ഹജജ് തീര്‍ത്ഥാടനം നല്‍കുന്ന ഗുണപാഠങ്ങള്‍

ഹജജ് തീര്‍ത്ഥാടനം നല്‍കുന്ന ഗുണപാഠങ്ങള്‍
  • മെയ്‌ 30, 2024
  • ഇബ്‌റാഹിം ശംനാട്

ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ സുപ്രധാനമായ ഹജ്ജ് തീര്‍ത്ഥാടന കാലം ഒരിക്കല്‍ കൂടി സമാഗതമായിരിക്കുന്നു. ഹിജ്റ കലണ്ടര്‍ പ്രകാരം ദുല്‍ഹജ്ജ് മാസം എട്ട് മുതലാണത് ആരംഭിക്കുന്നത്. ഇബ്റാഹീം നബിയുടെ കര്‍മ്മ മണ്ഡലമായ മക്കയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും തുടര്‍ച്ചയായി അഞ്ചോ ആറോ ദിവസങ്ങള്‍ അനുഷ്ടിക്കുന്ന സമൂഹ്യ തീര്‍ത്ഥാടനമാണ് ഹജജ്.

ലോകത്തുടനീളമുള്ള എല്ലാ മുസ്ലിങ്ങളുടേയും ജീവിതാഭിലാഷമാണ് ആയുഷ്കാലത്തിലൊരിക്കലെങ്കിലും ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്നത്. വൈയക്തികമോ സാമുഹികമോ ആയ എന്ത് പ്രശ്നങ്ങളുണ്ടായലും, ശാരീരികമായും സാമ്പത്തികമായും കഴിവുള്ളവര്‍, ഹജജ് നിര്‍വ്വഹണത്തിനായി വലിയ ത്യാഗങ്ങള്‍ അനുഷ്ടിക്കുന്നു. ഹജജിന് പോവാന്‍ ഒരാള്‍ക്ക് സാധിച്ചാലും ഇല്ലെങ്കിലും അതില്‍ നിന്നും മനസ്സിലാക്കേണ്ട ഗുണപാഠങ്ങള്‍ നിരവധിയാണ്.

ഇബ്റാഹീം നബിയുടേയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും മഹത്തായ ത്യാഗത്തെ അനുസ്മരിപ്പിക്കുന്ന ആരാധനയാണല്ലോ ഹജജ്. അല്ലാഹുവിന്‍റെ കല്‍പന ലഭിക്കേണ്ട നിമിഷം സ്വപുത്രനെ ബലി നല്‍കാന്‍ തയ്യാറായ പിതാവും, പിതാവിന്‍റെ ആഗ്രഹസഫലീകരണത്തിന് സന്നദ്ധനായ പുത്രനും, അതിന് അനുവാദം നല്‍കിയ സഹധര്‍മ്മിണിയും ദൈവമാര്‍ഗ്ഗത്തിലെ ജീവിത സമര്‍പ്പണത്തിന്‍റെ മികച്ച മാതൃകകളാണെന്ന കാര്യത്തില്‍ സംശയമില്ല.

അത്യന്തം സാഹസികവും മാനവ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ ഈ സ്മരണ എക്കാലവും നിലനിര്‍ത്താൻ കൂടിയാണ് ഇസ്ലാമില്‍ ബലികര്‍മ്മം നിര്‍വ്വഹിക്കുന്നത്. ചരിത്രത്തില്‍, മൂസാനബി ഉള്‍പ്പടെയുള്ള നിരവധി പ്രവാചകന്മാരുടെ ജീവിതത്തില്‍ ഒട്ടേറെ ഐതിഹാസിക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അല്ലാഹു ഹജജ് കര്‍മ്മത്തിന്‍റെ ഘടനാമാതൃകയായി ഇബ്റാഹീം നബിയുടെ ജീവിതത്തെ നിശ്ചയിച്ചത് യാദൃശ്ചികമല്ല. എല്ലാവരും ആ മൂശയിലൂടെ കടന്നുവരുമ്പോഴാണ് പ്രവാചകന്‍ (സ) അരുളിയത് പോലെ ഒരു ഹാജി നവജാത ശിശുവിനെ പോലെ തിരിച്ചുവരുന്നത്.

അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഇബ്റാഹീം നബി, മകന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ കൊണ്ടുപോവുമ്പോള്‍, അതില്‍ നിന്നും പിന്തിരിപ്പിക്കുന്ന പിശാചിനെ ഇബ്റാഹീം കല്ലെറിഞ്ഞ് അകറ്റിയതുപോലെ, ജീവിതത്തില്‍ അത്തരം പ്രലോഭനങ്ങള്‍ക്കൊന്നും വശംവദനാവുകയില്ലന്ന പ്രഖ്യാപനമാണ് ജംറയിലെ കല്ലെറിയല്‍ കര്‍മ്മത്തിലൂടെ ഹാജിമാര്‍ പ്രഖ്യാപിക്കുന്നത്. ഇബ്റാഹീമിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ജീവിതമാതൃക എന്ന മൂശയിലൂടെ കടന്നുവരുന്ന ഹാജിമാര്‍ തൗഹീദിന്‍റെ (ഏകദൈവവിശ്വാസം) സംസ്ഥാപനത്തിനായി സാധ്യമാവുന്നവിധം പ്രവര്‍ത്തിക്കേണ്ടതാണ്.

മനുഷ്യരെല്ലാവരേയും പരലോക വിചാരണയില്‍ ഒരുമിച്ചുകൂട്ടുന്ന ‘മഹ്ശറയെ’ അനുസ്മരിപ്പിക്കുന്നതാണ് ഹാജിമാരുടെ അറഫയിലെ നിര്‍ത്തം. ഹജജിന്‍റെ സുപ്രധാന ചടങ്ങുകളില്‍ ഒന്നാണത്. ഹാജിയെ സംബന്ധിച്ചേടുത്തോളം അറഫയിലെ നിർത്തം എത്രമാത്രം സംഭവ്യമാണോ, അതുപോലെ പരലോകത്തിലെ വിചരണക്കായുള്ള നിര്‍ത്തവും യാഥാര്‍ത്ഥ്യമാവും. ഹജ്ജിന് വേണ്ടി നിശ്ചയിക്കപ്പെട്ട വസ്ത്രം, കഫന്‍ പുടവയോട് സാദൃശ്യമുള്ള രണ്ട് ശീലകളാണ് എന്നതും ഇഹ്റാം വസ്ത്രം മരണത്തെ അനുസ്മരിപ്പിക്കുന്നു.

അല്ലാഹുവിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും വിധേയത്വത്തിന്‍റെയും ആരാധനയാണ് ത്വവാഫ്. അല്ലാഹുവിന്‍റെ സിംഹാസനത്തെ വിലയം ചെയ്യുന്ന മാലാഖമാരുടെ അതേ കര്‍മ്മമാണ് കഅ്ബയെ ത്വവാഫ് ചെയ്യുമ്പോള്‍ ഹാജിമാരും ചെയ്യുന്നത്. അല്ലാഹുവിനെ ആരാധിക്കുവാനായി ഭൂമിയില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഭവനമാണ് കഅ്ബയെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. (3:96). നമ്മുടെ എല്ലാ പരിവേദനങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയാണ് കഅ്ബ.

പ്രയത്നമില്ലാതെ ലക്ഷ്യം സാക്ഷാല്‍കരിക്കുകയില്ല എന്ന കാര്യം പഠിപ്പിക്കുകയാണ് ഹജ്ജിലെ മറ്റൊരു സുപ്രധാന കര്‍മ്മമായ ‘സഅ്‍യ്’ (സഫാ-മര്‍വ കുന്നുകള്‍ക്കിടയിലെ ഓട്ടം). ദാഹജലത്തിനായി സഫാ-മര്‍വ കുന്നുകള്‍ക്കിടയില്‍ ഓടിയ ഹാജറയെ അല്ലാഹു നിരാശപ്പെടുത്തിയില്ല. സംസം ഉറവ പൊട്ടി ഒഴുകിയത് അങ്ങനെയായിരുന്നു. ഏതൊരു ലക്ഷ്യത്തോട് കൂടിയാണോ സംസം വെള്ളം കുടിക്കുന്നത് ആ ഉദ്ദേശ്യം സഫലീകൃതമാവുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.

മാനവിക ഐക്യമാണ് ഹജ്ജിന്‍റെ മറ്റൊരു സന്ദേശം. ഭൂമിയിലുള്ള എല്ലാ വിഭാഗം ആളുകളുടേയും സംഗമസ്ഥലമാണ് മക്ക. അവിടെ വര്‍ണ്ണമോ, വംശമോ, ജാതിയോ, ഭാഷാപരാമയ വിവേചനമോ ഒന്നും കാണുകയില്ല. എല്ലാവരും ഏകോതര സഹോദരന്മാരെ പോലെ, ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ മാനവരാശിയുടെ ഐക്യ സന്ദേശമാണ് വിളംബരപ്പെടുത്തുന്നത്. എല്ലാ ഹാജിമാരും മുഴക്കുന്നത് ഒരേ മുദ്രാവാക്യം. ധരിക്കുന്നത് ഒരേ വസ്ത്രം. സഞ്ചരിക്കുന്നത് ഒരേ ദിശയിലേക്ക്.

ചരിത്രാവബോധം സൃഷ്ടിക്കാനും ചരിത്ര സംഭവങ്ങളെ അയവിറക്കാനുമുള്ള ഉല്‍കൃഷ്ടമായ കര്‍മ്മം കൂടിയാണ് ഹജജ്. മാനവരാശിയടെ പൂര്‍വ്വകാല അപദാനങ്ങളിലേക്ക് വെളിച്ചം വീശാന്‍ അത് സഹായകമാണ്. മീനായിലെ ചരിത്രഭൂമിയില്‍ സംഗമിക്കുമ്പോള്‍ ആ ചരിത്ര സംഭവങ്ങളോരോന്നും ഓര്‍ക്കണം. ഇസ്ലാം പ്രഘോഷിക്കുന്ന സാര്‍വ്വലൗകികതയാണ് ഹജ്ജ് നല്‍കുന്ന പ്രധാന ഗുണപാഠം.

പൂര്‍ണ്ണമായും താന്‍ മാറികഴിഞ്ഞു എന്നതാണ് ശിരോമുണ്ഡനം ചെയ്യുന്നതിലൂടെയൊ മുടിവെട്ടുന്നതിലൂടെയൊ ഹാജിമാര്‍ പ്രഖ്യാപിക്കുന്നത്. ഹജജ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം മനസ്സിലുണ്ടാവുകയും അത് ഹജ്ജിന് ശേഷമുള്ള ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ലെന്ന നബിവചനം യാഥാര്‍ത്ഥ്യമായി പുലരുക.

മുകളില്‍ വിവരിച്ചതും അല്ലാത്തതുമായ നേട്ടങ്ങളും ഗുണപാഠങ്ങളും സൂചിപ്പിച്ച് കൊണ്ടാണ് ഖുര്‍ആന്‍ പറയുന്നത്: “ജനങ്ങള്‍ ഹജ്ജിനായി വരട്ടെ; വിവിധ നേട്ടങ്ങള്‍ കൈവരുത്തികൊടുക്കുന്ന രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിനെ അനുസ്മരിക്കാനും വേണ്ടി.” (ഹജ്ജ് 27,28). അല്ലാഹുവോടും പ്രവാചകനോടുമുള്ള സമ്പൂര്‍ണ്ണമായ അനുസരണമാണ് ഹജജ് കര്‍മ്മങ്ങള്‍. അനുസരണമല്ലാതെ മറ്റൊരു അജണ്ടയും ഹാജിമാരുടെ മനസ്സിലില്ല.