സ്ത്രീ പീഡനം: പ്രതിക്കുട്ടിൽ ആരെല്ലാം?

പരിഷ്കൃതമായ നമ്മുടെ സമൂഹത്തിൽ സ്ത്രീ പീഡനവും ബാല പീഡനവും ഒരു പതിവ് ചര്യയായി മാറുകയാണൊ? ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നവലോക വ്യവസ്ഥിതിയുടെ ആഗമനത്തോടെ കൂടുതൽ രൗദ്രഭാവത്തിൽ പ്രചാരം നേടുന്ന ദാരുണ സംഭവങ്ങൾക്കാണ് നാം നിത്യേന സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സാമൂഹ്യരോഗമാണ് സ്ത്രീപീഡനം എന്ന കാര്യത്തിൽ അത് ചെയ്യുന്നവർ പോലും സമ്മതിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയ കേരളത്തിലെ സ്ത്രീപീഡന കണക്കുകൾ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഒരു രോഗത്തെ ചികിൽസിക്കാൻ അതിൻറെ കാരണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണങ്ങൾ കണ്ടത്തൊതെയുള്ള ചികിൽസ കേവലം പാഴ്വേലയിലായിരിക്കും കലാശിക്കുക. സ്ത്രീ പീഡനം പോലുള്ള മാരകമായ സാമൂഹ്യ രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ മുതിരുമ്പോൾ അതിൻറെ കാരണങ്ങൾ കണ്ടത്തൊതെ ചികിൽസിക്കുന്നത് ഫലം ചെയ്യുകയില്ല.
പ്രതിക്കുട്ടിൽ ആരെല്ലാം?
സ്ത്രീ പീഡനത്തിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ ഈ കിരാത വാഴ്ചക്ക് നേതൃത്വം കൊടുക്കുന്ന കഷ്മലന്മാർ ആരെല്ലാം എന്ന് തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് ചെയ്യുന്ന ഒന്നൊ അതിലധികമൊ വരുന്ന ഏതാനും പേരിൽ മാത്രം ഒതുക്കേണ്ടതാണൊ അവരുടെ പ്രതിപ്പട്ടിക? സമൂഹത്തിലെ മറ്റെല്ലാവരുടെയും കൈകൾ ഇക്കാര്യത്തിൽ ശുദ്ധമാണെന്നാണൊ കരുതേണ്ടത്? അങ്ങനെ കരുതുന്നുവെങ്കിൽ പ്രശ്നത്തിൻറെ ഒരു വശം മാത്രം ശ്രദ്ധിക്കാനെ നമുക്ക് താൽപര്യമുള്ളൂ എന്നാണ് അർത്ഥം.
ഒരു വ്യക്തിയെ വളർത്തി എടുക്കുന്നതിൽ സമൂഹത്തിനുള്ള പങ്ക് ക്ലിപ്തപ്പെടുത്തുക സാധ്യമല്ല. സമൂഹം തന്നെ മലിനമായാൽ വ്യക്തിചെയ്യുന്ന അപരാഥങ്ങൾക്ക് സമൂഹവും ഉത്തരവാദിയാണ്. തിന്മയിലേക്കുള്ള സാഹചര്യത്തിന് അവസരം ഉണ്ടാക്കുകയും അതിൻറെ വിലയത്തിൽ അകപ്പെടുകയും ചെയ്താൽ സമൂഹത്തിനും ആ അപരാഥത്തിൽ പങ്ക് ഉണ്ടാവേണ്ടതല്ലെ? കുട്ടികളിൽ ധാർമ്മിക മുല്യങ്ങൾ കരുപിടിപ്പിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. ആയിരകണക്കിൽ ടി.വി.ചാനലുകളിൽ പരന്ന് കിടക്കുന്ന ദൃശ്യവിരുന്നിൽ കുടുബത്തോടൊപ്പം എന്തെല്ലാം അശ്ലീല കാഴ്ചകളാണ് കൊച്ചു കുട്ടികൾ മുതൽ കൗമാര പ്രായക്കാർവരെ കാണുന്നത്!
സ്ത്രീകളുടെ ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളും സ്ത്രീ പീഡനത്തിന് കാരണമാവുന്നുണ്ട്. അവരുടെ അഴിഞ്ഞാട്ടം മുമ്പെന്നത്തൊക്കാളും വർധിച്ചിരിക്കുകയാണ്. യുവാക്കളെ പ്രകോപിപ്പിക്കുന്ന വേഷവിധാനം,സംസാര ശൈലി,വിദ്യാഭ്യാസത്തിൻറെയും തൊഴിലിൻറെയും പേരിൽ അവർ സ്വയം തന്നെ നേടിഎടുത്തിട്ടുള്ള സ്വാതന്ത്ര്യം ഇതെല്ലാം ഇന്ന് അവർക്ക് തന്നെ വിനയാവുന്നു. വസ്ത്ര ധാരണ വിഷയത്തിൽ സാമന്യ സംസ്കാരംപോലും യുവതികൾ പാലിക്കുന്നില്ല. ഒരു മാന്യമായ ഡ്രസ്സ്കോഡ് അവർക്ക് വളർത്തി എടുത്ത് കൂടെ?
ഉദാരവൽകരണത്തിൻറെ ഭാഗമായി ഭരണകൂടങ്ങൾ അനിയന്ത്രിതമായ സ്വതന്ത്ര്യം വകവെച്ച്കൊടുക്കുന്നു. സ്ത്രീ പീഡനത്തിൻറെ പ്രതിപ്പട്ടികയിൽ ഭരണകൂടത്തിനും പോലീസിനും അതിൻറെതായ പങ്കുണ്ടെന്നതിൽ സംശയമില്ല. രാജ്യത്തെ നിയമ നിർമ്മാണ സഭകളിലേക്ക് മൽസരിക്കുന്ന പല രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ ബലാൽസംഗ കുറ്റകൃതങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ പ്രതികളാണെന്ന കാര്യം പുതുമയുള്ള വിവരമൊന്നുമല്ല. രാജ്യത്ത് നിലനിൽക്കുന്ന മദ്യത്തോടുള്ള സമീപനവും സ്ത്രീപീഡനത്തിൻറെ മുഖ്യ കാരണങ്ങളിലൊന്നാണെന്ന് പരക്കെ ബോധ്യപ്പെട്ടിട്ടും അതിനെതിരെ നടപടി എടുക്കാൻ മദ്യ രാജാക്കന്മാരെ ഭയന്ന് ഭരണകൂടം വൈമനസ്യം കാണിക്കുകയാണ്.
സ്ത്രീ എന്നാൽ സെക്സ് ആണെന്നും അതിൻറെ സമൃദ്ധമായ ഉപഭോഗമാണ് തൻറെ ജീവിത ലക്ഷ്യം എന്ന ഉപഭോഗ സംസ്കാരത്തിലേക്ക് മനുഷ്യ മനസ്സിനെ അധ:പതിപ്പിക്കുന്നതിൽ ഇലക്ട്രോണിക് മീഡിയകൾ വഹിച്ച പങ്ക് സുതരാം ബോധ്യമാണ്. സ്ത്രീ പീഡനത്തിൻറെ കാര്യത്തിൽ പ്രതിസ്ഥാനത്ത് ഒന്നാമതായി നിർത്തേണ്ടത് മീഡിയയെയാണൊ ഭരണകൂടത്തെയാണൊ എന്നൊന്നും തർക്കിക്കുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് നടപ്പാക്കി വരുന്ന ഉദാരവൽകരണത്തിൻറെ ഫലമായി മീഡിയകളെ നിയന്ത്രിക്കുന്നതിൽ അക്ഷന്ത്യവ്യമായ കുറ്റമാണ് ഭരണകർത്താക്കളിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. മെബൈൽ ഫോൺ,പ്ലേ സ്റ്റേഷൻ,ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയകൾ വരുത്തിവെക്കുന്ന വിനകളും നിസ്സാരമല്ല. ഇതിൻറെ എല്ലാം ദൂഷിത വലയത്തിൽ വീഴാതിരിക്കാൻ അസാമാന്യമായ ആത്മ നിയന്ത്രണം ഉള്ള സ്ത്രീരത്നങ്ങൾക്ക് മാത്രമേ കഴിയൂ.
പിശാചിനെ പോലെ മാധ്യമങ്ങൾ
വിശുദ്ധ ഖുർആനിൽ പിശാചിൻറെ കാപട്യം തുറന്ന് കാണിക്കുന്ന ഒരു രംഗം ഇങ്ങനെ: പിശാചിൻറെ ഉദാഹരണം പോലെയാകുന്നു. അവൻ മനുഷ്യനോട് പറഞ്ഞ സന്ദർഭം: നീ അവിശ്വാസിയാവുക. അങ്ങനെ മനുഷ്യൻ അവിശ്വാസിയായപ്പോൾ പിശാച് പറഞ്ഞു: തീർച്ചയായും ഞാൻ നിന്നിൽ നിന്ന് മുക്തനാകുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഞാൻ ഭയപ്പെടുന്നു. സൂറ:ഹശ്ർ: 16
സോഷ്യൽ മീഡിയകളുടെയും ചാനലുകളുടെയും അനിയന്ത്രിതമായ കുത്തൊഴുക്കിൽപ്പെട്ട് അസഭ്യതയുടെയും അശ്ലീഷതയുടെയും എല്ലാ സീമകളും ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു കാലത്ത് പ്രിൻറെ് മീഡിയകളെ പൈങ്കിളി ജ്വരം ബാധിച്ചിരുന്നപ്പോൾ അതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. അത്തരം പൈങ്കിളി പ്രസിദ്ധീകരണങ്ങൾ കൈവശം വെച്ച് നടക്കുന്നത് അക്കാലത്ത് അശ്ലീലമായിരുന്നു. സിനിമാ ശാലകളിലേക്ക് പോവുന്നത് പോലും അപൂർവ്വം. അക്കാലത്തെ നമ്മുടെ പൂർവ്വികരുടെ ഉയർന്ന ധാർമ്മികബോധമാണ് ഇതിലൂടെ പ്രകടമാവുന്നത്.
ഇന്ന് ഈ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. സ്ഥിതിഗതികൾ ആകെ കുഴഞ്ഞ് മാറിഞ്ഞിരിക്കുകയാണ്. അത്യന്താധുനിക മൊബൈലുകളും സോഷ്യൽ മീഡിയകളുമെല്ലാം ചേർന്ന് അശ്ലീലതയുടെ ഒരു വെർച്വൽ ലോകം തന്നെ പണിതിരിക്കുന്നു. മനുഷ്യൻറെ കാമ വികാരങ്ങളെ വിജ്റുംഭിച്ച് അതിൻറെ കൊടുമുടിയിൽ എത്തിക്കുക. അവിടെ നിന്ന് ചെയ്ത് പോകുന്ന അരുതായ്മകളുടെ ഭീകര ദൃശ്യമാണ് രാജ്യത്ത് കണ്ട്കൊണ്ടിരിക്കുന്നത്.
ന്യായാധിപൻറെ വിചാരണയുടെ മൈക്രോസ്കോപിലൂടെ നോക്കുമ്പോൾ ഒരു ദുർബല നിമിഷത്തിൽ കുറ്റം കൃത്യം ചെയ്ത് പോയ ഹതഭാഗ്യനെ മാത്രമേ ശിക്ഷിക്കാൻ സാധ്യതയുള്ളൂ. എന്നാൽ പക്ഷെ വ്യക്തി,രക്ഷിതാക്കൾ,കുടുംബം,സമൂഹം,മീഡിയകൾ, പോലീസ്, ഭരണകൂടം, ശാസ്ത്ര സാങ്കേിത വിദ്യ ഇതെല്ലാം ഒരുപോലെ ഉൾപ്പെടുന്ന വലിയൊരു ശൃംഗലയാണ് സ്ത്രീ പീഡന സംഭവങ്ങളിലെ യഥാർത്ഥ പ്രതികൾ എന്ന് നാം തിരച്ചറിഞ്ഞാൽ മാത്രമെ ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാൻ കഴിയുകയുള്ളൂ.
സ്ത്രീ പീഡനത്തിനെതിരെ ഭരണകൂടം നിർമ്മിക്കുന്ന നിയമങ്ങളിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നുവെങ്കിൽ ഉപ്പ് തേച്ച് കൊണ്ടിരിക്കുന്ന വൃണങ്ങളെ അതേ കൈകൊണ്ട് തന്നെ മരുന്ന് ലേപനം ചെയ്ത് ചികിൽസിക്കാൻ കഴിയും എന്ന് വിചാരിക്കുന്നത് പോലെ മൗഡ്യമാണ്. ഇവിടെ പരാമർശിച്ചതും അല്ലാത്തതുമായ സ്ത്രീ പീഡന കാരണങ്ങൾ കണ്ടത്തെി അതിനുള്ള ആത്മാർത്ഥമായ പ്രതിവിധിയാണ് അന്വേഷിക്കേണ്ടത്. ഒപ്പം പരലോക വിശ്വാസത്തിൽ അധിഷ്ടിതമായ ധാർമ്മികബോധത്തിനും സമൂഹത്തിൽ ഊന്നൽ നൽകേണ്ടതുണ്ട്. അതിന് ശേഷമാണ് സ്ത്രീപീഡന നിയമ നിർമ്മാണങ്ങളുടെയും ശിക്ഷാവിധികളുടെയും പ്രസക്തിയുള്ളൂ.