ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ
  • ഏപ്രിൽ 30, 2023
  • ഇബ്റാഹീം ശംനാട്

കഴിഞ്ഞ കുറേ ദശകങ്ങളായി അയൽപക്ക രാഷ്ട്രങ്ങളും ലോക ചട്ടമ്പികളും അഫ്ഘാൻ എന്ന കൊച്ചു മുസ്ലിം രാഷ്ട്രത്തെ എല്ലാ നിലക്കും പീഡിപ്പിക്കുകയും അധിനിവേശപ്പെടുത്തുകയുമായിരുന്നു. ഒരു ജനതയെയൂം നീചമായ കൊളോണിയൽ മാർഗ്ഗത്തിലൂടെ കീഴ്പ്പെടുത്താൻ കഴിയുകയില്ലെന്ന് അഫ്ഘാനിലെ സമകാലീന സംഭവവികാസങ്ങൾ ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സോവിയറ്റ് അധിനിവേശത്തിൽ നിന്നും മോചനം നേടി, ഒരു ജനാധിപത്യ ഇസ്ലാമിക് റിപ്പബ്ളിക് നിലവിൽ വരുന്നതിനോടുള്ള അടങ്ങാത്ത അരിശമായിരുന്നു അഫ്ഘാൻ ജനതയുടെ നേരെ ലോക രാഷ്ട്രങ്ങൾ താണ്ഡവമാടാൻ നിമിത്തമായത്.

ഇപ്പോൾ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ഏതൊരു കക്ഷിയുമായിട്ടാണൊ നിരന്തരമായി പോരാടിയിരുന്നത്, അതേ കക്ഷിക്ക് അധികാരം തളികയിൽവെച്ച്കൊടുത്ത്, അഫ്ഘാനിലെ സ്വന്തം ഒറ്റുകാർക്ക് സുരക്ഷിത താവളം ഉറപ്പ് വരുത്തി അമേരിക്കയും സംഖ്യ കക്ഷികളും അധിനിവേശ ഭൂമിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിലാണ് നല്ല അയൽക്കാർ എന്ന ഭാവേന അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ ജോയിൻറ് സെക്രട്ടറി ജെ.പി സിങ്ങിൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കാബൂളിലേക്കയച്ചിരിക്കുന്നത്.

അതിനിടെ ഇന്ത്യ അഫ്ഘാനെ സഹായിച്ചതിൻറെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. അതിൻറെ ഭാഗമായി ഇന്ത്യ ഇതിനകം മാനുഷിക സഹായമായി 3450 ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്സിനും നൽകിയിരിക്കുകയാണ്. കൂടുതൽ സഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നല്ല കാര്യം. പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. അധിനിവേശ കാട്ടാളന്മാർ തകർത്ത് തരിപ്പണമാക്കിയ ഒരു ജനതക്ക് താങ്ങും തണലുമായി നിലകൊള്ളേണ്ടത് അയൽ രാഷ്ട്രങ്ങളുടെ മാനുഷികമായ ബാധ്യതയാണ്. ആ ധർമ്മമാണ് ഇപ്പോൾ ഇന്ത്യ നിർവ്വഹിക്കാൻ മുന്നോട്ട് വന്നിട്ടുള്ളതും.

99.7 ശതമാനം മുസ്ലിംങ്ങളുള്ള ഒരു രാജ്യത്തെ ഹിന്ദുത്വ ഭരണകൂടം സഹായിക്കുന്നത് എല്ലാ നിലക്കും പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്. ലോകം ഇന്ന് ഉയർത്തിപിടിക്കുന്ന ബഹുസ്വരതയുടെ മൂല്യങ്ങളെ അടയാളപ്പെടുത്തൽ കൂടിയാണത്. അത്തരമൊരു മഹത്തായ മൂല്യബോധത്തോടെയാണ്, ഹിന്ദുത്വ ശക്തികൾ അഫ്ഘാൻ മുസ്ലിംങ്ങളെ സഹായിക്കുന്നതെങ്കിൽ, ഇവിടെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യ ഉയർന്ന് വരുന്നു. അത് മറ്റൊന്നുമല്ല. ഇന്ത്യയിലുള്ള 20 ശതമാനം മുസ്ലിംങ്ങളുടെ അസ്തിത്വത്തെ ഇല്ലാതാക്കുകയും അവരുടെ ചിഹ്നങ്ങളെ മായിച്ച് കളയുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്തിനാണ്? അവരെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുന്നത് എന്തിനാണ്?

ധർമ്മം ആദ്യം ആരംഭിക്കേണ്ടത് സ്വന്തം തട്ടകത്തിൽ നിന്നായിരിക്കണം എന്നാണല്ലോ നാമെല്ലാം മനസ്സിലാക്കീട്ടുള്ളത്? Charity begins at home എന്നത് എല്ലാ മതങ്ങളും ഉയർത്തിപിടിക്കുന്ന പൊതുവായ മൂല്യമാണ്. ഇന്ത്യയിലെ മത ന്യൂനപക്ഷ വിഭാഗങ്ങളെ ക്രൂരമായി അടിച്ചമർത്തി അവരുടെ ചരിത്രത്തെ ഉന്മൂലനം ചെയ്ത്, അവരെ രണ്ടാംകിട പൗരന്മാരായി തള്ളാൻ ശ്രമിക്കുന്നതിന് ഏത് ധർമ്മ സംഹിതയുടെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കാൻ മുന്നിട്ടറങ്ങുമ്പോൾ, ആന്തരിക വൈരുധ്യമായ ഇത്തരം സമസ്യകൾക്കൾ ഉത്തരം കണ്ടേ തീരൂ.

അല്ലെങ്കിൽ, അഫ്ഘാൻ മുസ്ലിംങ്ങൾക്ക് ഇന്ത്യൻ മുസ്ലിംങ്ങളെ അപേക്ഷിച്ച് എന്ത് വിത്യാസമാണുള്ളത് എന്നെങ്കിലും ചുരുങ്ങിയത് വിശദീകരിക്കേണ്ടതല്ലെ? ഇന്ത്യൻ ഫാസിസ്റ്റുകൾ വെറുപ്പിൻറെ മുദ്രയായി മുസ്ലിംങ്ങളിൽ കാണുന്ന എല്ലാ ചിഹ്നങ്ങളും അഫ്ഘാൻ ജനതയിൽ സമൃദ്ധമാണ്. ബീഫ് അവരടെ ഭക്ഷണരീതിയുടെ അഭിവാജ്യ ഘടകം. ആരാധനകളിൽ നിഷ്ടപുലർത്തുന്നവരാണ് അവർ. പർദ ഉൾപ്പടെ എല്ലാം കൃത്യതയോടെ പാലിക്കുന്നവർ. മദ്രസ വിദ്യാഭ്യാസം അവരുടെ ജീവിതത്തിൻറെ ഭാഗം. വിഗ്രഹങ്ങളോട് സന്ധി ചെയ്യാത്തവർ. അതിനാൽ കാപട്യം ഒഴിവാക്കി എല്ലാവരേയും സഹായിക്കാനും സ്നേഹിക്കാനും മുതിരുന്നതാണ് ഇന്ത്യയുടെ യശസ്സ് ഉയർത്താൻ ഏറ്റവും നല്ല കാര്യം.