങള്‍ പറയവെ ‘അവര്‍ കോപം കടിച്ചിറക്കുന്നവരുമാണവര്‍’ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു (3:134). കോപം തീ പോലെയാണ്. അതിനെ തക്ക സമയത്ത് അണച്ചില്ലെങ്കില്‍ അത് അനിഷ്ടകരമായ സ്വഭാവദൂഷ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചേക്കും. കോപത്തിന്‍റെ അഗ്നിജ്വാല ആളിപടര്‍രുന്നതിന് മുമ്പായി അത് അണക്കേണ്ടത് അനിവാര്യമാണ്. അതിന് സഹായകമായ ആറ് കാര്യങ്ങള്‍ ചുവടെ:

1. കോപം ശക്തിയാണെന്ന് മനസ്സിലാക്കരുത്
കോപം ശക്തിയാണെന്നും അത് തന്‍റെ ഗര്‍വ്വിന്‍റെ ഭാഗമാണെന്നുമാണ് പലരും കരുതുന്നത്. യഥാര്‍ത്ഥത്തില്‍ അത് തികഞ്ഞ സ്വഭാവ ദൗര്‍ബല്യവും വൈകൃതവുമാണ്. നബി തിരുമേനി അരുളി: ദ്വന്ദയുദ്ധത്തില്‍ വിജയിക്കുന്നവനല്ല ശക്തന്‍. മറിച്ച് കോപം വരുമ്പോള്‍ അത് നിയന്ത്രിക്കുന്നവനാണ്.

2. പ്രവാചക ചര്യ പിന്‍പറ്റുക
എല്ലാ കാര്യത്തിലും പ്രവാചക മാതൃകയുള്ളത് പോലെ, കോപം അടക്കി നിര്‍ത്താനുള്ള ഏറ്റവും നല്ല വഴി പ്രവാചകചര്യ പിന്‍പറ്റലാണ്. അത് ചുവടെ പറയുന്നത് പോലെ സംഗ്രഹിക്കാം:

2.1 ശപിക്കപ്പെട്ട പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ രക്ഷതേടുന്നുവെന്ന് പ്രാര്‍ത്ഥിക്കുക. അറബിയില്‍: അഊദു ബില്ലാഹി മിന ശൈത്വനി റജീം എന്ന് പ്രാര്‍ത്ഥിക്കൂ.

2.2 കോപം വരുമ്പോള്‍ നില്‍ക്കുന്ന സ്ഥാനത്തിന് മാറ്റം വരുത്താന്‍ ഉപദേശിച്ചിരിക്കുന്നു. ഉദാഹരണമായി നിങ്ങള്‍ നിന്ന്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഒരാളോട് കോപിക്കുന്നതെങ്കില്‍ ഇരിക്കുക. എന്നിട്ടും കോപം ശമിക്കുന്നില്ലെങ്കില്‍ കിടക്കുക.

2.3 ബഹളംവെക്കാതെ നിശ്ശബ്ദനാവുകയും ക്ഷമിക്കുകയും ചെയ്യുക.

2.4 വുദു എടുക്കുകയും രണ്ട് രകഅത് നമസ്കരിക്കുകയും ചെയ്യുക.

3. സഹാനുഭൂതിയുണ്ടായിരിക്കുക
ആളുകള്‍ പ്രയാസകരമായ അവസ്ഥകളിലൂടെ കടന്നുപോവുകയാവാം. അവരോട് കോപിഷ്ടരാവുന്നതിന് പകരം സഹാനുഭൂതിയുള്ളവരാവുക. സംശയത്തിന്‍റെ ആനുകൂല്യത്തില്‍ അവരോട് കാരുണ്യത്തോടെ പെരുമാറുക.

4. ചിന്തിക്കാന്‍ സമയം കണ്ടത്തെുക
വികാരം വിവേകത്തെ മറികടക്കുമ്പോഴാണ് ആളുകള്‍ കോപാകുലരാവുന്നത്. വിചാരശൂന്യമായി വല്ലതും പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മുമ്പായി, പിന്നീട് ഖേദിക്കാതിരിക്കാന്‍ അനന്തരഫലത്തെ കുറിച്ച് ചിന്തിക്കുക. അതോടെ കോപം കെട്ടടങ്ങും.

5. ജവീതരീതി ക്രമീകരിക്കുക
ജീവിതത്തിന് ഗുണകരമായ നല്ല ശീലങ്ങള്‍ പതിവാക്കുക. ആവശ്യത്തിന് ഉറങ്ങുകയും ശരിയായ ആഹാരക്രമം പാലിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുക. അത് നമ്മെ നല്ല മാനസികാവാസ്ഥയിലേക്ക് നയിക്കുന്നതും കോപത്തെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ സഹായിക്കുന്നതുമാണ്.

6. ചിരിക്കുകയും നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക
നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും പുഞ്ചിരിക്കുകയും ചെയ്യൂന്നത് നിങ്ങളുടെ മാനസികാവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ശുണ്ഠിവരുന്നതില്‍ നിന്നും അത്തരം ഗുണങ്ങള്‍ നിങ്ങളെ തടയുന്നു.

(കടപ്പാട്)