റമദാന്‍ മാസത്തെ സ്വാഗതം ചെയ്യാന്‍ പത്ത് കാര്യങ്ങള്‍

റമദാന്‍ മാസത്തെ സ്വാഗതം ചെയ്യാന്‍ പത്ത് കാര്യങ്ങള്‍
  • മാർച്ച്‌ 3, 2024
  • ഇബ്‌റാഹിം ശംനാട്

ഇതാ മറ്റൊരു റമദാന്‍ മാസം കൂടി വിളിപ്പാടകലെ വന്നു നില്‍ക്കുകയാണ്. ഈ പുണ്യമാസത്തെ എങ്ങനെയാണ് വരവേല്‍ക്കേണ്ടത്? അതിന് എപ്പോഴാണ് തയ്യാറെടുക്കേണ്ടത്? പ്രവാചകന്‍റെയും അനുചരന്മാരുടേയും മാതൃക എന്താണ്? ജീവിതത്തില്‍ നേടേണ്ട ഏതൊരു കാര്യവും നേടാന്‍ ആസൂത്രിതമായ തയ്യാറെടുപ്പ് അനിവാര്യമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അത് സോദ്ദശ്യപൂര്‍വ്വവും തയ്യാറെടുപ്പോട് കൂടിയായിരിക്കണം നിര്‍വ്വഹിക്കേണ്ടത്. അതിനാണ് ‘നിയ്യത്ത്’ എന്ന് പറയുന്നത്.

പ്രവാചകനും അനുചരന്മാരും റമദാന്‍ ആഗതമാവുന്നതിന്‍റെ ആറ് മാസം മുമ്പ് തന്നെ റമദാനിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കുമായിരുന്നു. അതിന്‍റെ ഭാഗമായി നബി (സ) അല്ലാഹുവേ, റജബ്, ശഅ്ബാന്‍ മാസങ്ങളില്‍ അനുഗ്രഹം ചൊരിയുകയും, റമദാന്‍ മാസം എത്തിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. സല്‍കര്‍മ്മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലമുള്ള റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിനെ കുറിച്ച പത്ത് കാര്യങ്ങളാണ് ചുവടെ.

1. ധാരാളമായി പാശ്ചാത്തപിക്കുക
മനുഷ്യരെന്ന നിലയില്‍ നാമെല്ലാം തെറ്റ് ചെയ്തിരിക്കാം. അതില്‍ നിന്നും പാശ്ചാത്തപിച്ച് മടങ്ങാനുള്ള ഏറ്റവും നല്ല ആത്മ സംസ്കരണത്തിന്‍റെ മാസമാണ് റമദാന്‍. നബി (സ) പറഞ്ഞു: ‘ആദമിന്‍റെ സന്താനങ്ങളെല്ലാം തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റു ചെയ്യുന്നവരില്‍ ഉത്തമര്‍ പാശ്ചാത്തപിച്ചു മടങ്ങുന്നവരത്രെ’. മനസ്സ് ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തൗബയും ഇസ്തിഗ്ഫാറും. എഴുപതിലധികം പ്രാവിശ്യം നബി (സ) ദിനേന അത് നിര്‍വ്വഹിച്ചിരുന്നു.

2. പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിക്കുക
ഇബാദത്തുകളുടെ മജ്ജയാണ് പ്രാര്‍ത്ഥനയെന്ന് നബി (സ) പറയുകയുണ്ടായി. ചെറുതും വലുതുമായ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും മനംനൊന്ത് സൃഷ്ടാവിനോട് പ്രാര്‍ത്ഥിക്കാനുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണ് റമദാന്‍ മാസം. പുണ്യ റമദാനിനെ ഉപയോഗപ്പെടുത്താനും നമ്മുടെ ദൈനംദിനമുള്ള മറ്റു ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി ധാരാളമായി പ്രാര്‍ത്ഥിക്കുക.

3. സുന്നത്ത് നോമ്പുകള്‍ വര്‍ധിപ്പിക്കുക
ഉസാമ ഇബ്ന സൈദ് (റ) പറഞ്ഞു: ഞാന്‍ ചോദിച്ചു: പ്രവാചകരെ! താങ്കള്‍ ശഅ്ബാനില്‍ നോമ്പ്നോല്‍ക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പനുഷ്ടിക്കുന്നതായി കണ്ടിട്ടില്ല. പ്രവാചകന്‍ (സ) പറഞ്ഞു: റജബിന്‍റെയും റമദാന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാത്ത മാസമാണിത്. പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണിത്. നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” കഴിഞ്ഞ റമദാനില്‍ നഷ്ടപ്പെട്ട്പോയ നോമ്പ് വീട്ടാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ ദിനങ്ങള്‍.

4. ഖുര്‍ആനുമായുള്ള ബന്ധം
ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍, ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുക. കേവല പാരായണം കൂടാതെ, ഖുര്‍ആന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിക്കൊണ്ടുള്ള പഠനത്തിന് തുടക്കം കുറിക്കുന്നത് അതുമായി ആത്മബന്ധം സ്ഥാപിക്കാന്‍ സഹായിക്കും. ഖുര്‍ആനും റമദാനും പരലോകത്ത് നമുക്ക് ശിപാര്‍ശ പറയുന്ന രണ്ട് കാര്യങ്ങളാണെന്ന് നബി (സ) ഉദ്ബോധിപ്പിച്ചിട്ടുണ്ട്. അതിന് അര്‍ഹത നേടാന്‍, അതിലെ ആശയങ്ങള്‍ ഗ്രഹിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്.

5. പ്രവാചകചര്യ പിന്തുടരുക
റമദാനിനെ സ്വീകരിക്കുവാന്‍ പ്രവാചകന്‍ (സ) കാണിച്ചു തന്ന മാതൃകകള്‍ പിന്തുടരുക. റമദാനിനെ അവിടുന്ന് വരവേറ്റത് പോലെ നാമും വരവേല്‍ക്കുക. റമദാനിനെ കുറിച്ച സരോപദേശങ്ങള്‍, അതിന്‍റെ പ്രത്യേകത വിവരിക്കല്‍ എന്നിവകൊണ്ടെല്ലാം സമ്പന്നമായിരുന്നു അവിടുത്തെ ഉദ്ബോധനങ്ങള്‍. ഖുര്‍ആന്‍ പറയുന്നു: പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. ( 3:31 )

6. ദാനധര്‍മ്മം ചെയ്യുക
റമദാനില്‍ നബി തിരുമേനി അടിച്ചുവീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. കൂടാതെ ദാനധര്‍മ്മത്തിന് പ്രേരിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍, ഹദീസ് വചനങ്ങളും കാണാം. ഖുര്‍ആന്‍ ചോദിക്കുന്നു: അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കാന്‍ ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അനേകമിരട്ടിയായി തിരിച്ചുതരും. മാന്യമായ പ്രതിഫലത്തിനര്‍ഹനും അയാള്‍തന്നെ. ( 57:11) . നബി (സ) പറഞ്ഞു: അല്ലാഹു തന്‍റെ അടിമയെ സഹായിച്ചു കൊണ്ടിരിക്കും. അയാള്‍ മറ്റുള്ളവരെ സഹായിച്ചു കൊണ്ടിരിക്കുന്നേടത്തോളം.

7. സ്വഭാവം മെച്ചപ്പെടുത്തുക
സ്വഭാവപരമായി മനുഷ്യന്‍ മൃഗത്തെക്കാള്‍ അധ:പതിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്വഭാവം മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളാണ് ഇസ്ലാം കാണിച്ചുതരുന്നത്. അതില്‍ എന്തുകൊണ്ടും സ്വഭാവവുമായി നേരിട്ട് ബന്ധമുള്ള ആരാധനയാണ് വൃതം. ഉന്നത സ്വഭാവഗുണങ്ങളുള്ളവരാണ് നിങ്ങളില്‍ ഉത്തമന്‍ എന്ന് പ്രവാചകന്‍ (സ) അരുളുകയുണ്ടായി. ഈ റമദാനിനെ നാം വരവേല്‍ക്കേണ്ടത് ഉത്തമ സ്വഭാവഗുണങ്ങള്‍ ആര്‍ജ്ജിക്കും എന്ന ബോധത്തോടെയായിരിക്കണം. അതിനുള്ള ബോധപൂര്‍വ്വമായ ശ്രമം നമുക്ക് ഇപ്പോള്‍ തന്നെ ആരംഭിക്കാം.

8. മിതത്വം പുലര്‍ത്തുക
ഭക്ഷണം, സംസാരം തുടങ്ങിയ കാര്യങ്ങളില്‍ റമദാനില്‍ മിതത്വം പുലര്‍ത്താന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുക്കുക. ഇമാം ശാഫി പറഞ്ഞു: 16 വര്‍ഷം ഞാന്‍ വയര്‍ നിറയെ ഭക്ഷണം കഴിച്ചിട്ടില്ല. കാരണം അത് ഒരാളുടെ ശരീരത്തിന് അമിതഭാരം സൃഷ്ടിക്കുകയും കാര്യങ്ങള്‍ ശരിയായി ഗ്രഹിക്കാതിരിക്കാനും ഇടയാക്കും. ഉറക്കിന് അത് പ്രേരിപ്പിക്കുകയും ഇബാദത്തുകള്‍ നിര്‍വ്വഹിക്കാന്‍ അലസനാക്കുകയും ചെയ്യും. പോഷകാഹരങ്ങളില്‍ കുറവ് ഉണ്ടാവാതെ മിതമായ ഭക്ഷണശീലം ഇപ്പോള്‍ തന്നെ പതിവാക്കുക.

9. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക
കഴിഞ്ഞ കാലങ്ങളിലെ നമ്മുടെ ഇടപെടലുകളില്‍ പലതരം പാളിച്ചകള്‍ വന്നിരിക്കാം. നിസ്സാരമായ കാരണങ്ങളെ ചൊല്ലി ഭാര്യ ഭര്‍തൃ ബന്ധങ്ങളും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അകന്നിട്ടുണ്ടാവാം. നബി (സ) പറഞ്ഞു: മൂന്ന് ദിവസത്തിലധികം തന്‍്റെ സഹോദരനുമായി ഒരു മുസ്ലിമിന് പിണങ്ങി നില്‍ക്കാന്‍ അനുവാദമില്ല. അങ്ങനെ മൂന്ന് ദിവസത്തിലധികം പിണങ്ങി ഒരാള്‍ മരിച്ചാല്‍ അവന്‍ നരഗത്തില്‍ പ്രവേശിച്ചത് തന്നെ. അയല്‍പക്ക ബന്ധങ്ങള്‍,സുഹൃദ് ബന്ധങ്ങള്‍, സഹോദര സമുദായത്തിലെ അംഗങ്ങളുമായുള്ള ബന്ധങ്ങളെല്ലാം പരമാവധി മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ ശ്രമമാരംഭിക്കുക.

10. ജീവകാരുണ്യ പ്രവര്‍ത്തനം
ജീവകാരുണ്യ പ്രവര്‍ത്തനവും ജനസേവനവും ദൈവാരാധനയെ പോലെ പ്രതിഫലാര്‍ഹമായ കര്‍മ്മമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. നന്മ കല്‍പ്പിക്കുക തിന്മ തടയുക, ഇസ്ലാമിന്‍റെ സന്ദേശം സഹോദരന്മാരെ ഓര്‍മ്മപ്പെടുത്തുക അങ്ങനെ തുടങ്ങി എല്ലാ സല്‍കാര്യങ്ങളും ഇപ്പോള്‍ തന്നെ പതിവാക്കിയാല്‍ റമദാനില്‍ അത് അനായാസമായി നിര്‍വ്വഹിക്കാനും അനേകമിരട്ടി പ്രതിഫലം കരസ്ഥമാക്കാനും സാധിക്കുന്നതാണ്.

നളെ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തന്നെ തുടക്കം കുറിച്ചുകൊണ്ടാണ് തയ്യാറെടുക്കേണ്ടത് എന്ന ഒരു മഹാന്‍റെ വചനം എത്ര അന്വര്‍ത്ഥമാണ്. ആസന്നമായ റമദാനിനെ സ്വീകരിക്കാന്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ചെയ്ത്കൊണ്ട്, അസുലഭമായ മറ്റൊരു റമദാനിനെ വരവേല്‍ക്കാന്‍ നമുക്ക് ഇപ്പോള്‍ തന്നെ തയ്യാറാവാം.