നടത്തത്തിനുമുണ്ട് പലതും പറയാന്‍

നടത്തത്തിനുമുണ്ട് പലതും പറയാന്‍
  • ജൂൺ 21, 2022
  • ഇബ്റാഹീം ശംനാട്

കല്ലിനുമുണ്ട് കഥപറയാന്‍ എന്ന ജവാഹര്‍ നെഹ്റുവിന്‍റെ പ്രശസ്തമായ തലക്കെട്ട് കടമെടുത്ത് പറഞ്ഞാല്‍, നമ്മുടെ നടത്തത്തിനുമുണ്ട് പലതും പറയാന്‍. നടത്തവും ചലനവും എല്ലാ ജന്തുജാലങ്ങളുടെയും പൊതുവായ സ്വഭാവമാണ്. പല കാരണങ്ങളാല്‍ നടക്കാന്‍ കഴിയാത്തവര്‍ അനുഭവിക്കുന്ന മാനസിക പ്രയാസം പറഞ്ഞറിയിക്കുക സാധ്യമാല്ല. നമ്മുടെ നടത്തത്തിന് ഒരു നിയന്ത്രണം വന്നാല്‍ തന്നെ മനസ്സ് അശ്വസ്ഥമാവുന്നതായി കാണാം. നടത്തത്തില്‍ കേവലം നടത്തം മാത്രമല്ല മറ്റു പലതും അടങ്ങീട്ടുണ്ട്. പ്രപഞ്ചത്തില്‍ പല കാര്യങ്ങളും അങ്ങനെ തന്നെയാണല്ലോ? വിത്തില്‍ വിത്ത് മാത്രമൊ ബീജത്തില്‍ ബീജം മാത്രമൊ അല്ലല്ലോ അടങ്ങിയിട്ടുള്ളത്.

നമുക്കറിയാവുന്നതും അറിയാത്തതുമായ പലതും നടത്തത്തില്‍ അടങ്ങീട്ടുണ്ട്. നടത്തം ചലനമാണ്. ചലനമാകട്ടെ പുരോഗതിയിലേക്കുള്ള ആദ്യ ചുവടും. ചലനം ഉണ്ടായിരുന്നില്ലങ്കില്‍, ഇബ്റാഹീം നബിക്ക് മക്കയില്‍ വന്ന് വിശുദ്ധ കഅ്ബാലയം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നില്ല. മുഹമ്മദ് നബിക്ക് മദീനയില്‍ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല. കൊളമ്പസ്സ് അമേരിക്ക കണ്ട്പിടിക്കുമായിരുന്നില്ല. താരീഖ് ഇബ്ന് സിയാദ് സ്പെയിന്‍ കീഴടക്കുമായിരുന്നില്ല. ഗാന്ധിജിക്ക് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ഒരു ചുവടില്‍ നിന്ന് ആരംഭിക്കുന്ന നടത്തത്തിന് അനേകം കാര്യങ്ങള്‍ പറയാനുണ്ട്.

നടത്തത്തില്‍ സ്വഭാവമുണ്ട്. വിനയമുണ്ട് അഹങ്കാരമുണ്ട്. നടത്തം കേവലം നടത്തമല്ല. ശരീര ഭാഷയുടെ ഏറ്റവും പ്രകടമായ രീതിയാണ് അതെന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ വ്യക്തമാക്കുകയുണ്ടായി. ” പരമകാരുണികനായ അല്ലാഹുവിന്‍റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്…….25:63 സൂറത്ത് ലഖ്മാനില്‍ അക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ: ഭൂമിയില്‍ നിഗളിച്ചു നടക്കരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. നിന്‍റെ നടത്തത്തില്‍ മിതത്വം പാലിക്കുക…… 31:18,19

നടത്തത്തില്‍ അടങ്ങിയ മറ്റൊരു കാര്യമാണ് ശരീരത്തിന് അനിവാര്യമായ വ്യായാമം. വ്യായാമത്തിന്‍റെ അഭാവത്തില്‍ ആരോഗ്യം ശുഷ്കിക്കും. പേശികള്‍ ബലഹീനമാവും. മാനസികമായി അശ്വസ്ഥത ഉടലെടുക്കും. ശരീരത്തിന് ആവശ്യമായ ഏറ്റവും നല്ല വ്യായാമങ്ങളിലൊന്നാണ് നടത്തം. 3000 ത്തിലേറെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തെത്തെ കുറിച്ച് നടന്നിട്ടുണ്ട്. നടത്തം ചികില്‍സയാണ്. രോഗ ശമനമാണ്. പ്രത്യേകിച്ചും ചില രോഗങ്ങളെ ഭേദമാക്കാന്‍ നടത്തത്തിന് സാധിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ദിനേന പതിനായിരം അടി എങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ജീവിത ശൈലീ രോഗങ്ങളായ ശുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍ തുടങ്ങിയവ കൂടാതെ പ്രായാധിക്യവും പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങളും വര്‍ധിച്ച് വരുന്ന കാലമാണിത്. സാങ്കേതിക വിദ്യകളുടെ ഫലമായി നമ്മുടെ ശാരീരിക അധ്വാനം പൂജ്യത്തിലാണ് നില്‍ക്കുന്നത്. പേശികളുടെ വളര്‍ച്ചക്ക് ആവശ്യമവായ വ്യായാമവും നടത്തവും കുറഞ്ഞ് വരുന്നത് ആരോഗ്യത്തെ ബാധിച്ചിരിക്കുകയാണ്. അത് ശരീരത്തിനകത്തേക്ക് പ്രവേശിക്കേണ്ട ഓക്സിജന്‍റെ അളവ് കുറയാന്‍ ഇടയാക്കുന്നു. ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ. ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ നമ്മെ രോഗതുരമാക്കുകയും അകാല മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

മുകളില്‍ സൂചിപ്പിച്ച ജീവിത ശൈലീ രോഗങ്ങള്‍ക്ക് പുറമെ, സന്ധിവേദന, പൊണ്ണത്തടി, വാദ സംബന്ധമായ രോഗങ്ങള്‍, രക്ത സഞ്ചാരം തുടങ്ങിയവക്ക് ഫലപ്രദമായ ചികില്‍സയാണ് നടത്തമെന്ന് അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പ്രവര്‍ത്തനമാണ് പള്ളിയിലേക്കുള്ള നടത്തം. അഞ്ച് നേരം പള്ളിയിലേക്ക് ഇരുനൂറ് മീറ്റര്‍ വീതം നടന്ന് പോവുന്ന ഒരു സത്യവിശ്വാസിക്ക്, അയാളുടെ ശരീരത്തിന് ആവശ്യമായ വ്യായാമം ആ നടത്തത്തിലൂടെ, പ്രത്യേകം അധ്വാനമില്ലാതെ തന്നെ ലഭിക്കുന്നതാണ്. നടക്കൂ. നിശ്ചലമാവാതിരിക്കൂ. ആരോഗ്യം വര്‍ധിപ്പിക്കാം.