ഏക സിവില്‍ കോഡും ഇന്ത്യന്‍ ബഹുസ്വരതയും

ഏക സിവില്‍ കോഡും ഇന്ത്യന്‍ ബഹുസ്വരതയും
  • മാർച്ച്‌ 3, 2022
  • ഇബ്റാഹീം ശംനാട്

ശാസ്ത്ര സാങ്കേതിക ബഹിരാകാശ ഗവേഷണ മേഖലയില്‍ നമ്മുടെ മാതൃരാജ്യം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ആഹ്ളാദകരമായ നിമിഷങ്ങളിലൂടെയാണ് കടന്ന്പോയിക്കൊണ്ടിരിക്കുന്നത്. അതേയവസരം, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളും അധസ്ഥിത പിന്നേക്ക വിഭാഗവും സ്ത്രീകളും കുട്ടികളും അത്യധികം ഭീതിയോടെയുമാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു രാജ്യത്തിന്‍റെ പുരോഗതിയെ അളക്കുന്നതില്‍, പ്രധാനമായ സൂചികകളാണ് അവിടത്തെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളോടും സ്ത്രീകളോടും ഭരണകൂടം സ്വീകരിക്കുന്ന നിലപാട്. അത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണ്.

2014 മുതല്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍, ജനദ്രോഹപരമായ നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധം, കര്‍ഷക വിരുദ്ധ നിലപാട്, വിലക്കയറ്റം, കുത്തകളെ സംരക്ഷിക്കല്‍, പൊതു സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, തൊഴിലില്ലായ്മ, പട്ടിണി, വര്‍ഗ്ഗീയ കലാപം, ന്യായാധിപന്മാരേയം, മാധ്യമ പ്രവര്‍ത്തകരേയും പ്രതിപക്ഷത്തേയും നിരീക്ഷിക്കാന്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്വയറിന്‍റെ ഉപയോഗം, പൊതു തെരെഞ്ഞെടുപ്പില്‍ കൈകടത്തല്‍ എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

വംശീയ ഉന്മൂലനം

മറുവശത്ത് മത ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുളള വംശീയ ഉന്മുലനം അതിന്‍റെ പാരമ്യത പ്രാപിച്ചിരിക്കുന്നു. സ്കൂളില്‍ പഠിക്കുന്ന മുസ്ലിം പിഞ്ചുകുട്ടികളെ ഹിന്ദു സഹവിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിക്കുക. ആ കാഴ്ച കണ്ട് ആസ്വദിക്കുന്ന അധ്യാപകര്‍. നമ്മുടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുഎന്നതിന്‍റെ നേര്‍ ചിത്രം. ഇന്ത്യന്‍ സെകുലറിസത്തിന്‍റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ത്ത് ശ്രീ രാമക്ഷേത്രം നിര്‍മ്മിക്കുന്ന പണി പുരോഗമിക്കുന്നു.

മുസ്ലിംങ്ങളുടെ അസ്തിത്വം ചോദ്യംചെയ്യൂന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കാശ്മീരികളുടെ സത്വം നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന 370 ാം വകുപ്പ് എടുത്തു കളഞ്ഞു. മുസ്ലിം ഭരണാധികാരികള്‍ നിര്‍മ്മിച്ച ചരിത്ര സ്മാരകങ്ങളുടെ പേര്മാറ്റുകയൊ പൊളിച്ച് കളയുകയൊ ചെയ്യുന്നു. പാര്‍ലമെന്‍റെിലും ഉദ്യോഗതലത്തിലൂം മുസ്ലിം പ്രാതിനിധ്യം നാമമാത്രമായി ചുരുങ്ങി. മുസ്ലിംങ്ങള്‍ക്ക് നേരെ സാമ്പത്തിക ബഹിഷ്കരണവും നടക്കുന്നു. ഉത്തരേന്ത്യയില്‍ ഉല്‍സവ കാലം മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള കലാപ കാലമാണ്.

വംശീയ ഉന്മൂലനം പാരമ്യതയിലേക്കത്തെുന്നതിന്‍റെ സൂചനകളാണ് മണിപ്പൂരിലും ഹരിയാനയിലും കണ്ട്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന്‍റെ അവസാനത്തെ പടിയായ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. വിലപിച്ചത്കൊണ്ട് പ്രശ്നം ഒരിക്കലും പരിഹരിക്കാന്‍ പോവുന്നില്ല. വിഷയത്തെ സസൂക്ഷ്മം പരിശോധിച്ച് അതിന് പരിഹാരം കാണുകയാണ് വിവേകശാലികളുടെ മാര്‍ഗം.

എന്താണ് ഏക സിവില്‍കോഡ്?

മതന്യൂനപക്ഷ വിഭാഗങ്ങളുടെ തലക്ക് മുകളില്‍ ഡെമോക്ളിസിന്‍റെ വാള്‍ പോലെ തുങ്ങി നില്‍ക്കുന്ന, ഇന്ത്യന്‍ ഭരണ ഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തീട്ടുള്ള ഏകസിവില്‍കോഡ് എന്താണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ഭരണഘടനയില്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കീട്ടുള്ള ബഹുസ്വരതക്ക് നേരെയുള്ള കടുത്ത വെല്ലുവിളയും ഭീഷണിയുമാണ് ഏക സിവില്‍കോഡെന്ന് പൊതുവെ എല്ലാവരും സമ്മതീക്കുന്നു.

പരിഷ്കൃതസമൂഹത്തില്‍ നിയമത്തെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സങ്കല്പമാണ് ഏക സിവില്‍കോഡിന് അടിസ്ഥാനം. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകര്‍ത്തൃത്വം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങളും വിവേചനപരമായ വകുപ്പുകളും ഇല്ലാതാക്കിക്കോണ്ട് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പൊതുവായൊരു വ്യക്തിനിയമം എന്നുവേണമെങ്കില്‍ ഏകസിവില്‍കോഡിനെ വിശേഷിപ്പിക്കാം. (ഉദ്ധരണം, മാതൃഭൂമി ദിനപ്പത്രം. 12.7.2023)

അനുകൂലിക്കുന്നവരുടെ വാദങ്ങള്‍

ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞ കാര്യമാണ് ഏകസിവില്‍കോഡെന്നും അത് നടപ്പാക്കുന്നത് ഭരണഘടനയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും ഏകസിവില്‍കോഡിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്‍റെ ദേശീയോല്‍ഗ്രഥനത്തിലേക്കുള്ള വഴിയാണ് ഏകസിവില്‍കോഡ്. ലിംഗ സമത്വത്തിന് ഏകസിവില്‍കോഡ് സഹായിക്കുമെന്നാണ് അവരുടെ മറ്റൊരു വാദം. സ്ത്രീകള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഏകസിവില്‍കോഡ്. ഒരു രാഷ്ട്രം, ഒരു നിയമം എന്ന ആധുനിക സെകുലര്‍ രാഷ്ട്രങ്ങളുടെ അതേ പാത പിന്തുടരുകയാണ് ഇന്ത്യയും എന്നാണ് അവരുടെ മറ്റൊരു വാദം.

എതിര്‍ക്കുന്നവരുടെ വാദമുഖങ്ങള്‍

സംഘ്പരിവാറും അവരുടെ സില്‍ബന്ധികളും ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റെല്ലാ പാവിഭാഗങ്ങളും, കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം., 30ലേറെ ഹരിജന വിഭാഗങ്ങള്‍ ഉള്‍പ്പടെ, ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് ഏകസിവില്‍കോഡ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍, മദ്യനിരോധം, സാര്‍വത്രിക വിദ്യാഭ്യാസം തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തീട്ടുണ്ട്. അതൊന്നും നടപ്പാക്കാന്‍ താല്‍പര്യം കാണിക്കാതെ ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ മുതിരുമ്പോള്‍, അതിലൂടെ ലക്ഷ്യമിടുന്നത് സാംസ്കാരിക ഫാസിസം നടപ്പാക്കാനാണ്.

ഇന്ത്യയില്‍ 1000 വ്യക്തിഗത നിയമങ്ങളുണ്ട്. ഇതെല്ലാം ഏകീകരിച്ച് ഒരൊറ്റ നിയമം അടിച്ചേല്‍പിക്കാനുള്ള ശ്രമം ഏറ്റവും വലിയ വംശീയ കലാപത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിവില്‍കോഡിന്‍റെ കരട്പോലും സമര്‍പ്പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല. ഏകസിവില്‍കോഡ് കാരണം മുസ്ലിം സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെന്ന് പരിഭവിക്കുന്ന പ്രധാനമന്ത്രി, നിഷ്കരുണം കൊലചെയ്യപ്പെടുകയും ബലാല്‍സംഘത്തിനിരയാവുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ മൗനമവലംബിക്കുന്നു.

ക്രൈസ്തവരും ഹരിജനങ്ങളും ഏകസിവില്‍കോഡിനെതിരെ ശബ്ദിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് ബാധകമല്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ തിട്ടൂരം. പല കാര്യങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗലാണ്ട്, മിസോറാമിലും വിത്യസ്ത നിയമങ്ങളുണ്ട്. മുസ്ലിംങ്ങളായി ജീവിക്കാന്‍ മുസ്ലിം ശരീഅത് നിയമങ്ങള്‍ അനിവാര്യമാണ്. അതുപേക്ഷിച്ച് ജീവിക്കുന്നത് അവര്‍ക്ക് അചിന്തനീയമായ കാര്യമാണ്. പിന്നീട് സംവരണ നിയമം മുതല്‍ വസ്ത്രധാരണംവരേയും മദ്രസ്സ പഠനം മുതല്‍ പള്ളിവരേയുമുള്ള സകല കാര്യങ്ങളിലേക്കും ഏകസിവില്‍കോഡ് നടപ്പാക്കുക സമയത്തിന്‍റെ മാത്രം പ്രശ്നമാണ്.

ഏകസിവില്‍കോഡ് ലക്ഷ്യമെന്താണ്?

ഇന്ത്യ 2024 ലോകസഭാ തെരെഞ്ഞെടുപ്പിലേക്ക് നീങ്ങികൊണ്ടിരിക്കെ, ഇത്തരമൊരു വിവാദ നീക്കത്തിന് പിന്നിലെ അജണ്ട വ്യക്തമാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍, വര്‍ഗീയ വികാരം ഇളക്കിവിട്ട് അധികാരത്തിലേറി എങ്കിലും പറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെന്ന് മാത്രമല്ല, ജനങ്ങളുടെ ദുരിതം പതിന്മടങ്ങ് വര്‍ധിച്ചൂ. ജനശ്രദ്ധ തിരിക്കാനുള്ള ജുഗുപ്സാവാഹമായ നീക്കവും പ്രതിപക്ഷ ഐക്യം തകര്‍ക്കുകയുമാണ് ഏകസിവില്‍കോഡ് വിവാദമാക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം.

പല പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ വിത്യസ്ത നിലപാട് സ്വീകരിക്കുമ്പോള്‍ അവര്‍ ദുര്‍ബലമാവുമെന്ന് ബി.ജെ.പി. കണക്ക് കൂട്ടുന്നു. ഇതിലൂടെ അനായസേന 2024 ല്‍ അധികാരത്തിലേറുകയും ആര്‍.എസ്.എസ്. രൂപീകരിച്ച് ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, അവരുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാം എന്നൊക്കെ മനക്കോട്ട കെട്ടുകയാണ് ബി.ജെ.പി. പക്ഷെ അത് അത്ര എളുപ്പമായിരിക്കില്ളെന്ന് മാത്രം.

ഏകസിവില്‍കോഡിന്‍റെ തിക്താനുഭവങ്ങള്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ സോവിയറ്റ് യൂനിയന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പിലുണ്ടായിരുന്നു. ഗോര്‍ബിച്ചോവ് അധികാരത്തിലിരിക്കെ, സോവിയറ്റ് യൂനിയന്‍ ചിന്നഭിന്നമാവുകയും ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. മദ്രസ്സയും പള്ളികളിലെ ബാങ്കുവിളിയും ഖുര്‍ആന്‍ പാരായണവും അവിടെ നിരോധിച്ചു. ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ കഴിയാതെ സോവിയറ്റ് യൂനിയാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി.

ഇസ്ലാമിക ഖിലാഫത്തിന്‍റെ അന്തകനായ അത്താ തുര്‍ക്ക്, തുര്‍ക്കിയില്‍ ഏഴ് ദശാബ്ദത്തോളം ഏകസിവില്‍കോഡ് നടപ്പാക്കി എങ്കിലും, കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി തിരിച്ചുപോക്കിന്‍റെ പാതയിലാണ്. പല ലോകരാജ്യങ്ങളും വംശീയ സംഘര്‍ഷങ്ങളാല്‍ വിഭജിക്കപ്പെട്ടുവെങ്കിലും, ഇന്ത്യ ഇപ്പോഴും ഏകരാജ്യമായി തുടരുന്നതിന്‍റെ പ്രധാന കാരണം അതിന്‍റെ ബഹുസ്വരതയാണ്. ഏക സിവില്‍കോഡിലൂടെ ബഹുസ്വരതയെ തകര്‍ക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി പ്രവചിക്കുക അസാധ്യം.

പരിഹാരമാര്‍ഗങ്ങള്‍

രാജ്യം ഐക്യത്തിലും ഒരുമയിലും നിലകൊള്ളാന്‍ ബഹുസ്വരതയെ ചേര്‍ത്ത്പിടിക്കേണ്ടതുണ്ട്. പീഡിത വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി ഈ വെല്ലുവിളി ഏറ്റെടുക്കണം. ഇത് ഏതെങ്കിലും ഒരുവിഭാഗത്തിന്‍റെ മാത്രം പ്രശ്നമല്ല. ഭരണഘടന മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രണ്ടാം സ്വാതന്ത്ര്യസമരത്തിന് പോലും തയ്യാറാവേണ്ടി വന്നേക്കാം. ഏകസിവില്‍കോഡിനെതിരെ രാഷ്ട്രീയവും സാംസ്കാരികവുമായ പോരാട്ടം ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിച്ച ഹിന്ദു മുസ്ലിം ദ്വന്ദം വംശീയ കലാപത്തിന് വഴിവെച്ചു. അതേ പാത പിന്തുടരാനാണ് സംഘ്പരാവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നോക്ക ജാതി വിഭാഗങ്ങളുടെ സംവരണത്തെ ഏകസിവില്‍കോഡ് ബാധിക്കുകയില്ല എന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കഴിയുകയില്ല.

ശരീഅത്ത് അനുസരിച്ച് ജീവിക്കല്‍ മുസ്ലിംങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. മുസ്ലിം വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനാണ് തങ്ങള്‍ മുസ്ലിംങ്ങളായത് എന്ന് ഉറക്കെ പറയേണ്ട സമയമാണിത്. അല്ലെങ്കില്‍ ഏകസിവില്‍കോഡിന്‍റെ മറവില്‍ ജനനം മുതല്‍ മരണംവരേയുള്ള സകല കാര്യങ്ങളിലും, ബഹുദൈവത്വ സംസ്കാരമനുസരിച്ച് ജീവിക്കേണ്ട ഗതികേട് നമുക്ക് വന്ന് ഭവിക്കും.

മുസ്ലിംങ്ങളെന്ന നിലക്കുള്ള തങ്ങളുടെ ദൗത്യം വിസ്മരിച്ചതാണ് ഈ ദുര്‍ഗതിക്ക് മറ്റൊരു പ്രധാന കാരണം. ഇസ്ലാമിനെ കുറിച്ച് ആഴത്തിലുള്ള അവബോധമുണ്ടാവണം. ഖുര്‍ആനിന്‍റെ സന്ദേശം രാജ്യവ്യാപകമായി പ്രചരിപ്പിക്കണം. അതിന്‍റെ സന്ദേശം മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. മുസ്ലിംങ്ങള്‍ ഉത്തമ സമൂഹമായി നിലകൊള്ളാനുള്ള ആത്മവീര്യം വിണ്ടെടുക്കുകയും ഭാവിതലമുറയെ അതിന് പ്രാപ്തമാക്കുകയും ചെയ്യേണ്ടതുണ്ട്.