‘നവലോക വ്യവസ്ഥ’ ഒരു ദുരന്തം

‘നവലോക വ്യവസ്ഥ’ ഒരു ദുരന്തം
  • ജനുവരി 18, 2026

വിവിധ സന്ദര്‍ഭങ്ങളില്‍ വിശാലമായ ആശയങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ‘നവലോക വ്യവസ്ഥ’ അഥവാ (New World order). പലപ്പോഴും അത് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വ്യവസ്ഥകളിലെ ആഗോള മാറ്റങ്ങളെ പരാമര്‍ശിക്കുന്നു. 1990 കളില്‍ അമേരിക്കന്‍ പ്രസിഡന്‍്റെ ജോര്‍ജ് ബുഷ് അന്തരാഷ്ട്ര സഹകരണം, സമാധാനം, ജനാധിപത്യത്തിന്‍്റെ വ്യാപനം എന്നിവയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഈ പദം വ്യാപകമായി ഉപയോഗിക്കുകയുണ്ടി. വന്‍ശക്തികള്‍ തമ്മിലുള്ള ശീതസമരത്തിന് പകരം ഒരു ഏകീകൃത ‘ആഗോള വ്യവസ്ഥ’ സ്ഥാപിക്കുമെന്നും പ്രചരിപ്പിച്ചിരുന്നു.  

അമേരിക്കയുടെ സംഖ്യരാഷ്ട്രങ്ങളും പാശ്ചാത്യ ശക്തികളും ഈ നവ കൊളോണിയല്‍ വ്യവസ്ഥക്ക് ശക്തമായ പിന്തുണ നല്‍കുകയുണ്ടായി. അതില്‍ പലതരം ഗൂഡാലോചനകള്‍ ഉണ്ടായിരുന്നതിനാല്‍, മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ‘നവലോക വ്യവസ്ഥ’ വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. നിയമാനുസൃതമായ ഭൗമരാഷ്ട്രീയ വ്യവഹാരങ്ങളുമായും (Giopolitical discourse) സ്ഥിരീകരിക്കാത്ത ഗൂഢാലോചനകളുമായും ബന്ധമുള്ളതിനാല്‍ ഈ പദം സംശയാസ്പദമായിട്ടാണ് ഇപ്പോഴും കാണുന്നത്.

മുന്‍ സോവയറ്റ് യൂനിയന്‍ പ്രസഡന്‍റ് ഗോര്‍ബിച്ചോവ്  രാജ്യത്ത് നടപ്പാക്കിയ പരിഷ്കരണങ്ങളും അഫ്ഘാനിസ്ഥാനിലേക്ക് അധിനിവേഷവും ആ രാജ്യം പൂര്‍ണ്ണമായും നിലംപരിശാവുകയും ചിന്നഭിന്നമാവുകയുമുണ്ടായി.  ഇതോടെ ലോക ശാക്തിക സന്തുലിതാവസ്ഥ, ഒരു പരിധവരെ, തകര്‍ന്നുവെന്ന് പറയാം.  ഈ വിടവിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ‘നവലോക വ്യവസ്ഥക്ക്’ മേല്‍കൈ നേടാന്‍ കഴിഞ്ഞത്. അത് പിന്നീട് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍്റെ കിസന്‍ജര്‍ പറഞ്ഞു: ‘ചരിത്രം എന്തെങ്കിലും പഠിപ്പിക്കുന്നുവെങ്കില്‍, അത് സന്തുലിതാവസ്ഥ കൂടാതെ സമാധാനവും നിയന്ത്രണമില്ലാതെ നീതിയും ഉണ്ടാകില്ല എന്നതാണ്.’

യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതും ഇത് തന്നെയാണ്. ലോകത്തിന്‍്റെ ശാക്തിക സന്തുലിതാവസ്ഥ തകര്‍ന്നതോടെ, കഴിഞ്ഞ മൂന്ന് ദശകത്തിനുള്ളില്‍ അഫ്ഘാനിസ്ഥാന്‍,യമന്‍, ഇറാഖ്, സിറിയ, ലിബിയ, ഇറാന്‍ എന്നീ ആറ് രാജ്യങ്ങളെ ജോര്‍ജ് ബുഷ് തിന്മയുടെ അച്ചുതണ്ട് എന്ന് വിശേഷിപ്പിക്കുകയും അതിനെ തകര്‍ക്കാനുള്ള ശക്തമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഏകപക്ഷീയ ആക്രമണങ്ങളിലൂടെ ആ രാജ്യങ്ങളെ നിലംപരിശാക്കി. ഇപ്പോള്‍ റഷ്യയിലും ഫലസ്തീനിലും സുഡാനിലും നടക്കുന്ന മനുഷ്യത്വ ഹീനമായ യുദ്ധത്തിന് സര്‍വ്വ പിന്തുണ നല്‍കുന്നതും, വെനിസുലയെ അധിനിവേശം ചെയ്തതും  അമേരിക്ക തന്നെ. ഡെമോക്ളസിന്‍്റെ വാള്‍ പോലെ പല രാജ്യങ്ങളുടെ മേലും ഈ ഭീഷണി തൂങ്ങി നില്‍ക്കുകയാണ്.  

ലോകത്തിന്‍്റെ ശാക്തിക സന്തുലിതാവസ്ഥ തകര്‍ന്നില്ലായിരുന്നുവെങ്കില്‍, ഈ നഗ്നമായ അധിനിവേശവും ആക്രമവും സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്നില്ല.  ഇസ്റായേലും ഇതില്‍ ഇറങ്ങികളിച്ചതിനാല്‍, ഫലസ്തീനില്‍ ഉള്‍പ്പടെ, ലക്ഷ കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു എന്ന് മാത്രമല്ല, ആ രാജ്യങ്ങളിലെ പ്രകൃതി സമ്പത്ത് കൊള്ളയടിക്കുകയും ആ ജനതകളെ തീരാദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്തു.  

മനുഷ്യരക്തം കുടിച്ചു വളര്‍ന്ന ഹിസ്രജന്തുക്കള്‍ക്ക് രക്തം കുടിച്ചുകൊണ്ടിരിക്കണം. അതിന് വേണ്ടി അവര്‍ ഏതറ്റംവരെ പോവാനും തയ്യാറാവും. അതാണ് ഇപ്പോള്‍ യുദ്ധഭൂമികളില്‍ കണ്ടുകൊണ്ടിരിക്കുന്ന നടുക്കുന്ന കാഴ്ചകള്‍. ഇസ്റായേലിന് 80 ശതമാനം ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണെന്നും, യുദ്ധത്തിന് വേണ്ടി അമേരിക്ക ബില്യന്‍ കണക്കിന് ഡോളറുകളാണ് നല്‍കിവരുന്നത്.  ഓരോ അമേരിക്കക്കാരനും കൊടുക്കുന്ന നികുതിയുടെ പ്രയോജനം അവര്‍ക്ക് ലഭിക്കുന്നില്ളെന്ന് മുന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജില്‍ ജില്‍ സ്റ്റീന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ലോക പോലീസായി ചമയുന്ന അമേരിക്ക, മുസ്ലിം രാജ്യങ്ങളെ ഒന്നൊന്നായി ദുരിതക്കയത്തിലേക്ക് തള്ളുമ്പോള്‍, മറുഭാഗത്ത് ഇസ്റായേലിന്‍്റെ ചട്ടമ്പിത്തരത്തെ താലോലിക്കുകയാണ് ചെയ്യുന്നത്. എത്ര എത്ര കുഞ്ഞുങ്ങളും സ്ത്രീകളും നിരപരാധികളുമാണ് അമേരിക്കയുടെ ഈ മനുഷ്വത്വ രഹിതമായ നിലപാട് കാരണം മരിച്ചുവീഴുന്നതിന് കയ്യും കണക്കുമില്ല. ദശ ലക്ഷകണക്കിന് ആളുകള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിക്കുകയും അഭയാര്‍ത്ഥികളായി രാജ്യംവിടുകയും ചെയ്യേണ്ടിവരുന്ന അതിദാരുണമാണ്.  

അമേരിക്കയും കൂട്ടാളികളും ആവിഷ്കരിച്ച ‘നവലോക വ്യവസ്ഥയിലൂടെ ഭക്ഷണം, പാര്‍പ്പിടം, ചികില്‍സ, വിദ്യാഭ്യാസം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ല.  ഈ നവലോക വ്യവസ്ഥയുടെ ആദ്യ ടെസ്റ്റ് ഡോസായിരുന്നു 1991ലെ ഗള്‍ഫ് യുദ്ധം. വന്‍ ചതിയിലുടെ അരങ്ങേറിയ ആ യുദ്ധം വിജയം കണ്ടതോടെ ആരംഭിച്ച രാഷ്ട്രീയ ജൈത്രയാത്ര ഇപ്പോഴും അനുസ്യൂതമായി തുടരുന്നു. വികസിത രാഷ്ട്രങ്ങള്‍ ഇതിനെതിരെ ശക്തമായി ഐക്യപ്പെട്ടില്ളെങ്കില്‍, ഇന്ന് ഞാന്‍ നാളെ നീ എന്ന രൂപത്തില്‍ ആക്രമിക്കപ്പെടുകയായിരിക്കും ഫലം. ഐക്യത്തോടെ നിലയുറപ്പിച്ചാല്‍ ഏത് വന്‍ശക്തികളേയും പരാജയപ്പെടുത്താമെനന്നതിന് ചരിത്രം സാക്ഷിയാണ്.

നവലോക വ്യവസ്ഥ തീര്‍ത്തും ഒരു ദുരന്തമാണെന്ന കാര്യത്തില്‍ സംശയമില്ല. ഹീനങ്ങളായ കൗശലങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ മോഷണം, വിശ്വാസവഞ്ചന, ഒറ്റികൊടുക്കല്‍ ഇതൊക്കെയാണ്് അധിനിവേശ വ്യവസ്ഥയുടെ ബാലന്‍ഷീറ്റ്.  തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്നവര്‍ക്ക്, തല്‍കാലത്തേക്കെങ്കിലും, എല്ലാവിധ പിന്തുണയും സഹായവും നല്‍കിയാണ് ഇത്തരം വൃത്തികേടുകള്‍ അമേരിക്ക ചെയ്തുവരുന്നത്.  

ഏതൊരു അനീതിയും അക്രമവും ദീര്‍ഘകാലം നിലനില്‍ക്കുകയില്ല. ഖുര്‍ആന്‍ പറയൂന്നു: “അല്ലാഹു മനുഷ്യരില്‍ ചിലരെ ചിലരാല്‍ തടയുന്നില്ലായിരുന്നുവെങ്കില്‍ ഭൂമി നശിച്ചുപോയതുതന്നെ. പക്ഷെ, അല്ലാഹു അതനുവദിക്കുകയില്ല. അവന്‍ ലോകരോട് ഏറെ ഒൗദാര്യമുടയവനാകുന്നു.” 2:251 ജഗനിയന്താവിന്‍്റെ ആ നീതി പുലരുകതന്നെ ചെയ്യും. കാത്തിരിക്കുക. സമയത്തിന്‍്റെ മാത്രം പ്രശ്നമാണത്.  

ഇബ്റാഹീം ശംനാട്